റോഡില്‍ ഇനി സ്വകാര്യ പൊലീസ്; സ്വകാര്യതയും പിഴശിക്ഷാധികാരവും പ്രൈവറ്റ് കമ്പനിക്ക് തീറെഴുതാന്‍ സര്‍ക്കാര്‍
Vedosoft

റോഡില്‍ ഇനി സ്വകാര്യ പൊലീസ്; സ്വകാര്യതയും പിഴശിക്ഷാധികാരവും പ്രൈവറ്റ് കമ്പനിക്ക് തീറെഴുതാന്‍ സര്‍ക്കാര്‍

Published on

ഗതാഗതമേഖലയില്‍ സ്വകാര്യ പൊലീസിങ്ങ് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പദ്ധതിക്കായി ആഗോള ടെന്‍ഡര്‍ ക്ഷണിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് (ITES) പദ്ധതി നടപ്പിലാക്കുന്നതോടെ ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്താനും പിഴ ശിക്ഷ ചുമത്തി തുക ഈടാക്കാനുമുള്ള അധികാരമാണ് സര്‍ക്കാര്‍ സ്വകാര്യകമ്പനിക്ക് നല്‍കാന്‍ പോകുന്നത്. ഗതാഗതപാലനത്തിന് നിലവിലുള്ള സര്‍ക്കാര്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിന് പകരം പൗരന്‍മാരെ നിരീക്ഷണവലയത്തിലാക്കാനും ശിക്ഷിക്കാനുമുള്ള അധികാരവും ലാഭവിഹിതം പറ്റാനുളള സൗകര്യവും സ്വകാര്യകമ്പനിക്ക് വെച്ചുനീട്ടുന്ന പദ്ധതിക്കെതിരെ ഗുരുതര വിമര്‍ശനങ്ങളാണ് ഉയരുന്നത്.

എന്താണ് ഐടിഇഎസ്?

ഐജി മനോജ് എബ്രഹാം യുഎഇ സന്ദര്‍ശിച്ച് നടത്തിയ പഠനത്തിന് ശേഷം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നാണ് ഐടിഇഎസിന്റെ ജനനം. ഹെല്‍മറ്റ് ധരിക്കാതെയുള്ള യാത്ര, സിഗ്നല്‍ മറികടക്കല്‍, അനധികൃത പാര്‍ക്കിങ് എന്നിവ ഉള്‍പ്പെടെ എല്ലാ നിയമലംഘനങ്ങളും നിരീക്ഷിക്കാന്‍ സ്വകാര്യ കമ്പനികള്‍ക്ക് അധികാരം നല്‍കുന്നതാണ് പ്രൊജക്ട്. നഗരങ്ങളിലും പട്ടണങ്ങളിലും കമ്പനികള്‍ സ്ഥാപിക്കുന്ന നിരീക്ഷണ ക്യാമറകള്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ച് റോഡിലെ ഓരോ നിമിഷങ്ങളും ഒപ്പിയെടുക്കും. നിയമലംഘനം നടത്തുന്നയാളുടെ ചിത്രവും വാഹനനമ്പറും കമ്പനിയുടെ സോഫ്റ്റ്‌വെയര്‍ സൂക്ഷ്മമായി പരിശോധിക്കും. നിരീക്ഷണം നടത്തുന്ന കേന്ദ്രത്തില്‍ നിന്ന് വാഹനഉടമയ്ക്ക് പിഴ ആവശ്യപ്പെട്ടുകൊണ്ടുള്ള നോട്ടീസും ചെലാനും എത്തും. പിഴ അടച്ചില്ലെങ്കില്‍ തുടര്‍നടപടികള്‍ നേരിടേണ്ടി വരും.

200 കോടി രൂപയാണ് ഐടിഇഎസിന്റെ പദ്ധതിച്ചെലവായി പ്രതീക്ഷിക്കുന്നത്. ബൂട്ട് വ്യവസ്ഥയിലൂടെ 10 വര്‍ഷത്തേക്കാണ് സ്വകാര്യകമ്പനിക്ക് റോഡിലെ പൊലീസാകാനുള്ള അധികാരം വിട്ടുനല്‍കുക. പിഴയീടാക്കുന്ന തുകയില്‍ നിന്ന് കമ്പനിക്ക് നിശ്ചിത ശതമാനം ലാഭവിഹിതമായി ലഭിക്കും.
 മനോജ് എബ്രഹാം, ഐ ജി
മനോജ് എബ്രഹാം, ഐ ജി

എന്താണ് 'ബൂട്ട്' വ്യവസ്ഥ?

ബില്‍ഡ്, ഔണ്‍, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ എന്നാണ് പൊതു-സ്വകാര്യ പങ്കാളിത്ത രീതിയായ ബിഒഒടിയുടെ വികസിതരൂപം. ഒരു പദ്ധതി നടപ്പാക്കാനായി സര്‍ക്കാര്‍ ഏജന്‍സി (ഇവിടെ കേരളാ പൊലീസ്) സ്വകാര്യ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുന്നു. കമ്പനിക്ക് പദ്ധതി നടപ്പാക്കാനായി സര്‍ക്കാര്‍ ഫണ്ട് നല്‍കുകയോ നികുതി ഇളവ് ഏര്‍പ്പെടുത്തുകയോ ചെയ്യും. പദ്ധതി രൂപീകരണം, അനുബന്ധ നിര്‍മ്മാണങ്ങള്‍, നടപ്പിലാക്കല്‍, നിശ്ചിത സമയം വരെ പദ്ധതി നിലനിര്‍ത്തിക്കൊണ്ടുപോകല്‍ ഇവയെല്ലാം സ്വകാര്യകമ്പനിയെ ഏല്‍പിക്കും. ഒപ്പം ഉപഭോക്താവ് അല്ലെങ്കില്‍ ഇടപെടുന്ന കക്ഷിയില്‍ നിന്ന് ലാഭം ഈടാക്കാന്‍ സര്‍ക്കാര്‍ സ്വകാര്യകമ്പനിക്ക് അധികാരം നല്‍കുകയും ചെയ്യും. ഐടിഇഎസ് ടെന്‍ഡറുകള്‍ സമര്‍പ്പിക്കാനായി ജൂലൈ ഏഴ് വരെയാണ് കേരള പൊലീസ് സമയം നല്‍കിയിരിക്കുന്നത്.

സ്വകാര്യത സ്വകാര്യകമ്പനിക്ക്

പൗരനെ ഭരണകൂടം നീരീക്ഷിക്കുന്നത് തന്നെ മനുഷ്യാവകാശലംഘനമായി വിലയിരുത്തപ്പെടുന്നതിനിടെയാണ് യാത്രാവിവരങ്ങളും ദൃശ്യങ്ങളും ശേഖരിക്കാന്‍ സ്വകാര്യകമ്പനിക്ക് അനുവാദം നല്‍കുന്നത്. നിയമലംഘനം നടത്തിയാലും ഇല്ലെങ്കിലും ഓരോ വാഹനവും ക്യാമറയ്ക്കുള്ളിലാകും (രാത്രിയില്‍ ഇന്‍ഫ്രാറെഡ് ഫ്‌ളാഷോടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന അത്യാധുനിക ക്യാമറകളാണ് സ്ഥാപിക്കേണ്ടതെന്ന് ടെന്‍ഡര്‍ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നുണ്ട്) ഒരാള്‍ എപ്പോള്‍, എവിടെയെല്ലാം പോകുന്നു, എത്ര സമയം ചിലവഴിക്കുന്നു, തുടങ്ങിയ വിവരങ്ങള്‍ ഡിജിറ്റലായി ശേഖരിക്കപ്പെടും. വ്യക്തിയുടെ ഈ സ്വകാര്യവിവരങ്ങള്‍ എത്രത്തോളം സുരക്ഷിതമാണ്? കൈമാറ്റം ചെയ്യപ്പെടുമോ? ദുരുപയോഗം ചെയ്യുമോ തുടങ്ങിയ ആശങ്കകളും തള്ളിക്കളയാനാകില്ല.

കൂടുതല്‍ പിഴ, കൂടുതല്‍ ലാഭം?

പിഴ ഈടാക്കുന്നതില്‍ നിശ്ചിത ശതമാനം തുക ലാഭവിഹിതം ലഭിക്കും എന്നതിനാല്‍ സ്വകാര്യകമ്പനികള്‍ പരമാവധി പിഴയീടാക്കാനാകും ശ്രമിക്കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

ആദ്യം വേണ്ടത് അടിസ്ഥാന സൗകര്യങ്ങള്‍

അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെയും ശാശ്വതപരിഹാരം കാണാതെയും ഗതാഗതനിയമങ്ങള്‍ കര്‍ശനമാക്കി ശിക്ഷിക്കുന്ന രീതിക്കെതിരേയും എതിര്‍പ്പുയരുന്നുണ്ട്. റോഡിന്റെ വീതികുറവ്, ഫ്‌ളൈ ഓവറുകള്‍, ബൈപാസ്, അപ്രോച്ച്-ലിങ്ക് റോഡുകള്‍ തുടങ്ങിയവയുടെ അഭാവം യാത്രക്കാര്‍ക്ക് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ഒട്ടും ചെറുതല്ല. പാര്‍ക്കിങ്ങിന് ഇടമില്ലാത്തത് ചെറുപട്ടണങ്ങളില്‍ വരെ ഗുരുതരപ്രശ്‌നമാണ്. അനധികൃതമെങ്കില്‍ പാര്‍ക്ക് ചെയ്യാന്‍ ഇടം കാണിച്ചുതരൂ എന്ന ചോദ്യവും അവഗണിക്കാനാകില്ല.

logo
The Cue
www.thecue.in