പി.കെ ഫിറോസ് താനൂരിലേക്ക്; സൗത്തില്‍ ഫാത്തിമ തഹ്ലിയ; യുവനിരയെയും സ്ത്രീകളെയും പരിഗണിക്കാന്‍ ലീഗ്

പി.കെ ഫിറോസ് താനൂരിലേക്ക്; സൗത്തില്‍ ഫാത്തിമ തഹ്ലിയ; യുവനിരയെയും സ്ത്രീകളെയും പരിഗണിക്കാന്‍ ലീഗ്
Published on

യുവാക്കളെയും സ്ത്രീകളെയും പരിഗണിച്ചുള്ള പട്ടികയുമായിട്ടായിരിക്കും മുസ്ലിംലീഗ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുകയെന്നാണ് സ്ഥാനാര്‍ത്ഥി സാധ്യത ചര്‍ച്ചകള്‍ സൂചിപ്പിക്കുന്നത്. യൂത്ത് ലീഗിനും എം.എസ്.എഫിനും അര്‍ഹമായ പരിഗണന നല്‍കുമെന്ന് നേതൃത്വം സൂചന നല്‍കുന്നു. താനൂരില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസും കോഴിക്കോട് സൗത്തില്‍ എം.എസ്.എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയും സ്ഥാനാര്‍ത്ഥികളായേക്കും.

നജീബ് കാന്തപുരം, പി.എം സാദിഖലി,ടി.പി അഷറഫലി, ഫൈസല്‍ ബാബു,പി.എം സാദിഖലി എന്നിവരുടെ പേരുകളും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. കോഴിക്കോട് സൗത്തില്‍ പി.കെ ഫിറോസിനെ മത്സരിപ്പിക്കുന്ന കാര്യമായിരുന്നു നേതൃത്വം നേരത്തെ ആലോചിച്ചിരുന്നത്. എന്നാല്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കുന്നതിനായി ഫാത്തിമ തഹ്ലിയയ്ക്ക് ഈ സീറ്റ് നല്‍കണമെന്ന ആവശ്യം ഉയരുകയായിരുന്നു. പി.കെ ഫിറോസിനെ അഴീക്കോട് മത്സരിപ്പിക്കണമെന്ന് കെ.എം ഷാജി നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷറഫലിയെ പെരുന്തല്‍മണ്ണയിലാണ് പരിഗണിക്കുന്നത്. മഞ്ഞളാംകുഴി അലി മങ്കടയിലേക്ക് മാറാന്‍ താല്‍പര്യം അറിയിച്ച സാഹചര്യത്തിലാണ് അഷറഫലിയെ പെരുന്തല്‍മണ്ണയില്‍ മത്സരിപ്പിക്കാന്‍ നേതൃത്വം ആലോചിക്കുന്നത്.

കോഴിക്കോട് ജില്ലയില്‍ ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുന്നമംഗലവും ബേപ്പുരുമാണ് ചോദിച്ചിരിക്കുന്നത്. യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരത്തിനെ ഈ സീറ്റുകളിലാണ് പരിഗണിക്കുക.യൂത്ത് ലീഗ് ദേശീയ ഉപാധ്യക്ഷന്‍ ഫൈസല്‍ ബാബു ഗുരുവായൂരിലും മത്സരിക്കുമെന്നാണ് സൂചന. മണ്ണാര്‍ക്കാട് എം.എല്‍.എ ഷംസുദ്ദീന്‍ തിരൂരിലേക്ക് മാറുന്നതിനാല്‍ യൂത്ത് ലീഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലിയുടെ പേരാണ് മണ്ണാര്‍ക്കാട് മണ്ഡലത്തിലെ ചര്‍ച്ചകളിലുള്ളത്. കഴിഞ്ഞ തവണ ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥിയായിരുന്നു പി.എം സാദിഖലി. മഞ്ചേശ്വരത്ത് എ.കെ.എം അഷറഫിന്റെ പേരാണ് നേരത്തെ മുതല്‍ ഉയരുന്നത്. ഉപതെരഞ്ഞെടുപ്പിലും പരിഗണിച്ചിരുന്നെങ്കിലും ലീഗ് നേതൃത്വം എം.സി കമറുദ്ദീന് നല്‍കുകയായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in