ശോഭയ്ക്ക് സീറ്റ് നല്‍കും; ഗ്രൂപ്പ് വഴക്ക് അവസാനിപ്പിക്കാനുള്ള ഫോര്‍മുലയുമായി കേന്ദ്രം; വിജയം മാത്രം ലക്ഷ്യമായിരിക്കണമെന്ന് അന്ത്യശാസനം

ശോഭയ്ക്ക് സീറ്റ് നല്‍കും; ഗ്രൂപ്പ് വഴക്ക് അവസാനിപ്പിക്കാനുള്ള ഫോര്‍മുലയുമായി കേന്ദ്രം; വിജയം മാത്രം ലക്ഷ്യമായിരിക്കണമെന്ന് അന്ത്യശാസനം
Published on

നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പ് യുദ്ധം അവസാനിപ്പിക്കാനുള്ള ഫോര്‍മുലയുമായി ബി.ജെ.പി കേന്ദ്ര നേതൃത്വം. തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടുകയെന്നത് മാത്രമായിരിക്കണം ലക്ഷ്യമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി പരിപാടികളില്‍ നിന്നും വിട്ട് നില്‍ക്കുന്ന ശോഭ സുരേന്ദ്രനെ തിരിച്ചു കൊണ്ട് വരുന്നതിനുള്ള ചര്‍ച്ചകള്‍ ഇന്നത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഉണ്ടാകും. ശോഭ സുരേന്ദ്രന് സീറ്റ് നല്‍കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എ ക്ലാസ് മണ്ഡലത്തില്‍ ശോഭ സുരേന്ദ്രനെ മത്സരിപ്പിക്കാനാണ് നിര്‍ദേശം.

സംസ്ഥാന നേതൃത്വം അവഗണിക്കുന്നതായി ശോഭ സുരേന്ദ്രന്‍ അഖിലേന്ത്യ പ്രസിഡന്റ് ജെ.പി നദ്ദയ്ക്ക് പരാതി നല്‍കിയിരുന്നു. ഒരുവിഭാഗം നേതാക്കളെ അകറ്റി നിര്‍ത്തുന്ന കെ.സുരേന്ദ്രന്‍ വിഭാഗത്തിന്റെ നടപടിയാണ് സംസ്ഥാനത്ത് ബി.ജെ.പിക്ക് തിരിച്ചടി നേരിടാന്‍ കാരണമെന്നും അറിയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാനാകാതിരുന്നതാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിലേക്ക് നയിച്ചത്. ശോഭ സുരേന്ദ്രന്റെ പരാതി പരിഹരിക്കണമെന്ന് ആര്‍.എസ്.എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

30 എ ക്ലാസ് മണ്ഡലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ പ്രധാന നേതാക്കളും പൊതുസമ്മതാരായവരും സ്ഥാനാര്‍ത്ഥികളാകും. 70 മണ്ഡലങ്ങളില്‍ ശക്തമായ മത്സരം കാഴ്ച വെക്കാനാകുമെന്നാണ് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. അഞ്ച് സീറ്റുകളിലെങ്കിലും വിജയിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച നേമത്ത് ഒ.രാജഗോപാല്‍ വീണ്ടും മത്സരിക്കില്ല. മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെയാണ് നേമത്ത് പരിഗണിക്കുന്നത്. നേമത്തും വട്ടിയൂര്‍ക്കാവിലും കടുത്ത മത്സരം നേരിടേണ്ടി വരുമെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. ശക്തമായ ഇരുമുന്നണികളും ഈ മണ്ഡലങ്ങളില്‍ ശക്തരായ സ്ഥാനാര്‍ത്ഥികളെ ഇറക്കുമെന്നത് ബി.ജെ.പിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in