‘റോയല്‍ മെക്ക് എന്നൊരു ഐഡിയോളജിയുണ്ടോ?’; ഗ്യാങ് വാര്‍ അവസാനിപ്പിക്കാന്‍ ജനാധിപത്യപരമായ ക്യാംപസ് രാഷ്ട്രീയം വേണമെന്ന് ഫസല്‍ ഗഫൂര്‍
അഞ്ചുവര്‍ഷത്തിനിടെ 59 ക്രിമിനല്‍ കേസുകളാണ് കുറ്റിപ്പുറത്തെ എംഇഎസ് എഞ്ചിനീയറിങ് കോളേജില്‍ നിന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്. രാഷ്ട്രീയം നിരോധിക്കപ്പെട്ട ക്യാംപസില്‍ ഗ്യാങ്ങ് സംഘര്‍ഷം വ്യാപകമാകുന്നതിനേത്തുടര്‍ന്ന് പൊലീസ് ഔട്ട് പോസ്റ്റ് സ്ഥാപിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി. കോളേജിനകത്ത് നടക്കുന്ന സംഘര്‍ഷങ്ങളേക്കുറിച്ച് രഹസ്യ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുവെന്ന് ജില്ലാ പൊലീസ് മേധാവി ഉറപ്പാക്കണമെന്നും സമാധാനാന്തരീക്ഷം തകരുമെന്ന് തോന്നിയാല്‍ കോളേജില്‍ പ്രവേശിച്ച് നടപടിയെടുക്കണമെന്നും ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ ഉത്തരവിടുകയുണ്ടായി. മെക്കാനിക്കല്‍ എഞ്ചിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ് എന്നിങ്ങനെ വകുപ്പുകള്‍ തിരിഞ്ഞും ഗ്യാങ്ങുകളായും വിദ്യാര്‍ത്ഥികള്‍ സംഘര്‍ഷമുണ്ടാക്കുന്നത് ഭയപ്പെടുത്തുന്നുവെന്നും കോടതി ഉത്തരവിനിടെ പ്രതികരിച്ചു.
സംസ്ഥാനത്തെ പല കോളേജുകളിലും നിലനില്‍ക്കുന്ന ഗാങ് അധിഷ്ഠിത അക്രമങ്ങള്‍ ഇല്ലാതാക്കാന്‍ ജനാധിപത്യപരമായ ക്യാംപസ് രാഷ്ട്രീയമാണ് മാര്‍ഗമെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. ഏതെങ്കിലും പ്രത്യയ ശാസ്ത്രത്തിന്റെയോ ആശയത്തിന്റെയോ അടിസ്ഥാനമില്ലാതെ, തെരഞ്ഞെടുത്ത പഠനവിഷയത്തിന്റെ പേരില്‍ സംഘടിക്കുന്നതും വിദ്യാര്‍ത്ഥികള്‍ പരസ്പരം ആക്രമിക്കുന്നതും ബുദ്ധിശൂന്യമാണെന്ന് അദ്ദേഹം 'ദ ക്യൂ'വിനോട് പറഞ്ഞു.
റോയല്‍ മെക്ക് എന്നൊരു ഐഡിയോളജിയുണ്ടോ? മെക്കാനിക്കല്‍, നോണ്‍ മെക്കാനിക്കല്‍ എന്നൊക്കെ തിരിഞ്ഞ് വിദ്യാര്‍ത്ഥികള്‍ തമ്മിലടിക്കുകയാണ്. എഞ്ചിനീയറിങ് കോളേജുകളുടെ നിലവാരം കുറഞ്ഞതും വിദ്യാര്‍ത്ഥികളുടെ ഫ്രസ്‌ട്രേഷനുമാണ് ഗാങ് സംഘര്‍ഷങ്ങള്‍ക്ക് കാരണം.
ഡോ. ഫസല്‍ ഗഫൂര്‍
സര്‍ക്കാരുകളുടെ സ്വാശ്വയ വിദ്യാഭ്യാസനയം ക്യാംപസുകളുടെ ഇത്തരം അവസ്ഥയ്ക്ക് പ്രധാന കാരണമാണെന്ന് എംഇഎസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കച്ചവടക്കാര്‍ക്ക് കോളേജുകള്‍ വാരിക്കോരി നല്‍കിയതോടെ നിലവാരം കുറഞ്ഞു. എണ്ണം തികയ്ക്കാനായി വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്ന സ്ഥിതിയുണ്ടായി. എന്നിട്ടും സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇതുകൊണ്ടൊക്കെയാണ് വിജയശതമാനം 20ല്‍ എത്തുന്നത്. കേരളത്തിന് അകത്ത് നിന്നും പുറത്തുനിന്നുമായി ലക്ഷക്കണക്കിന് പേരാണ് എഞ്ചിനീയറിങ് പഠിച്ചിറങ്ങുന്നത്. പലരും എണ്ണായിരം രൂപ ശമ്പളത്തിനാണ് ജോലിക്ക് കയറുന്നത്. നാട്ടിലും വീട്ടിലും ബി ടെക്ക് കാരെ വിലയില്ലാത്തവരായി കാണുന്ന സാഹചര്യമുണ്ട്. ഇതെല്ലാം വിദ്യാര്‍ത്ഥികളുടെ ഫ്രസ്‌ട്രേഷന് കാരണമാകാം. തങ്ങള്‍ക്ക് മുമ്പ് പഠിച്ചിറങ്ങിയവരുടെ അവസ്ഥ കാണുമ്പോഴുണ്ടാകുന്ന ആശങ്കയും കാണും.
ഏകാധിപത്യപ്രവണതയും ആക്രമണങ്ങളും അദ്ധ്യാപകരെ കൈയേറ്റം ചെയ്യലും കാരണമാണ് എംഇഎസിന്റെ പല കോളേജുകളിലും വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടി വന്നത്. ചില സംഘടനാ പ്രവര്‍ത്തകര്‍ക്ക് നോമിനേഷന്‍ നല്‍കാനും വോട്ട് ചെയ്യാനും അനുവദിക്കാത്ത അവസ്ഥയുണ്ടായി. അക്രമമല്ല, ആശയങ്ങളിലൂന്നിയ ജനാധിപത്യ രാഷ്ട്രീയമാണ് ക്യാംപസുകളില്‍ വേണ്ടത്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലുമുള്ള വിഷയങ്ങളില്‍ ക്യാംപസില്‍ നിന്ന് പ്രതികരണങ്ങളുണ്ടാകണം. അടിയന്തരാവസ്ഥ കാലത്ത് ബിഹാറില്‍ പഠിക്കുന്ന സമയത്ത് താന്‍ ജയിലില്‍ കിടന്നിട്ടുണ്ട്. കെ കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ഒരു പി ജി ഡിപ്ലോമ കോഴ്‌സ് അനുവദിച്ചതിനെതിരെ അക്കാലത്തെ ക്യാംപസുകള്‍ മൂന്ന് മാസം തുടര്‍ച്ചയായി സമരം ചെയ്തു. ഞങ്ങള്‍ വിജയിച്ചു. കോഴ്‌സ് പിന്‍വലിച്ചു. 25 മെഡിക്കല്‍ കോളേജുകള്‍ സര്‍ക്കാര്‍ കച്ചവടം ചെയ്യാന്‍ കൊടുത്തിട്ടും വിദ്യാര്‍ത്ഥികള്‍ പ്രതികരിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
സമാധാനപരവും ആശയങ്ങളിലൂന്നിയുള്ളതുമായ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് എംഇഎസ് എതിരല്ല.
സ്വന്തം കാര്യം മാത്രം നോക്കാനാണ് സ്വാശ്രയകോളേജുകള്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നത്. ജനാധിപത്യമായ ക്യാംപസ് രാഷ്ട്രീയം ഇല്ലാതായാല്‍ വര്‍ഗീയ ശക്തികള്‍ കോളേജുകളില്‍ ചുവടുറപ്പിക്കും. എസ്എഫ്‌ഐയും കെഎസ്‌യുവും പോലുള്ള മതേതര സംഘടനകള്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം. ക്യാംപസില്‍ ഫാസിസം വരാനും പാടില്ല. എസ്എഫ്‌ഐയ്ക്കാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ഉത്തരവാദിത്തമുണ്ടാകേണ്ടത്. കെഎസ്‌യുവിന് സംഘടനാ സംവിധാനം ഇല്ലാതായി. ഇന്ദിരാഗാന്ധിയുടെ കാലത്ത് അടിത്തട്ട് മുതല്‍ മുകള്‍ത്തട്ട് വരെ നേതാക്കള്‍ നോമിനേറ്റ് ചെയ്യപ്പെടുന്ന സമ്പ്രദായം വന്നത് മുതല്‍ക്കാണ് കെഎസ്‌യുവിന് ഈ അവസ്ഥയുണ്ടായത്. മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ ചാണ്ടിയും എകെ ആന്റണിയും മുന്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയുമെല്ലാം കെഎസ്‌യുവില്‍ തെരഞ്ഞെടുപ്പുണ്ടായിരുന്ന കാലത്ത് ഉയര്‍ന്നുവന്നവരാണെന്നും ഡോ. ഫസല്‍ ഗഫൂര്‍ ചൂണ്ടിക്കാട്ടി.