സര്‍ക്കാര്‍ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സാഹിത്യ സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തനത്തിന് കടിഞ്ഞാണിടുന്ന സര്‍ക്കുലര്‍ വിവാദത്തില്‍. സര്‍ക്കാര്‍ ജീവനക്കാരുടെ സാഹിത്യ സൃഷ്ടികള്‍ നേരിട്ട് പ്രസിദ്ധീകരിക്കരുതെന്നാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറിലുള്ളത്.
2021 സെപ്തംബര്‍ 9നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്നതാണ് പുതിയ സര്‍ക്കുലര്‍ എന്നാണ് വിമര്‍ശനം.
എഴുത്തുകാരുടെ സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങളെ ഇത്തരത്തില്‍ നിയന്ത്രിക്കാനുള്ള ബ്യൂറോക്രാറ്റിക് സമീപനങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്. കേരളത്തിലെ പുരോഗമന ഇടതുപക്ഷ സര്‍ക്കാര്‍ അത് തിരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്
ടി.ഡി രാമകൃഷ്ണന്‍, എഴുത്തുകാരന്‍
സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതിക്കായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം സൃഷ്ടിയുടെ പകര്‍പ്പും സമര്‍പ്പിക്കണമെന്ന സര്‍ക്കുലറിലെ നിര്‍ദേശവും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. സാഹിത്യ സൃഷ്ടി പ്രസിദ്ധീകരണ യോഗ്യമാണോ എന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണെന്നും സര്‍ക്കുലറില്‍ പറയുന്നു. അനുമതി ലഭിച്ച ശേഷം മാത്രമേ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാന്‍ പാടുള്ളു എന്നും സര്‍ക്കുലറില്‍ പറയുന്നു.
എഴുത്തുകാരുടെ ആവിഷ്‌കാരങ്ങളെ നിയന്ത്രിക്കാനുള്ള സമീപനങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണെന്ന് എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍ ദ ക്യുവിനോട് പ്രതികരിച്ചു. എഴുത്തുകാരുടെ സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങളെ ഇത്തരത്തില്‍ നിയന്ത്രിക്കാനുള്ള ബ്യൂറോക്രാറ്റിക് സമീപനങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്. കേരളത്തിലെ പുരോഗമന ഇടതുപക്ഷ സര്‍ക്കാര്‍ അത് തിരുത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളില്‍ ഇത്തരം ഉത്തരവുകള്‍ നിലനില്‍ക്കുന്നുണ്ട്. അവിടങ്ങളില്‍ ഇത് കുറച്ചുകൂടി കര്‍ക്കശമാണ്. പക്ഷെ കേരളത്തിലെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഇത് അത്ര കര്‍ക്കശമല്ലായിരുന്നു. എന്ത് പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഇറക്കിയതെന്ന് അറിയില്ലെന്നും ടി.ഡി രാമകൃഷ്ണന്‍ പറഞ്ഞു.
ഇനി മേല്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരുടെ ആവിഷ്‌ക്കാരങ്ങള്‍ അതിന്റെ പകര്‍പ്പ് പരിശോധിച്ച് വേണോ വേണ്ടയോ എന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥ വൃന്ദമോ തീരുമാനിക്കും. കുറ്റം പറയാനാവില്ല. രാജഭരണകാലം മുതല്‍ എല്ലാ ഭരണാധികാരികളുടെയും റിപ്പബ്ലിക്കിന്റെ ദിവാസ്വപ്നവും ആഗ്രഹചിന്തയുമാണിത്.
പ്രേംചന്ദ്
കലാ സാംസ്‌കാരിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മാര്‍ഗ്ഗരേഖ എന്ന പേരില്‍ കാണപ്പെടുന്ന ഉത്തരവ് ഇടത് പക്ഷ സര്‍ക്കാര്‍ ഇറക്കുമോ എന്നാണ് നിരൂപകനും മാധ്യമപ്രവര്‍ത്തകനുമായ പ്രേംചന്ദ് ചോദിക്കുന്നത്.
അടിയന്തരാവസ്ഥക്കാലത്തെ സെന്‍സര്‍ഷിപ്പിന്റെ തിരിച്ചു വരുവല്ലേ ഇതെന്നും പ്രേംചന്ദ്. അതായത് ഇനി മേല്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരുടെ ആവിഷ്‌ക്കാരങ്ങള്‍ അതിന്റെ പകര്‍പ്പ് പരിശോധിച്ച് വേണോ വേണ്ടയോ എന്ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനോ ഉദ്യോഗസ്ഥ വൃന്ദമോ തീരുമാനിക്കും. കുറ്റം പറയാനാവില്ല. രാജഭരണകാലം മുതല്‍ എല്ലാ ഭരണാധികാരികളുടെയും റിപ്പബ്ലിക്കിന്റെ ദിവാസ്വപ്നവും ആഗ്രഹചിന്തയുമാണിത്.
ഇവിടെ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം, കലാരംഗത്ത് പ്രവര്‍ത്തിക്കുവാന്‍ മുന്‍കൂര്‍ അനുമതി വേണം എന്ന കാലോചിതമല്ലാത്ത വ്യവസ്ഥ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളില്‍ നിന്ന് എടുത്തു മാറ്റുക എന്നതാണ്.
അശോകന്‍ ചരുവില്‍
ഇതിനെ കലാകാരന്മാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ഭീഷണിയായി വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നാണ് എഴുത്തുകാരന്‍ അശോകന്‍ ചരുവില്‍ ചൂണ്ടിക്കാട്ടുന്നത്.
പൊതു വിദ്യാഭ്യാസ ഡയറക്ടരുടെ 09.09.2021 ലെ ഒരു സര്‍ക്കുലര്‍ ബന്ധപ്പെട്ടവരില്‍ ആശങ്കകള്‍ ഉണ്ടാക്കിയിരിക്കുന്നതായി കാണുന്നു. അതൊരു ക്ലാരിഫിക്കേഷന്‍ സര്‍ക്കുലറായിട്ടാണ് ഞാന്‍ മനസ്സിലാക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ പലരും സാഹിത്യ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതിലേക്കായി അനുമതിക്ക് അപേക്ഷിക്കുന്നുണ്ടത്രെ. എന്നാല്‍ അത്തരം അപേക്ഷകള്‍ പലതും ശരിയാവണ്ണമല്ല. അതുകൊണ്ട് അപേക്ഷ എങ്ങനെ അയക്കണമെന്ന് ബന്ധപ്പെട്ട സര്‍ക്കുലറിലൂടെ വിശദമാക്കുകയാണ് ഡി.പി.ഐ. ചെയ്തിരിക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് കലാ സാഹിത്യ രംഗത്ത് പ്രവര്‍ത്തിക്കണമെങ്കില്‍ അനുവാദം വാങ്ങിക്കണം എന്ന നിയമം കാലങ്ങളായി നിലവിലുള്ളതാണ്. എന്നാല്‍ ബഹുഭൂരിപക്ഷം കലാകാരന്മാരും അനുമതിക്ക് അപേക്ഷിക്കുക പതിവില്ല. അനുമതിയില്ലാതെ എഴുതുന്നവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാറുമില്ല. ഇതെഴുതുന്നയാള്‍ നീണ്ടകാലം സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. അനുമതിക്കായി ഒരപേക്ഷയും ഇയാള്‍ അയച്ചിട്ടില്ല. അനുമതിയില്ലാത്തതിന്റെ പേരില്‍ ഒരസൗകര്യവും ഉണ്ടായിട്ടുമില്ല.
എന്റെ സുഹൃത്തുക്കളായ എഴുത്തുകാരില്‍ കവി മണമ്പൂര്‍ രാജന്‍ബാബുവിന് മാത്രമാണ് സാഹിത്യരചനക്ക് അനുമതി ലഭിച്ചിട്ടുള്ളത്. ആ അനുമതിപത്രം കയ്യിലിരിക്കെയാണ് ഒരു കഥയെഴുതിയതിന്റെ പേരില്‍ പോലീസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും കെ.കരുണാകരനില്‍ നിന്നും അദ്ദേഹം ആക്രമണം നേരിട്ടത്.
ഏതാണ്ട് മരവിച്ച രൂപത്തിലാണെങ്കിലും അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥ Servant's Conduct Rules ഇന്നും നിലനില്‍ക്കുന്നു. അതുകൊണ്ട് അതു സംബന്ധിച്ച അപേക്ഷകള്‍ ഉണ്ടാവുന്നത് സ്വാഭാവികമാണ്. ധാരാളം അപേക്ഷകള്‍ തെറ്റായ രീതിയില്‍ വരുമ്പോള്‍ അതിന്മേല്‍ ബന്ധപ്പെട്ട ഓഫീസ് ഒരു ക്ലാരിഫിക്കേഷന്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതും സ്വാഭാവികമാണ്. ഇതിനെ കലാകാരന്മാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പുതിയ ഭീഷണിയായി വ്യാഖ്യാനിക്കുന്നത് ഒട്ടും ശരിയല്ല.
ഇവിടെ സര്‍ക്കാര്‍ ചെയ്യേണ്ട കാര്യം, കലാരംഗത്ത് പ്രവര്‍ത്തിക്കുവാന്‍ മുന്‍കൂര്‍ അനുമതി വേണം എന്ന കാലോചിതമല്ലാത്ത വ്യവസ്ഥ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളില്‍ നിന്ന് എടുത്തു മാറ്റുക എന്നതാണ്.
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിധേയമായി കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാര്യാലയും പുറപ്പെടുവിച്ച സര്‍ക്കുലര്‍. അപേക്ഷകള്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറിക്ക് അഡ്രസ് ചെയ്യണം. അപേക്ഷയോടൊപ്പം പ്രത്യേകം സത്യവാങ്മൂലം സമര്‍പ്പിക്കണം. അപേക്ഷകള്‍ ഉപ ഡയറക്ടര്‍ മുഖാന്തരം മാത്രമേ സമര്‍പ്പിക്കാന്‍ പാടുള്ളു. അപേക്ഷ വിശദമായി പരിശോധിച്ച് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വ്യകത്മായി ശുപാര്‍ശ ചെയ്യേണ്ടാതാണെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.