‘ആ അധ്യാപകര്‍ അവിടെയുള്ളപ്പോള്‍ കുട്ടികളെ എങ്ങനെവിടും’; ഏറ്റുമാനൂര്‍ സ്‌കൂളിലെ ലൈംഗികപീഡനം ഒരുവര്‍ഷത്തോളം മൂടിവെച്ചെന്ന് രക്ഷിതാക്കള്‍
കോട്ടയത്ത് സ്‌കൂളിലെ സംഗീതാധ്യപകന്‍ ലൈംഗികമായി ചൂഷണം ചെയ്തതിനെത്തുടര്‍ന്ന് ആദിവാസി കുട്ടികള്‍ പഠനം നിര്‍ത്തി പോയിട്ടും നടപടിയെടുക്കാതെ വിദ്യാഭ്യാസ വകുപ്പ്. 33 വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരെ പീഡന പരാതി ഉന്നയിച്ചത്. തുടര്‍ന്ന് 96 വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിച്ച് ഊരുകളിലേക്ക് മടങ്ങി. അധ്യാപകനെ സംരക്ഷിക്കാന്‍ സ്‌കൂളിലെ പ്രധാന അധ്യാപകനുള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നതായും വിമര്‍ശനമുയര്‍ന്നിരുന്നു. കുട്ടികള്‍ക്കെതിരെ അതിക്രമം നടക്കുന്ന വിവരമറിഞ്ഞിട്ടും ഒരു വര്‍ഷത്തോളം അദ്ധ്യാപകര്‍ മൗനം പാലിച്ചെന്ന് രക്ഷാകര്‍ത്താക്കള്‍ പറയുന്നു. ആരോപണ വിധേയരായ നാല് അധ്യാപകരെ സ്ഥലം മാറ്റിയാല്‍ മാത്രമേ സ്‌കൂളിലേക്ക് തിരിച്ചു വരികയുള്ളുവെന്നാണ് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നിലപാട്. ഇക്കാര്യം സ്‌കൂളിന്റെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറെ രക്ഷിതാക്കള്‍ അറിയിച്ചു. സബ് കളക്ടറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തി. പട്ടികജാതി, പട്ടിക വര്‍ഗ വകുപ്പിനെയും സമീപിച്ചിരുന്നു.
ഒക്ടോബര്‍ 16നാണ് പതിനാറ് കുട്ടികള്‍ സംഗീത അധ്യാപകനായ നരേന്ദ്രബാബുവിനെതിരെ പരാതിപ്പെട്ടത്. രേഖാമൂലം പരാതി നല്‍കാന്‍ ഭയം കാരണം മറ്റ് രക്ഷിതാക്കള്‍ തയ്യാറായില്ല. സ്റ്റുഡന്റ് കൗണ്‍സിലറോടാണ് വിദ്യാര്‍ത്ഥികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രധാന അധ്യാപകന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യം മറച്ചു വെക്കാന്‍ ശ്രമിച്ചു.
കുട്ടികളുടെ രക്ഷിതാക്കളും പിടിഎയും രംഗത്തെത്തിയതോടാണ് നവംബര്‍ 29ന് പൊലീസ് കേസെടുക്കാന്‍ തയ്യാറായത്. പോക്സോ കേസില്‍ അറസ്റ്റിലായ അധ്യാപകന്‍ റിമാന്‍ഡിലാണ്.
പഠനം നിര്‍ത്തിയ ഇടുക്കിയിലെ കുട്ടികളെ തിരിച്ചു കൊണ്ടുവരാന്‍ വനംവകുപ്പിന്റെയും ദേവികുളം സബ്കളക്ടറുടെയും നേതൃത്വത്തില്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. പതിനാല് വിദ്യാര്‍ത്ഥികള്‍ നാളെ സ്‌കൂളില്‍ എത്താന്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ നാലപത്തിയഞ്ച് കുട്ടികള്‍ ഇനിയും തിരികെയെത്താന്‍ തയ്യാറായിട്ടില്ല. സംഗീതാധ്യപകനെതിരെയുള്ള പരാതി അറിയിക്കാനെത്തിയ സീനിയര്‍ സൂപ്രണ്ടിനെ ഹെഡ് മാസ്റ്റര്‍ തന്റെ ഓഫീസ് മുറിയില്‍ പൂട്ടിയിട്ടെന്ന് പിടിഎ പ്രസിഡന്റ് സുനിത രാജന്‍ ദ ക്യൂവിനോട് പറഞ്ഞു.
കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം കഴിഞ്ഞ വര്‍ഷം മുതല്‍ അധ്യാപകര്‍ക്കറിയാമായിരുന്നു. അവരത് ഒളിച്ചുവെച്ചു. ആ അധ്യാപകര്‍ അവിടെയുള്ളപ്പോള്‍ കുട്ടികളെ എന്ത് ധൈര്യത്തിലാണ് പറഞ്ഞയക്കുക?
സുനിത
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വിദ്യാര്‍ത്ഥികള്‍ പതിനഞ്ച് ദിവസത്തിനകം തിരിച്ചു വന്നില്ലെങ്കില്‍ പുറത്താക്കുമെന്ന് പ്രധാന അധ്യാപകന്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്. പത്താം ക്ലാസ്സിലുള്ള കുട്ടികള്‍ ഉള്‍പ്പെടെയാണ് പഠനം നിര്‍ത്തിയിരിക്കുന്നത്. അവരുടെ ഭാവി പരിഗണിച്ച് തിരിച്ചു കൊണ്ടു വരാനുള്ള ഇടപെടലാണ് അധികൃതര്‍ നടത്തേണ്ടതെന്ന് പിടിഎ ഭാരവാഹികള്‍ ചൂണ്ടിക്കാണിക്കുന്നു.
വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ ലൈംഗികമായി ചൂഷണം ചെയ്ത സംഭവം അട്ടിമറിക്കാന്‍ കൂട്ടുന്ന നിന്ന പ്രധാന അധ്യാപകനടക്കമുള്ള നാല് പേര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന പട്ടികവര്‍ഗ ക്ഷേമ ഡയറക്ടര്‍ പി പുകഴേന്തി ദ ക്യൂവിനോട് പ്രതികരിച്ചു.
ആശങ്ക കാരണമാണ് കുട്ടികള്‍ സ്‌കൂളില്‍ നിന്നും ഊരുകളിലേക്ക് തിരിച്ചു പോയത്. സംഗീതഅധ്യാപകനെ റിമാന്റ് ചെയ്തിട്ടുണ്ട്. പ്രധാന അധ്യാപകരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കേതുണ്ട്. അത് ആവശ്യപ്പെട്ട് ഡിപിഐക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നാല് അധ്യാപകരെ സ്ഥലം മാറ്റണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. അന്വേഷണം വേണം.
പുകഴേന്തി