''ജീവിതം എങ്ങനെയെങ്കിലും ഉന്തിതള്ളികൊണ്ടുപോകാന്‍ പലിശക്ക് പണമെടുത്തും അവരുടെ കയ്യിലുള്ള അവസാന തരി പൊന്ന് പണയം വെച്ചിട്ടുമാണ് പാവങ്ങള്‍ കൊട്ടയും ചുമന്ന് മീനും കൊണ്ട് വരുന്നത്. അവരുടെ മീന്‍കൊട്ട എടുത്ത് എറിയുന്നതും ചവിട്ടുന്നതുമൊക്കെ എന്ത് നീതിയാണെന്ന് മനസിലാകുന്നില്ല. മീന്‍ അവശ്യവസ്തുവല്ലേ, എന്റെ അമ്മയും മീന്‍ വിറ്റാണ് ജീവിക്കുന്നത്,''
കേരള സര്‍വ്വകലശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയും, പ്രശ്‌സ്ത കവിയുമായ അനില്‍ കുമാര്‍ ഡിയുടെ വാക്കുകള്‍ നിലവിലെ സംവിധാനത്തില്‍ ജനജീവിതം എത്രത്തോളം ദുസഹമാകുന്നുവെന്ന് വ്യക്തമാക്കുന്നതാണ്.
കഴിഞ്ഞ ദിവസം കൊല്ലം പാരിപ്പള്ളിയില്‍ റോഡരികിലെ പുരയിടത്തില്‍ വെച്ച് മീന്‍ കച്ചവടം ചെയ്ത വയോധികയുടെ മീന്‍ പാരിപ്പള്ളി പൊലീസ് നശിപ്പിച്ചുവെന്ന പരാതിയും തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയും കൊവിഡ് കാലത്തെ ദുരിതങ്ങളുടെ തീവ്രത വിളിച്ചോതുന്നതും അതിനെ അധികാരികള്‍ കൈകാര്യം ചെയ്യുന്ന വിധം പൊതുസമൂഹത്തിന് മുന്നില്‍ തുറന്നു കാട്ടുന്നതുമാണെന്നായിരുന്നു സമൂഹ മാധ്യമങ്ങളിലൂട ഉയര്‍ന്ന അഭിപ്രായങ്ങള്‍.
അഞ്ചു തെങ്ങ് സ്വദേശിയായ മേരിയുടെ മത്സ്യമാണ് പൊലീസ് നശിപ്പിച്ചത്. വിലക്ക് ലംഘിച്ച് വീണ്ടും കച്ചവടം നടത്തുകയാണെന്ന് പറഞ്ഞ പൊലീസ് മത്സ്യം വലിച്ചെറിയുകയായിരുന്നു. വില്‍പനക്കായി പലകയുടെ തട്ടില്‍ വച്ചിരുന്ന മീന്‍ തട്ടോടുകൂടി എടുത്തെറിഞ്ഞ പൊലീസ് വലിയ ചരുവത്തില്‍ ഇരുന്ന മീന്‍ പുരയിടത്തിലേക്ക് വലിച്ചെറിയുകയും ചെയ്തു.
രോഗബാധിതനായ ഭര്‍ത്താവുള്‍പ്പെടെ കുടുംബത്തിലെ ആറോളം പേരുടെ അന്നമാണ് പൊലീസ് നിഷ്‌കരുണം തട്ടിത്തെറുപ്പിച്ചതെന്ന് മേരി കരഞ്ഞു കൊണ്ട് പറഞ്ഞപ്പോള്‍ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും മേരിയുടെ പ്രശ്‌നം ഒരു പോലെ മനസിലായിട്ടുണ്ടാകും.
കഴിഞ്ഞ കുറേ മാസങ്ങളായി ജീവിതമാര്‍ഗം കെട്ടിപ്പെടുക്കാന്‍ സാധിക്കാത്ത നിരാശയില്‍ നില്‍ക്കുന്നവരാണ് കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും. സംഘടിത മേഖലയില്‍ വ്യാപാരികളുടെ പ്രതിഷേധമായും സമരമായും ആ രോഷം കേരളത്തിന്റെ പൊതു ശ്രദ്ധയിലെത്തി.
പക്ഷേ അസംഘടിത മേഖലയില്‍ തൊഴിലെടുക്കുന്ന അനേകം പേരുടെ ദുരിതം ഇനിയും പുറത്തെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം മേരിക്കുണ്ടായ അനുഭവം ജീവിക്കാന്‍ പ്രയാസപ്പെടുന്ന അരികുവത്കരിക്കപ്പെട്ടവരുടെ ദുരിതത്തിന്റെ തീവ്രത വിളിച്ചു പറയുന്നതായിരുന്നു.
കേരളത്തിലെ മത്സ്യതൊഴിലാളി സ്ത്രീകളോട് അക്ഷരാര്‍ത്ഥത്തില്‍ പൊലീസ് അതിക്രമം കാണിച്ചുകൊണ്ടിരിക്കുകയാണെന്ന് പറയുകയാണ് അനില്‍കുമാര്‍. രണ്ടാം ഘട്ട ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം മത്സ്യതൊഴിലാളി സ്ത്രീകളെ മീന്‍വില്‍ക്കാന്‍ പൊലീസ് അനുവദിക്കുന്നില്ല. അതിരാവിലെ കടപ്പുറത്ത് നിന്ന് മീനെടുത്ത് വില്‍ക്കാന്‍ നില്‍ക്കുമ്പോഴക്കേും പൊലീസ് വന്ന് ഇവരെ വിരട്ടിയോടിക്കും.
മീന്‍ എടുത്ത് നിലത്തെറിയും. ഇവര്‍ അസംഘടിതരായ മനുഷ്യരാണ്. ഇവര്‍ക്ക് യൂണിയനില്ല. വിഷരഹിതമായ മീനാണ് ഈ മനുഷ്യര്‍ കൊണ്ടുവന്ന് വില്‍ക്കുന്നത്, അനില്‍ കുമാര്‍ പറഞ്ഞു. പരമ്പരാഗതമായി അനിലിന്റെ കുടുംബം മത്സ്യതൊഴിലാളികളാണ്. അനിലിന്റെ തുറയില്‍ നിന്ന് പ്ലസ്ടുവിന് മുകളിലേക്ക് പഠിക്കാന്‍ പോയ ആദ്യയാള്‍ അനിലാണ്.
''അവശ്യ വസ്തുക്കളുടെ കൂട്ടത്തില്‍ മീന്‍ സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിട്ട് കൂടിയും ഈ മത്സ്യതൊഴിലാളികളെ സാമൂഹിക അകലം പാലിച്ച് മീന്‍ വില്‍ക്കാന്‍ പൊലീസ് അനുവദിക്കുന്നില്ല. അതിനെതിരെ സര്‍ക്കാരും ഒന്നും മിണ്ടുന്നില്ല. കോളനിയിലുള്ള സ്ത്രീകള്‍ ശരിക്കും കടപ്പുറത്ത് നിന്ന് മീനെടുത്ത് പാറശ്ശാല ഭാഗത്ത് കൊണ്ടുവന്ന് മീന്‍വില്‍ക്കുമ്പോള്‍ അവരെ വിരട്ടിയോടിച്ചു.
പൂന്തുറയുള്ള സ്ത്രീകള്‍ മീനെടുത്ത് അമ്പലത്തുറ ഭാഗത്ത് കൊണ്ടുവന്ന് മീന്‍ വില്‍ക്കുമ്പോള്‍ അവരെ വിരട്ടിയോടിച്ചു. ഇപ്പോള്‍ അഞ്ച് തെങ്ങിലുള്ള പാവപ്പെട്ട സ്ത്രീ മീനെടുത്ത് പാരിപ്പള്ളി ഭാഗത്ത് കൊണ്ടുവന്ന് മീന്‍വില്‍ക്കുമ്പോള്‍ അവരെയും വിരട്ടിയോടിച്ചു. എന്റെ അമ്മയുള്‍പ്പെടെ ഈ മീനെടുത്ത് വിറ്റ് ജീവിക്കുന്നവരാണ്.
രാവിലെ മുതല്‍ വൈകുന്നേരം വരെ കടതുറക്കാനായിട്ട് അനുവദിച്ചിട്ടുണ്ട്. മീന്‍ അവശ്യ വസ്തുവാണ്. മീന്‍ സ്റ്റാളുകള്‍ തുറക്കുന്നുണ്ട്. പക്ഷേ ഈ സ്ത്രീകള്‍ക്ക് മീന്‍വില്‍ക്കാനുള്ള അവകാശമില്ലെന്ന് പറയുന്നത് എന്ത് യുക്തിയാണ്, എന്ത് നീതിയാണെന്ന് മനസിലാകുന്നില്ല. മാത്രവുമല്ല തുടരെ തുടരെയുണ്ടായിട്ടുള്ള കടലില്‍ പോകരുതെന്നുള്ള മുന്നറിയിപ്പുകളും ഈ മനുഷ്യരുടെ ജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
കടല്‍ അടിച്ചുകയറി വന്ന് ഇവരില്‍ പലരുടെയും വീട് തന്നെ ഇപ്പോള്‍ കടലിനകത്താണ്. കഴിഞ്ഞ മാസം ഉണ്ടായ കടല്‍കയറ്റത്തില്‍ ഇവരില്‍ പലര്‍ക്കും വീട് തന്നെ നഷ്ടപ്പെട്ടു. ജീവിതം ഉന്തിതള്ളികൊണ്ടുപോകാനായി പലിശക്ക് പണമെടുത്തും അവരുടെ കയ്യിലുള്ള അവസാന തരി പൊന്ന് പണയം വെച്ചിട്ടുമാണ് പാവങ്ങള്‍ കൊട്ടയും ചുമന്ന് മീനും കൊണ്ട് വരുന്നത്.
അവരുടെ മീന്‍കൊട്ട എടുത്ത് എറിയുന്നതും ചവിട്ടുന്നതുമൊക്കെ എന്ത് നീതിയാണെന്ന് മാത്രം മനസിലാകുന്നില്ല.മീന്‍ അവശ്യ വസ്തുവല്ലേ, പച്ചക്കറി കടകള്‍ തുറക്കുന്നുണ്ടല്ലോ, മീന്‍ സ്റ്റാളുകള്‍ തുറക്കുന്നുണ്ടല്ലോ, തെക്കന്‍ തീരദേശത്തിന്റെ ഒരു പ്രത്യേകതയെന്ന് വെച്ചാല്‍ ഇവിടെ മീന്‍ സ്റ്റാളുകളില്ല. തലച്ചുമടായിട്ട് കൊണ്ടു നടന്ന് വില്‍ക്കുന്ന സ്ത്രീകളേയുള്ളൂ. അവരെ വില്‍ക്കാന്‍ അനുവദിക്കണം, ഡി. അനില്‍കുമാര്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ നടപടികളോട് ആദ്യം ഘട്ടംമുതല്‍ പൂര്‍ണമായി സഹകരിച്ചവരാണ് മലയാളികള്‍. രണ്ടാം ലോക്ക്ഡൗണിന് ശേഷം കടുത്ത എതിര്‍പ്പുകളും വിയോജിപ്പുകളുമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. നിങ്ങളുടെ മാര്‍ഗനിര്‍ദേശങ്ങളിലും നിയന്ത്രണങ്ങളിലും പ്രശ്‌നങ്ങള്‍ ഉണ്ടെന്നും തങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയുന്നില്ലെന്നുമാണ് ജനങ്ങള്‍ പലയിടത്തായി പലവിധത്തില്‍ പറഞ്ഞുവെക്കുന്നത്.
രണ്ടുവര്‍ഷത്തോളമായി നീണ്ടു നില്‍ക്കുന്ന പ്രതിസന്ധി ഇനിയും തുടര്‍ന്നാല്‍ ജീവിക്കാന്‍ കഴിയില്ലെന്ന സ്ഥിതിയിലേക്ക് ജനങ്ങള്‍ എത്തിയതിന് പിന്നാലെയാണ് വ്യാപാരികളുടേതുള്‍പ്പെടെ പരസ്യ പ്രതിഷേധങ്ങളും സമരങ്ങളും കേരളത്തിലുണ്ടായത്.
അതിജീവനത്തിനായി പുറത്തിറങ്ങേണ്ടി വരുന്ന മനുഷ്യര്‍ക്ക് ഭാരിച്ച തുക ഫൈന്‍ ചുമത്തിയുള്ള പൊലീസിന്റെ നടപടിക്കെതിരെയും പ്രതിഷേധങ്ങള്‍ രൂപപ്പെട്ടിരുന്നു. മേരിയുടേത് പോലെയുള്ള അനുഭവങ്ങള്‍ ഇന്ന് കേരളത്തിലെ പലര്‍ക്കുമുണ്ട്. ജീവിക്കാനുള്ള മാര്‍ഗം കണ്ടെത്തിതരാന്‍ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമാക്കണമെന്നത് കേരളത്തിന്റെ പൊതുവികാരമായി മാറുകയാണ്.
അവിടെ അനില്‍ കുമാര്‍ ചോദിക്കുന്ന ഈ ചോദ്യങ്ങള്‍ പ്രസക്തമാണ്. മീന്‍ തട്ടി ആറ്റിലും ചേറ്റിലും തെറിപ്പിക്കാനുള്ള അധികാരം പൊലീസിന് കൊടുത്തതാരാണ് ? കേരള പൊലീസിന് എന്തും കാണിക്കാനുള്ള വസ്തുക്കളാണോ മത്സ്യത്തൊഴിലാളി സ്ത്രീകള്‍ ? ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ കടകള്‍ക്ക് അനുവാദമുണ്ടെങ്കില്‍ അതേ അനുവാദം മീന്‍വില്‍ക്കുന്ന സ്ത്രീകള്‍ക്കുമില്ലേ ? ഇട്ടിരിക്കുന്ന കുപ്പായത്തിന്റെ ബലത്തില്‍ എന്തും കാണിക്കാം എന്ന ധാര്‍ഷ്ട്യം പോലീസ് വെടിയണം. ഇത് ചെയ്ത എസ്.ഐ. ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണം.