'ഞങ്ങള്‍ക്ക് ഒറ്റലക്ഷ്യമേ ഉണ്ടായിരുന്നുള്ളു. ക്ലീനിംഗ് സ്റ്റാഫ് മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ളവര്‍ ആ ലക്ഷ്യത്തിനായി കൂട്ടായ്മയോടെ പ്രവര്‍ത്തിച്ചു. ജനങ്ങളുടെ പൂര്‍ണ പിന്തുണ ലഭിച്ചു. സമൂഹവ്യാപനമില്ലെന്ന് ഉറപ്പിക്കുക കൂടിയാണ് ഇനി ചെയ്യാനുള്ളത്'.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍ഗോഡ് ജില്ലയിലെ നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ എ.ടി മനോജ് ആത്മവിശ്വാസത്തോടെ പറയുന്നു. 168 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കൊവിഡ് വൈറസ് ബാധയേറ്റത്. ഈ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചികിത്സയിലുള്ളത് 61 പേര്‍. ഒറ്റ മരണവും കാസര്‍ഗോഡ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊവിഡ് രോഗവ്യാപനത്തിന്റെ തുടക്കത്തില്‍ സംസ്ഥാനത്തെ ആരോഗ്യവകുപ്പിന് മുന്നില്‍ ഏറ്റവും വലിയ വെല്ലുവിളിയായി നിന്നിരുന്ന കാസര്‍ഗോഡ് ജില്ല ഒരുമാസം പിന്നിടുമ്പോള്‍ രോഗികളുടെ എണ്ണക്കുറവിലൂടെയും രോഗമുക്തി നേടുന്നവരിലൂടെയും ആശ്വാസ വാര്‍ത്തയുടെ ഇടമായി. സമൂഹവ്യാപനമില്ലെന്ന് ഉറപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.
ആദ്യ കേസ് ഫെബ്രുവരിയില്‍, അതിജാഗ്രതയുടെ രണ്ടാം ഘട്ടം
ഫെബ്രുവരി മൂന്നിനാണ് ജില്ലയിലെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വുഹാനില്‍ നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. വിദ്യാര്‍ത്ഥി ഫെബ്രുവരി 16ന് രോഗമുക്തി നേടി ആശുപത്രി വിട്ടു. ഒരുമാസത്തിന് ശേഷമാണ് ജില്ലയില്‍ രണ്ടാംഘട്ടം ആരംഭിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ തിരിച്ചെത്തിയതിന് പിന്നാലെ കേസുകളുടെ എണ്ണം കൂടി.
രോഗം റിപ്പോര്‍ട്ട് ചെയ്യാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. സ്വകാര്യ ആശുപത്രികളെ കൂടി ഉള്‍പ്പെടുത്തിയാണ് സജ്ജമാക്കിയത്, ഡപ്യൂട്ടി ഡിഎംഒ കൂടിയായ എ ടി മനോജ് കാസര്‍ഗോട്ടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നത് ഇങ്ങനെ. ഗള്‍ഫില്‍ ഉള്‍പ്പെടെ വിദേശങ്ങളില്‍ ജോലി ചെയ്യുന്ന ധാരാളം ആളുകളുള്ള ജില്ലയാണ് കാസര്‍കോട്. വിദേശത്ത് നിന്ന് എത്തിയവരുടെ പട്ടിക തയ്യാറാക്കാന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. അവരെ വീടുകളില്‍ നിരീക്ഷണത്തിലാക്കി. വികേന്ദ്രീകൃത ചികിത്സാ സംവിധാനം ഏര്‍പ്പെടുത്തി. സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ ഹെല്‍പ്പ് ഡസ്‌കുകള്‍ സ്ഥാപിച്ചു. ലക്ഷണങ്ങളുള്ളവരെ പൊതുജനങ്ങളുമായി സമ്പര്‍ക്കമില്ലാതെ തന്നെ സഞ്ചരിച്ച് പരിശോധനകള്‍ക്ക് വിധേയരാക്കാനുള്ള സംവിധാനം ഉണ്ടാക്കി. ഫെബ്രുവരിയില്‍ തന്നെ ഇത്തരം നിരീക്ഷണം ശക്തമാക്കിയിരുന്നു. വിദേശത്ത് നിന്ന് വന്ന എല്ലാവരുടെയും പട്ടിക ഉണ്ടായിരുന്നു എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. മള്‍ട്ടി സ്‌പെഷ്യാലിറ്റി ചികിത്സക്ക് മംഗലാപുരത്തെ ആശുപത്രികളെ ആശ്രയിക്കുന്നവരാണ് കാസര്‍കോടുള്ളത്. ജില്ലാ ആശുപത്രിയില്‍ തന്നെ കൊവിഡ് രോഗികളെ ചികിത്സിക്കാന്‍ ആരോഗ്യവകുപ്പിലെ മുഴുവന്‍ ജീവനക്കാരും ഒരുമിച്ച് തീരുമാനമെടുത്തു. സമ്പര്‍ക്ക പട്ടികകള്‍ പെട്ടെന്ന് തയ്യാറാക്കാനും അതിനനുസരിച്ച് പ്രവര്‍ത്തിക്കാനും ജീവനക്കാര്‍ തയ്യാറായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ കൊറോണ കണ്‍ട്രോള്‍ സെല്ലും ആരംഭിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രി ആദ്യ കോവിഡ് ആശുപത്രിയാക്കി. പെരിയയില്‍ കേരള കേന്ദ്ര സര്‍വകലാശാലയുടെ പി.സി.ആര്‍ ലാബില്‍ സാമ്പിള്‍ പരിശോധനാ കേന്ദ്രം ആരംഭിച്ചു.
കൊവിഡ് ഭീതിക്കൊപ്പം ചികിത്സാ സൗകര്യങ്ങളുടെ അപര്യാപ്തത
ചികില്‍സാ സൗകര്യങ്ങളുടെ കാര്യത്തില്‍ പിന്നോക്കം നില്‍ക്കുന്ന ജില്ല എന്നത് തുടക്കം മുതല്‍ കാസര്‍ഗോഡിന്റെ കാര്യത്തില്‍ ആശങ്കയായിരുന്നു. രോഗനിര്‍ണയത്തിനടക്കം പ്രധാനമായും ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെ ആണ്. രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ണാടക അതിര്‍ത്തി അടച്ചതോടെ ജില്ലയിലെ രോഗികള്‍ ദുരിതത്തിലായി. സംസ്ഥാന സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് കര്‍ണാടകയുമായി ചര്‍ച്ച നടത്തിയെങ്കിലും ഇത് കോടതി നടപടികളിലേക്ക് വരെ നീങ്ങി.
നാല് ദിവസം കൊണ്ട് മെഡിക്കല്‍ കോളജ് കൊവിഡ് ആശുപത്രി
ഈ ഘട്ടത്തിലാണ് ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജിലെ പണിപൂര്‍ത്തിയായ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് കോവിഡ് ആശുപത്രിയായി സജ്ജീകരിച്ചത്. നാലു ദിവസം കൊണ്ട് മെഡിക്കല്‍ കോളേജിനെ കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റി. കൊവിഡ് രോഗബാധിതര്‍ക്ക് വേണ്ടി ആദ്യ ഘട്ടത്തില്‍ ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് ഇവിടെ തയ്യാറാക്കിയത്. കൊവിഡ് ചികിത്സയ്ക്കായി പ്രത്യേക ആശുപത്രിയായി ക്രമീകരിക്കുക മറ്റ് ആശുപത്രികളെന്ന പോലെ എളുപ്പമല്ലായിരുന്നുവെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എത്തിയ പ്രത്യേക സംഘത്തിലുണ്ടായിരുന്ന ഡപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ സന്തോഷ്‌കുമാര്‍ എസ് എസ്.
'200 ബെഡ് കൊവിഡ് ആശുപത്രി തയ്യാറാക്കാന്‍ ആദ്യദിവസം തന്നെ കഴിഞ്ഞു. കൊവിഡ് ചികില്‍സയ്ക്കായി സജ്ജീകരിക്കുമ്പോള്‍ രോഗികള്‍ക്കായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കണം. പ്രവേശിക്കാനും പുറത്തു കടക്കാനും ഒറ്റവഴി ആയിരിക്കണം. നാല് മണിക്കൂര്‍ കൂടുമ്പോള്‍ അണുവിമുക്തമാക്കണം. ബഫര്‍ സോണ്‍, സര്‍വീസ് ഏരിയ,പേഷ്യന്റ്‌സ് കെയര്‍ ഏരിയ എന്നിങ്ങനെ മൂന്നായി തിരിക്കണം. ജില്ലാ ആശുപത്രിയില്‍ 110 കിടക്കകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് കൊവിഡ് ആശുപത്രിയായി മാറ്റിയതിനാല്‍ 105 ബെഡിലും രോഗികളുണ്ടായിരുന്നു. മറ്റ് രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു സ്വകാര്യ ആശുപത്രികള്‍ പോലും ഉണ്ടായിരുന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവരാണ് മംഗലാപുരത്തെ ആശുപത്രികളെ പ്രധാനമായും ആശ്രയിച്ചിരുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ ആരോഗ്യമേഖലയെ വിശ്വാസത്തിലെടുക്കാത്ത രോഗികളും വെല്ലുവിളിയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും കര്‍ണാടകയിലേക്ക് കടത്തിവിട്ടില്ല. കൊവിഡ് കാലയളവില്‍ ഭീതി നിറഞ്ഞ സാഹചര്യമായിരുന്നു കാസര്‍കോട് ജില്ലക്കാര്‍ നേരിട്ടത്. ഇതിനെ മറികടക്കാന്‍ മെഡിക്കല്‍ കോളേജിലൂടെ സാധിച്ചു. സഹായിക്കാന്‍ ആരും ഇല്ലെന്ന തോന്നല്‍ മാറ്റാന്‍ കഴിഞ്ഞു. ജില്ലാ മെഡിക്കല്‍ ടീമിന് ധാര്‍മ്മിക പിന്തുണ നല്‍കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം.
ആശുപത്രിയിലേക്ക് വേണ്ട സാധനങ്ങള്‍ എല്ലാം എത്തിയിരുന്നു. ആവശ്യമായ മരുന്നുകള്‍ ആരോഗ്യവകുപ്പിന്റെ കൈവശവുമുണ്ടായിരുന്നു. ഫാര്‍മസി, ലാബ്, വാര്‍ഡുകള്‍ എന്നിവ നിശ്ചയിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഞങ്ങള്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. ഒറ്റദിവസം കൊണ്ട് തന്നെ മോക് ഡ്രില്ലു ട്രെയിനിംഗും നടത്തി വൈകീട്ടോടെ ആറ് രോഗികളെ പ്രവേശിപ്പിച്ചു. മെഡിക്കല്‍ കോളജിലെ അക്കാദമിക് ബ്ലോക്കില്‍ കൊവിഡ് വാര്‍ഡ് സജ്ജീകരിക്കാന്‍ പെട്ടെന്ന് സാധിച്ചത് രോഗവ്യാപനം കുറക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചെന്നും ഡോ.സന്തോഷ് കുമാര്‍.
68 കേസുകള്‍ സമ്പര്‍ക്കത്തിലൂടെ, പഴുതടക്കാന്‍ സമൂഹ സര്‍വേ
68 കേസുകളാണ് സമ്പര്‍ക്കത്തിലൂടെ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇത് സമൂഹ വ്യാപനമാണെന്ന് ഉറപ്പിക്കാനുള്ള തെളിവ് കിട്ടിയിട്ടില്ലെന്ന് ആരോഗ്യവകുപ്പ്. സമൂഹ സര്‍വേ നടക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അഞ്ച് പഞ്ചായത്തുകളും, രണ്ട് മുനിസിപ്പാലിറ്റികളുമാണ് കര്‍ശന നിരീക്ഷണത്തിലുള്ളത്. കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളും ചെമ്മനാട്, മധൂര്‍, പള്ളിക്കര, ഉദുമ, മൊഗ്രാല്‍-പുത്തൂര്‍ പഞ്ചായത്തുകളിലുമാണ് സമൂഹ സര്‍വേ നടക്കുന്നത്. രണ്ട് ദിവസത്തിനകം സര്‍വേ പൂര്‍ത്തിയാക്കാനാകുമെന്നാണ് ആരോഗ്യവകുപ്പ് പ്രതീക്ഷിക്കുന്നത്. സംശയം തോന്നിയ 250 പേരെ പരിശോധിച്ചു. ഇതില്‍ 100 പേരുടെ ഫലം നെഗറ്റീവാണ്. ഏതെങ്കിലും വീട്ടില്‍ കൊവിഡ് ലക്ഷണമുള്ളവരുണ്ടെങ്കില്‍ കണ്ടെത്തി ചികിത്സ നല്‍കാനാണ് ശ്രമം. വിദേശത്ത് നിന്ന് വന്നവരുടെ മാത്രമല്ല, അല്ലാത്തവരെയും നിരീക്ഷിക്കുന്നുണ്ട്, ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.എ.ടി മനോജ് പറഞ്ഞു.
മുഖ്യമന്ത്രി പ്രതിദിന അവലോകന യോഗത്തിന് ശേഷം നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിനൊപ്പം സംസ്ഥാനം ഏറ്റവും ആശ്വാസത്തോടെ കേട്ടിരുന്നത് കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് കേസുകള്‍ കുറയുന്നതായിരുന്നു. ഓരോ ദിവസവും കൂടുതല്‍ ഫലങ്ങള്‍ നെഗറ്റീവാകുകയും, രോഗികള്‍ ആശുപത്രി വിടുകയും ചെയ്യുമ്പോള്‍ ആരോഗ്യമേഖലയിലെ പിന്നോക്കാവസ്ഥയുടെ പേരില്‍ പഴികേട്ട ജില്ലയുടെ അതീജീവനം കൂടിയായിരുന്നു കാസര്‍ഗോഡിന്. സമൂഹവ്യാപനത്തിനുള്ള അവസാന വൈറസിനെയും ഇല്ലാതാക്കി സമ്പൂര്‍ണ രോഗമുക്തി നേടാനുള്ള അധ്വാനത്തിലാണ് കാസര്‍ഗോട്ടെ ആരോഗ്യപ്രവര്‍ത്തകരും ഭരണസംവിധാനവും.