അട്ടപ്പാടിയിലെ യാഥാര്‍ത്ഥ്യമെന്ത്?

അട്ടപ്പാടിയിലെ യാഥാര്‍ത്ഥ്യമെന്ത്?
Published on

ശിശുമരണം വീണ്ടും വാര്‍ത്തകളിലും വിവാദങ്ങളിലും നിറഞ്ഞതോടെയാണ് അട്ടപ്പാടിയിലെത്തിയത്. പത്ത് മാസം പ്രായമുള്ള അസന്യയുടെ മാതാപിതാക്കളെ കാണാന്‍ പുതൂര്‍ പാടവയല്‍ ഊരിലെത്തുമ്പോള്‍ സമീപത്തെ അംഗനവാടിയില്‍ ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും കുട്ടികള്‍ക്കും വിതരണം ചെയ്യാനുള്ള ഭക്ഷ്യവസ്തുക്കള്‍ ലോറിയില്‍ കൊണ്ടു വന്ന് ഇറക്കുന്നത് കാണാമായിരുന്നു. യാത്രയില്‍ പലയിടത്തും ഈ കാഴ്ച കണ്ടു. അംഗനവാടി ടീച്ചര്‍മാരും ആശവര്‍ക്കര്‍മാരും ഉദ്യോഗസ്ഥരും റിപ്പോര്‍ട്ടുകളുണ്ടാക്കുന്ന തിരക്കിലാണ്. നാല് ദിവസത്തിനുള്ളില്‍ അഞ്ച് കുഞ്ഞുങ്ങള്‍ മരണപ്പെട്ടതിന് പിന്നാലെയുള്ള ചലനങ്ങള്‍ എല്ലായിടത്തും കാണാം. ഇത്തരത്തില്‍ ദുരന്ത സാഹചര്യങ്ങള്‍ക്ക് പിന്നാലെയുള്ള റിപ്പോര്‍ട്ട് തേടലുകളും പരസ്പരം പഴിചാരലുകളും പോരാ അട്ടപ്പാടി കാലങ്ങളായി നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍.

പാലക്കാട് ജില്ലയിലെ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍ ചേര്‍ന്ന പ്രദേശമാണ് അട്ടപ്പാടി. ഇരുളര്‍, കുറുമ്പര്‍, മുഡുകര്‍ എന്നീ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളാണ് അട്ടപ്പാടിയിലെ 192 ഊരുകളിലായുള്ളത്. ശിശുമരണവും പോഷകാഹാരക്കുറവും അട്ടപ്പാടിയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ വര്‍ഷങ്ങളായി ഉയര്‍ന്ന് വരുന്നതാണ്.

ശിശുമരണം എന്തുകൊണ്ട്?

യു.എസിന് തുല്യമായ ശിശുമരണനിരക്കാണ് കേരളത്തിലേത്(6) എന്ന് സാമ്പിള്‍ രജിസ്‌ട്രേഷന്‍ സംവിധാനത്തിലെ ഡാറ്റ പുറത്ത് വന്നിട്ട് ഒരു മാസം തികയുമ്പോഴാണ് അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍. 1000 കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അവരില്‍ എത്ര പേര്‍ ഒരു വയസ്സ് എത്തുന്നതിന് മുമ്പ് മരിക്കുന്നുവെന്നതിനെ അടിസ്ഥാനമാക്കിയാണ് ശിശുമരണനിരക്ക് നിര്‍ണയിക്കുന്നത്. ആരോഗ്യസ്ഥിതിയുടെ സൂചകമായിട്ടാണ് ശിശുമരണനിരക്കിനെ കണക്കാക്കുന്നത്.

ആറാമത്തെ ശിശുമരണമായിരുന്നു ഷോളയൂര്‍ പഞ്ചായത്തിലെ തൂവ ഊരിലെ ഇരുള വിഭാഗത്തില്‍പ്പെട്ട വള്ളിയുടെയും രാജേന്ദ്രന്റെയും രണ്ടാമത്തെ കുഞ്ഞിന്റെത്. നവംബര്‍ 24ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു മരണം. 40കാരിയായ വള്ളിയുടെ പ്രസവം ഡിസംബര്‍ 23 നായിരുന്നു നടക്കേണ്ടിയിരുന്നത്. വയറുവേദനയെത്തുടര്‍ന്ന് കോട്ടത്തറ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീവ്രമായ വളര്‍ച്ചക്കുറവ്, ഗര്‍ഭാശയാന്തര വളര്‍ച്ചാപ്രതിബന്ധം(ഐയുജിആര്‍) എന്നിവ ഉണ്ടായിരുന്നു. ഒക്ടോബര്‍ 13ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് സിസേറിയന്‍ ചെയ്തു. ആണ്‍കുഞ്ഞിന് 715 ഗ്രാം തൂക്കമായിരുന്നു ഉണ്ടായിരുന്നത്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ നവജാത ശിശുക്കളുടെ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിന്റെ സഹായ്‌ത്തോടെ ചികിത്സയിലായിരുന്നു. മരണ സമയത്ത് കുഞ്ഞിന്റെ തൂക്കം 1.100 കിലോയായിരുന്നു. പ്രസവ സമയത്ത് വള്ളിയുടെ ഹീമോഗ്ലോബിന്‍ 8.9 ആയിരുന്നു.

നവംബര്‍ 26നാണ് പുതൂര്‍ പഞ്ചായത്തിലെ വീട്ടിയൂര്‍ ഊരിലെ ഗീതു-സുനീഷ് ദമ്പതികളുടെ ആദ്യത്തെ പ്രസവത്തിലെ കുട്ടി മരിക്കുന്നത്. മുഡുഗ വിഭാഗത്തില്‍പ്പെട്ടവരാണ് ഗീതുവും സുനീഷും. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ വെച്ചായിരുന്നു 3 ദിവസം പ്രായമായ കുഞ്ഞ് മരിച്ചത്. സിസേറിയനായിരുന്നു. 2.200 ഗ്രാം തൂക്കമുള്ള ആണ്‍കുഞ്ഞായിരുന്നു ജനിച്ചത്. ഭാരക്കുറവും മെക്കോനിയം ആസ്പിരേഷന്‍ സിന്‍ഡ്രോമുമാണ് മരണ കാരണമായി ആരോഗ്യവകുപ്പ് കണ്ടെത്തിയിരിക്കുന്നത്. മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലെ നവജാത തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞ് മരിച്ചത്.

നവജാത ശിശുവിന്റെ ശരീരത്തില്‍ നിന്നും പുറത്ത് പോകുന്ന കറുത്ത നിറത്തിലുള്ള മാലിന്യമാണ് മെക്കോണിയം. പ്രസവശേഷമാണ് ഇത് പുറത്ത് പോകേണ്ടത്. ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ മെക്കോണിയം പുറത്ത് പോകുകയും കുഞ്ഞിന്റെ ശ്വാസനാളത്തിലും ശ്വാസകോശത്തിലും പ്രവേശിക്കുകയും ചെയ്താല്‍ അത് കുഞ്ഞുങ്ങളുടെ ജീവന് അപകടമാകും. ജനിച്ച് കഴിയുമ്പോള്‍ ഈ കുഞ്ഞുങ്ങള്‍ക്ക് ശ്വാസംമുട്ട് അനുഭവപ്പെടും.

ഗര്‍ഭകാല പരിശോധനകളെല്ലാം ഗീതുവും വള്ളിയും നടത്തിയിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. അംഗന്‍വാടിയില്‍ നിന്നും കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും കൃത്യമായി ഭക്ഷ്യവസ്തുക്കള്‍ ഇരുവര്‍ക്കും നല്‍കിയിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

നവംബര്‍ 26നാണ് അഗളി പഞ്ചായത്തിലെ കതിരംപതി ഊരിലെ രമ്യയുടെയും അയ്യപ്പന്റെയും പത്ത് മാസമുള്ള കുഞ്ഞ് അസന്യ മരിച്ചത്. ഇരുള വിഭാഗത്തില്‍പ്പെട്ടവരാണ്. ജനുവരി 10ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു രമ്യയുടെ പ്രസവം. ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ സംബന്ധമായ തകരാറുകള്‍ ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ജനിക്കുമ്പോള്‍ കുഞ്ഞിന് 1.830 കിലോയായിരുന്നു തൂക്കം. ജന്‍മനാലുള്ള ഹൃദ്രോഗവും ഡൗണ്‍ സിന്‍ഡ്രോമും ഉണ്ടായിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തിന് എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനിയും ജലദോഷവും ഉണ്ടായിരുന്നതിനെ തുടര്‍ന്ന് നവംബര്‍ 26 അഗളിയിലെ സ്വാമി വിവേകാനന്ദാ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ചികിത്സ തേടി. വീട്ടിലേക്ക് തിരിച്ച് പോകുന്നതിനിടെ കുഞ്ഞിന് അസുഖം കൂടിയെന്നും വിവേകാനന്ദാ ആശുപത്രിയില്‍ വീണ്ടും കൊണ്ടുപോയെന്ന് പിതാവ് അയ്യപ്പന്‍ ദ ക്യുവിനോട് പറഞ്ഞു. കുഞ്ഞിന് അനക്കമില്ലായിരുന്നു. കോട്ടത്തറ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. അവിടെ വച്ച് മരണം സ്ഥിരീകരിച്ചു. മരിക്കുന്ന സമയത്ത് കുഞ്ഞിന് ആറ് കിലോ തൂക്കമുണ്ടായിരുന്നു.

ആറ് അമ്മമാരാണ് പ്രസവത്തെത്തുടര്‍ന്ന് 2013ന് ശേഷം മരിച്ചത്. ഈ വര്‍ഷം ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

വില്ലനാകുന്ന സിക്കിള്‍സെല്‍ അനീമിയ

ഇത്തവണ ചര്‍ച്ചയായ മരണങ്ങളില്‍ അരിവാള്‍ രോഗിയായ അമ്മയും കുഞ്ഞുമുണ്ടായിരുന്നു. അഗളി പഞ്ചായത്തിലെ കൊറവങ്കണ്ടി ഊരിലെ ബാലകൃഷ്ണന്റെ ഭാര്യ 23കാരിയായ തുളസി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു മരിച്ചത്. സിക്കിള്‍സെല്‍ അനീമിയ ബാധിച്ച തുളിസി ഏഴുമാസം ഗര്‍ഭിണിയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വച്ച് സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല.

200 അരിവാള്‍ രോഗികളാണ് ഇപ്പോള്‍ അട്ടപ്പാടിയിലുള്ളത്. ഇപ്പോള്‍ 8 പേര്‍ ഗര്‍ഭിണികളാണ്. 40 കുട്ടികളുണ്ട്. ആറു മാസം പ്രായമുള്ള കുട്ടിയും ഉള്‍പ്പെടുന്നു. രോഗം അടുത്ത തലമുറയിലേക്ക് പടര്‍ത്താന്‍ സാധ്യതയുള്ളവരായി 2000 പേര്‍ ഉണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

ജനിതക രോഗമാണ് സിക്കിള്‍സെല്‍ അനീമിയ. ചുവന്ന രക്താണുക്കള്‍ക്ക് രൂപമാറ്റം സംഭവിച്ച് അരിവാള്‍ രൂപത്തിലാവുകയും ഇലാസ്തികത നഷ്ടപ്പെടുകയും ചെയ്യുന്നതാണ് ഈ രോഗാവസ്ഥ. രോഗം പൂര്‍ണ്ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയില്ല. ജീനിലൂടെ അടുത്ത തലമുറയിലേക്കും രോഗം പടരും. രോഗമുള്ള മതാപിതാക്കള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് രോഗം വരാനുള്ള സാധ്യത 25% ആണ്. സിക്കിള്‍ സെല്‍ ട്രെയ്റ്റ് ഉള്ള രണ്ട് പേര്‍ വിവാഹിതരായാല്‍ അവരുടെ കുട്ടികളിലേക്കും രോഗം പടരാന്‍ സാധ്യതയുണ്ട്. അരിവാള്‍ കോശ രോഗമുള്ള വ്യക്തികള്‍ തമ്മില്‍ വിവാഹം കഴിക്കരുതെന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

അട്ടപ്പാടിയുടെ ആരോഗ്യത്തിലെ പ്രശ്‌നമെന്താണ്?

ഗര്‍ഭിണികളിലെ വിളര്‍ച്ചയും പോഷകാഹാരക്കുറവുമാണ് ശിശുമരണങ്ങള്‍ക്ക് പ്രധാന കാരണമെന്ന് 2013ല്‍ യുണിസെഫ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ചികിത്സ സൗകര്യങ്ങളുടെയും പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരുടെയും കുറവും ഗതാഗത സൗകര്യങ്ങളുടെ അഭാവവും ശിശുമരണങ്ങളുടെ കാരണങ്ങളുടെ പട്ടികയിലുണ്ടായിരുന്നു. ശിശുമരണം, അബോര്‍ഷന്‍, വീട്ടിലെ പ്രസവം, ഗര്‍ഭസ്ഥ ശിശുമരണം എന്നിവ കുറയ്ക്കാനായെന്നാണ് ആരോഗ്യവകുപ്പ് കണക്കുകള്‍ ചൂണ്ടിക്കാട്ടി അവകാശപ്പെടുന്നത്.

നവംബര്‍ അവസാനത്തില്‍ അട്ടപ്പാടിയില്‍ 247 ഗര്‍ഭിണികള്‍ ഉണ്ട്. അതില്‍ 150 പേര്‍ പോഷകാഹാരക്കുറവുള്ളവരാണ്. 20 വയസ്സിനുള്ളിലാണ് മിക്ക സ്ത്രീകളുടെയും ആദ്യ പ്രസവം. 35നും 45 കിലോ ഗ്രാമിനും ഇടയിലായിരിക്കും ഇവരുടെ ഗര്‍ഭിണിയാകുമ്പോള്‍ ഇവരുടെ ശരീരഭാരമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. 50 ഗര്‍ഭിണികളാണ് ആദിവാസി വിഭാഗത്തില്‍ നിന്നും ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 10ല്‍ താഴെ ഹീമോഗ്ലോബിനുള്ള(വിളര്‍ച്ച) 30 പേരാണ്. 23 പേര്‍ 45 കിലോഗ്രാമില്‍ താഴെ തൂക്കമുള്ളവരാണ്. 35 കിലോയില്‍ താഴെയുള്ള ഗര്‍ഭിണികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രത്യേക ഭക്ഷണം നല്‍കുന്നുണ്ടെന്ന് അട്ടപ്പാടി ആരോഗ്യ നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ പ്രഭുദാസ് അറിയിച്ചു.

2020ല്‍ 556 കുട്ടികളാണ് കോട്ടത്തറ ആശുപത്രിയില്‍ ജനിച്ചത്. ഇതില്‍

1 കിലോയ്ക്ക് താഴെ ഭാരമുള്ളത് 1 കുഞ്ഞ്

1 കിലോ മുതല്‍ 1.5 കിലോ വരെ 4

1.5 കിലോ മുതല്‍ 2 കിലോ വരെ 16

2 കിലോ മുതല്‍ 2.5 കിലോ വരെ 161

2.5 കിലോയ്ക്ക് അധികം 374

2013ലെ കണക്ക് പരിശോധിക്കുമ്പോള്‍

ജനിച്ച കുട്ടികള്‍ 285

1 കിലോയ്ക്ക് താഴെ ഭാരമുള്ളത് 1 കുഞ്ഞ്

1 കിലോ മുതല്‍ 1.5 കിലോ വരെ 8

1.5 കിലോ മുതല്‍ 2 കിലോ വരെ 28

2 കിലോ മുതല്‍ 2.5 കിലോ വരെ 87

2.5 കിലോയ്ക്ക് അധികം 161

2017ല്‍ 2 കുഞ്ഞുങ്ങളും 2019ല്‍ ഒരു കുഞ്ഞുമാണ് ഒരു കിലോയില്‍ താഴെ ഭാരവുമായി ജനിച്ചത്. 1 കിലോ മുതല്‍ 1.5 കിലോ വരെ ഭാരമുള്ള കുഞ്ഞുങ്ങള്‍ 2014ല്‍ 6, 2015ല്‍ 8, 2016ല്‍ 2, 2017ല്‍ 6, 2018ല്‍ 8, 2019ല്‍ 14 എന്നിങ്ങനെയാണ്. രണ്ട് കിലോയ്ക്ക് താഴെ ഭാരമുള്ള കുട്ടികള്‍ 2014- 43, 2015-12, 2016-29, 2017-21, 2018-25, 2019-19 ആണ്.

രണ്ടിനും രണ്ടര കിലോയ്ക്കും ഇടയിലുള്ള കുട്ടികള്‍

2014- 127

2015-130

2016-114

2017-152

2018-168

2019-137

രണ്ടര കിലോയ്ക്ക് മുകളില്‍ തൂക്കമുള്ള കുട്ടികളുടെ എണ്ണം കൂടി വരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

2014- 251

2015-256

2016-227

2017-290

2018-279

2019-357

2020-374

പദ്ധതികള്‍ക്ക് ക്ഷാമമില്ല; ദുരിതം മാറാതെ ആദിവാസി ജീവിതങ്ങള്‍

ശിശുമരണങ്ങള്‍ ഒഴിവാക്കുന്നതിനും സമഗ്ര ആരോഗ്യ സംരക്ഷണത്തിനുമായി വിവിധ വകുപ്പുകളുടെ സഹകരണത്തോടെ അട്ടപ്പാടിയില്‍ നടപ്പാക്കിയ പദ്ധതികള്‍ ഇവയാണ്

1.പാചകം ചെയ്ത ഭക്ഷണം നല്‍കുന്ന കമ്മ്യൂണിറ്റി കിച്ചന്‍ പദ്ധതി

2.വനിതാ ശിശുവികസന വകുപ്പിനു കീഴില്‍ കുട്ടികള്‍ക്കും കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കും പോഷകാഹാര വിതരണം.

3.പരമ്പരാഗത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് മില്ലെറ്റ് വില്ലേജ് പദ്ധതി

4.സൗജന്യ ചികിത്സ ഉറപ്പു വരുത്തുന്നതിന് സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി

5.അലോപ്പതി ഒ.പി ക്ലിനിക്കുകള്‍, മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍, ന്യൂട്രീഷ്യന്‍ റിഹാബിലിറ്റേഷന്‍ സെന്ററുകള്‍

6.ഗര്‍ഭിണികളുടെയും, മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിന് ജനനി ജന്മരക്ഷാ പദ്ധതി

7.സിക്കിള്‍സെല്‍ അനീമിയ രോഗികള്‍ക്ക് സമാശ്വാസ ധനസഹായം നല്‍കുന്ന പദ്ധതി

8.വര്‍ഷകാലത്തും പഞ്ഞമാസങ്ങളിലും ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്ന പദ്ധതി

ഗര്‍ഭിണികളുടെയും, മുലയൂട്ടുന്ന അമ്മമാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനാണ് ജനനി ജന്മരക്ഷാ പദ്ധതി. പ്രതിമാസം 2000 രൂപയാണ് ലഭിക്കുക. സ്വന്തമായി പോഷകാഹാരം വാങ്ങിക്കഴിക്കാനുള്ള സാമ്പത്തിക സഹായമാണിത്. മാസങ്ങളായി ഈ തുക ലഭിക്കുന്നില്ലെന്നാണ് ഗുണഭോക്താക്കള്‍ പറയുന്നത്. മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ നഷ്ടപ്പെട്ട വീട്ടിയൂര്‍ ഊരിലെ സുനീഷിന്റെ അമ്മ സെല്‍വി പറയുന്നത് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിച്ചിരുന്നില്ലെന്നാണ്. മകന് ജോലിയില്ല.

പട്ടിണി മാറ്റാന്‍ അരിയുണ്ട്. അത് മതിയോ?

കമ്യൂണിറ്റി കിച്ചണ്‍ വഴി ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ആറുമുതല്‍ 12 മാസം വരെ പ്രായമുള്ള കുട്ടികള്‍, കൗമാരക്കാര്‍, മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പുരോഗികള്‍, വൃദ്ധര്‍, വിധവകള്‍ എന്നിവരാണ് ഗുണഭോക്താക്കള്‍. 130 കമ്യൂണിറ്റി കിച്ചണ്‍ വഴി രാവിലെയും വൈകീട്ടും ഭക്ഷണം നല്‍കുന്നു. പുട്ടും പയറും, കഞ്ഞി, ഉപ്പുമാവ് എന്നിവയാണ് പ്രാതല്‍. വൈകീട്ട് ചോറും സാമ്പാറുമാണ് നല്‍കുക. അംഗനവാടികള്‍ വഴി മാസത്തില്‍ ഒരുതവണ അരി, പയര്‍, എണ്ണ, ഗോതമ്പ്, ശര്‍ക്കര, നെയ്യ് എന്നിവ മാസത്തില്‍ ഒരു തവണ വിതരണം ചെയ്യുന്നുണ്ട്.സ്വയം ഭക്ഷണം പാകം ചെയ്യാന്‍ ആദിവാസികളെ പര്യാപ്തരാക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍ അട്ടപ്പാടി സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞിരുന്നു.

ഇറച്ചി, മീന്‍, മുട്ട, പാല്‍, തൈര് എന്നിവ ഭൂരിഭാഗം ഗര്‍ഭിണികള്‍ക്കും കിട്ടുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ സമ്മതിക്കുന്നു. ചില വീടുകളില്‍ അരി മാത്രമാണ് ഭക്ഷണം. കൗമാരകാലത്ത് പെണ്‍കുട്ടികള്‍ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നില്ല. ഇവര്‍ മുതിര്‍ന്ന് വിവാഹം കഴിച്ച് ഗര്‍ഭിണികളാകുമ്പോള്‍ വിളര്‍ച്ച, ഭാരക്കുറവ് എന്നിവയുണ്ടാകുന്നു. ഇവരില്‍ ജനിക്കുന്ന കുഞ്ഞുങ്ങളും ദുരന്തത്തിന്റെ തുടര്‍ച്ചയാകുന്നു. നേരത്തെ റാഗി, തിന പോലുള്ള മില്ലറ്റുകളും കാട്ടുമൃഗങ്ങളുടെ മാംസവുമായിരുന്നു ആദിവാസികളുടെ ഭക്ഷണം. ഇത് അരിയിലേക്ക് മാത്രമായി ചുരുങ്ങി. ധാന്യങ്ങളും പയറുവര്‍ഗങ്ങളും വളരെ കുറച്ച് മാത്രമാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്. കാട്ടുമൃഗങ്ങളെ വേട്ടയാടുന്നത് നിരോധിച്ചതോടെ മാംസഭക്ഷണം കഴിക്കുന്നതും ഇല്ലാതായി. അപൂര്‍വ്വമായി ലഭിക്കുന്ന ഭക്ഷണമാണ് ഇവര്‍ക്ക് ഇറച്ചിയും മീനും. ചെറിയ പ്രായത്തില്‍ മാനുള്‍പ്പെടെയുള്ള കാട്ടിറച്ചി കഴിച്ചിരുന്നുവെന്ന് നഞ്ചിയമ്മ ഓര്‍ത്തെടുക്കുന്നു.

കൂലിപ്പണിയെടുത്താല്‍ കിട്ടുന്നത് തുച്ഛമായ തുകയാണെന്നും ദിവസവും ഇറച്ചിയും മീനും വാങ്ങാന്‍ കഴിയില്ലെന്നുമാണ് പാടവയലിലെ വെയന്തി പറയുന്നത്.

'പെണ്ണുങ്ങള്‍ക്ക് 300, ആണുങ്ങള്‍ക്ക് 400 ആണ് കൂലി. രാവിലെ എട്ടര മുതല്‍ വൈകീട്ട് അഞ്ചര വരെ പണിയെടുക്കണം. കള്ള് കുടിക്കുന്നവര്‍ വീട്ടില്‍ കൊടുക്കുക 100 രൂപയായിരിക്കും. എല്ലാ ദിവസവും ജോലിയില്ല. മഴക്കാലത്ത് ജോലി തന്നെയില്ലായിരുന്നു. 100 രൂപ കൊണ്ട വീട്ടിലെ കാര്യങ്ങള്‍ നടക്കുമോ'

വെയന്തി

'സ്‌കാന്‍ ചെയ്യാന്‍ ഡോക്ടറെ നിയമിക്കണം'

അട്ടപ്പാടിയിലെ ആദിവാസികളുടെ പ്രധാന ആശ്രയ കേന്ദ്രം കോട്ടത്തറ ട്രൈബല്‍ സെപ്ഷ്യാലിറ്റി ആശുപത്രിയാണ്. സ്‌കാനിങ് മെഷീന്‍ മാത്രമാണ് ആശുപത്രിയില്‍ ഒരുക്കിയിരിക്കുന്നത്. റേഡിയോളജിസ്റ്റില്ല. രണ്ടാഴ്ചയിലൊരിക്കല്‍ ഡോക്ടര്‍ എത്തും. അന്നാണ് ഗര്‍ഭിണികള്‍ക്ക് കോട്ടത്തറ ആശുപത്രിയില്‍ വച്ച് സ്‌കാന്‍ ചെയ്യാന്‍ കഴിയുക. അല്ലാത്ത സാഹചര്യങ്ങളില്‍ മണ്ണാര്‍ക്കാട് പോകണം. തകര്‍ന്ന റോഡിലൂടെ സഞ്ചരിച്ച് മണ്ണാര്‍ക്കാടെത്താന്‍ രണ്ട് മണിക്കൂറെടുക്കും. അട്ടപ്പാടിയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് റേഡിയോളജിസ്റ്റിനെ നിയമിക്കണമെന്ന ആവശ്യം നിരന്തരം ഉയര്‍ന്നിട്ടും നടപടി ഉണ്ടായിട്ടില്ല.

വിദഗ്ധ ഡോക്ടര്‍മാരില്ലെന്നതാണ് കോട്ടത്തറ ആശുപത്രി നേരിടുന്ന മറ്റൊരു പ്രതിസന്ധി. 2013ല്‍ 70 തസ്തിക സൃഷ്ടിച്ചു. 18 ഡോക്ടര്‍മാര്‍. എല്ലാവരും ജൂനിയര്‍ കണ്‍സള്‍ട്ടന്‍സ്. എല്ലാ വിഭാഗങ്ങളിലും പത്ത് വര്‍ഷം പരിചയമുള്ള ഓരോ ഡോക്ടറെ നിയമിക്കണമെന്ന ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. ശിശുരോഗം, ഗൈനക്, മെഡിസിന്‍ വിഭാഗങ്ങളില്‍ കണ്‍സള്‍ട്ടന്റ് തസ്തിക ഉടന്‍ സൃഷ്ടിക്കണം, നിര്‍മ്മാണം പൂര്‍ത്തിയാക്കി മാതൃക ലേബര്‍ റൂം പ്രവര്‍ത്തനം തുടങ്ങണം. ശിശുമരണം കുറയ്ക്കുകയെന്നത് പ്രധാന വെല്ലുവിളിയായതിനാല്‍ നിയോനാറ്റല്‍ വെന്റിലേറ്ററും നിയോ നാറ്റോളജിസ്റ്റും വേണം. സിടി സ്‌കാന്‍ സൗകര്യം വേണം. റഫറല്‍ സംവിധാനം ഒഴിവാക്കാന്‍ കഴിയണം. ഇപ്പോള്‍ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലേക്കാണ് റഫര്‍ ചെയ്യുന്നത്.

കതിരിലല്ല വളമിടേണ്ടത്

ശിശുമരണം സംബന്ധിച്ച നിയമസഭയിലെ ചോദ്യത്തിന് 2019 ജനുവരി 30ന് അന്നത്തെ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്കസമുദായക്ഷേമവകുപ്പ് മന്ത്രി എ.കെ ബാലന്‍ നല്‍കിയ മറുപടിയില്‍ അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവുമൂലം ശിശുമരണം ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടില്ലെന്നാണ് പറഞ്ഞിരുന്നത്.

'തൂക്കക്കുറവോടുകൂടി ജനിക്കുന്ന കുഞ്ഞുങ്ങളാണ് പ്രധാനമായും മരണപ്പെട്ടിരിക്കുന്നത്. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് ജന്‍മനാലോ പിന്നീടോ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നതായി മരണം സംബന്ധിച്ച റിപ്പോര്‍ട്ടുകളില്‍ ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വീടുകളില്‍ നടന്നിരുന്ന പ്രസവം, കുടുംബത്തില്‍ നിന്നും പ്രസവപരിചരണം ലഭിക്കാതിരുന്നത്, ചികിത്സാ വൈമുഖ്യം, വാഹന സൗകര്യത്തിന്റെ അഭാവം, മുലയൂട്ടുമ്പോള്‍ അനുഭവപ്പെട്ട ശ്വാസതടസ്സം തുടങ്ങിയവയായിരുന്നു പ്രധാന മരണ കാരണങ്ങള്‍. സര്‍ക്കാര്‍ വകുപ്പുകളുടെ നിരന്തര ഇടപെടല്‍ നിമിത്തം ഇത്തരം കാരണങ്ങള്‍ക്ക് പരിഹാരം കണ്ടെത്തി മരണനിരക്ക് കുറച്ചു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട്'.

ജനനസമയത്തെ ഭാരം കുറയുന്നത് കൊണ്ട് ജനിച്ച ഉടനെ മരിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ഇടുക്കി മെഡിക്കല്‍ കോളേജിലെ ശിശുരോഗവിഭാഗം മേധാവി ഡോക്ടര്‍ മോഹന്‍ദാസ് നായര്‍ പറയുന്നു.

ഷുഗര്‍ കുറയുക, ചൂട് കുറയുക, അണുബാധ എന്നിവയൊക്കെയുണ്ടാകും. കുട്ടികള്‍ വളര്‍ന്ന് വരുമ്പോഴും രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. ബിപി, കൊളസ്‌ട്രോള്‍, പ്രമേഹം, ഹൃദ്‌രോഗം എന്നിങ്ങനെയുള്ള ജീവിതശൈലീ രോഗങ്ങളും ഭാവിയില്‍ പിടിപെടാം. ഗര്‍ഭിണികള്‍ക്ക് ഹിമോഗ്ലോബിന്‍ പ്രശ്‌നമുണ്ടെങ്കില്‍ കുഞ്ഞുങ്ങള്‍ക്ക് തൂക്കം കുറവായിരിക്കും. ദീര്‍ഘകാല ഇടപെടലുകളിലൂടെ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയൂ. പതിനഞ്ച് വര്‍ഷം കൊണ്ട് കാര്യമായ മാറ്റം ഉണ്ടാക്കാന്‍ പറ്റും.
ഡോക്ടര്‍ മോഹന്‍ദാസ് നായര്‍

അമ്മയ്ക്ക് പോഷകാഹാരക്കുറവ് ഉണ്ടെങ്കില്‍ കുഞ്ഞിന്റെ വളര്‍ച്ചയെ ബാധിക്കുമെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ മായാ സുധാകരന്‍ പറയുന്നു. ഹീമോഗ്ലോബിന്‍ എട്ടൊക്കെ ആവുന്നത് വളരെ കുറവാണ്. ആഹാരം നന്നായി കിട്ടുന്നില്ലെന്ന് ഇതില്‍ വ്യക്തമാണ്. കുഞ്ഞുങ്ങളുടെ തൂക്കം പ്രസവസമയത്ത് രണ്ടര മുതല്‍ മൂന്ന് കിലോ ഗ്രാം വരെയെങ്കിലും ഉണ്ടാകണമെന്നും ഡോക്ടര്‍ മായാ സുധാകരന്‍ പറയുന്നു.

140 ആശാവര്‍ക്കര്‍മാര്‍, 160 പ്രെമോട്ടര്‍മാര്‍, 175 അംഗനവാടികള്‍, 150 കുടുംബശ്രീ ഹെല്‍ത്ത് ആനിമേറ്റര്‍മാര്‍ എന്നിവരാണ് ഫീല്‍ഡില്‍ നിന്നും വിവരങ്ങള്‍ നല്‍കുന്നത്. ഇവര്‍ നല്‍കുന്ന വിവരങ്ങളിലൂടെ ആരോഗ്യമേഖലയില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ വിലയിരുത്തി ആവശ്യമുള്ള മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന സംവിധാനം വേണം. ശിശുമരണവും പോഷകാഹാരക്കുറവും ഉള്‍പ്പടെ അട്ടപ്പാടി നേരിടുന്ന പ്രശ്‌നങ്ങള്‍ കൃത്യമായി പഠിക്കാനും നിരീക്ഷിക്കാനും ഇതിലൂടെ കഴിയണം.

കുഞ്ഞുങ്ങളുടെ തൂക്കക്കുറവിന് പരിഹാരം കാണേണ്ടത് ഗര്‍ഭാവസ്ഥയില്‍ മാത്രമല്ല. പെണ്‍കുട്ടികളുടെ ആരോഗ്യത്തില്‍ തുടങ്ങണം. സമീകൃതാഹാരം ചെറിയ പ്രായം മുതല്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പിക്കണം. ആരോഗ്യമേഖലയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം പോഷക സമൃദ്ധമായ നല്ല ഭക്ഷണവും അട്ടപ്പാടിയിലെ മനുഷ്യരുടെ അതിജീവനത്തിന് അത്യാവശ്യമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in