കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ അപര്‍ണ കെ പിയുടെ ഫോണിലേക്ക് വിദേശത്ത് നിന്നുള്‍പ്പെടെ കോവിഡ് രോഗികളുടെ സന്ദേശങ്ങളും വിളികളുമെത്തും. തീര്‍ത്തും അപരിചിതമായിരുന്ന രോഗം വിതച്ച ആശങ്കകളും രോഗബാധിതരുടെ മാനസിക പ്രശ്‌നങ്ങളുമായിരിക്കും ഇതിലെല്ലാം ഉണ്ടാവുക. ഈ ഫോണ്‍ നമ്പറിനിട്ടിരിക്കുന്ന പേര് കോവിഡ് സിമ്മെന്നാണ്. കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ ചേര്‍ന്ന് രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിലും അപര്‍ണയുടെ നമ്പറുണ്ട്. ജില്ലയിലെ രോഗമുക്തി നേടിയവരാണ് ഈ നമ്പര്‍ കൈമാറിയത്. വൈറസ് ബാധയേറ്റവര്‍ക്ക് ഡോക്ടര്‍ അപര്‍ണ നല്‍കിയ ചികിത്സയും മാനസിക പിന്തുണയും മറ്റുള്ളവരിലും എത്തിക്കുകയാണിവര്‍.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കോവിഡ് ബാധിതര്‍ ആത്മഹത്യ ചെയ്ത സംഭവത്തോടെ സംസ്ഥാനത്താകെ കാസര്‍കോട് മോഡല്‍ നടപ്പാക്കുകയാണ് ആരോഗ്യവകുപ്പ്. കോവിഡ് സിമ്മിന് പിന്നിലെ അനുഭവം ഡോക്ടര്‍ അപര്‍ണ പറയുന്നു.
കോവിഡ് ഫിസിഷ്യന്‍ കാണേണ്ട രോഗമാണെന്നായിരുന്നു ആദ്യത്തെ ധാരണ. രോഗലക്ഷണങ്ങളുമായി ചൈനയിലെ വുഹാനില്‍ നിന്നും എത്തിയ രോഗികളും നിരീക്ഷണത്തിലുണ്ടായിരുന്നവരും മാനസിക പ്രശ്‌നങ്ങള്‍ നേരിട്ടതോടെയാണ് സൈക്യാട്രിസ്റ്റ് ചികിത്സിക്കാന്‍ തുടങ്ങിയത്. ഒരു രോഗി ആത്മഹത്യാ പ്രവണതയും പ്രകടിപ്പിച്ചു. കോവിഡ്ബാധിച്ചതിന്റെ ആഘാതം മാത്രമായിരുന്നു അതിന് കാരണം. മുമ്പ് അത്തരം പ്രശ്‌നങ്ങളില്ലാതിരുന്ന ഒരാള്‍ക്ക് ആത്മഹത്യാ പ്രവണതയുണ്ടായത് ശരീരത്തെ മാത്രം ബാധിക്കുന്ന രോഗമല്ലെന്ന തിരിച്ചറിവ് നല്‍കി.
മാര്‍ച്ച് പകുതിയോടെ വിദേശത്ത് നിന്നുള്ള വൈറസ് ബാധിതര്‍ ജില്ലയിലേക്ക് എത്തിതുടങ്ങി. ഈ രോഗികളുമായി സംസാരിക്കുന്നതിനായാണ് പുതിയൊരു സിം വാങ്ങിയത്. അതിന് കോവിഡ് സിം എന്ന് പേരും ഇട്ടു. പെട്ടെന്ന് തന്നെ 91 രോഗികളുണ്ടായി. രോഗഭീതിയും വര്‍ഷങ്ങള്‍ക്ക് ശേഷം നാട്ടിലെത്തിയിട്ടും ബന്ധുക്കളെ കാണാന്‍ കഴിയാത്തതിന്റെ ബുദ്ധിമുട്ടും രോഗികളെ മാനസികമായി തകര്‍ത്തിരുന്നു. എല്ലാവര്‍ക്കും കോവിഡ് മൊബൈല്‍ നമ്പര്‍ നല്‍കി. തുടക്കത്തില്‍ ആവശ്യമുള്ള രോഗികളെ മാത്രമാണ് ചികിത്സിച്ചിരുന്നത്. പിന്നീട് എല്ലാ പോസ്റ്റീവ് രോഗികളെയും കണ്ടു. ദിവസവും അവരോട് സംസാരിച്ചു.
എപ്പോഴും കൂടെയുണ്ടെന്ന ഉറപ്പ് നല്‍കുകയാണ് ആദ്യം ചെയ്തത്. എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്ന് പറഞ്ഞു. ഉറക്കം വരാതെ രാത്രി രണ്ടും മൂന്നും മണിക്കെല്ലാം രോഗികള്‍ വിളിച്ചു.
ഭക്ഷണത്തിന് രുചിയില്ലായെന്നും സൗകര്യങ്ങളിലെന്നും പരാതിയുണ്ടായിരുന്നു. ആശുപത്രിയുടെ പരിമിതികളും ജീവനക്കാരുടെ കുറവും ഒത്തൊരുമിച്ച് നിന്ന് പരിഹരിച്ചു.
ആദ്യം എത്തിയ രോഗികള്‍ക്ക് ദിവസങ്ങള്‍ക്കുള്ളില്‍ മാനസിക പ്രശ്‌നങ്ങളും ഭയവും കുറഞ്ഞു വന്നു. പിന്നീടെത്തുന്ന രോഗികളെ ഇവര്‍ തന്നെ കൗണ്‍സിലിംഗ് ചെയ്യുന്ന രീതിയിലേക്ക് മാറി. അവര്‍ക്ക് പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളില്‍ മാത്രം ഞങ്ങള്‍ ഇടപെട്ടാല്‍ മതിയെന്നായി.
ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് സന്തോഷിക്കാന്‍ ഒന്നുമില്ലെന്ന അവസ്ഥയായിരുന്നു. ലോക്ഡൗണില്‍ ആവശ്യത്തിന് ഭക്ഷണം ലഭിക്കാതായതോടെ രോഗികളില്‍ നിന്നും കോവിഡ് നമ്പറിലേക്ക് പരാതി കൂടി വന്നു. സ്‌ട്രെസ് ഇല്ലാതാക്കുന്നതില്‍ നല്ല ഭക്ഷണത്തിന് പങ്കുണ്ട്. നേഴ്‌സുമാര്‍ തന്നെ പോയി കടകള്‍ തുറപ്പിച്ച് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കി. ഫുഡ് സ്‌പോണ്‍സര്‍ ചെയ്യിപ്പിച്ചു. രോഗികളുടെ നിര്‍ദേശങ്ങളും കൂടി പരിഗണിച്ചുള്ള മെനു തയ്യാറാക്കി. രോഗികള്‍ക്ക് വസ്ത്രങ്ങളും ചെരുപ്പുകളും നെയില്‍ കട്ടറും ഷേവിംഗ് സെറ്റുകളും ഐഫോണ്‍ ചാര്‍ജ്ജര്‍ വരെ വാങ്ങി നല്‍കി. എല്ലാ വാര്‍ഡുകളിലും കൂടുതല്‍ ഫാനുകളും ടിവിയും സജ്ജമാക്കി.
രോഗികളുടെ ബന്ധുക്കളുമായും വിളിച്ച് സംസാരിക്കുമായിരുന്നു. അവരുടെ ആശങ്കകളും പരിഹരിച്ചു. പതിനാല് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് നിരീക്ഷണത്തിലേക്ക് പോകുമ്പോള്‍ ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും രോഗികള്‍ നല്‍കിയ യാത്രയയപ്പ് മറക്കാന്‍ കഴിയില്ല. ആരുടെയും മുഖം അവര്‍ കണ്ടിട്ടില്ല. ശബ്ദത്തിലൂടെ തിരിച്ചറിയുമായിരുന്നു.
കാസര്‍കോട് കോവിഡ് ആശുപത്രിയില്‍ നിന്നും രോഗമുക്തി നേടിയ വ്യക്തി പരിശോധനാഫലം വന്നപ്പോള്‍ ഇത് തന്റെ രണ്ടാം ജന്‍മാണെന്നും പറഞ്ഞ് വാര്‍ഡ് മുഴുവന്‍ ഓടി നടന്നു. രോഗമുക്തി നേടി ആശുപത്രി വിടുമ്പോള്‍ ഡോക്ടറുടെ മുഖം കാണണമെന്നും സെല്‍ഫിയെടുക്കണമെന്നും ആവശ്യപ്പെടുമായിരുന്നു.ആശുപത്രി വിട്ടതിന് ശേഷവും വീഡിയോ കോള്‍ ചെയ്യുമായിരുന്നു. രണ്ടാഴ്ച കഴിഞ്ഞ് പരിശോധനയക്ക് വന്നപ്പോള്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആര്‍എല്‍ സരിത എന്നിവരുമായി സൂം മീറ്റിംഗ് നടത്തി. ഇപ്പോഴും ഈ നമ്പറിലേക്ക് അവരെല്ലാം വിളിക്കുന്നു. അവരുടെ സ്‌ന്തോഷം ഇപ്പോള്‍ ഞങ്ങളുടെത് കൂടിയായി മാറുന്നു.