തിരുവനന്തപുരം ലക്ഷ്യമിട്ട് ബി.ജെ.പി; സുരേഷ്‌ഗോപിയും കൃഷ്ണകുമാറും സ്ഥാനാര്‍ത്ഥികളായേക്കും

തിരുവനന്തപുരം ലക്ഷ്യമിട്ട് ബി.ജെ.പി; സുരേഷ്‌ഗോപിയും കൃഷ്ണകുമാറും സ്ഥാനാര്‍ത്ഥികളായേക്കും
Published on

നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങള്‍ ലക്ഷ്യമിട്ട് ബി.ജെ.പി. നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയില്‍ പി.കെ കൃഷ്ണദാസും സ്ഥാനാര്‍ത്ഥികളാകും. കഴക്കൂട്ടത്ത് കെ.സുരേന്ദ്രന്‍ മത്സരിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമാ താരങ്ങളായ സുരേഷ് ഗോപിയേയും കൃഷ്ണകുമാറിനെയും മത്സരിപ്പിക്കാനും ആലോചനയുണ്ട്. കൃഷ്ണകുമാറിനോട് പാര്‍ട്ടി പരിപാടികളില്‍ സജീവമാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചയില്‍ 40 എ ക്ലാസ് മണ്ഡലങ്ങളുടെ പട്ടിക സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ അവതരിപ്പിച്ചിട്ടുണ്ട്. ബി.ഡി.ജെ.എസില്‍ നിന്നും ജയസാധ്യതയുള്ള സീറ്റുകള്‍ ഏറ്റെടുക്കുമെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. ദേശീയ നേതൃത്വവുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം സംസ്ഥാന സമിതി ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കും.

നേമം ഉറച്ച സീറ്റ് തന്നെയാണെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. കുമ്മനം രാജശേഖരനെ നേമത്ത് മത്സരിപ്പിക്കണമെന്ന് ആര്‍.എസ്.എസ് നിര്‍ദേശിക്കുകയായിരുന്നു. കാട്ടാക്കടയില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് കൂടിയത് നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന് നേതൃത്വം അവകാശപ്പെടുന്നു. പി.കെ.കൃഷ്ണദാസ് കാട്ടാക്കട കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. കോന്നിയില്‍ കെ.സുരേന്ദ്രന്‍ മത്സരിക്കണമെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. കെ.സുരേന്ദ്രന്‍ മത്സരിക്കുന്ന കാര്യത്തില്‍ ദേശീയ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് വി.വി. രാജേഷ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എല്‍ സന്തോഷ് അടുത്ത ആഴ്ച കേരളത്തില്‍ എത്തിയതിന് ശേഷമായിരിക്കും തുടര്‍ ചര്‍ച്ചകളുണ്ടാകുക.

Related Stories

No stories found.
logo
The Cue
www.thecue.in