വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ മത്സരിക്കുമെന്ന് ധാരണ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയാണ് സമവായ ഫോര്‍മുല മുന്നോട്ട് വെച്ചത്.
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ മത്സരിക്കാന്‍ തയ്യാറാകാതെ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ട് നിന്നതും നിയമസഭ സീറ്റില്‍ കണ്ണ് വെച്ചാണെന്നാണ് അണികള്‍ തന്നെ പറയുന്നത്. വടകര, കല്‍പ്പറ്റ മണ്ഡലങ്ങളിലാണ് മുല്ലപ്പള്ളി രാമചന്ദ്രന് താല്‍പര്യം. കല്‍പ്പറ്റ മണ്ഡലത്തിനായി മുസ്ലിം ലീഗ് ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്. വടകര സീറ്റ് ആര്‍എംപി ആവശ്യപ്പെടാനും സാധ്യതയുണ്ട്. ഇടതുപക്ഷത്തിന് ലഭിക്കുന്ന മലബാറിലെ ഈഴവ വോട്ടുകളില്‍ വിള്ളലുണ്ടാക്കുകയെന്നതും മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഹൈക്കമാന്‍ഡിന്റെ പിന്തുണയാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്ത എന്നത് പോലെ നിയമസഭയിലേക്കും മുല്ലപ്പള്ളി രാമചന്ദ്രനെ തുണയ്ക്കുന്നത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വരുമെന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്നത്. ആരോഗ്യകാരണങ്ങളാല്‍ ഉമ്മന്‍ചാണ്ടി ഒന്നര വര്‍ഷത്തോളം വിട്ടു നിന്നതും ഈ പ്രചാരണത്തിന് ശക്തി പകര്‍ന്നിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ഉമ്മന്‍ചാണ്ടി സജീവമായി രംഗത്തിറങ്ങി.പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയും ഹരിപ്പാട് നിന്ന് രമേശ് ചെന്നിത്തലയും വീണ്ടും ജനവിധി തേടും. ഭരണം ലഭിക്കുകയാണെങ്കില്‍ ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രി സ്ഥാനം പങ്കിട്ട് നല്‍കാമെന്നാണ് എ കെ ആന്റണി മുന്നോട്ട് വെച്ച നിര്‍ദേശം. രമേശ് ചെന്നിത്തലയെ മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാകില്ലെന്നാണ് പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയുള്ള വാദം. ഭരണം പിടിക്കാന്‍ ഏത് വഴിയും തേടുകയെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിലെ ധാരണ.
മുസ്ലിം ലീഗിന്റെ ചാഞ്ചാട്ടം
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിനെ തുടര്‍ന്ന് മുസ്ലിം ലീഗ് നേതൃത്വത്തിലും അണികളിലും ഇടത് അനുകൂല നിലപാട് ഉണ്ടായിരുന്നു. മുസ്ലിംലീഗിലെ പ്രമുഖ നേതാവും മൂന്ന് ബിസിനസുകാരും ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരുന്നു. ബിജെപിയെ എതിര്‍ക്കാന്‍ ഇടതുപക്ഷത്തിനോടൊപ്പം നില്‍ക്കണമെന്നായിരുന്നു നിലപാട്. എന്നാല്‍ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും കെ എം ഷാജിയും എതിര്‍പ്പ് ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ എം ഷാജി പരസ്യമായി രംഗത്തെത്തിയത് ഈ ചര്‍ച്ചയെ പരാജയപ്പെടുത്തുകയായിരുന്നു. ഇടതുപക്ഷത്തിന് തുടര്‍ഭരണം ഉണ്ടാകുകയാണെങ്കില്‍ മുസ്ലിംലീഗ് മുന്നണി മാറുമെന്ന ഭീതി കോണ്‍ഗ്രസിനുണ്ട്. അതുകൊണ്ട് ഗ്രൂപ്പ് വഴക്കും അധികാരത്തര്‍ക്കവും മാറ്റിവെച്ച് കൂടുതല്‍ സീറ്റ് നേടാന്‍ ഒത്തൊരുമിച്ച് നില്‍ക്കുകയെന്നതാണ് കോണ്‍ഗ്രസിന്റെ മുന്നിലുള്ള വഴിയെന്ന് മുതിര്‍ന്ന നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.