കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി കടകള്‍ തുറക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ കോഴിക്കോട് വ്യാപാരികളുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് നടന്നത്. മിഠായി തെരുവില്‍ കടകള്‍ തുറക്കാനെത്തിയ വ്യാപാരികളും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കൊവിഡ് രണ്ടാം തരംഗത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ വ്യാപാരികളുടെ സ്വാഭാവിക ജീവിതത്തെ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. ഇതിന്റെ പരിണിത ഫലമാണ് മിഠായി തെരുവില്‍ കണ്ടെതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
പലരും ജീവിതം മുന്നോട്ടുകൊണ്ടുപോകാനാകാതെ വിഷമത്തിലാണ്. കടക്കെണിയും വാടകഭീതിയും വേറെ. ശാസ്ത്രീയമല്ലാത്ത വിധത്തിലുള്ള, അനുദിനം മാറുന്ന നിയന്ത്രണങ്ങള്‍ കച്ചവടക്കാരെ തുടരെ തുടരെ വലയ്ക്കുകയാണ്.
ഇത്രയും ദിവസത്തെ ലോക്ക്ഡൗണിനു ശേഷം വീണ്ടും കട തുറക്കാന്‍ ശ്രമിക്കുമ്പോളാണ് നാല് കാറ്റഗറിയായിട്ടുള്ള അധികനിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതെന്നും ഇത് വീണ്ടും കട അടച്ചിടേണ്ട അവസ്ഥയിലാണ് തങ്ങളെ എത്തിക്കുന്നതെന്നും ഗുരുവായൂരില്‍ വ്യാപാര സ്ഥാപനം നടത്തുന്ന രാമനാഥന്‍ ദ ക്യുവിനോട് പറഞ്ഞു.
''ഞങ്ങളെ സംബന്ധിച്ച് ഭക്തരും നാട്ടുകാരുമാണ് പ്രധാന വരുമാനസ്രോതസ്സ്. അതും ആഴ്ചാവസാനങ്ങളില്‍ ആണ് തിരക്കുണ്ടാകുക. ഇപ്പോള്‍ ഉള്ള വാരാന്ത്യ ലോക്ക്ഡൗണും, ഇടവിട്ടുള്ള പ്രവൃത്തിദിവസങ്ങളും, ഞങ്ങളില്‍ ആകെ അവശേഷിച്ച അവസാന പ്രതീക്ഷയും നശിപ്പിച്ചുകളയുകയാണ് ചെയ്തത്,'' രാമനാഥന്‍ പറഞ്ഞു. കൊവിഡ് രണ്ടാം തരംഗവും, അതിനനുബന്ധമായി സര്‍ക്കാര്‍ നടപ്പിലാക്കിയ അധികനിയന്ത്രണങ്ങളും കാര്യമായി ബാധിച്ച ഒട്ടേറെ വ്യാപാരികളുടെ ഒരു പ്രതിനിധി മാത്രമാണ് താനെന്നും രാമനാഥന്‍ കൂട്ടിച്ചേര്‍ത്തു.
നിലവില്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന നാല് കാറ്റഗറികളിലായുള്ള നിയന്ത്രണങ്ങളാണ് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്നത്. അതിതീവ്ര രോഗവ്യാപനമുള്ള മേഖലകളില്‍ ഇടവിട്ടോ, അല്ലെങ്കില്‍ ആഴ്ചയില്‍ ഒരു ദിവസമോ ആയാണ് വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കുന്നത്. ആവശ്യവസ്തുക്കള്‍ വില്‍കാത്ത സ്ഥാപനങ്ങള്‍ക്ക് തുറക്കാന്‍ അനുമതിയുമില്ല.
ആഴ്ചയില്‍ മൂന്ന് ദിവസമോ, ഒരു ദിവസമോ മാത്രമായി കടകള്‍ തുറക്കുന്നത് മൂലം വ്യാപാരത്തില്‍ വന്‍ ഇടിവാണ് സംഭവിക്കുന്നത്. ചിലയിടങ്ങളില്‍ ഇത്തരം രീതികള്‍ വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ വലിയ തിരക്കുണ്ടാക്കുകയും, രോഗവ്യാപനത്തിന് കാരണമാകുകയും ചെയ്യുന്നു. ഇത്തരം തീരുമാനങ്ങള്‍ അശാസ്ത്രീയമാണെന്നും ഏത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവ നടപ്പിലാക്കുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
കടകള്‍ അടച്ചിരുന്നാലും വാടക, നികുതിയിനങ്ങളില്‍ യാതൊരു ഇളവും ലഭിക്കുന്നില്ല എന്നതും വ്യാപാരികളെ അലട്ടുന്നുണ്ട്. കൊവിഡ് ഒന്നാം തരംഗവും രണ്ടാം തരംഗവും വ്യാപാരികളെ കടുത്ത പ്രതിസന്ധിയിലാണ് കൊണ്ടു ചെന്നെത്തിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ് ദ ക്യുവിനോട് പറഞ്ഞു.
'ഇപ്പോള്‍ തന്നെ ഒരുപാട് വ്യാപാരികള്‍ കട തുറക്കുന്നില്ല. എന്നന്നേക്കുമായി അടച്ചുപൂട്ടിപോയിരിക്കുകയാണവര്‍. കുറേ വ്യാപാരികള്‍ മറ്റ് ജോലികള്‍ ചെയ്തുതുടങ്ങി. ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍കൊണ്ട് ഉപകാരമില്ലെന്ന് മാത്രമല്ല, കടുത്ത ദ്രോഹമാണ് അവ ഞങ്ങളോട് ചെയ്യുന്നത്. സമയം നീട്ടിയും പ്രവൃത്തിദിനങ്ങള്‍ വര്‍ധിപ്പിച്ചും നിയന്ത്രണം നടപ്പിലാക്കാതെ, എല്ലാം അടച്ചുകൊണ്ട്, കുറഞ്ഞസമയത്തിനുളില്‍ കൂടുതല്‍ പേരെ പുറത്തിറക്കുന്ന നയമാണ് സര്‍ക്കാര്‍ ഇപ്പോള്‍ പിന്തുടരുന്നത്,'' വ്യാപാരി വ്യവസായി ഏകോപന സമിതി വൈസ് പ്രസിഡന്റ് ഹമീദ് പറഞ്ഞു.
ഹോട്ടലുകളും സമാനമായ പ്രതിസന്ധിയാണ് നേരിടുന്നത്. കേരളത്തിലുള്ള ഹോട്ടല്‍ വ്യവസായികളില്‍ വെറും അഞ്ച് ശതമാനം പേരാണ് സ്വന്തമായി ഹോട്ടല്‍ നടത്തുന്നത്. ബാക്കിയെല്ലാവരും വാടകയ്ക്കെടുത്താണ് നടത്തുന്നത്. ഇരുന്നുകഴിക്കാനുള്ള അനുവാദമില്ലാത്തതുമൂലം വില്‍പനയില്‍ വന്‍ ഇടിവാണ് ഇവര്‍ക്കെല്ലാം സംഭവിച്ചിരിക്കുന്നത്. പലയിടങ്ങളിലും തൊഴിലാളികള്‍ക്ക് ശമ്പളം പോലും നല്‍കാനാകാത്ത സ്ഥിതിയാണ്.
മറ്റു സംസ്ഥാനങ്ങള്‍ പലയിടത്തും 50% ആളുകളെ ഇരുത്തിയെങ്കിലും പൂര്‍വസ്ഥിതിയിലേക്ക് മടങ്ങിവരാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തില്‍ മാത്രമായുള്ള ഇത്തരം നിയന്ത്രണങ്ങള്‍ ഹോട്ടല്‍ വ്യവസായികളുടെ നടുവൊടിക്കുകയാണെന്ന് ഹോട്ടല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
'ഏകദേശം പതിനായിരത്തിനടുത്ത് ഹോട്ടലുകളാണ് എന്നന്നേക്കുമായി പൂട്ടിപ്പോകാനുള്ള അപേക്ഷയുമായി ജി.എസ്.ടി വകുപ്പിനെ സമീപിച്ചിരിക്കുന്നത്. പലരും വലിയ തുക ബാങ്ക് ലോണ്‍ എടുത്തവരും, അവ തിരിച്ചടക്കാന്‍ യാതൊരു മാര്‍ഗവുമില്ലാതെ ഇരിക്കുന്നവരുമാണ്. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റികൊണ്ട് തങ്ങളുടെ ബുദ്ധിമുട്ടുകള്‍ക്കൊന്നും പരിഹാരം കാണാനാവില്ലെങ്കിലും അതെങ്കിലും അനുവദിച്ചുതരണമെന്നാണ് സര്‍ക്കാരിനോട് ഞങ്ങളുടെ അഭ്യര്‍ത്ഥന,'' ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റസ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റായ ജി.കെ പ്രകാശന്‍ ദ ക്യുവിനോട് പറഞ്ഞു.
നിലവില്‍ സംസ്ഥാനത്ത് ഗുരുതരമായൊരു ആരോഗ്യ അടിയന്തരാവസ്ഥയില്ലെന്നും ആശുപത്രി സൗകര്യങ്ങള്‍ തികയാതെ വരരുത് എന്ന ഒറ്റ ലക്ഷ്യത്തില്‍ മാത്രമേ ലോക്ക്ഡൗണിനെ പരിഗണിക്കേണ്ടതുള്ളുവെന്നും മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജന്‍ ബാലകൃഷ്ണന്‍ ദ ക്യുവിനോട് പറഞ്ഞു. ലോക്ക്ഡൗണ്‍ ഒരവസാന പടിയായേ പരിഗണിക്കാവു. കാരണം അത് ജീവിതത്തെ ബാധിക്കുന്ന ഒരു വിഷയമാണ്. അതുകൊണ്ട്, മറ്റ് മാര്‍ഗങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ മാത്രമേ ലോക്ക്ഡൗണിനെ പറ്റി ചിന്തിക്കേണ്ടതുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''ലോക്ക്ഡൗണ്‍ എപ്പോഴാണ് ഏര്‍പ്പെടുത്തേണ്ടത് എന്നതിലാണ് പ്രായോഗികത നിലനില്‍ക്കുന്നത്. രോഗം ഇല്ലാതാക്കാന്‍ ലോക്ക്ഡൗണ്‍ കൊണ്ട് സാധിക്കില്ല. നമ്മുടെ ആശുപത്രി സൗകര്യങ്ങള്‍ അപര്യാപ്തമായിരിക്കുമ്പോള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതില്‍ കാര്യമുണ്ട്. നിലവിലെ അവസ്ഥ പരിശോധിക്കുമ്പോള്‍, കോവിഡിന് വേണ്ടി മാറ്റിവെച്ചിരിക്കുന്ന ഐ.സി.യു ഒക്കുപ്പന്‍സിയുടെ 20 ശതമാനമാണ് നിലവിലെ ഒക്കുപ്പന്‍സി. അതായത് ബാക്കി 80 ശതമാനം കിടക്കകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഈയൊരു സാഹചര്യത്തില്‍, നിലവില്‍ നമ്മുടെ സംസ്ഥാനത്ത് ഗുരുതരമായൊരു ആരോഗ്യ അടിയന്തരാവസ്ഥ ഇല്ല. കൊവിഡ് നിയന്ത്രണത്തിലായിക്കഴിഞ്ഞു.
മെയ് മുതലാണ് നമ്മള്‍ അത്തരമൊരു സാഹചര്യത്തെ നേരിട്ടത്. കേസുകള്‍ ക്രമാതീതമായി കൂടുകയും, ടിപിആര്‍ ഉയര്‍ന്ന നിലയില്‍ ആവുകയും ചെയ്തു. ഇപ്പോള്‍ അവ കുറഞ്ഞ സാഹചര്യത്തിലാണ് നില്‍ക്കുന്നത്.
ആശുപത്രി സൗകര്യങ്ങള്‍ തികയാതെ വരരുത് എന്ന ഒറ്റ ലക്ഷ്യത്തില്‍ മാത്രമേ നമ്മള്‍ ലോക്ക്ഡൗണിനെ പരിഗണിക്കേണ്ടതുള്ളു. അതുകൊണ്ടുതന്നെ ലോക്ക്ഡൗണ്‍ ഒരവസാന പടിയായി കണ്ടാല്‍മതി. കാരണം അത് ജീവിതത്തെ ബാധിക്കുന്ന ഒരു വിഷയമാണ്. അതുകൊണ്ട്, മറ്റു മാര്‍ഗങ്ങള്‍ ഒന്നും ഇല്ലെങ്കില്‍ മാത്രമേ ലോക്ക്ഡൗണിനെ പറ്റി ചിന്തിക്കേണ്ടതുള്ളു.നമ്മുടെ ആ ഒരു ഘട്ടം കഴിഞ്ഞു.
jഇന്ന് നമ്മുടെ നിയന്ത്രണങ്ങളുടെ 74ാമത് ദിവസമാണ്. അയവുകള്‍ അങ്ങിങ്ങായി വരുത്തിയിട്ടുണ്ട്. പകുതിയോളം സ്ഥാപനങ്ങളില്‍ ഇന്നും നിയന്ത്രണങ്ങളുണ്ട്. അവിടുത്തെ വ്യാപാരികളുടെയും ജനങ്ങളുടെയും ചെറുകിട വ്യാപാരസ്ഥാപനങ്ങളുടെയും കാര്യം കഷ്ടത്തിലാണ്. സര്‍ക്കാര്‍ പറയുന്നത് ടിപിആര്‍ പത്തില്‍ താഴെ വരണമെന്നാണ്. പക്ഷെ കഴിഞ്ഞ കൊല്ലം സെപ്തംബര്‍ മുതല്‍, ഇക്കൊല്ലം ഫെബ്രുവരി ആദ്യവാരം വരെ നമ്മുടെ ടിപിആര്‍ 9,10,11 എന്നിങ്ങനെയാണ് നില്‍ക്കുന്നത്. ആ സമയത്ത് നമ്മള്‍ തുറന്നു കൊടുക്കുകയും ചെയ്തിരുന്നു.
അതായത്, നമ്മുടെ പാറ്റേണ്‍ എന്നുപറയുന്നത്, താഴ്ന്നുവന്ന ശേഷം, ഒരേ ലെവലില്‍, കുറേ ദിവസങ്ങള്‍ തുടര്‍ന്നുപോകുക എന്നതാണ്. അതേ പാറ്റേണ്‍ തന്നെയാണ് ഇപ്പോഴും കാണുന്നത്. ഇവയെ നോര്‍മല്‍ ആയിക്കണ്ട്, നിയന്ത്രണങ്ങള്‍ എടുത്തുകളയുകയാണ് വേണ്ടത്. നമുക്കിതില്‍ സ്ഥിരമായ ഒരു സ്ട്രാറ്റജി ഇല്ല.
ഉദാഹരണത്തിന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞു നമുക്ക് മൂന്നാം തരംഗത്തിനെ തടഞ്ഞുനിര്‍ത്തേണ്ടതുണ്ട് എന്ന്. എന്നാല്‍ നമുക്കതിനു സാധിക്കില്ല എന്നതാണ് സത്യം. കേരളം ലോകത്തിലെ എല്ലാ ഭാഗത്തുനിന്നും യാത്രക്കാര്‍ ഉള്ള സ്ഥലമാണല്ലോ, എങ്ങനെ പോയാലും അവരില്‍ ആരില്‍ നിന്നെങ്കിലും മൂന്നാം തരംഗം വരും. ജനിതകവ്യതിയാനം വന്ന മറ്റൊരു വൈറസ് ആയിരിക്കാം അത്. നമ്മള്‍ രണ്ടാം തരംഗത്തിന്റെ പീക്കില്‍ രോഗത്തെ നിയന്ത്രിച്ചു. ഇനി തുറന്നുകൊടുക്കുക, മൂന്നാം തരംഗത്തിന്റെ പീക്കില്‍ നിയന്ത്രിക്കുക, പിന്നെ തുറന്നുകൊടുക്കുക. ഇതാണ് ചെയ്യേണ്ടത്. കിറ്റ് കൊടുത്തതു കൊണ്ടുമാത്രം ഒന്നുമാകില്ലല്ലോ. അതുകൊണ്ട് നമുക്ക് സാമ്പത്തിക അരക്ഷിതാസ്ഥയ്ക്ക് പരിഹാരം കാണാനാകില്ല.
തുറന്നാലും മറ്റ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചേ പറ്റു. എസിയുള്ള സ്ഥലങ്ങള്‍, വലിയ മാളുകള്‍ തുടങ്ങിയവയില്‍ നിയന്ത്രണം വെക്കുന്നതില്‍ അര്‍ത്ഥമുണ്ട്. അല്ലാതെ വെറുതെ 500ല്‍ പരം തദ്ദേശസ്ഥാപനങ്ങള്‍ അടച്ചിട്ടിട്ട് ഒരു കാര്യവുമില്ല.
വിദഗ്ധ സമിതി എല്ലാ ആഴ്ചയും സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നുണ്ട്. മുന്‍പ് കൊടുത്ത റിപ്പോര്‍ട്ടില്‍ അവര്‍ പറഞ്ഞത്, 15 ല്‍ താഴെ ടിപിആര്‍ കുറഞ്ഞ സ്ഥിതിക്ക്, ഇനി കുറച്ചുകാലവും അങ്ങനെ തന്നെ തുടരും എന്നാണ്. ഇത് ഗുരുതരമായ സ്ഥിതിവിശേഷമല്ലെന്നും, ലോക്ക്ഡൗണ്‍ ഇനി പിന്‍വലിക്കാമെന്നുമാണ് അവര്‍ പറഞ്ഞത്. വാരാന്ത്യ ലോക്ക്ഡൗണും അശാസ്ത്രീയമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
ദിവസവേതനക്കാരായ ഒരുപാട് പേര്‍ക്ക് ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. നമ്മുടെ പ്ലാനിംഗ് ബോര്‍ഡ് കണക്കനുസരിച്ച് 73 ലക്ഷം പേര്‍ക്കാണ് കേരളത്തില്‍, ഈ കോവിഡ് കാലത്ത് ജോലി ഇല്ലാതായത്. കേരളത്തിന്റെ വര്‍ക്ക്‌ഫോഴ്സിന്റെ ശക്തി എന്നുപറയുന്നത് ഒരു കോടി 25 ലക്ഷമാണ്. സ്ഥിരവരുമാനമില്ലാത്തവരെ നന്നായി ബാധിച്ച കാര്യമാണിത്. കോഴിക്കോട് നടന്നത് ഒരു ക്ലൈമാക്സാണ്,'' ശ്രീജന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വൈകിയാണ് കൊവിഡ് കൂടുന്നതെന്നും അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളില്‍ കുറഞ്ഞശേഷമേ കേരളത്തില്‍ കുറഞ്ഞുതുടങ്ങുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോള്‍ ജനങ്ങളുടെ ജീവിത സാഹചര്യം കൂടി പരിഗണിച്ച് അവര്‍ക്ക് ജീവിക്കാനുള്ള മാര്‍ഗം കൂടി സര്‍ക്കാര്‍ ഒരുക്കണമെന്നാണ് ദീര്‍ഘകാലമായി കേരളത്തിലെ വ്യാപാരികളില്‍ നിന്നും ഉയരുന്ന ആവശ്യം. ശാസ്ത്രീമായ നിര്‍ദേശങ്ങള്‍ ഉടനടി നടപ്പാക്കാത പക്ഷം കൂടുതല്‍ പ്രതിഷേധങ്ങള്‍ ഇനിയും ഉണ്ടാകുക തന്നെ ചെയ്യുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.