ശോഭ സുരേന്ദ്രന്‍ പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാന്‍ ബി.ജെ.പി; പ്രചരണത്തില്‍ നിന്നും മാറി നിന്നത് തിരിച്ചടിയായെന്ന് വിലയിരുത്തല്‍

ശോഭ സുരേന്ദ്രന്‍ പ്രശ്‌നം പെട്ടെന്ന് പരിഹരിക്കാന്‍ ബി.ജെ.പി; പ്രചരണത്തില്‍ നിന്നും മാറി നിന്നത് തിരിച്ചടിയായെന്ന് വിലയിരുത്തല്‍
Published on

നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന മുതിര്‍ന്ന നേതാവ് ശോഭ സുരേന്ദ്രന്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പെട്ടെന്ന് പരിഹരിക്കാന്‍ ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമം. പത്ത് ദിവസത്തിനുള്ളില്‍ വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഉന്നയിച്ച വിഷയങ്ങളില്‍ ഉടന്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാത്തതിന് കാരണം ശോഭ സുരേന്ദ്രന്‍ പരസ്യമായി പ്രതികരിച്ചതും വിഭാഗീയതയുണ്ടെന്ന് പുറമേക്ക് അറിയിച്ചതാണെന്നുമാണ് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ ആരോപണം. സ്വര്‍ണക്കടത്ത് കേസിലെ സമരങ്ങളിലോ തെരഞ്ഞെടുപ്പ് പ്രചരണത്തിലോ പങ്കെടുക്കാത്ത ശോഭ സുരേന്ദ്രനോട് വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് കെ.സുരേന്ദ്രന്‍ നേതൃത്വത്തെ അറിയിച്ചിരുന്നു.

പ്രചരണങ്ങളില്‍ മുന്‍കാലങ്ങളില്‍ സജീവമായി നിന്നിരുന്ന ശോഭ സുരേന്ദ്രന്റെ അസാന്നിധ്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പായി പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ പാര്‍ട്ടിയിലെ വിഭാഗീയത സജീവ ചര്‍ച്ചയാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. പി.കെ കൃഷ്ണദാസിനോട് വിയോജിപ്പുകള്‍ മാറ്റി വെച്ച് തെരഞ്ഞെടുപ്പില്‍ സജീവമാകാന്‍ മുരളീധരപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ശോഭ സുരേന്ദ്രനൊപ്പമാണ് കൃഷ്ണദാസ് പക്ഷമുള്ളതെന്ന മട്ടില്‍ വാര്‍ത്തകള്‍ വരുന്നതില്‍ ജാഗ്രത കാണിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പുകളിലെ പരാജയത്തിന് കാരണം വിഭാഗീയതയാണെന്ന തോന്നല്‍ ശക്തിപ്പെട്ടാല്‍ കടുത്ത നടപടികളിലേക്ക് കേന്ദ്ര നേതൃത്വം കടക്കുമോയെന്ന ആശങ്കയും സംസ്ഥാന നേതാക്കള്‍ക്കുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in