ടൈഗര്‍ റിസര്‍വാക്കാന്‍ ‘സര്‍ക്കസിലെ കടുവ’യെ ഇറക്കിയെന്ന് വയനാട്ടില്‍ വ്യാജപ്രചരണം

ടൈഗര്‍ റിസര്‍വാക്കാന്‍ ‘സര്‍ക്കസിലെ കടുവ’യെ ഇറക്കിയെന്ന് വയനാട്ടില്‍ വ്യാജപ്രചരണം

Published on

വയനാട്ടില്‍ കടുവാസങ്കേതം പ്രഖ്യാപിക്കുന്നതിന് സര്‍ക്കസില്‍ നിന്ന് കടുവകളെ നാട്ടിലിറക്കി വനംവകുപ്പ് ഭീതി പരത്തുകയാണെന്ന വ്യാജപ്രചരണം ഈ മേഖലയില്‍ ശക്തമാണ്. സുല്‍ത്താന്‍ബത്തേരിയില്‍ നിന്ന് പുല്‍പ്പള്ളിയിലേക്ക് ബസില്‍ യാത്ര ചെയ്തപ്പോള്‍ ഈ പ്രചരണം വിശ്വസിച്ച നിരവധി പേരെയും കാണാന്‍ സാധിച്ചു. ഈ റൂട്ടിലെ ചെതലയത്ത് ബൈക്ക് യാത്രക്കാര്‍ കടുവയെ കണ്ടെന്ന വീഡിയോ പ്രചരിച്ചത് മുതല്‍ പേടിയോടെയാണ് കഴിയുന്നതെന്ന് യാത്രക്കാരും ബസ് ജീവനക്കാരും പറയുന്നു. കടുവാസങ്കേതമായി എളുപ്പത്തില്‍ പ്രഖ്യാപിക്കുന്നതിനാണ് സര്‍ക്കസിലെ കടുവകളെ വനംവകുപ്പ് ജനവാസ കേന്ദ്രത്തിനോട് ചേര്‍ന്ന വനപ്രദേശത്ത് കൂട്ടത്തോടെ ഇറക്കിയതെന്നാണ് ഇവരില്‍ പലരുടെയും വിശ്വാസം. കടുവാസങ്കേതമാക്കുന്നതിന് ദേശീയ കടുവാ സംരക്ഷണ വിഭാഗവുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നും പ്രചരിപ്പിക്കുന്നുണ്ട്.

344 ചതുരശ്രകിലോമീറ്ററുള്ള വയനാട് വന്യജീവി സങ്കേതത്തെ കടുവാ സങ്കേതമാക്കി മാറ്റാന്‍ നേരത്തെ ആലോചനയുണ്ടായിരുന്നതാണ്. 2014ല്‍ ചര്‍ച്ചകള്‍ സജീവമായി നടന്നെങ്കിലും കര്‍ഷകരും രാഷ്ട്രീയ നേതൃത്വവും എതിര്‍പ്പുയര്‍ത്തി. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിക്കുമെന്ന പ്രചരണമാണ് പ്രതിഷേധം ശക്തമാക്കിയത്. കടുവകളെ ജനവാസ മേഖലയില്‍ കാണുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന കഥകള്‍ അടിസ്ഥാനരഹിതമാണെന്ന് വനംവകുപ്പ് വിശദീകരിക്കുന്നുണ്ട്. കടുവകളെ കാണുന്ന പ്രദേശമാണ് വയനാട് വന്യജീവി സങ്കേതം, ചെതലയത്ത് കടുവകളെ കണ്ടതില്‍ അസ്വാഭാവികതയില്ല. കടുവാ സങ്കേതമായി പ്രഖ്യാപിക്കുന്നതിന് നടപടിക്രമങ്ങളുണ്ടെന്നും വയനാട് വന്യജീവി സങ്കേതം വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ പി കെ ആസിഫ് വ്യക്തമാക്കി.

ടൈഗര്‍ റിസര്‍വാക്കാന്‍ ‘സര്‍ക്കസിലെ കടുവ’യെ ഇറക്കിയെന്ന് വയനാട്ടില്‍ വ്യാജപ്രചരണം
കാട്ടില്‍ കയറി കടുവയെ പേടിക്കണോ?

കടുവാ പേടി പ്രചരിച്ചതോടെ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ പോകാന്‍ മടിക്കുകയാണ് ആദിവാസികള്‍. കഴിഞ്ഞ മാസം കടുവയെ കണ്ടതില്‍ പിന്നെ കാട് കയറിയിട്ടില്ലെന്ന് ചാമ്പാറ കോളനിയിലെ രാജു പറയുന്നു.

വിറകെടുക്കാന്‍ കാട്ടില്‍ പോയപ്പോളാണ് കടുവയെ കണ്ടത്. ഞങ്ങള്‍ കുറെ പേരുണ്ടായിരുന്നു. കടുവ മാനിനെ വലിച്ചെടുത്ത് പോകുന്നു. പിന്നെ കാട്ടിലേക്ക് പോകാന്‍ പേടിയാണ്.

കടുവാസങ്കേതം സ്ഥാപിക്കാനായി സര്‍ക്കസിലെ കടുവയെ ഇറക്കിയതാണെന്ന പ്രചരണം ഉറച്ചുവിശ്വസിക്കുന്നവരിലൊരാളാണ് പുല്‍പ്പള്ളി സ്വദേശിയായ ബിന്ദു. സര്‍ക്കസിലെ കടുവയ്ക്ക് വനത്തിലെ മൃഗത്തിനെ പിടിക്കാന്‍ കഴിയില്ല. അതിനാല്‍ ജനവാസ മേഖലയിലെത്തി വളര്‍ത്ത് മൃഗങ്ങളെയും മനുഷ്യരെയും അക്രമിച്ചാല്‍ എല്ലാവരും ഒഴിഞ്ഞു പോകുമെന്ന് കരുതി വനംവകുപ്പ് ബോധപൂര്‍വം ചെയ്യുന്നതാണെന്നും ബിന്ദു. കടുവാ സങ്കേതമായി പ്രഖ്യാപിച്ചാല്‍ പ്രദേശത്ത് യാത്രാ നിയന്ത്രണമുണ്ടാകുമെന്നും ഇവര്‍ സംശയിക്കുന്നു. കടുവാ സങ്കേതമാക്കിയാല്‍ പുല്‍പ്പള്ളി ഒറ്റപ്പെട്ടു പോകും. മുത്തങ്ങയിലെ പോലെ രാത്രി യാത്രാ നിരോധനം വരും. കല്‍പ്പറ്റയില്‍ നിന്ന് കോണിച്ചിറ വഴിയൊക്കെ വരേണ്ടി വരുമെന്നാണ് ബിന്ദു പറയുന്നത്.

ടൈഗര്‍ റിസര്‍വാക്കാന്‍ ‘സര്‍ക്കസിലെ കടുവ’യെ ഇറക്കിയെന്ന് വയനാട്ടില്‍ വ്യാജപ്രചരണം
‘ഫ്‌ളാറ്റുകള്‍ പൊളിക്കരുത്’; മരട് നഗരസഭയ്ക്ക് മുന്‍പില്‍ ധര്‍ണയുമായി സൗബിന്‍ ഷാഹിര്‍,മേജര്‍രവി അടക്കമുള്ളവര്‍ 

കടുവാസങ്കേതത്തിന്റെ പേരില്‍ അനാവശ്യ ആശങ്ക സൃഷ്ടിക്കുന്നതിനെയും വ്യാജ പ്രചരണങ്ങളെയും തള്ളുകയാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍. വന്യജീവി സങ്കേതമെന്ന നിലയില്‍ നിന്ന് കടുവാ സങ്കേതമാകുന്നതോടെ പ്രദേശവാസികള്‍ക്ക് കൂടുതല്‍ പ്രയോജനമാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. ജനപങ്കാളിത്തത്തോടെയാണ് കടുവാസങ്കേതത്തിന്റെ പ്രവര്‍ത്തനം. വിനോദ സഞ്ചാരമേഖലയ്ക്കും ഗുണം ചെയ്യും. വന്യമൃഗങ്ങളുടെ അക്രമണമുണ്ടായാല്‍ കൂടുതല്‍ നഷ്ടപരിഹാരത്തിനും വ്യവസ്ഥയുണ്ട്. കടുവാ സങ്കേതം നടപ്പായാല്‍ ജനവാസ കേന്ദ്രത്തിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് കുറയുമെന്നാണ് വനംവകുപ്പിന്റെ വാദം. ജനങ്ങളുമായി ചര്‍ച്ച ചെയ്ത് മാത്രമേ പദ്ധതി നടപ്പാക്കുകയുള്ളുവെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.

രാജ്യത്തെ കടുവകളുടെ സെന്‍സസ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു. ഇതോടെ വയനാട് കടുവാ സങ്കേത ചര്‍ച്ചകള്‍ വീണ്ടും സജീവമായിട്ടുണ്ട്. പുതിയ കണക്ക് പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടുവകളുള്ളത് വയനാട് വന്യജീവി സങ്കേതത്തിലാണെന്ന് വനംമന്ത്രി കെ രാജു തന്നെ വ്യക്തമാക്കുകയും ചെയ്തു. കേന്ദ്രസര്‍ക്കാറിന്റെ റിപ്പോര്‍ട്ട് പ്രകാരം കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തില്‍ 981 കടുവകളാണ് ഉള്ളത്. 2018ലെ കണക്കെടുപ്പില്‍ 190 കടുവകളെ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പെരിയാര്‍ ടൈഗര്‍ റിസര്‍വ്വില്‍ 35-40 കടുവകളും പറമ്പിക്കുളത്ത് 20-25 വരെയുമാണ് ഉള്ളത്. കടുവാ സങ്കേതമല്ലാത്ത വയനാട്ടില്‍ 84 കടുവകളെയാണ് കണ്ടെത്തിയത്. ഒരു വയസ്സിന് മുകളില്‍ പ്രായമുള്ളവയാണിത്. വയനാട് വന്യജീവി സങ്കേതത്തില്‍ മാത്രം 75 കടുവകളുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. കേരളത്തിലെ ടൈഗര്‍ റിസര്‍വുകളേക്കാള്‍ കടുവകളുണ്ടായിട്ടും വയനാട് വന്യജീവി സങ്കേതത്തെ പ്രാദേശിക തടസ്സങ്ങള്‍ കാരണം ടൈഗര്‍ റിസര്‍വ്വായി പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും വനംമന്ത്രി ഇതോടൊപ്പം വ്യക്തമാക്കിയിരുന്നു.

ടൈഗര്‍ റിസര്‍വാക്കാന്‍ ‘സര്‍ക്കസിലെ കടുവ’യെ ഇറക്കിയെന്ന് വയനാട്ടില്‍ വ്യാജപ്രചരണം
കിസ്മത്തിന്റെ മൂന്ന് വര്‍ഷങ്ങള്‍, ഷെയ്ന്‍ നിഗമിന്റെയും 

നിലവില്‍ വന്യമൃഗസങ്കേതമായ മേഖലയെ ടെഗര്‍ റിസര്‍വ്വാക്കി മാറ്റിയാല്‍ അധിക നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. ടൈഗര്‍ റിസര്‍വിന് കേന്ദ്ര സഹായവും ലഭിക്കും. പറമ്പിക്കുളം കടുവാ സങ്കേതത്തിന് ഒരു വര്‍ഷം 6 കോടി രൂപയും പെരിയാറിന് 7.5 കോടിയും കേന്ദ്ര സഹായം ലഭിക്കുന്നുണ്ട്. ടൈഗര്‍ റിസര്‍വ്വിന്റെ മികവിന്റെ കാര്യത്തില്‍ മുന്‍നിരയിലാണ് കേരളത്തിലെ രണ്ട് കടുവാസങ്കേതങ്ങളും.

വയനാട് കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നതിന് ഇനിയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിര്‍ത്തി പങ്കിടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കണം. തീരുമാനത്തിന്റെ മിനുട്‌സ് സമര്‍പ്പിക്കണം. വന്യജീവി സങ്കേതം അധികൃതര്‍ സംസ്ഥാന വന്യജീവി വകുപ്പിനും അവര്‍ സര്‍ക്കാറിനും ശുപാര്‍ശ നല്‍കണം.

logo
The Cue
www.thecue.in