മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ദൃശ്യം 2ന്റെ റിലീസ് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെയാകുമെന്ന പ്രഖ്യാപനം വന്നത് പുതുവര്‍ഷ പുലരിയിലാണ്. ആമസോണ്‍ പ്രൈമിലൂടെയാകും ചിത്രം പ്രേക്ഷകരിലേക്കെത്തുക. സംസ്ഥാനത്ത് തിയറ്ററുകള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ലാതിരിക്കെ, മറ്റൊരു ഓപ്ഷന്‍ ഇല്ലാതെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് സംവിധായകന്‍ ജീത്തു ജോസഫ് ദ ക്യുവിനോട് പറഞ്ഞു.
തിയറ്ററുകള്‍ തുറന്നാല്‍ തന്നെ കുടുംബപ്രേക്ഷകര്‍ എത്രത്തോളം തിയറ്ററില്‍ എത്തുമെന്ന കാര്യം ഉറപ്പില്ല. മാത്രമല്ല, തിയറ്ററുകളില്‍ ആളില്ലാത്ത സാഹചര്യമുണ്ടാകാനും, ഓണ്‍ലൈനിലൂടെ പൈറേറ്റഡ് കോപ്പി പ്രചരിക്കാനുള്ള സാധ്യതയും ഉണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തിലാണ് ചിത്രം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യാനുള്ള തീരുമാനമെന്നും, ഒരു സംവിധായകന്‍ എന്ന നിലയില്‍ നിര്‍മ്മാതാവിന്റെ തീരുമാനത്തെ പൂര്‍ണമായും പിന്തുണക്കുന്നുവെന്നും ജീത്തു ജോസഫ്.
ചിത്രത്തിന്റെ തിയറ്റര്‍ എക്‌സ്പീരിയന്‍ മിസ്സ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യം രണ്ടാം ഭാഗം ആളുകള്‍ തിയറ്ററില്‍ കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമയാണെന്നും ജീത്തു ദ ക്യുവിനോട് പറഞ്ഞു.
എന്തുകൊണ്ട് ദൃശ്യം 2 ഒ.ടി.ടിയില്‍?
തിയറ്ററുകള്‍ എന്ന് തുറക്കും എന്ന കാര്യത്തില്‍ ഒരു വ്യക്തതയില്ല. മാത്രമല്ല തിയറ്ററുകള്‍ തുറന്നാല്‍ തന്നെ ഇപ്പോഴത്തെ സാഹചര്യത്തില്‍ എത്രത്തോളം ഓഡിയന്‍സിനെ ലഭിക്കും എന്നൊക്കെ ആശങ്കകളുണ്ടായിരുന്നു. കുടുംബപ്രേക്ഷകരെ കൂടി ഉദ്ദേശിച്ചുള്ള സിനിയാണ് ദൃശ്യം 2.
റിലീസ് ചെയ്ത് ആദ്യത്തെ കുറച്ചുദിവസം തിയറ്ററില്‍ ആത്യാവശ്യം തിരക്കിലൊക്കെ ഓടിയിട്ട്, പിന്നെ വലിയ തിരക്കില്ലാതെ തിയറ്ററില്‍ ഓടും, അപ്പോള്‍ ആരെങ്കിലും അതിന്റെ പൈറേറ്റഡ് കോപ്പി എടുത്ത് ഓണ്‍ലൈനില്‍ ഇടും, പിന്നെ ഇത് ഓണ്‍ലൈനില്‍ കിടന്നാകും കളിക്കുന്നത്. അങ്ങനെ ഒരു റിസ്‌ക് എലമെന്റ് ഉണ്ട്, നമുക്ക് ഒരു ഉറപ്പുമില്ല.
സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണെങ്കിലും തിയറ്ററുകള്‍ എന്ന് തുറക്കും എന്ന കാര്യത്തില്‍ വ്യക്തത തരാത്തിടത്തോളം കാലം ഒരു നിര്‍മ്മാതാവെങ്ങനെ ഈ ചിത്രം കയ്യില്‍ പിടിച്ചുകൊണ്ടിരിക്കും. മറ്റൊരു കാര്യം കൂടിയുണ്ടി, ഇതിനകം തന്നെ ഒരു നൂറുകോടിയുടെ ചിത്രം ഈ നിര്‍മ്മാതാവിന്റെ കയ്യിലുണ്ട്.
ഈ സമയത്ത് അദ്ദേഹം ഈ ചിത്രം ചെയ്തത് തന്നെ സിനിമാമേഖലയില്‍ ജോലിയില്ലാതെയിരിക്കുന്ന നിരവധി പേര്‍ക്ക് ഒരു പിന്തുണയാകും, പോസിറ്റീവ് എനര്‍ജി നല്‍കും എന്നുള്ളതുകൊണ്ടാണ്. ജനുവരിയൊക്കെ ആകുമ്പോള്‍ ചിത്രം തിയറ്ററില്‍ തന്നെ റിലീസ് ചെയ്യാന്‍ സാധിക്കും എന്നായിരുന്നു അന്നത്തെ പ്രതീക്ഷ.
തിയറ്റര്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമാകിതിരിക്കുന്ന സാഹചര്യത്തിലാണ് ആമസോണ്‍ പോലൊരു കമ്പനി അദ്ദേഹത്തെ സമീപിക്കുന്നത്. ഈ ചിത്രത്തിന്റെ പേരുകൊണ്ടായിരിക്കാം അവര്‍ നല്ലൊരു ഓഫറാണ് നല്‍കിയതും. അദ്ദേഹം അത് സ്വീകരിച്ചു. ഒരു സംവിധായകന്‍ എന്ന നിലയ്ക്ക് ഞാന്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നു. ഒരു സംവിധായകന് യാതൊരും നിയന്ത്രണവുമില്ലാതെ അത്രയ്ക്ക് പിന്തുണ നല്‍കുന്ന നിര്‍മ്മാതാവാണ് അദ്ദേഹം. അങ്ങനെയുള്ള നിര്‍മ്മാതാക്കളെ പിന്തുണയ്‌ക്കേണ്ടത് കടമയാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
തിയറ്റര്‍ എക്‌സ്പീരിയന്‍സ് മിസ്സ് ചെയ്യും
എല്ലാവര്‍ക്കും ഈ സിനിമ തിയറ്ററില്‍ തന്നെ റിലീസ് ചെയ്യണം, തിയറ്ററില്‍ കാണണം എന്ന് തന്നെയാണ് ആഗ്രഹം, പക്ഷെ നമുക്ക് മുന്നില്‍ വേറെ ഓപ്ഷന്‍ ഇല്ല.
തിയറ്റര്‍ എക്‌സ്പീരിയന്‍സ് തീര്‍ച്ചയായും മിസ്സ് ചെയ്യും. അത് എല്ലാ സിനിമയ്ക്കും ഉണ്ട്. ഇതൊരു മാസ് സിനിമയൊന്നുമല്ല, പക്ഷെ ദൃശ്യം എല്ലാവരും തിയറ്ററില്‍ കാണാന്‍ ആഗ്രഹിക്കുന്ന ചിത്രമാണ്. കാരണം ആദ്യ ഭാഗം വലിയൊരു വിജയമായതുകൊണ്ടുതന്നെ സ്വാഭാവികമായും അതിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ ആളുകള്‍ക്ക് അത് തിയറ്ററില്‍ കാണണമെന്ന് ആഗ്രഹമുണ്ട്. എന്നെക്കാളൊക്കെ അത് ഏറ്റവും അധികം ആഗ്രഹിക്കുന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍. പക്ഷെ മറ്റ് നിര്‍വാഹമില്ലാത്ത രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ നില്‍ക്കുന്നത്. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ജനുവരി അവസാനത്തോടെ മാത്രമേ കണ്ടന്റ് തയ്യാറാകുകയുള്ളൂ, അതിന് ശേഷമാകും റിലീസ് തിയതി തീരുമാനിക്കുകയെന്നും ജീത്തു ജോസഫ് ദ ക്യുവിനോട്.
Jeethu Joseph About Drishyam 2 Release