കവളപ്പാറയെ കൈവിട്ടവരോട്

മഴയൊക്കെ വരുമ്പോ ഭയങ്കര പേടിയാണ്, അന്ന് ഉരുള്‍ പൊട്ടിയ അതേ സൗണ്ട് കേള്‍ക്കുന്നത് പോലെ തോന്നും, പേടിയായി ചെവി കൂര്‍പ്പിച്ചിരിക്കും

ഉറങ്ങത്തില്ല, പഠിക്കാനും പറ്റില്ല.

മഴയെ പേടിച്ച് ചെവി പൊത്തി കഴിയുന്ന കവളപ്പാറയിലെ മനുഷ്യര്‍. 59 പേരുടെ ജീവനെടുത്ത കവളപ്പാറ ദുരന്തത്തിന് ഓഗസ്റ്റ് എട്ടിന് രണ്ട് വര്‍ഷമാകുമ്പോള്‍ ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് 60 കുടുംബങ്ങള്‍. കൊവിഡ് ഭീതിയും വരുമാനം നിലച്ചതും കാരണം അപകട മേഖലയില്‍ നിന്നും മാറി താമസിക്കാനുമാകുന്നില്ല.

2019 ഓഗസ്ത് എട്ടിന് നിലമ്പൂര്‍ കവളപ്പാറ മുത്തപ്പന്‍കുന്നിലുണ്ടായ ഉരുള്‍പൊട്ടലില്‍ 59 ജീവനുകള്‍ മണ്ണിനടിയിലായി. 11 മൃതദേഹങ്ങള്‍ കണ്ടെത്താനായില്ല. 44 വീടുകള്‍ പൂര്‍ണമായും 64 വീടുകള്‍ ഭാഗികമായും തകര്‍ന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായിട്ടില്ല.

മുത്തപ്പന്‍കുന്നിന്റെ ചെരിവില്‍ താമസിക്കുന്ന 60 കുടുംബങ്ങള്‍ ഇപ്പോഴും ഉരുള്‍പൊട്ടല്‍ ഭീതിയിലാണ് പ്രദേശത്ത് താമസിക്കുന്നത്. അതീവ അപകടസാധ്യതയുള്ള മേഖലയായി കണക്കാക്കിയിട്ടുള്ള ഇവിടെ മഴക്കാലത്ത് താമസിക്കരുതെന്നാണ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുള്ളത്. കഴിഞ്ഞ മഴക്കാലത്ത് ബന്ധുവീടുകളില്‍ അഭയം തേടുകയായിരുന്നു. എന്നാല്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ ഇത്തവണ ബന്ധുവീടുകളിലേക്ക് മാറി താമസിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു. മാസങ്ങളായി ജോലിയില്ലാത്തതിനാല്‍ വാടക വീടുകളിലേക്ക് മാറാനുള്ള സാമ്പത്തിക സ്ഥിതിയുമില്ല. ജീവന്‍ പണയപ്പെടുത്തി മുത്തപ്പന്‍കുന്നിന് കീഴെ താമസിക്കുകയാണിവര്‍. പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് കുടുംബങ്ങള്‍. കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Related Stories

No stories found.
logo
The Cue
www.thecue.in