ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നവംബര്‍ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നിരിക്കുകയാണ്. കൊവിഡ് വ്യാപനം ഒഴിവാക്കുന്നതിനായി വലിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ ഒരുക്കിയിരിക്കുന്നത്. എന്നാല്‍ വിവിധ കാരണങ്ങള്‍ കൊണ്ട് വാക്‌സിനെടുക്കാത്ത അധ്യാപകര്‍ 2000 ത്തിലേറെ പേര്‍ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യവെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയത്. അതില്‍ മതപരമായ കാരണങ്ങള്‍ കൊണ്ടും വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ ഉണ്ടെന്ന റിപ്പോര്‍ട്ട് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
സംസ്ഥാനത്ത് 15,452 സ്‌കൂളുകളിലായി ആകെ 1,75,000 അധ്യാപകരും 25,000 അനധ്യാപകരുമാണുള്ളത്. ഇവരില്‍ 2282 അധ്യാപകരും 327 അനധ്യാപകരുമാണ് ഇതുവരെ വാക്‌സിനെടുക്കാത്തതെന്നാണ് മന്ത്രി പറഞ്ഞത്. വാക്‌സിനെടുക്കാത്ത അധ്യാപകരോട് സ്‌കൂളിലേക്ക് വരേണ്ടെന്നും ഓണ്‍ലൈന്‍ ആയി ക്ലാസെടുക്കുന്നത് തുടര്‍ന്നാല്‍ മതിയെന്നുമാണ് നിലവില്‍ അറിയിച്ചിട്ടുള്ളതെന്നുമാണ് മന്ത്രി വിശദീകരിച്ചത്.
എന്നാല്‍ കാലാകാലത്തേക്കും ഇവര്‍ക്ക് സമയം നീട്ടി നല്‍കാനാവില്ലെന്നും ഉടന്‍ ഇവരെ വാക്‌സിനേറ്റ് ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നാണ് വിദ്യാഭ്യാസ പ്രവര്‍ത്തകനും അധ്യാപകനുമായ എ.കെ അബ്ദുള്‍ ഹക്കിം ദ ക്യുവിനോട് പറഞ്ഞത്.
'വാക്‌സിനോട് വിമുഖത കാണിക്കുന്നവരെ വാക്‌സിനേറ്റ് ചെയ്യിക്കാനുള്ള ഉത്തരവാദിത്തം സമൂഹത്തിന്റേത് കൂടിയാണ്. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ സ്‌കൂളുകളില്‍ വരുന്നു എന്നുള്ളത് ഒരിക്കലും നീതീകരിക്കാനാവുന്ന ഒരു സംഗതി അല്ല. ഇപ്പോള്‍ രണ്ടാഴ്ച്ചത്തേക്ക് സമയം കൊടുത്തിട്ടുണ്ട്. ആ സമയത്തിനുള്ളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കി വരും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നിട്ടും പൂര്‍ത്തിയാക്കത്തവര്‍ക്ക് ഇനിയും സമയം നീട്ടിനല്‍കരുത്. ഓണ്‍ലൈന്‍ ക്ലാസ് എടുത്താല്‍ മതിയെന്ന തരത്തിലുള്ള ഉദാരമായ സമീപനം സ്വീകരിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുക. അതുകൊണ്ട് തന്നെ അധ്യാപകരുടെ പക്ഷത്ത് നിന്ന് ഒരു സാമൂഹ്യ ആവശ്യമായി കണ്ട് അവരെ വാക്‌സിനേറ്റ് ചെയ്യിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. അങ്ങനെ ഒരു നടപടിയുണ്ടായിട്ടില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെട്ട് അവരെ നിര്‍ബന്ധപൂര്‍വ്വം വാക്‌സിനേറ്റ് ചെയ്യിക്കുകയോ അല്ലെങ്കില്‍ സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തുകയോ വേണം
ലോകം മുഴുവന്‍ സ്‌കൂളുകള്‍ അടച്ചിടുന്ന ഒരു സാഹചര്യത്തിലും കേരളത്തില്‍ പഠനം മുടങ്ങാതെ നോക്കുകയും എല്ലാ കുട്ടികള്‍ക്കും പഠനം ഉറപ്പാക്കിമുന്നേറുകയും ചെയ്ത ഒരു സംസ്ഥാനമാണ് കേരളം. സ്‌കൂള്‍ തുറക്കുന്നത് പോലും സമൂഹത്തിന്റെ വലിയ പിന്തുണയോടെയാണ് നടത്തിയെടുത്തത്. ഈ അധ്യാപകര്‍ മനസിലാക്കേണ്ട ഒരു കാര്യം നാളെ വാക്‌സിന്‍ എടുക്കാത്ത അധ്യാപകര്‍ ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കേണ്ട എന്നുപറഞ്ഞാല്‍ ഇവര്‍ക്ക് സ്‌കൂളിന്റെ പരിസരത്തേക്ക് വരാന്‍ സാധിക്കില്ല,' അബ്ദുള്‍ ഹക്കിം പറഞ്ഞു.
വാക്‌സിനേഷന്‍ എന്നത് വ്യക്തിപരമായി ഉള്ള സംഭവമല്ല. അത് ഒരു സാമൂഹ്യ ആവശ്യമാണ്. ആഗോള തലത്തില്‍ നടക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലുമൊരു വ്യക്തി അത് എടുക്കുന്നില്ലെന്ന് പറയുന്നത് തികച്ചും സാമൂഹ്യദ്രോഹപരമായ നടപടിയാണ്. പ്രത്യേകിച്ചും സമൂഹത്തിന് മാതൃകയാകേണ്ട അധ്യാപകര്‍ തന്നെ അസുഖത്തിന്റെ കാരണം കൊണ്ടല്ലാതെ, വിശ്വാസത്തിന്റെയും മറ്റും പേരില്‍ അത്തരം തീരുമാനങ്ങളെടുക്കുന്നതിനെ അംഗീകരിക്കാനാകില്ലെന്നും അബ്ദുള്‍ ഹക്കീം കൂട്ടിച്ചേര്‍ത്തു.
അതേസമയം മതത്തിന്റെ പേരില്‍ വാക്‌സിന്‍ എടുക്കാത്തവര്‍ വളരെ ചെറിയ വിഭാഗം ആളുകള്‍ മാത്രമാണ്. സംസ്ഥാനത്ത് വാക്‌സിന്‍ വിരുദ്ധ പ്രചരണങ്ങള്‍ നടത്തുന്ന ഒരു വിഭാഗമുണ്ടെന്നും അത്തരം ആളുകളാണ് പലപ്പോഴും മതത്തിന്റെ പേര് പറയുന്നതെന്നുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ പ്രൊഫസറും ശാസ്ത്ര രചയിതാവും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുതിര്‍ന്ന നേതാവുമായ ഡോക്ടര്‍ കെ.പി അരവിന്ദന്‍ പറയുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകള്‍ക്കെതിരെ അന്വേഷിച്ച് നടപടി വേണമെന്നും ഡോക്ടര്‍ പറഞ്ഞു.
'മതപരമായ കാരണങ്ങളാല്‍ വാക്‌സിനെടുക്കാത്തവര്‍ വളരെ അപൂര്‍വ്വമായിരിക്കും. ക്രിസ്ത്യന്‍ പെന്തകോസ്ത് ഒക്കെ പോലുള്ള ചില പ്രത്യേക വിഭാഗങ്ങള്‍ അല്ലാതെ ആരും തന്നെ വാക്‌സിന് എതിരായി നില്‍ക്കുന്നില്ല. പരിശോധിച്ചു നോക്കിയാല്‍ വാക്‌സിനെടുക്കാത്തതിന്റെ കാരണം മതമല്ല എന്നുള്ളതാണ്. വാക്‌സിന്‍ വിരുദ്ധത പ്രചരിപ്പിക്കുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ ഉണ്ട്. അത്തരം പ്രചരണങ്ങളില്‍പ്പെട്ടവരില്‍ അധ്യാപകരും ഉണ്ടാകും. അവരാണ് മതത്തിന്റെ പേര് ഉപയോഗിക്കുന്നത്. എന്തായാലും അതില്‍ സര്‍ക്കാര്‍ അന്വേഷിച്ച് തീരുമാനമെടുക്കണ്ടേതാണ്. സര്‍ക്കാര്‍ എന്തായാലും രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ടല്ലോ. പ്രധാനമായും വാക്‌സിന്‍ വിരുദ്ധ പ്രചാരണം നടത്തുന്ന ആളുകളെ കണ്ടെത്തി അതിന് തക്കതായ നടപടികള്‍ എടുക്കണം,' ഡോ.കെപി അരവിന്ദന്‍ പറഞ്ഞു.
ലോകം മുഴുവന്‍ കൊറോണ വ്യാപനത്തിനെതിരെ പോരാടുന്ന കാലത്ത് കൊവിഡിനെ പോലും ഊതിച്ചും ജപിച്ചും മന്ത്രിച്ചും മാറ്റാന്‍ സാധിക്കുമെന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ വ്യാപകമായി നടക്കുന്നുണ്ട്. ആഗോളതലത്തില്‍ തന്നെ വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി വലിയ തരത്തിലുള്ള പ്രചാരണങ്ങള്‍ നടത്തുകൊണ്ടിരിക്കുന്നതിനിടെ വാക്‌സിന്‍ വിരുദ്ധ ഗ്രൂപ്പുകളും സജീവമാണ്. ആരോഗ്യകാരണങ്ങള്‍ കൊണ്ടല്ലാതെ വാക്‌സിനോട് വിമുഖത കാണിക്കുന്നതും അധ്യാപകര്‍ ഉള്‍പ്പെടെ ഇത്തരം പ്രചാരണങ്ങളില്‍പ്പെടുന്നതും അംഗീകരിക്കാനാകില്ലെന്നാണ് ആക്ടിവിസ്റ്റുകളും സാമൂഹ്യപ്രവര്‍ത്തകരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ പറയുന്നത്.
അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ നിയമം പാസാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് വാക്‌സിന്‍ എടുക്കാത്ത 2282 അധ്യാപകര്‍ ഉണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. മതപരമായ കാരണങ്ങള്‍, അലര്‍ജി, ആരോഗ്യപ്രശ്‌നം തുടങ്ങിയ കാരണങ്ങളാല്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്നാണ് ഇവര്‍ സര്‍ക്കാരിനോട് അറിയിച്ചിട്ടുള്ളതെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ അലര്‍ജിയുണ്ട് അതുകൊണ്ട് വാക്‌സിനെടുക്കില്ല എന്ന നയമല്ല വേണ്ടതെന്നും ഡോക്ടറുടെ നിര്‍ദേശമുണ്ടെങ്കില്‍ മാത്രമാണ് വാക്‌സിനെടുക്കാതിരിക്കേണ്ട ആവശ്യമുള്ളു എന്നുമാണ് എഴുത്തുകാരിയും പൊതുജനാരോഗ്യപ്രവര്‍ത്തകയുമായ ഡോ. ഷിംന അസീസ് പറഞ്ഞത്.
'ഒരു തവണ വാക്‌സിന്‍ എടുത്താല്‍ ഏകദേശം 30 ശതമാനത്തോളമാണ് സംരക്ഷണം കിട്ടുന്നത്. മുഴുവന്‍ ഡോസ് വാക്‌സിനേറ്റഡ് ആകുന്ന ഒരാള്‍ക്ക് 80 ശതമാനത്തോളം സംരക്ഷണം കിട്ടുന്നു. ഇവിടെ മാതൃകയാകേണ്ടത് അധ്യാപകരാണ്. അവര്‍ തന്നെ വാക്‌സിന്‍ എടുക്കാതെ കുട്ടികള്‍ക്ക് ക്ലാസ് എടുക്കുന്നത് വഴി കുട്ടികള്‍ക്ക് അസുഖം പകരാനുള്ള സാഹചര്യമാണ് ഉണ്ടാകുന്നത്. ഒരു ക്ലാസില്‍ വരുന്ന മുപ്പത് കുട്ടികള്‍ മുപ്പത് കുടുംബങ്ങളെ പ്രതനിധീകരിക്കുന്നവര്‍ കൂടിയാണ്. അതുകൊണ്ടുതന്നെ ഒരു കുട്ടിക്ക് അസുഖം വന്നുകഴിഞ്ഞാല്‍ അത് ബാധിക്കുന്നത് ആ കുട്ടിയുടെ കുടുംബത്തെക്കൂടിയാണ്. വാക്‌സിനെടുക്കാത്ത അധ്യാപകര്‍ സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശമാണ്. അത് സാമൂഹ്യദ്രോഹമാണ്.
അലര്‍ജി കാരണവും ഗര്‍ഭിണിയാണെന്ന കാരണം കൊണ്ടുമെല്ലാം വാക്‌സിനെടുക്കാത്തവരുണ്ട്. അതുപോലും മാറേണ്ട സമീപനമാണ്. വാക്‌സിനകത്തെ ഘടകങ്ങള്‍ കൊണ്ടുണ്ടാകുന്ന അലര്‍ജിയാണ് പ്രശ്‌നമായി വരിക. വാക്‌സിനെടുക്കാന്‍ പറ്റില്ലെന്ന് ഡോക്ടറുടെ നിര്‍ദേശമുണ്ടെങ്കില്‍ മാത്രമാണ് അംഗീകരിക്കാനാവുക. അല്ലാതെ ഭക്ഷണത്തില്‍ നിന്നോ മരുന്നില്‍ നിന്നോ ഉണ്ടാകുന്ന ചെറിയ തരം അലര്‍ജികള്‍ വാക്‌സിനെടുക്കുന്നതില്‍ നിന്നും തടസമാകില്ല. ഗര്‍ഭിണികള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെങ്കില്‍ വാക്‌സിനെടുക്കാവുന്നതാണെന്നും തെളിഞ്ഞ കാര്യമാണ്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ ആരെയും നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നതാണ് പ്രശ്‌നം,' ഷിംന പറഞ്ഞു.
മതപരമായ കാരണങ്ങള്‍ കൊണ്ട് വാക്‌സിനെടുക്കില്ല എന്നൊക്കെയുള്ള തീരുമാനങ്ങള്‍ പലപ്പോഴും സര്‍വീസിനെ തന്നെ ബാധിക്കുന്ന വിഷയമാണെന്ന് അധ്യാപകര്‍ മനസിലാക്കേണ്ടതുണ്ട്. വാക്‌സിന്‍ എടുക്കില്ലെന്ന് പറയുന്നത് ഒരു ക്രിമിനല്‍ കുറ്റമാണ് എന്ന് അവരെ ബോധ്യപ്പെടുത്തേണ്ടതുമുണ്ടെന്നും വിദ്യാഭ്യാസപ്രവര്‍ത്തകര്‍ പറയുന്നു.