പോര്‍മുഖം തുറന്ന് കൂടുതല്‍ നേതാക്കള്‍;ചര്‍ച്ചക്ക് സുരേന്ദ്രന്‍; കേന്ദ്രനേതൃത്വും ഇടപെടും

പോര്‍മുഖം തുറന്ന് കൂടുതല്‍ നേതാക്കള്‍;ചര്‍ച്ചക്ക് സുരേന്ദ്രന്‍; കേന്ദ്രനേതൃത്വും ഇടപെടും
Published on

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെ കൂടുതല്‍ നേതാക്കള്‍ രംഗത്ത്. അവഗണിക്കപ്പെട്ടുവെന്ന തോന്നല്‍ ആര്‍ക്കും വരാതെ നോക്കേണ്ടതായിരുന്നുവെന്നും പരാതികള്‍ പരിഹരിക്കണമെന്നും കെ.പി.ശ്രീശന്‍ ആവശ്യപ്പെട്ടു. പുനഃസംഘടനയിലെ അതൃപ്തിയില്‍ ശോഭ സുരേന്ദ്രനും പി.എം.വേലായുധനും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ പരസ്യമായ പോരിന് തടയിടാന്‍ കേന്ദ്രനേതൃത്വം ഇടപെടും. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനും നിലപാട് മാറ്റിയിട്ടുണ്ട്. ശോഭ സുരേന്ദ്രന്റെ വിട്ടുനില്‍ക്കലില്‍ ഉള്‍പ്പെടെ പ്രതികരിക്കാന്‍ തയ്യാറാകാതിരുന്ന കെ.സുരേന്ദ്രന്‍ വിമത നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറായിട്ടുണ്ട്.

സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പരാതി ഉന്നയിച്ച നേതാക്കളോട് സംസാരിക്കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് കെ.പി.ശ്രീശന്‍ ദ ക്യുവിനോട് പറഞ്ഞു. ആരെയും അവഗണിക്കരുതെന്നാണ് താന്‍ ആവശ്യപ്പെട്ടത്. ഇത് പരിഗണിക്കാമെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞിട്ടുണ്ട്. നേരില്‍ കണ്ട് സംസാരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും കെ.പി.ശ്രീശന്‍ പറഞ്ഞു.

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കേന്ദ്ര നേതൃത്വം സംസ്ഥാന നേതാക്കളുമായി സംസാരിക്കും. ഇരുവിഭാഗവും കേന്ദ്രനേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നുവെന്ന പരാതി കൃഷ്ണദാസ് പക്ഷത്തിനും ഉണ്ട്.പി.എം.വേലായുധനെ സന്ദര്‍ശിച്ച് എ.എന്‍.രാധാകൃഷ്ണനും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റായി തരംതാഴ്ത്തിയെന്ന പരാതിയെ തുടര്‍ന്ന് ശോഭ സുരേന്ദ്രന്‍ മാസങ്ങളോളം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ട് നിന്നിരുന്നു. വാളായാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ സന്ദര്‍ശിച്ച ശോഭ സുരേന്ദ്രന്‍ പൊതുരംഗത്ത് തുടരുമെന്ന് വ്യക്തമാക്കിയിരുന്നു. രണ്ട് തവണ കേന്ദ്ര നേതൃത്വത്തിന് കത്തയച്ചിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

24 സംസ്ഥാന നേതാക്കള്‍ ഒപ്പിട്ട പരാതിയും കേന്ദ്രനേതൃത്വത്തിന് അയച്ചിട്ടുണ്ട്. പാര്‍ട്ടിപ്രവര്‍ത്തനം നടക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഒറ്റക്കെട്ടായി നിന്നാല്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുമെന്നും വിമത നേതാക്കള്‍ പറയുന്നു. എന്നാല്‍ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരായുള്ള നീക്കം ശക്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്രനേതൃത്വം ഇടപെട്ട് സുരേന്ദ്രനെ തിരുത്തണമെന്നാണ് ആവശ്യം.

Related Stories

No stories found.
logo
The Cue
www.thecue.in