‘എല്ലാവര്‍ക്കും ആത്മഹത്യ ചെയ്യാനാകില്ല’; നാല് കോടിയുടെ ഹോംസ്‌റ്റേയ്ക്ക് കെഎസ്ഇബി രണ്ട് വര്‍ഷമായി വൈദ്യുതി നല്‍കുന്നില്ലെന്ന് പ്രവാസി
ഉത്തരവാദിത്ത ടൂറിസം വിഭാവനം ചെയ്ത് നാല് കോടി രൂപ മുടക്കി പണി കഴിപ്പിച്ച ഹോംസ്‌റ്റേയ്ക്ക് വൈദ്യുതി ലഭ്യമാക്കാന്‍ രണ്ട് വര്‍ഷമായി അലയുകയാണെന്ന് സിംഗപ്പൂര്‍. കോട്ടയം അയ്മനം സ്വദേശിയും സിംഗപ്പൂര്‍ പ്രവാസിയുമായ സേവ്യര്‍ ആണ് വൈദ്യുത വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2014ലെ വൈദ്യുതി താരിഫ് റെഗുലേറ്ററി നിയമപ്രകാരമുള്ള തന്റെ അര്‍ഹത ചൂണ്ടിക്കാണിച്ചിട്ടും കെഎസ്ഇബി നിഷേധിക്കുകയാണെന്ന് സേവ്യര്‍ 'ദ ക്യൂ'വിനോട് പറഞ്ഞു.
കൈയിലുണ്ടായിരുന്ന പണം മുഴുവന്‍ ചെലവാക്കിയാണ് ഹോംസ്‌റ്റേ പണിതത്. എല്ലാം നിയമപ്രകാരം ചെയ്യാനാണ് ശ്രമിച്ചത്. രണ്ട് വര്‍ഷമായി നടപ്പുതുടങ്ങിയിട്ട്. കൈക്കൂലി കൊടുക്കില്ല. നിയമപരമായി പോരാട്ടം തുടരും. എല്ലാവര്‍ക്കും ആത്മഹത്യ ചെയ്യാന്‍ മനസുണ്ടാകില്ലല്ലോ?
സേവ്യര്‍ അയ്മനം
സേവ്യര്‍ പറഞ്ഞത്
“മീനച്ചിലാറിന്റെ അടുത്ത് രണ്ടര ഏക്കര്‍ കൃഷിയിടവും വീടുമാണുള്ളത്. താമസം ഹോംസ്‌റ്റേയില്‍ തന്നെ. മറ്റു കര്‍ഷകര്‍, മുങ്ങി മീന്‍പിടിക്കുന്നവര്‍, വലക്കാര്‍, തഴപ്പായ നെയ്യുന്നവര്‍ തുടങ്ങി എല്ലാവരോടും സഹകരിച്ചുകൊണ്ടുള്ള ഒരു പദ്ധതിയായിരുന്നു മനസില്‍. നാല് കോടി രൂപയോളം ചിലവഴിച്ചാണ് പണി പൂര്‍ത്തിയാക്കിയത്. വൈദ്യുത കണക്ഷന്‍ പെട്ടെന്ന് കിട്ടുമല്ലോ എന്നായിരുന്നു പ്രതീക്ഷ. എല്ലാം ചെയ്ത് 2017 ജൂലൈയില്‍ അപേക്ഷ വെച്ചു. രണ്ട് മാസമായി, നാല് മാസമായി വൈദ്യുതി കിട്ടിയില്ല. ഗാര്‍ഹിക കണക്ഷന്‍ മാത്രം വെച്ച് നടത്തിക്കൊണ്ടുപോകാന്‍ കഴിയില്ല. വിനോദസഞ്ചാരികള്‍ക്കായി നിര്‍മ്മിച്ച ഒമ്പത് ബെഡ്‌റൂകളിലേക്കും മറ്റുമായി 35-40 കിലോ വാട്ട് വേണ്ടി വരും. അതിന് ത്രീ ഫേസ് കണക്ഷനും ട്രാന്‍സ്‌ഫോര്‍മറും വേണം. ലോഡ് കുറയ്ക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് ജനറേറ്റര്‍ വെച്ചുനോക്കി. ചിലവ് കൂടുതലായതുകൊണ്ട് അതുപേക്ഷിച്ചു. പന്ത്രണ്ടേകാല്‍ ലക്ഷം രൂപയാണ് ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാനുള്ള ചെലവെന്നും അത് ഞാന്‍ തന്നെ വഹിക്കണമെന്നും അയ്മനം കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വിജി പ്രഭാകര്‍ പറഞ്ഞു.
2014ലെ വൈദ്യുതി താരിഫ് റെഗുലേറ്ററി നിയമപ്രകാരം ഒരു മെഗാവാട്ട് വരെയുള്ള ആവശ്യത്തിന് ട്രാന്‍സ്‌ഫോര്‍മര്‍ ഫ്രീയായി വെച്ചു നല്‍കണം. ഏത് വ്യവസായമായാലും അത് കെഎസ്ഇബിയുടെ ഉത്തരവാദിത്തമാണ്. ഇത് ചൂണ്ടിക്കാണിച്ചിട്ടും രക്ഷയുണ്ടായില്ല. ഇതിനിടെ ട്രാന്‍സ്‌ഫോര്‍മര്‍ ചിലവിന്റെ 10ശതമാനമോ 15 ശതമാനമോ നല്‍കിയാല്‍ വിഷയം ഒത്തുതീര്‍ത്ത് തരാമെന്ന് പറഞ്ഞ് ചിലര്‍ വന്നു. പണം കൊടുത്താല്‍ ഒന്നും അറിയേണ്ടെന്നും എല്ലാം പെട്ടെന്ന് തന്നെ ചെയ്തുതരുമെന്നും പറഞ്ഞുകൊണ്ട്. ആ ഓഫര്‍ സ്വീകരിച്ചില്ല. ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ പോയി. എതിരായി വിധി വന്നപ്പോള്‍ ഞെട്ടിപ്പോയി. നിങ്ങള്‍ ഇതിന്റെ പുറകേ നടന്നാല്‍ നീണ്ടുപോകുകയേ ഉള്ളൂ എന്നും ഇത് നമുക്ക് ഒത്തുതീര്‍ക്കാമെന്നും എഎക്‌സ്ഇ കോടതിയുടെ മുന്നില്‍ വെച്ച് പറഞ്ഞു. എന്റെ കൂടെയുണ്ടായിരുന്ന വിവരാവകാശ പ്രവര്‍ത്തകന്‍ മഹേഷ് വിജയന്‍ ഇത് കൈക്കൂലിക്ക് വേണ്ടിയാണെന്നും അതിന് നിക്കരുതെന്നും പറഞ്ഞു. വിജി പ്രഭാകര്‍ മഹേഷിനെ തല്ലാന്‍ ചെന്നു. ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയിലെ വിധിക്ക് ശേഷം വൈദ്യുത ഓംബുഡ്‌സ്മാനെ സമീപിച്ചിരിക്കുകയാണ് ഇപ്പോള്‍. അവിടെ പരിഗണിച്ച് വിധി വന്ന ശേഷമേ ഹൈക്കോടതിയില്‍ പോകാന്‍ പറ്റൂ. മാക്‌സിമം ശ്രമിക്കും. ഇതുവരെ ഒരു രാഷ്ട്രീയക്കാരന്റേയും ശുപാര്‍ശയ്ക്ക് വേണ്ടി പോയിട്ടില്ല. സിംഗപ്പൂരിലാണ് ഇത്രയും പണം നിക്ഷേപിച്ചിരുന്നതെങ്കില്‍ ഒന്നിനും മുടക്കം വരില്ലായിരുന്നു. ഇതാണ് ജനിച്ച നാട്ടിലെത്തുമ്പോള്‍ കിട്ടുന്ന നീതി. നേരായ വഴിക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ്.