ഐ.ഐ.ടികളില്‍ കൊല്ലപ്പെടുന്ന വിദ്യാര്‍ത്ഥികള്‍; ഫാത്തിമ ലത്തീഫിന് നീതി വൈകരുത്

ഐ.ഐ.ടികളില്‍ കൊല്ലപ്പെടുന്ന വിദ്യാര്‍ത്ഥികള്‍; ഫാത്തിമ ലത്തീഫിന് നീതി വൈകരുത്
Published on

എന്റെ ജനനമാണ് എനിക്ക് സംഭവിച്ച ഏറ്റവും വലിയ അപകടമെന്ന് എഴുതിവെച്ചാണ് ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്യുന്നത്. രോഹിതിന് മുമ്പും പിന്നെയും വിവേചനങ്ങള്‍ ചൂണ്ടിക്കാട്ടി ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ആത്മഹത്യകള്‍ നടന്നു. ജാതിവിവേചനത്തിനെതിരെ നിരാഹാര സമരമിരുന്ന ദീപ വിജയിച്ച് പുറത്തിറങ്ങുമ്പോള്‍ ചെന്നൈ ഐ.ഐ.ടി വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫിന് ഇനിയും നീതി കിട്ടിയിട്ടില്ല.

ഇന്ന് ഫാത്തിമ മരിച്ചിട്ട് രണ്ട് വര്‍ഷം തികയുകയാണ്. ഫാത്തിമയുടെ ആത്മഹത്യ സി.ബി.ഐ. ഏറ്റെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ തമിഴ്നാട് മുഖ്യമന്ത്രിയെയടക്കം കാണാനുള്ള തയ്യാറെടുപ്പിലാണ് കുടുംബം. മകള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഫാത്തിമ ലത്തീഫിന്റെ പിതാവ് അബ്ദുള്‍ ലത്തീഫ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്നാണ് അബ്ദുള്‍ ലത്തീഫ് പറഞ്ഞത്.

ഹുമാനീറ്റീസ് ആന്‍ഡ് ഡെവലപ്പ്‌മെന്റ് സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന ഫാത്തിമ ലത്തീഫ് ചെന്നൈ ഐ.ഐ.ടിയിലെ ഫാക്കല്‍റ്റിയുടെ പേര് എഴുതിവെച്ചാണ് ആത്മഹത്യ ചെയ്തത്. ഫാത്തിമ മദ്രാസ് എ.ഐ.ടി യില്‍ മതത്തിന്റേ പേരില്‍ വിവേചനം നേരിട്ടുവെന്നാണ് അബ്ദുള്‍ ലത്തീഫ് മാധ്യമങ്ങളോട് പറഞ്ഞത്.

കണക്കുകള്‍ പ്രകാരം 2006 മുതല്‍ 2019 വരെ 18 വിദ്യാര്‍ത്ഥികളാണ് ഐ.ഐ.ടി മദ്രാസ് ക്യാമ്പസില്‍ ആത്മഹത്യ ചെയ്തത്. ഇതില്‍ ഒരാള്‍ ഫാക്കല്‍റ്റി കൂടിയാണ്.

ജാതി വിവേചനം ആരോപിച്ച് ജൂലായില്‍ മദ്രാസ് ഐ.ഐ.ടിയിലെ അധ്യാപകനായിരുന്നു വിപിന്‍ പി വീട്ടില്‍ രാജിക്കത്ത് നല്‍കിയിരുന്നു. ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍ഡ് ഷെഡ്യൂള്‍ ട്രൈബ് നാഷണല്‍ കമ്മീഷന്‍ വൈസ് ചെയര്‍പേഴ്‌സന് വിപിന്‍ എഴുതിയ കത്തില്‍ ഫാക്കല്‍റ്റികളെ തെരഞ്ഞെടുക്കുന്ന ഘട്ടം മുതല്‍ക്ക് തന്നെ ഐ.ഐ.ടികളില്‍ ജാതി വിവേചനം ആരംഭിക്കുന്നുവെന്നാണ് പറയുന്നത്.

ഉന്നത സ്വാധീനമുള്ളവര്‍ തങ്ങളുടെ ബന്ധുക്കളുടെ യോഗ്യതയ്ക്ക് അനുസരിച്ചാണ് പലപ്പോഴും ഫാക്കല്‍റ്റികളെ തെരഞ്ഞെടുക്കുന്നതിനായുള്ള പത്രപരസ്യം പോലും നല്‍കുന്നതെന്നാണ് വിപിന്‍ ആരോപിക്കുന്നത്. മദ്രാസ് ഐ.ഐ.ടിയില്‍ എല്ലാ ഡയറക്ടേഴ്‌സും ബ്രാഹ്‌മണരാണെന്ന് വിപിന്‍ എഴുതിയ തുറന്ന കത്തില്‍ പറയുന്നു. ഭൂരിഭാഗം ഡീനുകളും ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റുകളും ബ്രാഹ്ണര്‍ തന്നെയാണെന്നാണ് വിപിന്‍ പറയുന്നത്. പത്രപരസ്യത്തില്‍ നിന്ന് ആരംഭിക്കുന്ന വിവേചനം ഉദ്യോഗാര്‍ത്ഥികളുടെ ചുരുക്ക പട്ടിക തയ്യാറാക്കുന്നതിലും അഭിമുഖത്തിന്റെ സമയത്തും പ്രതിഫലിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഐ.ഐ.ടി, എന്‍.ഐ.ടി തുടങ്ങിയ സ്ഥാപനങ്ങളില്‍ എന്‍ റോള്‍ ചെയ്യപ്പെടുന്ന മുസ്ലിങ്ങള്‍ 1.92 ശതമാനം മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2020 ലെ നാഷണല്‍ എഡ്യുക്കേഷന്‍ പോളിസിയിയും മുസ്ലിം വിഭാഗത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിട്ടുമില്ല.

ജാതീയമായ വിവേചനങ്ങള്‍ നേരിടുന്നുവെന്ന പരാതികള്‍ നിരന്തരം ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്ന് ഉയര്‍ന്നു വരുന്നുണ്ട്. പുറത്തേക്ക് വരുന്ന വിവേചനങ്ങളേക്കാള്‍ തീവ്രമാണ് ഇന്ത്യന്‍ ക്യാംപസുകള്‍ക്ക് അകത്തുള്ള ജാതീയമായ വിവേചനങ്ങള്‍ എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ഇന്ത്യയുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രത്യേകിച്ച് സാങ്കേതിക മേഖലകളില്‍ ജാതീയത പ്രബലമാണെന്ന് മാത്രമല്ല സ്ഥാപനവത്കരിക്കപ്പെട്ടിരിക്കുകയുമാണെന്നാണ് അടുത്തിടെ നടന്ന ഒരു പഠനം പറയുന്നത്. ജാതീയതയുടെ സൂക്ഷ്മവും പ്രത്യക്ഷവുമായ രൂപങ്ങളെ ഇവര്‍ അംഗീകരിക്കുന്നില്ലെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.

ജാതി വിവേചനത്തിനെതിരെ ദീപ നടത്തിയ പോരാട്ടങ്ങള്‍ ദൃശ്യതയിലേക്ക് വന്നത് അവര്‍ നിരാഹാരമിരുന്നപ്പോള്‍ മാത്രമാണ്. തന്റെ മകള്‍ മതത്തിന്റ പേരില്‍ ഐ.ഐ.ടിയില്‍ വിവേചനം നേരിട്ടുവെന്ന ഫാത്തിമയുടെ അച്ഛന്‍ ലത്തീഫിന്റെ പാരാതി നീതിയുക്തമായി അന്വേഷിക്കപ്പെടേണ്ടതുണ്ട്. അതിന് ഇനിയും കാലതാമസം നേരിട്ടുകൂടാ.

Related Stories

No stories found.
logo
The Cue
www.thecue.in