തിരുവനന്തപുരം സ്ഥിര വേദിയാക്കിയത് എന്റെ നിര്‍ബന്ധത്തിലാണ്, ഐ.എഫ.എഫ്.കെ നാല് ജില്ലകളില്‍ നടത്തുന്നതിലെ വിവാദങ്ങളോട് അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രതികരിക്കുന്നു.
കേരളാ രാജ്യാന്തര ചലച്ചിത്രോത്സവം നാല് ജില്ലകളിലായി നടത്താന്‍ തീരുമാനിച്ചതിനെ അനുകൂലിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. തിരുവനന്തപുരത്തെ ഐ.എഫ്.എഫ്.കെ സ്ഥിരം വേദിയാക്കിയത് താന്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാനായിരിക്കെയാണ്, തിരുവനന്തപുരത്ത് നിന്ന് മേള മാറ്റാനുള്ള ആലോചന സര്‍ക്കാരിനില്ലെന്നാണ് കരുതുന്നതെന്നും കൊവിഡ് സാഹര്യത്തില്‍ വേറെ വഴിയില്ലാത്തത് കൊണ്ടാണ് നാലിടത്ത് മേള നടത്തുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ ദ ക്യു'വിനോട് പ്രതികരിച്ചു.
അടൂര്‍ ഗോപാലകൃഷ്ണന്‍ ദ ക്യു'വിനോട്
തിയറ്ററില്‍ പകുതിപ്പേരെ മാത്രമേ ഇപ്പോഴുള്ള സാഹചര്യത്തില്‍ സിനിമ കാണിക്കാന്‍ സാധിക്കൂ. പല ജില്ലകളില്‍ നിന്നുമാണ് ഐ.എഫ്.എഫ്.കെയില്‍ പങ്കെുക്കാന്‍ ആളുകള്‍ തിരുവനന്തപുരത്ത് എത്താറുള്ളത്. ഈ ഓഡിയന്‍സിനെ നാല് സ്ഥലങ്ങളിലേക്ക് വിഭജിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നാണ് കരുതുന്നത്.
ഞാന്‍ പത്രത്തില്‍ പലരുടെയും ആരോപണങ്ങളായി വായിച്ചത് തിരുവനന്തപുരത്ത് നിന്നും മേള മാറ്റിക്കൊണ്ടു പോകാനുള്ള മാര്‍ഗമാണ് ഇതെന്ന രീതിയിലാണ്. അങ്ങനെയല്ല. നേരത്തേ പല ജില്ലകളിലായാണ് ചലച്ചിത്രമേള സംഘടിപ്പിച്ചിരുന്നത്. അത് മാറ്റി തിരുവനന്തപുരം സ്ഥിരം വേദിയാക്കിയത് എന്റെ നിര്‍ബന്ധത്തിലാണ്. ഞാന്‍ ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാനായി ഇരിക്കുന്ന സമയത്ത് അന്നത്തെ സര്‍ക്കാരുമായി ആലോച്ചിച്ചാണ് തീരുമാനമെടുത്തതും. അതിന് ശേഷമാണ് മേള വളരെയധികം വളരുന്നത്. അതുകൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഐഎഫ്എഫ്‌കെ മാറ്റിക്കൊണ്ട് പോകുന്നതിനോട് എനിക്ക് യോജിപ്പില്ല. അങ്ങനെയൊരു പ്ലാന്‍ സര്‍ക്കാരിനുള്ളതായി എനിക്ക് തോന്നുന്നുമില്ല. ഇന്നത്തെ അവസ്ഥയില്‍ വേറെ വഴിയില്ലാത്തത് കൊണ്ടാണ് നാല് സ്ഥലത്തായി ചെയ്യുന്നത്. അല്ലെങ്കില്‍ പിന്നെ ഈ വര്‍ഷം ചലച്ചിത്രമേള വേണ്ടെന്ന് വയ്‌ക്കേണ്ടിവരും.