പാലാരിവട്ടം പാലം പൊളിച്ചുപണിയുന്നതിനെതിരെ രംഗത്തെത്തിയത് കൊച്ചിയിലെ എന്‍ജിനീയറിങ് മാഫിയയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഇ ശ്രീധരന്‍ ഉള്‍പ്പടെ പാലം പൊളിച്ച് പണിയണമെന്ന റിപ്പോര്‍ട്ട് നല്‍കിയിട്ടും നിര്‍മ്മാണം വൈകിയതിന് കാരണം തല്‍പര കക്ഷികളുടെ അനാവശ്യ ഇടപെടലാണെന്നും മന്ത്രി ദ ക്യുവിനോട് പറഞ്ഞു.
അറ്റകുറ്റപ്പണികള്‍ നടത്തിയാലും പാലം നിലനില്‍ക്കില്ല
പാലാരിവട്ടം പാലം താല്‍കാലികമായി അറ്റകുറ്റപ്പണികള്‍ നടത്തിയാലും നിലനില്‍ക്കില്ല. പൊളിച്ചു പണിയണം. ഇതു തന്നെയായിരുന്നു ഇ ശ്രീധരനുള്‍പ്പടെയുള്ള വിദഗ്ധര്‍ വ്യക്തമാക്കിയതും. 9 മാസം കൊണ്ട് 100 വര്‍ഷം ആയുസുള്ള പാലം നിര്‍മ്മിച്ച് നല്‍കാമെന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. മുഖ്യമന്ത്രി ഉള്‍പ്പടെ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അത് മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തതാണ്. പാലം പണിയാന്‍ തുടങ്ങവെയാണ് ചില തല്‍പരകക്ഷികള്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തത്.
ഇ ശ്രീധരന്‍ നല്‍കിയ റിപ്പോര്‍ട്ട് ഉള്‍പ്പടെ കോടതിയില്‍ നല്‍കിയിരുന്നു. എന്നിട്ടും ഭാരപരിശോധന നടത്തണം എന്ന അണ്‍ പ്രൊഫഷണല്‍ ആയ വിധിയായിരുന്നു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ചത്. പക്ഷപാതപരമായ ഒരു വിധിയായിരുന്നു അതെന്ന് നിയമത്തെ കുറിച്ച് അറിയുന്ന ആര്‍ക്കും മനസിലാകുമായിരുന്നു. അതുകൊണ്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. പിഡബ്ല്യുഡി ചീഫ് എന്‍ജിനീയര്‍മാരും, ഇ ശ്രീധരനും, മദ്രാസ് ഐഐടിയുമുള്‍പ്പടെ നല്‍കിയ റിപ്പോര്‍ട്ടുകളും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.'
ഇ ശ്രീധരനുമായി സംസാരിച്ചു
സുപ്രീംകോടതി വിധി വന്നതിന് പിന്നാലെ ഇ ശ്രീധരനുമായി ബന്ധപ്പെടുകയും, പാലം പണി ആരംഭിക്കുന്നതിനെ കുറിച്ച് സംസാരിക്കുകയും ചെയ്തുവെന്നും മന്ത്രി അറിയിച്ചു. കാലതാമസം വന്നതുകൊണ്ട് പാലംനിര്‍മ്മിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്ക് കൊണ്ട് പോയെന്നും, പാലം നിര്‍മ്മാണം ഏറ്റെടുക്കുന്ന കാര്യം ആലോചിച്ച ശേഷം അറിയിക്കാമെന്നുമാണ് ഇ ശ്രീധരന്‍ അറിയിച്ചത്. മുഖ്യമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹത്തെ വിളിച്ചത്. താല്‍പര്യമറിയിച്ചാല്‍ അദ്ദേഹത്തിനെ തന്നെ നിര്‍മ്മാണം ഏല്‍പ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അല്ലെങ്കില്‍ മറ്റു കമ്പനികള്‍ക്ക് കരാര്‍ നല്‍കും.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
നിര്‍മ്മാണം എത്രയും വേഗത്തില്‍
എത്രയും വേഗം പാലം നിര്‍മ്മാണം ആരംഭിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലെ ഒരു എന്‍ജിനീയറിങ് മാഫിയയാണ് പാലം പൊളിച്ച് പണിയുന്നതിനെതിരെ രംഗത്തെത്തിയത്. പൊതുനിര്‍മ്മിതികളെ തടയാന്‍ സ്ഥിരമായ ശ്രമം ഉണ്ടാകുന്നുണ്ട്. വൈറ്റില പാലത്തിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. അനാവശ്യമായി ഇവര്‍ ഇടപെട്ടതു കൊണ്ടാണ് പാലം നിര്‍മ്മാണത്തില്‍ കാലതാമസം വന്നത്, അല്ലെങ്കില്‍ ഇ ശ്രീധരന്‍ അറിയിച്ചത് പോലെ 9 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാകുമായിരുന്നു.
കൊച്ചിയിലെ മാഫിയ
കൊച്ചിയിലെ ഈ മാഫിയ സംഘം എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. അവര്‍ പാലം നിര്‍മ്മിച്ച കമ്പനികള്‍ക്ക് വേണ്ടി വാദിക്കുന്നത് എന്തിനാണ്? അവരെ കൊച്ചിയിലെ ജനങ്ങള്‍ നേരിടുമെന്നാണ് ഇപ്പോള്‍ പറയാനുള്ളതെന്നും ജി സുധാകരന്‍.