പെട്ടിമുടി ദുരന്തബാധിതര്‍ക്ക് ഒരുലക്ഷം മാത്രമോ; വിശദീകരണവുമായി അധികൃതര്‍

പെട്ടിമുടി ദുരന്തബാധിതര്‍ക്ക് ഒരുലക്ഷം മാത്രമോ; വിശദീകരണവുമായി അധികൃതര്‍
Published on

പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് അഞ്ച് ലക്ഷമാണെങ്കിലും ഉത്തരവിറങ്ങിയപ്പോള്‍ ഒരുലക്ഷമായെന്നായിരുന്നു പ്രചാരണം. ഇതിനെതിരെ സോഷ്യല്‍മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നു. ഈ സാഹചര്യത്തിലാണ് ദേവികുളം സബ്കളക്ടര്‍ പ്രേം കൃഷ്ണന്‍ ഇക്കാര്യം വിശദീകരിച്ചത്. ഇത് വ്യാജപ്രചരണമാണെന്ന് സബ്കളക്ടര്‍ അറിയിച്ചു. കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പത്ത് ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചുള്ള ഉത്തരവായിരുന്നു ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. പെട്ടിമുടിയില്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷത്തിലെ നാലുലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും നേരത്തെ അനുവദിച്ചിരുന്നു.

പെട്ടിമുടി പോലുള്ള ദുരന്തങ്ങളില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും നാല് ലക്ഷം രൂപ ദുരിതാശ്വാസ സഹായമായി നല്‍കുന്നതിന് പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ മാനദണ്ഡം സംബന്ധിച്ച് നേരത്തെ ഉത്തരവ് ഇറക്കിയതാണ്. ഇത് പ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ഈ നാല് ലക്ഷം രൂപ വിതരണം ചെയ്യാന്‍ കഴിയും.

പെട്ടിമുടി, കരിപ്പൂര്‍ ദുരന്തങ്ങളില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള ധനസഹായവും രണ്ട് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്കുള്ള ചികിത്സാ സഹായവും സംബന്ധിച്ച് ഓഗസ്ത് 14നാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോക്ടര്‍ എ ജയതിലക് ഐഎഎസ് ഇറക്കിയ ഉത്തരവില്‍ പെട്ടിമുടി ദുരന്തത്തിലെ നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നും നാല് ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരുലക്ഷം രൂപയുമാണ് നല്‍കുന്നത്. അപകടത്തില്‍ പരിക്കേറ്റവര്‍ക്കുള്ള ചികിത്സാ ചിലവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് നല്‍കുകയെന്നാണ് ഉത്തരവില്‍ പറയുന്നത്. കരിപ്പൂര്‍ അപകടത്തില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് സഹായം അനുവദിച്ചിട്ടുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in