ഗുജറാത്തില്‍ വന്‍ വാക്‌സിന്‍ അഴിമതി, തെറ്റെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം ഉപേക്ഷിക്കാം, ദ ക്യുവിനോട് ജിഗ്നേഷ് മേവാനി

ഗുജറാത്തില്‍ വന്‍ വാക്‌സിന്‍ അഴിമതി, തെറ്റെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം ഉപേക്ഷിക്കാം, ദ ക്യുവിനോട് ജിഗ്നേഷ് മേവാനി
Published on

അഹമ്മദാബാദ്: ഗുജറാത്ത് സര്‍ക്കാരിനെതിരെ അഴിമതി ആരോപണവുമായി എംഎല്‍എ ജിഗ്നേഷ് മേവാനി. വാക്‌സിന്‍ വിതരണത്തില്‍ കള്ളക്കണക്കുണ്ടാക്കി കൊള്ള നടത്തുകയാണ് ഗുജറാത്ത് സര്‍ക്കാരെന്ന് ജിഗ്നേഷ് ദ ക്യൂവിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.

നൂറ്റമ്പത് പേര്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ റെക്കോഡില്‍ 250 പേരെന്ന് രേഖപ്പെടുത്തി വന്‍ തിരിമറിയാണ് നടത്തുന്നതെന്ന് ജിഗ്നേഷ് പറഞ്ഞു.

ഗുജറാത്തിനെ മഹത്വവത്കരിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരേയും ജീവനക്കാരെയും നിര്‍ബന്ധിച്ച് വ്യാജ കണക്കുകള്‍ ഉണ്ടാക്കുകയാണ് എന്നും ജിഗ്നേഷ് കൂട്ടിച്ചേര്‍ത്തു.

ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും നിയമപരമായി തന്നെ വിഷയത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ പറയുന്നത് തെറ്റെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കൂടി എനിക്ക് നിങ്ങളോട് പങ്കുവെക്കാനുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ ഒരു ഭീമമായ അഴിമതിയാണ് നടത്തികൊണ്ടിരിക്കുന്നത്. നൂറ്റമ്പത് പേര്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ റെക്കോഡിലവര്‍ 250 പേരെന്ന് രേഖപ്പെടുത്തും. വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ക്ക് ലാഭം ഉണ്ടാക്കികൊടുക്കാനാണിത്. ആ നൂറ് പേരുടെ വാക്‌സിനില്‍ നിന്ന് ഗുജറാത്ത് സര്‍ക്കാരിനും ലാഭം കിട്ടാന്‍ വേണ്ടിയാണിത്.

ഗുജറാത്തിനെ മഹത്വവത്കരിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരേയും ജീവനക്കാരെയും നിര്‍ബന്ധിച്ച് വ്യാജ കണക്കുകള്‍ ഉണ്ടാക്കുകയാണ്. വാക്‌സിനേഷനുമായി ബന്ധപ്പെട്ട ഗുജറാത്ത് സര്‍ക്കാരിന്റെ അവകാശവാദങ്ങള്‍ മുഴുവന്‍ കെട്ടുകഥയാണ്.

രാജ്യത്തെ ആളുകളെയും ഗുജറാത്തിലെ ജനങ്ങളെയും വിഡ്ഡികളാക്കാന്‍ വേണ്ടിയാണ് വ്യാജ അവകാശവാദങ്ങള്‍ മുഴക്കുന്നത്. ഗുജറാത്ത് വലിയൊരു അഴിമതിയാണ് നടത്തുന്നത്. ഈ പറയുന്നത് തെറ്റാണെങ്കില്‍ ഞാന്‍ എന്റെ പൊതുജീവിതം അവസാനിപ്പിക്കും. എന്റെ കയ്യില്‍ ഇത് നിയമപരമായി സ്ഥാപിച്ചെടുക്കാന്‍ കഴിയുന്ന എല്ലാ രേഖകളും തെളിവുകളുണ്ട്. വാക്‌സിനേറ്റഡ് ആയിട്ടില്ലാത്ത ആളുകള്‍ പോലും വാക്‌സിനേറ്റഡ് ആയി എന്നാണ് ഗവണ്‍മെന്റ് റെക്കോഡുകളില്‍ കാണപ്പെടുന്നത്.

ഐപിസി 467, 468, സെക്ഷന്‍ 120 ബി എന്നിവയുടെ പരിധിയില്‍ വരുന്ന ഗുരുതരമായ കുറ്റകൃത്യമാണിത്. ഞാനിതിനെ നിയമപരമായി തന്നെ നേരിടാനാണ് ഇറങ്ങിയിരിക്കുന്നത്,'' ജിഗ്നേഷ് പറഞ്ഞു.

അഭിമുഖത്തിന്റെ പൂര്‍ണരൂപം ദ ക്യൂവില്‍ ഉടന്‍ വായിക്കാം

Related Stories

No stories found.
logo
The Cue
www.thecue.in