സംസ്ഥാനത്ത് കൊവിഡ് 19 രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ആരോഗ്യവകുപ്പിന്റെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നത് പ്രമേഹം ഉള്‍പ്പെടെ ജീവിതശൈലി രോഗമുള്ളവരാണ്. കൊവിഡ് 19 സമൂഹവ്യാപന ഘട്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യമുണ്ടായാല്‍ പ്രായമായവരിലും, പ്രമേഹം ഉള്‍പ്പെടെ ജീവിതശൈലീ രോഗം ഉള്ളവരും അതീവ മുന്‍കരുതല്‍ സ്വീകരിക്കേണ്ടി വരും. കൊവിഡ് ദുരിതം വിതച്ച രാജ്യങ്ങളിലെ മരണനിരക്ക് പരിശോധിച്ചാല്‍ വയോജനങ്ങളിലും പ്രമേഹമുള്‍പ്പെടെയുള്ള രോഗങ്ങളുള്ളവരുമാണ് കൂടുതല്‍. കൊവിഡ് ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ മരിച്ച 19 ശതമാനം പേരും ജീവിത ശൈലീ രോഗങ്ങളുള്ളവരാണെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. കേരളത്തിലെ ആദ്യ കൊവിഡ് മരണം പരിശോധിച്ചാല്‍, മരിച്ച എറണാകുളം സ്വദേശി സേട്ട് യാക്കൂബ് ഹുസൈനിന് പ്രമേഹരോഗം ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് മരിച്ച അബ്ദുള്‍ അസീസും ദീര്‍ഘനാളായി രക്തസമ്മര്‍ദ്ദം ഉള്ള ആളായിരുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രമേഹ രോഗികള്‍ ഉള്ളത് കേരളത്തിലാണ്. സംസ്ഥാനത്തെ 18 വയസ്സിന് മുകളിലുള്ള 19.2 ശതമാനം പേര്‍ പ്രമേഹ രോഗികളാണ്. കേരളത്തിന് പിറകില്‍ പഞ്ചാബാണ്. 13.5ശതമാനം പ്രമേഹബാധിതരാണ് ഇവിടെയുള്ളത്. തൊട്ട് പിന്നിലുള്ള തമിഴ്‌നാട്ടില്‍ 10 ശതമാനമാണ്. ഇന്ത്യയില്‍ ശരാശരി 8 ശതമാനമായിരിക്കുമ്പോള്‍ കേരളത്തില്‍ 19 ശതമാനമാണ്. 60ല്‍ കൂടുതല്‍ പ്രായമുള്ളവരില്‍ 39 ശതമാനവും പ്രമേഹരോഗികളാണ്. കേരളത്തിലെ ജീവിതശൈലീരോഗബാധിതരെക്കുറിച്ച് സംസ്ഥാന സര്‍ക്കാരും ശ്രീചിത്ര മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്.
കൊവിഡ്19 ബാധിതര്‍ക്ക് പ്രമേഹം,ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കാന്‍സര്‍, വൃക്കരോഗം എന്നിവ കൂടിയുണ്ടെങ്കില്‍ മരണം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്. ഈ രോഗമുള്ളവരില്‍ പ്രതിരോധശേഷി കുറവാണെന്നതാണ് മരണനിരക്ക് കൂടാന്‍ കാരണം. ഇറ്റലിയില്‍ ഉള്‍പ്പെടെ കൊവിഡ് വലിയ തോതില്‍ റിപ്പോര്‍്ട്ട് ചെയ്യപ്പെട്ടവരില്‍ മരണപ്പെട്ടവരില്‍ ഭൂരിഭാഗവും വയോജനങ്ങളാണ്.
സാമൂഹവ്യാപനം ഉണ്ടായാല്‍ മരണനിരക്ക് കൂടുതലായിരിക്കും. ഇറ്റലിയില്‍ 80ന് മുകളില്‍ പ്രായമുള്ളവരില്‍ മരണനിരക്ക് കൂടുതലായിരുന്നു. പിന്നെയുള്ളത് 72 മുതല്‍ 80 വരെയുള്ള പ്രായക്കാരാണ്. ഇവിടെ അതിലും കുറഞ്ഞ പ്രായമായവരിലും ഗുരുതരമാകും. പ്രമേഹം നിയന്ത്രണവിധേയമല്ലാത്തവരില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് ചികിത്സ തേടുന്നത്.
ഡോക്ടര്‍ കെ.പി അരവിന്ദന്‍
കേരളത്തിലെ ജനസംഖ്യയില്‍ 15 ശതമാനം പേര്‍ 60 വയസ്സിന് മുകളില്‍ പ്രായമായവരാണ്. മൂന്നരക്കോടി ജനങ്ങളില്‍ 50 ലക്ഷത്തോളമുണ്ടാകും ഈ വിഭാഗത്തില്‍. ഇതില്‍ ഇരുപത് ലക്ഷം പേരെങ്കിലും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയുള്ളവരാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. മുപ്പത് ശതമാനം പേരാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളത്. ഹൃദ്രോഗികളുടെ എണ്ണത്തിലും കേരളമാണ് മുന്നില്‍. ജീവിതശൈലി രോഗങ്ങളില്ലാത്ത പ്രായമായവര്‍ കുറവാണെന്നതാണ് ഈ വൈറസ് രോഗ കാലത്ത് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്ന് കാസര്‍കോട് കേന്ദ്രസര്‍വകലാശാലയിലെ ഡോക്ടര്‍ കെ ആര്‍ തങ്കപ്പന്‍ പറയുന്നു.
കൊറോണ വലിയ വിനാശകാരിയായ വൈറസല്ല. പ്രതിരോധിച്ച് രോഗം പകരുന്നത് തടയാനും കഴിയും. അസുഖമുള്ളവരാണ് കേരളത്തിലും മരിച്ചത്. ലോക് ഡൗണിന് ശേഷം പ്രായമായവരെ ഐസലേഷനിലേക്ക് മാറ്റുന്ന രീതിയായിരിക്കും ഉണ്ടാവുകയെന്നാണ് പ്രതീക്ഷിക്കുന്നത്. കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും വൈറസ് ബാധയുണ്ടായാലും മരണസാധ്യത കുറവാണ്.
കെ.ആര്‍ തങ്കപ്പന്‍
പ്രമേഹത്തിന് സ്ഥിരമായി മരുന്ന് കഴിയുന്നവര്‍ കേരളത്തില്‍ 15 ശതമാനത്തില്‍ താഴെയാണെന്നാണ് പഠനം പറയുന്നത്. 126 മില്ലി ഗ്രാമില്‍ കൂടുതലാണെങ്കിലാണ് നിയന്ത്രണവിധേയമല്ലെന്ന് കണക്കാക്കുന്നത്. മരുന്ന് കഴിച്ചും നിയന്ത്രിക്കാന്‍ കഴിയുന്നത് വിഭാഗത്തിലുള്ളവരാണിത്. ഇവിടെ 15 ശതമാനമാകുമ്പോള്‍ വിദേശരാജ്യങ്ങളില്‍ 60 ശതമാനം വരെ പ്രമേഹരോഗികള്‍ ഈ വിഭാഗത്തിലാണ്.
വ്യാജ ചികിത്സയും കൊറോണക്കാലത്തെ തിരിച്ചടിയും
പ്രമേഹം ഉള്‍പ്പെടെയുള്ള ജീവിത ശൈലി രോഗങ്ങളുടെ കൃത്യമായ ചികിത്്‌സയ്ക്ക് തിരിച്ചടിയാകുന്നത് രോഗത്തെക്കുറിച്ചുള്ള അനാവശ്യ ഭീതികളും വ്യാജ പ്രചരണങ്ങളുമാണ്. പ്രമേഹത്തിന് ചികിത്സ തുടങ്ങിയാല്‍ ജീവിതാവസാനം വരെ മരുന്ന് കഴിക്കേണ്ടി വരുമെന്നതാണ് പലരെയും പിന്തിരിപ്പിക്കുന്നത്.
കൃത്യമായ ചികിത്സ കിട്ടാത്തത് കൊണ്ടാണ് വൃക്കരോഗികളുടെ എണ്ണം കൂടുന്നതെന്നതെന്ന് കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിലെ പ്രൊഫസര്‍ ഡോക്ടര്‍ വിജയകുമാര്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ഡയാലീസിസ് രോഗികളുള്ളതും ചികിത്സാ കേന്ദ്രങ്ങളുള്ളതും കേരളത്തിലാണ്. കൊറോണ പെട്ടെന്നുണ്ടായ ഭീഷണിയാണ്. ജീവിതശൈലി രോഗങ്ങള്‍ വളരെ കാലമായി നേരിടുന്ന പ്രതിസന്ധിയും. ജീവന് പെട്ടെന്നുണ്ടാകുന്ന ഭീഷണിയെയാണ് മനുഷ്യര്‍ ഭയക്കുന്നത്. അതാണ് കൊവിഡ് നിയന്ത്രണങ്ങളെ എതിര്‍പ്പില്ലാതെ അനുസരിക്കാന്‍ തയ്യാറായത്. സിഗരറ്റ് വലിക്കുന്നവര്‍ പെട്ടെന്ന് മരിക്കുമായിരുന്നെങ്കില്‍ ആരും അത് ഉപയോഗിക്കില്ലായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബുദ്ധിമുട്ടുണ്ടാകുന്നത് എന്നത് കൊണ്ടാണ് ആളുകള്‍ ഭയക്കാത്തത്. ജീവിതശൈലി രോഗങ്ങളുടെ കാര്യവും ഇത് തന്നെയാണെന്നും ഡോക്ടര്‍ വിജയകുമാര്‍ നിരീക്ഷിക്കുന്നു.
അശാസ്ത്രീയമായ വാദങ്ങളും രോഗമുക്തിക്കുള്ള മന്ത്രവാദങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യാജ ചികില്‍സയും വലിയ പ്രതിസന്ധിയാണ് ആരോഗ്യമേഖലയില്‍ ണ്ടാക്കുന്നത്. വിദ്യാഭ്യാസം നേടിയവര്‍ പോലും ഇത്തരം വ്യാജചികില്‍സാ രീതി പിന്‍തുടരുന്നത് കാണാം. അറിവില്ലായ്മ കൊണ്ട് ഒരാളും വ്യാജ ചികിത്സയുടെ ഇരകളാവരുതെന്നാണ് ആദ്യം ഉറപ്പിക്കേണ്ടത്.
ഡോക്ടര്‍ വിജയകുമാര്‍
കൊവിഡും ലോക് ഡൗണും ലോക്ഡൗണായതോടെ മരുന്ന് കഴിച്ച് ചിട്ടയായി ജീവിച്ചിരുന്നവര്‍ പോലും ആനാരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് മാറിയേക്കാമെന്നാണ് ആരോഗ്യവിദഗ്ധരുടെ ആശങ്ക. വീട്ടിലിരിക്കുമ്പോള്‍ ഡയറ്റ് തെറ്റും. വ്യായാമം കുറയും. പ്രമേഹരോഗികളുടെ അവസ്ഥ മോശമാകാന്‍ ഇടയാക്കും. കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഇത് കൂടുതല്‍ അപകടമുണ്ടായേക്കാമെന്നും മുന്നറിയിപ്പ് നല്‍കുന്നു. മെഡിക്കല്‍ കോളേജുകള്‍ക്കും സ്വകാര്യ ആശുപത്രികളിലെ സെന്ററുകള്‍ക്കും പുറമേ കിഫ്ബിയിലൂടെ താലൂക്ക് ആശുപത്രികളുള്‍പ്പെടുന്ന 44 ഡയാലിസിസ് സെന്ററുകളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. മെഡിക്കല്‍ കോളേജുകള്‍ കൊവിഡ് രോഗ ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുമ്പോഴും ഡയാലിസിസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തുടരുന്നുണ്ട്.
കൊവിഡ് നിയന്ത്രണങ്ങള്‍ വന്നപ്പോള്‍ ബുദ്ധിമുട്ടുന്നതും ഈ രോഗികളാണ്. 70 ശതമാനത്തിലധികം പേരും ഡയലീസിസ് ചെയ്യേണ്ടി വരുന്നത് കൃത്യമായി മരുന്ന് കഴിക്കാന്‍ തയ്യാറാവാത്തത് കൊണ്ടാണ്.
കെപി അരവിന്ദന്‍
ജീവിത ശൈലി രോഗങ്ങളുള്ളവര്‍ രണ്ട് മാസത്തേക്കെങ്കിലും മരുന്ന് കരുതിവെക്കണം. കൃത്യമായി മരുന്ന് കഴിക്കണം. അല്ലെങ്കില്‍ കൊറോണ വൈറസ് ബാധയുണ്ടായാല്‍ ജീവന്‍ രക്ഷിച്ചെടുക്കാന്‍ പ്രയാസമാകും. അലംഭാവം കാണിക്കരുതെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.