കിഴക്കമ്പലം: പൊട്ടിപ്പൊളിഞ്ഞ ശുചിമുറികള്‍, ചുറ്റിലും വെള്ളം കെട്ടികിടക്കുന്ന ആസ്പറ്റോസ് ഷീറ്റ് ഇട്ട കെട്ടിടം. കുടുസുമുറികള്‍, കോണ്‍ക്രീറ്റ് ചെയ്തത് അടര്‍ന്നു തുടങ്ങിയ നിലം, അഴുക്കു ചാലിനോട് ചേര്‍ന്ന് കിടക്കുന്ന അലക്കു കല്ലുകള്‍, തിങ്ങി നിറഞ്ഞ മുറിയില്‍ അടുക്കിയിട്ടപോലെ കിടക്കേണ്ട അവസ്ഥ. കിഴക്കമ്പലം മോഡല്‍ വികസന മാതൃകയില്‍ കിറ്റക്‌സിന്റെ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളാണിവ.
കിഴക്കമ്പലത്തെ ചേലക്കുളം വാര്‍ഡിലെ കിറ്റക്‌സ് കമ്പനിയുടെ ലേബര്‍ ക്യാമ്പിലെ ചിത്രങ്ങള്‍ തൊഴിലാളികള്‍ അനുഭവിക്കുന്ന മനുഷ്യത്വരഹിതമായ അന്തരീക്ഷത്തിന്റെ നേര്‍കാഴ്ചകളാണ്. മഹാമാരിക്കാലത്ത് കൊവിഡിനു പുറമെ മറ്റ് സാംക്രമിക രോഗങ്ങള്‍ പടരാനുള്ള സാധ്യതകളും ഈ ലേബര്‍ ക്യാമ്പില്‍ ഉണ്ട്. തീര്‍ത്തും ദുസഹമായ അന്തരീക്ഷമാണ് ക്യാമ്പിനകത്ത് ഉള്ളതെന്നാണ് കിറ്റക്‌സിന്റെ ക്യാമ്പില്‍ കഴിയുന്ന തൊഴിലാളികളിലൊരാള്‍ പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ദി ക്യുവിനോട് പറഞ്ഞത്
''മരുഭൂമി ക്വാര്‍ട്ടേഴ്സ് എന്നാണ് ഇതിനെ ഇവിടുള്ളവരും പുറത്തുള്ളവരും വിളിക്കുന്നത്. പത്ത് പേരാണ് ഒരു മുറിയില്‍ കഴിയുന്നത്. നല്ല വെയിലാണെങ്കില്‍ മുറിയില്‍ ഇരുന്നാല്‍ ഉരുകും. ഷീറ്റിട്ടിരിക്കുന്ന കാരണം പുറത്തിറങ്ങി നില്‍ക്കുകയാണ് ചെയ്യാറുള്ളത്.
ഒരു മുറിയില്‍ പത്തോളം പേരാണ് താമസം. പന്നിക്കൂടെന്നാണ് ഞങ്ങള്‍ തന്നെ ഇതിനെ പറയാറുള്ളത്. 1200നടുത്ത് പുരുഷന്‍മാരാണ് ഇവിടെ താമസം. കൊവിഡ് പൊസീറ്റീവാകുന്നവരെ ക്വാറന്റൈനിലേക്ക് മാറ്റും. കിറ്റെക്സ് കമ്പനി വാടകക്കെടുത്ത കെട്ടിടങ്ങളിലാണ് അതിനുള്ള സൗകര്യമുള്ളത്. കുറേ പേര്‍ക്ക് കൊവിഡ് വന്നിരുന്നു. ഒരാള്‍ക്ക് കൊവിഡ് വന്നാല്‍ ബാക്കിയുള്ളവരെ ടെസ്റ്റ് ചെയ്യുകയോ, ക്വാറന്റൈനില്‍ വിടുകയോ ചെയ്തിരുന്നില്ല. ലോക്ക് ഡൗണ്‍ സമയത്തും പഴയ പോലെ ജോലി നടക്കുന്നുണ്ട്. എട്ട് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയാണ് ജോലി.
ബാത്ത്റൂമിലും ടോയ്ലറ്റിലും പോക്കാണ് പ്രയാസം. പത്ത് പൈപ്പുകളാണ് ഉള്ളത്. മിക്കതിലും പലപ്പോഴും വെള്ളം കാണില്ല. അതുകൊണ്ട് എപ്പോഴും നല്ല ക്യൂ ആയിരിക്കും. അലക്കുന്നതും കുളിക്കുന്നതുമൊക്കെയായി മലിന ജലവും വെള്ളക്കെട്ടുമാണ് ആ ഭാഗത്തെല്ലാം. കൊവിഡ് വ്യാപിക്കുമ്പോള്‍ ഇത്രയും വൃത്തിഹീനമായ ചുറ്റുപാടില്‍ കഴിയുന്നത് പേടിയുണ്ടാക്കുന്നുണ്ട്.
തൊഴിലാളികളെന്നതിനേക്കാള്‍ മനുഷ്യരെന്ന പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടാല്‍ സൗകര്യമില്ലെങ്കില്‍ പണി നിര്‍ത്തി പോയ്ക്കോ എന്നാവും മാനേജര്‍മാരുടെ മറുപടി. കഴിഞ്ഞ കൊവിഡ് ആദ്യ തരംഗത്തിന്റെ സമയത്ത് മൂന്നൂറിലേറെ സ്ത്രീ ജീവനക്കാര്‍ ഇവിടെ പ്രശ്നമുണ്ടാക്കിയിരുന്നു. നാട്ടിലേക്ക് അയക്കണമെന്ന ആവശ്യവുമായി കൂട്ടത്തോടെ അവര്‍ പുറത്തിറങ്ങിയത് വലിയ വാര്‍ത്തയൊക്കെയായി. ഞങ്ങള്‍ ഇവിടെ അതിഥി തൊഴിലാളികളും മലയാളികളുമായി ആയിരത്തി ഇരുന്നൂറോളം പേരാണ് കഴിയുന്നത്. ചോദ്യം ചെയ്താല്‍ പണി പോകുമെന്ന പേടിയില്‍ മിണ്ടാന്‍ നില്‍ക്കില്ല. കൊവിഡ് പോലത്തെ സാഹചര്യത്തില്‍ വേറെ വഴിയില്ലല്ലോ,''
തൊഴിലാളികള്‍ക്ക് താമസിക്കാനായി മൈക്രോ ഷെല്‍ട്ടറുകള്‍ ഒരുക്കിയെന്നതാണ് സാബു എം. ജേക്കബിന്റെ അവകാശവാദം. പക്ഷേ ലേബര്‍ ക്യാമ്പില്‍ നിന്നും പുറത്ത് വരുന്ന ദൃശ്യങ്ങള്‍ ചൂടു കാലത്ത് ചുട്ടു പൊള്ളുന്നതും, മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്നതുമായ ഒട്ടും സുരക്ഷിതമല്ലാത്ത മനുഷ്യാവകാശങ്ങള്‍ക്ക് ഒരു പരിഗണനയും നല്‍കാത്ത വാസസ്ഥലമാണ് കാണിക്കുന്നത്.
കിറ്റക്‌സിന്റെ തന്നെ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തില്‍ ഈ തൊഴിലാളികളുടെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഒരു നടപടിയും എടുക്കില്ല. പകരം അവിടുത്തെ കൊവിഡ് വ്യാപനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരമാവധി മറച്ചുവെക്കുകയാണ് പഞ്ചായത്ത് അധികൃതര്‍ ചെയ്യുന്നതെന്ന് കിഴക്കമ്പലം പഞ്ചായത്തിലെ ഏക പ്രതിപക്ഷ അംഗമായ അസ്മ അലിയാര്‍ ദ ക്യൂവിനോട് പറഞ്ഞു.
''തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിലേക്ക് പുറത്ത് നിന്നുള്ള ഒരാള്‍ക്കും കയറാന്‍ സാധിക്കില്ല. പൊലീസുകാര്‍ വന്നാല്‍പ്പോലും അവിടെ പ്രവേശിക്കാന്‍ അനുവദിക്കാത്ത സാഹചര്യമാണുള്ളത്. ഭരിക്കുന്നത് ട്വന്റി 20 ആയതുകൊണ്ട് പഞ്ചായത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഒരു കാര്യവുമില്ല. ഞാന്‍ മെമ്പറാണെങ്കിലും എന്നെ അങ്ങോട്ട് കയറ്റില്ല. ബന്ധപ്പെട്ട അധികാരികള്‍ കണ്ണുതുറന്ന് കാര്യങ്ങള്‍ നോക്കിയാല്‍ കാര്യങ്ങള്‍ മനസിലാകും.
പാര്‍ട്ടിക്കാരൊക്കെ അവിടെ പോയി നോക്കാനൊക്കെ ശ്രമിച്ചിരുന്നു. ഒരു ഫോട്ടോ എടുക്കാന്‍ പോലും അവര്‍ സമ്മതിക്കില്ല. പ്രതിപക്ഷത്തെ ഏക മെമ്പര്‍ ഞാനാണ്. പക്ഷേ ഞാന്‍ പറയുന്ന ഒരു കാര്യവും അവര്‍ മുഖവിലയ്‌ക്കെടുക്കില്ല. ചേലക്കുളം വാര്‍ഡിനോട് പഞ്ചായത്ത് ഫണ്ട് നല്‍കാതെയും മറ്റും കടുത്ത അവഗണനയാണ് അവര്‍ കാണിക്കുന്നത്,'' അസ്മ പറഞ്ഞു.
കിറ്റക്‌സ് കമ്പനിയുടെ വെബ്‌സെറ്റില്‍ പറയുന്നത് വൃത്തിയുള്ളതും ആധുനികവുമായ ഡോര്‍മിറ്ററി സംവിധാനമാണ് തൊഴിലാളികള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത് എന്നാണ്. വിളിപ്പുറത്ത് ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നുണ്ടെന്നും കൗണ്‍ലിസര്‍, നഴ്‌സ് തുടങ്ങിയവരുടെ പരിചരണം തൊഴിലാളികള്‍ക്ക് ഉറപ്പുവരുത്തുന്നുണ്ടെന്നും കമ്പനി വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. ഈ അവകാശവാദങ്ങള്‍ ഉന്നയിക്കുമ്പോഴാണ് കിറ്റക്‌സിന്റെ തന്നെ ട്വന്റി 20 പാര്‍ട്ടി ഭരിക്കുന്ന പഞ്ചായത്തിലെ തൊഴിലാളികള്‍ അനുഭവിക്കേണ്ടി വരുന്ന നീതിനിഷേധവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ നേര്‍ ചിത്രങ്ങള്‍ പുറത്ത് വരുന്നത്.
നേരത്തെ കിറ്റക്‌സ് കമ്പനിയുടെ തന്നെ ഉല്‍പാദന യൂണിറ്റില്‍ കൊവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത് വലിയ വിവാദം തീര്‍ത്തിരുന്നു. പരിശോധനയോ മറ്റ് മെഡിക്കല്‍ സൗകര്യങ്ങളോ ലഭിക്കുന്നില്ലെന്നായിരുന്നു കിറ്റക്‌സിന്റെ തന്നെ വനിതാ ജീവനക്കാര്‍ ഉന്നയിച്ചത്. കിറ്റക്‌സിന്റെ തൊഴിലാളി ക്യാമ്പിനുള്ളില്‍ ജീവിക്കേണ്ടി വരുന്നവര്‍ നേരിടുന്നത് അതി ഭീകരമായ സാഹചര്യമെന്നതിന്റെ നേര്‍ ചിത്രങ്ങള്‍ കൂടി പുറത്തുവരുമ്പോള്‍ കോടികളുടെ ആസ്തിയുള്ള ഒറു കോര്‍പ്പറേറ്റ് സ്വീകരിക്കുന്ന തൊഴിലാളി വിരുദ്ധ നയത്തിന്റെ ശരിയായ മുഖം കൂടിയാണ് വെളിപ്പെട്ടുവരുന്നത്.