'സമരം ചെയ്യുന്ന കുട്ടികളെ ഭയക്കുന്ന പീറ ഭരണകൂടമാണോ നമ്മുടേത് ?', കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇടതുപക്ഷം ജാതിവെറിയൻമാർക്കൊപ്പമാണോ?

'സമരം ചെയ്യുന്ന കുട്ടികളെ  ഭയക്കുന്ന പീറ ഭരണകൂടമാണോ നമ്മുടേത് ?', കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇടതുപക്ഷം ജാതിവെറിയൻമാർക്കൊപ്പമാണോ?
Published on

കെ.ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥികൾ നടത്തുന്ന സമരം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ,സർക്കാർ വിദ്യാർത്ഥികളെ ക്യാമ്പസ്സിൽ നിന്ന് പുറത്തതാക്കാനും, സമരം പൊളിക്കാനുമുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഡിസംബർ 25 മുതൽ നിരാഹാര സമരത്തിലേക്ക് കടക്കുമെന്ന് നേരത്തേ വിദ്യാർഥികൾ അറിയിച്ചിരുന്നു. എന്നാൽ നിരാഹാര സമരം ആരംഭിക്കുന്നതോടെ സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നും, അതിനാൽ വിദ്യാർത്ഥികളെ ഒഴിപ്പിച്ച് സമരം പിരിച്ച് വിടണമെന്നുമുള്ള സബ് കളക്ടറുടെ റിപ്പോർട്ടിന്മേലാണ് ഇപ്പോൾ വിദ്യാർത്ഥികളെ ഒഴിപ്പിക്കണമെന്ന് കളക്ടർ ഉത്തരവിറക്കിയിരിക്കുന്നത്. കേരളത്തിൽ മുമ്പൊരിക്കലും കാണാത്ത വിധം ഒരു സമരത്തെ അടിച്ചമർത്താൻ സർക്കാർ വ്യഗ്രതപ്പെടുന്നതെന്തിനായിരിക്കും എന്നാണ് സിനിമ രംഗത്തുള്ളവരും വിദ്യാർത്ഥികളും ചോദിക്കുന്നത്.

സമരം ആരംഭിച്ച് പതിനഞ്ച് ദിവസങ്ങൾ കഴിഞ്ഞ് ഏറെ വൈകിയാണ് വിദ്യാർത്ഥി-യുവജന സംഘടനകൾ വിഷയത്തിൽ ഇടപെട്ടത്. അവസാനം വരെ കൂടെയുണ്ടാകുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ പറഞ്ഞിരുന്നു. കാലതാമസം വന്നെങ്കിലും സജീവമായി തന്നെ വിഷയത്തിൽ ഇടപെടുമെന്ന് എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനുവും പറഞ്ഞിരുന്നു. എന്നാൽ കാര്യമായ ഇടപെടലുകളൊന്നും വിദ്യാർത്ഥി യുവജന സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഈ സംഘടനകളുടെയൊന്നും യൂണിറ്റുകൾ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇല്ല. യൂണിറ്റ് ഇല്ലാത്തതുകൊണ്ടാണോ സംഘടനകൾ ഇടപെടാത്തതെന്നും വിദ്യാർഥികൾ ചോദിക്കുന്നു.

എന്തുകൊണ്ടാണ് സർക്കാർ ഇനിയും നടപടിയെടുകാത്തത്?

ഡയറക്ടറെ മാറ്റുമെന്ന വിവരങ്ങളായിരുന്നു ഐ.എഫ്.എഫ്.കെ യിലെ പ്രതിഷേധങ്ങൾക്കു ശേഷം ഞങ്ങൾക്കെല്ലാം ലഭിച്ച വിവരം. എന്നാൽ എന്താണ് ഇത്രയും കാലതാമസമെന്നും, ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾ എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞു.

എത്രയും പെട്ടന്ന് ഇതിനൊരു തീരുമാനമുണ്ടാക്കണം. ഡയറക്ടറെ മാറ്റണം എന്നത് നമ്മുടെ എല്ലാവരുടെയും ആവശ്യമാണ്. മന്ത്രി കൃത്യമായി ഇടപെടുകയും നടപടി സ്വീകരിക്കുകയും ചെയ്യണം. ഈ സ്ഥാപനം ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിന് കീഴിലുള്ളതാണ്, അക്കാഡമിയുടെയോ, കെ.എസ്.എഫ്.ഡി.സി യുടെ കീഴിലുമല്ല. അതുകൊണ്ടു തന്നെ മന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. ഇത് ഈ വിഷയങ്ങളെല്ലാം ശ്രദ്ധിക്കുന്ന ആളുകൾക്ക് മാത്രമായിരിക്കും വലിയ പ്രശ്നമായി തോന്നുന്നത്. മറ്റുള്ളവർക്ക് ഇത് വലിയ പ്രശ്‌നമായൊന്നും തോന്നുന്നുണ്ടാകില്ല. അതുകൊണ്ടാണ് ഈ വിഷയത്തിൽ വിദ്യാർത്ഥി യുവജന സംഘടനകൾ ഇടപെടാത്തതെന്ന് തോന്നുന്നു. ഇതിൽ ഇടപെട്ടതുകൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നവർ കരുതുന്നുണ്ടാകും. മഹേഷ് നാരായണൻ ദ ക്യു വിനോട് പറഞ്ഞു.

ഇതിന് സമാനമായ ഒരു സംഭവം അഡയാർ ഇന്സ്ടിട്യൂട്ടിൽ നടന്നിട്ടുണ്ട്. അന്ന് അധ്യാപകർ ഇതുപോലെ ദളിത് വിരുദ്ധമായ ചില സംഭാഷണങ്ങൾ നടത്തിയ സമയത്ത്, സർക്കാർ പെട്ടന്ന് ഇടപെടുകയും, രണ്ടു ദിവസത്തിനകം ആ അധ്യാപകനെ പുറത്തക്കുകയും ചെയ്തു. അവരത് ചെയ്തു. ചിലപ്പോൾ അലുംനിയുടെയൊക്കെ കരുത്ത് കൊണ്ട് കൂടിയായിരിക്കും. എന്നാൽ ഇവിടെ ഇത്രയധികം ആളുകൾ പിന്തുണയറിയിച്ചിട്ടും എന്തുകൊണ്ടാണ് ഒന്നും സംഭവിക്കാത്തതെന്ന് മനസിലാകുന്നില്ല.

മഹേഷ് നാരായണൻ

ഞങ്ങൾ ഇതിൽ ഇടപെടുന്നതിന് കാരണമുണ്ട്: WCC

ഈ സഥാപനം നിൽക്കുന്നത് ഒരു ഉൾനാട്ടിലാണ്. അവിടെനിന്ന് ഒരു സമരം പൊതുമധ്യത്തിലെത്തിക്കാൻ ആ വിദ്യാർഥികൾ എത്രത്തോളം പരിശ്രമിച്ചിട്ടുണ്ടാകും എന്ന് നമ്മൾ ആലോചിച്ച് നോക്കണമെന്ന് അഭിനയത്രിയും WCC അംഗവുമായ സജിത മഠത്തിൽ പറഞ്ഞു.

ഇത് വളരെ എളുപ്പം അവസാനിപ്പിക്കാവുന്ന പ്രശ്നമായിരുന്നു, ആ കുട്ടികൾ ഉന്നയിച്ച കാര്യങ്ങളോട് ഏതെങ്കിലും തരത്തിൽ ആർക്കെങ്കിലും വിയോജിപ്പുണ്ടാകുമെന്നു കരുതുന്നില്ല. വിദ്യാർത്ഥി സമരങ്ങളുടെ പാരമ്പര്യമുള്ളവരാണല്ലോ ഇപ്പോൾ കേരളം ഭരിക്കുന്നത്. അങ്ങനെ അധികാരത്തിലെത്തിയവരാണ് സമാധാനപരമായി സമരം ചെയ്യുന്ന കുട്ടികളെ ക്രമസമാധാനപ്രശ്നം ഉന്നയിച്ച് അവിടെ നിന്ന് ഇറക്കിവിടാൻ നോക്കുന്നത്. ഇത് കേൾക്കുമ്പോൾ പേടിയാണ് തോന്നുന്നത്. ഇങ്ങനെ ഒരിക്കലും കേരളത്തിൽ സംഭവിക്കുമെന്ന് നമ്മൾ കരുതുന്നില്ല. ഇങ്ങനെ ഒരു സമരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ചെറിയ കാര്യമായി തോന്നുന്നില്ല. ഇങ്ങനെ സർക്കാർ ഒരു സമരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെങ്കിൽ അത് വലിയ അപകടമാണ്.

'സമരം ചെയ്യുന്ന കുട്ടികളെ  ഭയക്കുന്ന പീറ ഭരണകൂടമാണോ നമ്മുടേത് ?', കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇടതുപക്ഷം ജാതിവെറിയൻമാർക്കൊപ്പമാണോ?
സമരം പൊളിക്കാനുറച്ച് സർക്കാർ, ഹോസ്റ്റലുകൾ ഒഴിപ്പിക്കുന്നത് വിദ്യാർത്ഥികളെ സമ്മർദ്ദത്തിലാക്കാൻ

WCC എന്തുകൊണ്ടാണ് ആ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നത് എന്നു പറഞ്ഞാൽ; അവരിപ്പോൾ അനുഭവിക്കുന്ന ജാതിവിവേചനമുൾപ്പെടെയുള്ള മനുഷ്യാവകാശ പ്രശ്നങ്ങൾ ഇൻഡസ്ട്രിയിലും നിലനിൽക്കുന്നതാണ്. അതിനെതിരെയുള്ള സമരം കൂടിയാണിത്.

സജിത മഠത്തിൽ

കുറെ ദിവസത്തേക്ക് അവരെ അവിടെ നിന്ന് മാറ്റി നിർത്തിയാൽ അവർ സ്വയം ഒഴിഞ്ഞു പൊയ്ക്കോളും എന്ന തോന്നലിൽ നിന്നായിരിക്കും ഇത്തരം ഉത്തരവുകൾ വരുന്നത്. ബോംബെറിയുന്നതും, ആളുകളുടെ കാലും കയ്യും തല്ലിയൊടിക്കുന്നതുമായ സമരങ്ങൾ കാണുമ്പോൾ ആർക്കും ഇങ്ങനെ തോന്നാറില്ലല്ലോ. കേരളത്തിൽ ഇത് നടക്കില്ല എന്ന് പറഞ്ഞ് ഡയറക്ടറെ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയാൽ പ്രശ്നം തീരുമായിരുന്നു. എന്നും സജിത മഠത്തിൽ പറഞ്ഞു.

പേടിയും അരക്ഷിതാവസ്ഥയുമുണ്ടാക്കുന്ന സർക്കാർ

നമുക്ക് വളരെ പേടിയും അരക്ഷിതാവസ്ഥയും തോന്നുന്ന സമയത്തിലൂടെയാണ് ഈ സമരം തുടങ്ങിയത് മുതൽ കാര്യങ്ങൾ പോകുന്നത്. ഭരണകൂടത്തിന് ഭയമാണെന്നു തോന്നുന്നു. സംവിധായകൻ ജിയോ ബേബി പറയുന്നു.

സർക്കാർ ഒരു തരത്തിലും ഈ സമരത്തിൽ ഇടപെടുന്നില്ല. കുറെ കുട്ടികൾ ഒരു സ്ഥലത്തിരുന്ന് സമരം ചെയ്യുന്നു. സർക്കാർ വെറുതെ നോക്കി നിൽക്കുന്നു. ഈ കുട്ടികൾക്ക് എന്തെങ്കിലും ഉറപ്പ് നൽകാനെങ്കിലും ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ടോ? സമരം ചെയ്യുന്നവരെ ഭയക്കുന്ന പീറ ഭരണകൂടമാണോ നമ്മുടേത്? കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്, അതിന്റെ സത്യാവസ്ഥ എന്താണെന്നെല്ലാം സർക്കാരിനറിയാം. സംവരണമെല്ലാം അട്ടിമറിക്കപ്പെട്ടു എന്ന് പറയുന്നത് ഒരു ക്രിമിനൽ കുറ്റമാണ്. ജിയോ ബേബി പറഞ്ഞു.

കേരളത്തിൽ ഏറെ ശ്രദ്ധേയമാകാൻ പോകുന്ന ഒരു സമരമായാണ് ഞാൻ ഇതിനെ കാണുന്നത്. ഇത് കേവലം കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ ഡയറക്ടർക്കെതിരെ നടത്തുന്ന സമരമല്ല. ഇത് ഇന്നും നമ്മുടെ ഉള്ളിൽ കിടക്കുന്ന ജാതീയത എത്രത്തോളമുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന സമരമാണ്. ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന കേരളത്തിൽ ഇങ്ങനെയാണെങ്കിൽ നമുക്ക് ഇനി എന്താണ് പ്രതീക്ഷിക്കാൻ കഴിയുക?

ജിയോ ബേബി

ക്യാമ്പസ്സിൽ നിന്ന് പുറത്തിറങ്ങാൻ കളക്ടർ ഉത്തരവിറക്കിയെങ്കിലും, നിലവിൽ പോലീസ് വിദ്യാർഥികളെ ഇറക്കിവിടാൻ ശ്രമിച്ചിട്ടില്ല. കെ.ആർ നാരായണൻ കോമ്പൗണ്ടിനുള്ളിൽ തന്നെയാണ് വിദ്യാർഥികൾ തുടരുന്നത്. പോലീസ് ബലമായി ഇറക്കിവിടുന്നതുവരെ ക്യാമ്പസ്സിൽ തുടരുമെന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളെ പെട്ടന്നൊരു ഉത്തരവിനെ തുടർന്ന് ഇറക്കിവിട്ടാൽ എങ്ങോട്ടു പോകുമെന്ന് അറിയില്ല എന്നും വിദ്യാർഥികൾ പറയുന്നു. സർക്കാർ നിയോഗിച്ച കമ്മീഷന് മുമ്പിൽ എല്ലാ ആരോപണങ്ങളും തെളിവ് സഹിതം ബോധിപ്പിച്ചിട്ടുണ്ട് എന്ന് പറയുമ്പോൾ തന്നെ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കമുണ്ടാകുമ്പോൾ, ഇനി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന അനിശ്ചിതത്വമാണ് വിദ്യാർഥികളിലുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in