ഗവൺമെന്റ് പ്ലീഡർമാരിൽ നിന്ന് നേരിടുന്ന ലിംഗവിവേചനത്തിലും അധിക്ഷേപങ്ങളിലും പരാതി നൽകി കേരളത്തിലെ ആദ്യ ട്രാൻസ്‌വിമൻ അഭിഭാഷക പത്മ ലക്ഷ്മി. രണ്ട് ഗവൺമെന്റ് പ്ളീഡർമാർക്കെതിരെ നിയമമന്ത്രി പി രാജീവിനും കേരള ഹൈക്കോടതി ജുഡീഷ്യൽ രജിസ്ട്രാർക്കുമാണ് പരാതി നൽകിയിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട പദവിയിലിരിക്കുന്ന വ്യക്തികളിൽ നിന്നാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്നും സ്റ്റേറ്റിനെ റെപ്രെസെന്റ് ചെയ്തിരിക്കുന്ന വ്യക്തികളിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത അധിക്ഷേപങ്ങളാണ് തനിക്ക് നേരെ ഉണ്ടായതെന്നും അഡ്വ. പത്മലക്ഷ്മി ദ ക്യുവിനോട് പറഞ്ഞു.
ജൂലൈ 27 ന് ഒരു കേസിനെ പറ്റിയുള്ള സംശയം ചോദിക്കാൻ ചെന്നപ്പോഴാണ് തനിക്ക് നേരെ ഗവണ്മെന്റ് പ്ളീഡറിൽ നിന്ന് അധിക്ഷേപം നേരിട്ടതെന്ന് പത്മലക്ഷ്മി പറയുന്നു. ആ ഒൻപതിന്റെ കേസല്ലേ എന്നാണ് ചോദിച്ചത്. ആദ്യം എന്ത് പറയണം എന്നറിയാതെ നിന്ന് പോയെന്നും പിന്നീട് ഇത് വളരെ മോശമായാണ് സംസാരിക്കുന്നതെന്ന് പറഞ്ഞപ്പോൾ എനിക്ക് നിങ്ങളോട് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട് പ്ളീസ് ഗോ എന്ന് പറഞ്ഞ് തന്നെ ഒഴിവാകുകയായിരുന്നുവെന്നും പത്മലക്ഷ്മി പറഞ്ഞു.
പലപ്പോഴും ജോലി സ്ഥലങ്ങളിലും തനിക്ക് ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ടെന്നും പത്മലക്ഷ്മി വെളിപ്പെടുത്തിയിരുന്നു. ഒരു സീനിയർ അഭിഭാഷകൻ താൻ അഡ്വക്കേറ്റ് പദവിയിലെത്താൻ കാരണം എൽ ഡി എഫിന്റെ തെമ്മാടിത്തരമാണെന്നു പറഞ്ഞ് തന്നെ അധിക്ഷേപിച്ചിരുന്നു , തന്നെ പോലെയുള്ളവർക്ക് സെക്സ് വർക്കാണ് അനുയോജ്യം എന്നും ഈ പദവിയിൽ ഇരിക്കാൻ യോഗ്യത ഇല്ലെന്നുമുള്ള തരത്തിൽ അപമാനങ്ങൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട് , ഇതിനുള്ള മറുപടി എന്നതരത്തിലാണ് താൻ ഇപ്പോൾ പുതിയതായി ഒരു ഓഫീസ് തുടങ്ങിയത് എന്നാൽ അത് തുടങ്ങിയതിന് ശേഷം താനൊരു മുറിവൈദ്യൻ ആണെന്നും തനിക്ക് ഗുരുത്വം ഇല്ല എന്ന തരത്തിലും പറഞ്ഞ മറ്റൊരു ഗവൺമെന്റ് പ്ലീഡർ തന്റെ കരിയർ ഇല്ലാതാക്കും വിധത്തിൽ ഫേസ്ബുക്കിലും മറ്റും പോസ്റ്റുകൾ ഇടുകയാണെന്നും പത്മലക്ഷ്മി ദ ക്യുവിനോട് പറഞ്ഞു.
പരാതിയിൽ പറയുന്ന രണ്ട് ഗവണ്മന്റ് പ്ളീഡർസും വളരെ സ്വാധീനമുള്ള ആളുകളായത്കൊണ്ട് തന്നെ താൻ ഒറ്റപെട്ടു പോകുമോ എന്ന് ഭയപെടുന്നെന്നും മറ്റുള്ള അഭിഭാഷകരെ പോലെ തന്നെ തനിക്ക് സമാധാനപരമായി ജോലി ചെയ്ത് ജീവിക്കാനുള്ള അവസരം ഉണ്ടാക്കി തരണമെന്നും നൽകിയിരിക്കുന്ന പരാതിയിൽ പറയുന്നു.
"ഇത്രയും ഇൻഫ്ലുൻസഡ് ആയ രണ്ട് ഗവണ്മെന്റ് പ്ളീഡർസിന് എതിരെ ഞാൻ കംപ്ലൈന്റ്റ് കൊടുക്കുന്നുണ്ടെങ്കിൽ അതെനിക്ക് ഇനിയും ജീവിക്കണമെന്ന് ആഗ്രഹം ഉള്ളതുകൊണ്ടാണ്. എനിക്ക് വേണമെങ്കിൽ പേടിച്ചിരിക്കാം ,മിണ്ടാതെ ഇരിക്കാം, പക്ഷെ നാളെ ഇവിടെ വരുന്ന ട്രാൻസ്‌പെർസണായ ഒരു കുട്ടിക്ക് സമാധാനത്തോടെ ജോലി ചെയ്യാൻ കഴിയണം അതിനു വേണ്ടി കൂടിയാണ് പരാതി നൽകിയിരിക്കുന്നത്."
-അഡ്വ പത്മലക്ഷ്മി
കേരളത്തിൽ എല്ലാവരും ക്യുവർഫോബിക് ആണെന്ന് പറയില്ല പക്ഷെ ഒരു ചെറിയ ശതമാനം ഉണ്ട് ആ ചെറിയ ശതമാനത്തിന് എതിരെയാണ് തന്റെ പോരാട്ടമെന്നും പരാതിയുമായി മുന്നോട്ട് പോകാൻ തന്നെ ആണ് തീരുമാനം എന്ന് പത്മ ലക്ഷ്മി കൂട്ടിച്ചേർത്തു.