'ശമ്പളമോ തസ്തികയോ ഇല്ല', കൊവിഡിനെതിരെ പോരാടുന്ന തങ്ങള്‍ക്കെതിരെ വിവേചനമെന്ന് സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍

'ശമ്പളമോ തസ്തികയോ ഇല്ല', കൊവിഡിനെതിരെ പോരാടുന്ന തങ്ങള്‍ക്കെതിരെ വിവേചനമെന്ന് സംസ്ഥാനത്തെ ജൂനിയര്‍ ഡോക്ടര്‍മാര്‍
Published on
Summary

കൊവിഡിനെതിരെ പോരാടുന്ന കേരളത്തിലെ ആയിരത്തോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളം നല്‍കാതെ സര്‍ക്കാര്‍. തസ്തിക സംബന്ധിച്ചും വ്യക്തതയില്ല

'അവര്‍ക്ക് ഞങ്ങള്‍ കൊറോണയ്‌ക്കെതിരെ പോരാടാനുള്ള ഉപകരണങ്ങള്‍ മാത്രമാണ്. ജോലി ചെയ്യാന്‍ സന്തോഷം മാത്രമേയുള്ളൂ, പക്ഷെ അര്‍ഹമായ പരിഗണനയെങ്കിലും ലഭിക്കണം', മഹാമാരിയുടെ കാലത്ത് രാവും പകലുമില്ലാതെ ജോലി ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ വാക്കുകളാണ് ഇത്. ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിലേറെയായിട്ടും ശമ്പളം ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു.

ജോലി ലഭിച്ചു പക്ഷെ തസ്തിക ഏതാണെന്ന് അറിയില്ല. ശമ്പളം സംബന്ധിച്ച ഒരു വ്യക്തതയും സര്‍ക്കാരിന്റെ ഭാഗത്ത് ലഭിച്ചിട്ടില്ല. എന്‍എച്ച്എം ജീവനക്കാര്‍ക്ക് ശമ്പളവര്‍ധനവുള്‍പ്പടെ ലഭിച്ചു, റിസ്‌ക് അലവന്‍സുമുണ്ട്. പക്ഷെ കൊവിഡിനെതിരെ പോരാടുന്ന കേരളത്തിലെ ആയിരത്തോളം വരുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ശമ്പളം പോലുമില്ലെന്ന് കേരള ജൂനിയര്‍ ഡോക്ടേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഓസം ഹുസൈന്‍ ദ ക്യുവിനോട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'എന്‍എച്ച്എം ഡോക്ടര്‍മാര്‍ ചെയ്യുന്ന അതേ ജോലിതന്നെ, അല്ലെങ്കില്‍ അതില്‍കൂടുതലോ ചെയ്യുന്ന ആളുകളാണ് ഞങ്ങളും. അവര്‍ക്ക് ലഭിക്കുന്ന അതേ ശമ്പളവും അലവന്‍സും ലഭിക്കാന്‍ അര്‍ഹതയുണ്ട്. പക്ഷെ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് തികഞ്ഞ അവഗണനയാണുണ്ടാകുന്നത്, ഞങ്ങളുടെ തസ്തിക പോലും വ്യക്തമാക്കിയിട്ടില്ല', കെജെഡിഎ ഭാരവാഹി ഡോ. അമല്‍ എസ് നായര്‍ പറയുന്നു.

അര്‍ഹമായ പരിഗണന ലഭിക്കണം

കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് 2014 ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയ ജൂനിയര്‍ ഡോക്ടര്‍മാരാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ശമ്പളം പോലും ലഭിക്കാതെ ജോലിചെയ്യുന്നത്. ഏത് പോസ്റ്റിലാണ് തങ്ങളെ നിയമിച്ചിരിക്കുന്നത് എന്ന് വ്യക്തമാക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നത്.

2020 മാര്‍ച്ചില്‍ ഹൗസ് സര്‍ജന്‍സി കഴിയേണ്ട ബാച്ചാണ് ഞങ്ങളുടേത്, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൗസ് സര്‍ജന്‍സി 20 ദിവസം കൂടി നീട്ടിയെന്നറിയിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ നിന്ന് ഓര്‍ഡര്‍ വരുന്നത്. ഇതിന് പിന്നാലെ പോസ്റ്റിങ് 3 മാസത്തേക്ക് കൂടി നീട്ടുമെന്ന് സൂചനയുണ്ടായിരുന്നു.

ജൂണിലാണ് പെര്‍മനന്റ് രജിസ്‌ട്രേഷന്‍ ലഭിച്ചത്. ജൂലൈ മാസത്തോടെ എല്ലാവരും ജോലിക്ക് കയറി. ഒരു മാസം കഴിഞ്ഞിട്ടും ഞങ്ങളുടെ തസ്തിക സംബന്ധിച്ചോ ശമ്പളം സംബന്ധിച്ചോ ഒരു വ്യക്തതയുമില്ല. ജോലിക്ക് കയറണമെന്ന് അറിയിച്ച് ഞങ്ങള്‍ക്ക് ആദ്യം ലഭിച്ച ഉത്തരവില്‍ തന്നെ വ്യക്തയുണ്ടായിരുന്നില്ല. അന്ന് തന്നെ ഇതിലുള്ള പ്രതിഷേധം അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു.

ജോലിയില്‍ കയറിക്കോളൂ, ശമ്പളമുള്‍പ്പടെ എല്ലാം ക്ലിയറാക്കി തരാമെന്നാണ് ആദ്യം പറഞ്ഞത്. ഇപ്പോളാണ് മനസിലായത് ഞങ്ങള്‍ പറ്റിക്കപ്പെടുകയാണെന്ന്. കൊറോണയ്‌ക്കെതിരെ പോരാടാനുള്ള ഉപകരണമായാണ് ഞങ്ങളെ അവര്‍ കാണുന്നത്. ജോലി ചെയ്യാന്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ, ഞങ്ങള്‍ പഠിച്ചതെല്ലാം ഈ ജോലി ചെയ്യാന്‍ വേണ്ടിയാണ്. പക്ഷെ ഞങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കണം.

രണ്ട് മാസത്തിലേറെ ശമ്പളം ലഭിക്കാത്തവരുണ്ട്

എന്‍എച്ച് എം ഡോക്ടര്‍മാരുടെ ശമ്പളം ഇതിനിടയില്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു, അവര്‍ക്ക് റിസ്‌ക് അലവന്‍സുള്‍പ്പടെയാണ് നല്‍കുന്നത്. പക്ഷെ കൊറോണയ്‌ക്കെതിരെ പോരാടുന്ന സിഎഫ്എല്‍ടിസികളില്‍ ജോലി ചെയ്യുന്ന ഞങ്ങള്‍ക്ക് അലവന്‍സുമില്ല, ശമ്പളവുമില്ല. രണ്ട് മാസത്തിലേറെയായി ശമ്പളമില്ലാതെ ജോലി ചെയ്യുന്നവര്‍ വരെ ഞങ്ങള്‍ക്കിടയിലുണ്ട്.

നിര്‍ബന്ധമായി തന്നെയാണ് ജോലിയില്‍ പ്രവേശിക്കാനുള്ള നിര്‍ദേശം ഞങ്ങള്‍ക്ക് ലഭിച്ചത്. നാല്‍പതും അന്‍പതും കിലോമീറ്ററുകള്‍ക്ക് അപ്പുറമുള്ള ആശുപത്രികളിലേക്ക് സ്വന്തം വണ്ടിയെടുക്കുക, പോകുക, ജോലി ചെയ്യുക, തിരിച്ചുവരുക ഇതാണ് ആവശ്യപ്പെട്ടത്.

ഞങ്ങള്‍ക്ക് നഷ്ടമാകുന്നത് 3 മാസമല്ല, ഒരു കൊല്ലമാണ്. പിജി എന്‍ട്രന്‍സ് ഉള്‍പ്പടെ പലര്‍ക്കും എഴുതാന്‍ സാധിക്കില്ല. 2022ല്‍ മാത്രമേ ഇനി എന്‍ട്രന്‍സ് എഴുതാന്‍ സാധിക്കൂ. അതൊന്നും ഞങ്ങള്‍ക്ക് കുഴപ്പമില്ല. പക്ഷെ ഞങ്ങളുടെ പോസ്റ്റ് സംബന്ധിച്ചോ ശമ്പളം സംബന്ധിച്ചോ യാതൊരു വ്യക്തതയുമില്ലാതെ ജോലി ചെയ്യണമെന്ന് പറയുന്നതിന്റെ അര്‍ത്ഥം മനസിലാകുന്നില്ല', ഡോ. ഓസം ഹുസൈന്‍ പറഞ്ഞു.

പകര്‍ച്ചവ്യാധി നിയമപ്രകാരമാണ് ഞങ്ങളുടെ നിയമനമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ നിന്നും, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പഠിച്ചിറങ്ങി ഇവിടെ ജോലി ചെയ്യുന്നവര്‍ക്കും ഈ നിയമം ബാധകമായിരിക്കില്ലെ. പക്ഷെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരെ മാത്രമാണ് ഇപ്പോള്‍ നിയമിച്ചിരിക്കുന്നത്, ഇത് വിവേചനമല്ലെ.

പലര്‍ക്കും പലപ്രശ്‌നങ്ങളുണ്ട്, സാമ്പത്തികമായ ബുദ്ധിമുട്ടുകളുണ്ട്. ഇതുവരെ കഷ്ടപ്പെട്ടാണ് മുമ്പോട്ട് പോയത്. എന്നാലും ഇന്നേ വരെ ഒരു ഡോക്ടര്‍ പോലും ജോലിക്ക് കയറാതെയിരുന്നിട്ടില്ല, ഡ്യൂട്ടി മുടക്കിയിട്ടില്ല. സിഎഫ്എല്‍ടിസികളില്‍ ജോലി ചെയ്യുന്നവരിര്‍ കൂടുതലും ജൂനിയര്‍ ഡോക്ടര്‍മാരാണ്.

മുഖ്യമന്ത്രിക്കും, ആരോഗ്യമന്ത്രിക്കും, ധനമന്ത്രിക്കും, എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഞങ്ങളുടെ ആവശ്യമുന്നയിച്ച് പരാതി എഴുതി നല്‍കിയിരുന്നു. ആഗസ്റ്റ് ഒന്നിന് നല്‍കിയ പരാതിയില്‍ ഇതുവരെ യാതൊരു നടപടിയുമുണ്ടായില്ലെന്നും ഡോ. അമല്‍ എസ് നായര്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in