എറണാകുളത്ത് അത്താണി 21 കോളനിയിലെ 21 ഓളം കുടുംബങ്ങള്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി മണ്ണിടിച്ചലിന്റെ ഭീഷണിയിലാണ് കഴിയുന്നത്. മഴക്കാലമായാല്‍ ദിവസവും വീടിന് മുന്നില്‍ മണ്ണിടിഞ്ഞ് വീഴും. ഇഴജന്തുക്കളുടെയും ഒച്ചിന്റെയും ശല്യം വേറെ.
തൃക്കാക്കര നഗരസഭയുടെ പൊതു ശ്മശാനത്തിന് വഴി നിര്‍മ്മിക്കാനാണ് ശ്മശാനത്തോട് ചേര്‍ന്ന സ്ഥലങ്ങളില്‍ താമസിച്ചു വന്നിരുന്ന 21 ഓളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്. രണ്ട് സെന്റ് സ്ഥലവും 35000 രൂപയും കൊടുത്താണ് മുന്‍സിപ്പാലിറ്റി ഇവരെ അത്താണി കോളനിയിലേക്ക് മാറ്റിയത്.
പക്ഷേ വാസയോഗ്യമല്ലാത്ത സ്ഥലത്താണ് ഇവരെ പാര്‍പ്പിച്ചത്. പല വീടുകളും മണ്ണിടിഞ്ഞ് ഏതു നിമിഷവും വീണ് പോകാമെന്ന അവസ്ഥയിലാണ്. പത്തോളം കുടുംബങ്ങളെ എങ്കിലും ഉടനടി മാറ്റിപാര്‍പ്പിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ഇതിനോടകം പരാതിയുമായി നിരവധി പേരെ ഇവര്‍ കണ്ടു കഴിഞ്ഞു.
മഴക്കാലമായാല്‍ സമാധാനത്തോടെ വീട്ടില്‍ കിടന്നുറങ്ങാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു. മാറ്റിപാര്‍പ്പിക്കാന്‍ കാക്കനാടിനടുത്ത് മുന്‍സിപ്പാലിറ്റി സ്ഥലം കണ്ടെത്തിയെങ്കിലും നടപടികള്‍ വൈകുകയാണ്. ചില തത്പര കക്ഷികളാണ് നടപടികള്‍ വൈകിപ്പിക്കുന്നതിന് പിന്നിലെന്ന് അത്താണി മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ ഡിക്‌സണ്‍ ദ ക്യുവിനോട് പറഞ്ഞു.