'ഫിലിം ഇൻഡസ്ട്രിയിൽ നേരിട്ട് കാണാം'; കെ.ആർ നാരായണൻ വിദ്യാർത്ഥി യൂണിയൻ നേതാവിനെ ഭീഷണിപ്പെടുത്തി രാജി വച്ച അധ്യാപകൻ

'ഫിലിം ഇൻഡസ്ട്രിയിൽ നേരിട്ട് കാണാം'; കെ.ആർ നാരായണൻ വിദ്യാർത്ഥി യൂണിയൻ നേതാവിനെ ഭീഷണിപ്പെടുത്തി രാജി വച്ച അധ്യാപകൻ
Published on

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരം ഒത്തുതീർന്നതിന് പിന്നാലെ വിദ്യാർത്ഥി യൂണിയൻ നേതാവിന് മുൻ അധ്യാപകന്റെ ഭീഷണി സന്ദേശം. ഡയറക്ടർ സ്ഥാനത്ത് നിന്ന് ശങ്കർമോഹൻ രാജി വച്ചതിന് പിന്നാലെ രാജി വച്ച ക്യാമറ വിഭാ​ഗം അസോസിയേറ്റ് പ്രൊഫസർ നന്ദകുമാർ ടി മേനോനാണ്. സ്റ്റുഡന്റസ് കൗൺസിൽ ചെയർമാൻ ശ്രീദേവിന് ഭീഷണി സന്ദേഷം അയച്ചിരിക്കുന്നത്.

ശ്രീദേവ് ജനിക്കുന്നതിന് മുമ്പ് എസ്.എഫ്.ഐ യൂണിയൻ ചെയർമാനായിരുന്ന ആളാണ് താനെന്നും, ഫിലിം ഇൻഡസ്ട്രിയിൽ നേരിട്ട് കാണാമെന്നും നന്ദകുമാർ ശ്രീദേവിനയച്ച ഓഡിയോ സന്ദേശത്തിൽ പറയുന്നു. അടൂരിനെ പിന്തുണച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അം​ഗം എം.എ ബേബി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത് വിവരമുള്ളത് കൊണ്ടാണ്. എം.എ ബേബി അഖിലേന്ത്യ നേതാവായിരിക്കെ ജയ് വിളിച്ച ആളാണ് താനെന്നും തന്നോട് കളിക്കാൻ വന്നാൽ കളി പഠിപ്പിക്കുമെന്നും നന്ദകുമാർ ഭീഷണിയായി പറയുന്നുണ്ട്.

ഓഡിയോ സന്ദേശത്തിൽ നിന്ന്

മിസ്റ്റർ ശ്രീദേവ്, താനൊക്കെ ജനിക്കും മുമ്പ്

എസ്.എഫ്.ഐ ചെയർമാനായിരുന്നു ഞാൻ

കൈരളി ടിവി ചീഫ് ക്യാമറമാനായിരുന്നു ഞാൻ

ഒരു പാട് കണക്ഷനും സ്വാധീനമുള്ള ആള് കൂടിയാണ് ഞാൻ

എന്നോട് കളി വേണ്ട, പഠിക്കാൻ വന്നാൽ പഠിക്കണം

വിചാരണയൊന്നും വേണ്ട

നമ്മുക്ക് ഫിലിം ഇൻഡസ്ട്രിയിൽ നേരിട്ട് കാണാം

ചെയർമാൻ സ്ഥാനത്തിന് YOU ARE UN FIT

എന്റടുത്ത് ഫൈറ്റ് ചെയ്യാൻ വരണ്ട

നിങ്ങളതിന് ആയിട്ടില്ല

എന്റെ മകന്റെ പ്രായമേയുള്ളൂ

വിവരമുളളത് കൊണ്ടാണ് എം.എ ബേബിയുടെ

പോസ്റ്റ് ഷെയർ ചെയ്തത്

YOU ARE NOTHING INFRONT OF ME

ഞാൻ എം.എ ബേബി അഖിലേന്ത്യ പ്രസിഡന്റ്

ആയപ്പോ ജയ് വിളിച്ച ആളാണ്

എന്നെ തിരുവനന്തപുരത്തൊന്നും അറിയാത്തവരില്ല

നിങ്ങളല്ല ഡിക്ടേറ്റർഷിപ്പ് ഏറ്റെടുക്കേണ്ടത്

നിങ്ങൾക്ക് എന്ത് ക്വാളിഫിക്കേഷനാണ് ഉള്ളത്

ശ്രീദേവിന്റെ പ്രതികരണം

ഡയറക്ടർ‌ ശങ്കർ മോഹൻ രാജി വെച്ചതിന് പിന്നാലെ ഡയറക്ടറെ അനുകൂലിക്കുന്ന അധ്യാപകരുടെ കൂട്ടരാജിയുണ്ടായി. അതിൽ പെട്ടയാളാണ് നന്ദകുമാർ ടി മേനോൻ. അക്കാദമിക് വിഷയങ്ങളിലെ നിരവധി പോരായ്മകൾ വിദ്യാർഥികൾ മുമ്പ് തന്നെ ഉന്നയിക്കുന്നതാണ്. അതിൽ‌ പ്രധാന വിഷയമായിരുന്നു പഠിപ്പിക്കുന്ന അധ്യാപകരുടെ ടീച്ചിം​ഗ് ക്വാളിറ്റി.

ഇതുമായി ബന്ധപ്പെട്ട പ്രതിഷേധത്തിന്റെ ഭാ​ഗമായി ഇൻസ്റ്റിറ്റ്യൂട്ടിൽ വിദ്യാർഥികൾ പോസ്റ്റർ ഒട്ടിച്ചിരുന്നു. സമരം തുടങ്ങിയതിന് ശേഷം ആരോപണ വിധേയനായ ഡയറക്ടറെ അനുകൂലിക്കുന്ന എഴുത്തുകളും അഭിമുഖത്തിന്റെ വീഡിയോകളും നന്ദകുമാർ വിദ്യാർഥികൾക്ക് അയക്കാറുണ്ടായിരുന്നു. അപ്പോൾ സമരവുമായി ബന്ധപ്പെട്ട വാർത്തകളും ലിങ്കുകളും ഞങ്ങൾ തിരിച്ചും അയച്ച് കൊടുത്തു. അതിന് മറുപടി ആയാണ് ഭീഷണി ശബ്ദ സന്ദേശം വന്നത്.

വോയ്സ് മെസേജ് തന്റേത് തന്നെയാണെന്ന് നന്ദകുമാർ ടി മേനോൻ ദ ക്യുവിനോട് സ്ഥിരീകരിച്ചു. ഇതേക്കുറിച്ച് നന്ദകുമാർ മേനോൻ പറഞ്ഞത്

വോയ്സ് മെസേജ് എന്റേത് തന്നെയാണ്. എന്നെ വിദ്യാർഥികൾ പ്രകോപിപ്പിച്ചാൽ പിന്നെ ഞാനെന്ത് ചെയ്യണം. എന്നെ നിരന്തരമായി പ്രകോപിപ്പിച്ചതിന് മറുപടിയാണ് ഞാൻ പറഞ്ഞത്. അധ്യാപകർക്ക് ക്വാളിറ്റിയില്ല എന്നാണ് അവർ പറഞ്ഞത്. എത്രയോ കാലമായി ഈ ഫീൽഡിലുള്ള ആളാണ് ഞാൻ. എത്രയോ സിനിമകളിൽ വർക്ക് ചെയ്തു. അവാർഡുകൾ കിട്ടി. അധ്യാപകനായി വർക്ക് ചെയ്തു. കൈരളി ടിവി ചീഫ് ക്യാമറമാനായിരുന്നു ഞാൻ.

ഇത്രയുമൊക്കെ ആയത് എനിക്ക് ക്വാളിറ്റി ഇല്ലാത്തത് കൊണ്ടാണോ. പഠിക്കാൻ വന്നവരാണെങ്കിൽ പഠിക്കണം. അല്ലാതെ അധ്യാപകരെ അപമാനിക്കുകയല്ല ചെയ്യേണ്ടത്. സംവരണ അട്ടിമറി നടന്നു എന്നതൊക്കെ ഇവർ പറഞ്ഞുണ്ടാക്കുന്നതാണ്. അതിന് വേണ്ടി ജാതി കാർഡ് ഇറക്കി കളിച്ചു. വേറെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കേണ്ടത് ഞാനല്ലല്ലോ. എന്നെ എന്തിനാണ് പ്രകോപിപ്പിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in