'ഇവരെ കെട്ടിപ്പിടിച്ചാണ് താങ്കള്‍ പ്രചരണമാരംഭിച്ചത്, ഇവര്‍ക്കും ഓണമുണ്ണണം'; മുഖ്യമന്ത്രിയോട് എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലുള്ളവര്‍

'ഇവരെ കെട്ടിപ്പിടിച്ചാണ് താങ്കള്‍ പ്രചരണമാരംഭിച്ചത്, ഇവര്‍ക്കും ഓണമുണ്ണണം'; മുഖ്യമന്ത്രിയോട് എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയിലുള്ളവര്‍
Published on

ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് ചിങ്ങം ഒന്നുമുതല്‍ ഉപവാസ സമരം പ്രഖ്യാപിച്ച് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ചുമാസമായത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് ദുരിതബാധിതര്‍ ഉപവാസ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ദുരിതബാധിതരുടെ ''ഞങ്ങള്‍ക്കും ഓണമുണ്ണംണം' പ്രതിഷേധ ക്യാമ്പയിന് സമൂഹമാധ്യമങ്ങളില്‍ വലിയ പിന്തുണയാണ് ലഭിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട് വാഗ്ദാന ലംഘനമാണ് നടത്തിയതെന്ന് പൊതുപ്രവര്‍ത്തകന്‍ എന്‍.സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

''ആറുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു തെരെഞ്ഞെടുപ്പ് കാലത്ത് താങ്കള്‍ പ്രചരണമാരംഭിച്ചത് ഇവരെ കെട്ടിപ്പിടിച്ചാണ്. മധുരനാരങ്ങകളും കയ്യിലേന്തി ഒരച്ചാച്ചനെപ്പോലെ നിങ്ങള്‍ അന്ന് അവരെ സമീപ്പിച്ചു. കാലം കഴിഞ്ഞു. മധുരം വറ്റി. ഇപ്പോള്‍ വല്ലാത്ത കയ്പും പുളിപ്പും ചവര്‍പ്പുമാണവര്‍ക്ക്.

കൊവിഡ് കാലത്ത് ദുരന്തങ്ങള്‍ പതിന്മടങ്ങായ അവര്‍ക്ക് അര്‍ഹതപ്പെട്ട പെന്‍ഷന്‍ 5 മാസമായി വിതരണം ചെയ്തിട്ടില്ല സാര്‍. സാമൂഹ്യക്ഷേമ പെന്‍ഷന്‍ 2 മാസത്തെ കുടിശ്ശിക കൊടുക്കാനും ജീവനക്കാര്‍ക്ക് ബോണസ്സും ഉത്സവബത്തയും കൊടുക്കാനുമൊക്കെ വേണ്ടി വരുന്ന കാശിന്റെ ആയിരത്തിലൊന്നു മതി സാര്‍ ഇവരുടെ മുടങ്ങിയ പെന്‍ഷന്‍ കൊടുക്കാന്‍ .എന്നിട്ടും നിങ്ങളുടെ ധനകാര്യ മന്ത്രി പറയുന്നു, കോവിഡ് കാല സാമ്പത്തികപ്രതിസന്ധി മൂലമാണ് പെന്‍ഷന്‍ കൊടുക്കാത്തതെന്ന്. സാര്‍ ആ മധുര നാരങ്ങകള്‍ ഒന്ന് ഓര്‍ത്തു നോക്കൂ. ആ മധുരം നുണഞ്ഞപ്പോള്‍ അവരുടെ കണ്ണിലുണ്ടായിരുന്ന തിളക്കമെന്നോര്‍ത്ത് നോക്കൂ. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും ഓണമുണ്ണണം,'' എന്‍ സുബ്രഹ്‌മണ്യന്‍ പറഞ്ഞു.

എനിക്ക് ഭര്‍ത്താവില്ല. അമ്മമാര്‍ക്ക് ലഭിക്കുന്ന ആശ്വാസകിരണം പെന്‍ഷനും, മകനു കിട്ടുന്ന സാന്ത്വന പെന്‍ഷനും കൂടി ചേര്‍ന്നാണ് ഞാന്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്

പെന്‍ഷന്‍മാത്രം ആശ്രയിച്ച് ജീവിക്കുന്ന എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അനേകമാണെന്നും കഴിഞ്ഞ അഞ്ച് മാസമായി പെന്‍ഷന്‍ ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ഖൈറുന്നീസ ദ ക്യുവിനോട് പറഞ്ഞു.

'' എന്റെ മകനാണ് അസുഖം. എനിക്ക് ഭര്‍ത്താവില്ല. അമ്മമാര്‍ക്ക് ലഭിക്കുന്ന ആശ്വാസകിരണം പെന്‍ഷനും, മകനു കിട്ടുന്ന സാന്ത്വന പെന്‍ഷനും കൂടി ചേര്‍ന്നാണ് ഞാന്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. ഇത് രണ്ടും മുടങ്ങിയിരിക്കുകയാണ്. വലിയ പ്രയാസമാണ് ഇത് ഉണ്ടാക്കുന്നത്. ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് അറിയില്ല,'' ഖൈറുന്നീസ പറഞ്ഞു.

നേരത്തെയും എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോട് സര്‍ക്കാര്‍ കാണിക്കുന്ന അവഗണന ചൂണ്ടിക്കാട്ടി എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി ഓണ്‍ലൈന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ദുരിതബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സംവിധാനം ഒരുക്കണം, നഷ്ടപരിഹാരം ഉടന്‍ സര്‍ക്കാര്‍ നല്‍കണം എന്നീ ആവശ്യങ്ങളായിരുന്നു പ്രതിഷേധത്തില്‍ പ്രധാനമായും ഉന്നയിച്ചിരുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in