'ഞങ്ങളുടെ നിവൃത്തികേടുകൊണ്ടാണ് കേസൊക്കെ കൊടുക്കേണ്ടി വന്നത്. ആരെയും വേദനിപ്പിക്കുന്ന രീതിയില്‍ പോലും സംസാരിച്ചിട്ടില്ല. എല്ലാവരും പറയുമല്ലോ ഓരോരോ സാഹചര്യങ്ങളാണ് ഓരോരുത്തരെ കള്ളനും കൊലപാതകിയുമൊക്കെ ആക്കുന്നതെന്ന്, ഞങ്ങളുടെ സാഹചര്യമാണ് കോടതിയിലെത്തിച്ചത്. ബുദ്ധിമുട്ട് കൊണ്ടാണ്', അര്‍ഹമായ അവകാശങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കപ്പെടുമ്പോള്‍ ഇടുക്കി സ്വദേശിനിയായ അനഘ ബാബു പറയുന്നത് ഇതാണ്. ഹൈക്കോടതി വിധിയുണ്ടായിട്ടും പഠനത്തിന് ആവശ്യമായി ലാപ് ടോപ് നിഷേധിച്ച പഞ്ചായത്ത് അധികൃതരോട് അനഘ പറയുന്നത് ഇനിയും അപമാനം സഹിക്കാനാകില്ലെന്നാണ്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ദളിത് കുടുംബത്തിലെ വിദ്യാര്‍ത്ഥിനി എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ഉന്നത പഠനത്തിനായി ശ്രമിക്കുമ്പോള്‍ കുറുകെ നില്‍ക്കുന്നത് പഞ്ചായത്ത് അധികൃതരാണ്. അനഘയുടെ അച്ഛനും അമ്മയ്ക്കും നിരവധി ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. അച്ഛന്റെ തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. സര്‍ക്കാരിന്റെ സ്റ്റൈഫന്റ് കൊണ്ടാണ് അനഘയുടെയും സഹോദരിയുടെ വിദ്യാഭ്യാസം മുന്നോട്ട് പോകുന്നത്.
ഹൈക്കോടതി വിധിയുണ്ടായിട്ട് കൂടി, തങ്ങളുടെ പഠനത്തിന് ആവശ്യമായ ലാപ്‌ടോപ്പ് നല്‍കാന്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അധികൃതര്‍ തയ്യാറായില്ലെന്ന് അനഘ പറയുന്നു. പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ മൂലം കടുത്ത മാനസിക സംഘര്‍ഷമാണ് അനുഭവിക്കേണ്ടി വന്നതെന്നും, മറ്റ് മാര്‍ഗമില്ലാതെയാണ് കോടതിയെ സമീപിക്കേണ്ടി വന്നതെന്നും അനഘ ദ ക്യുവിനോട് പറഞ്ഞു.
പഞ്ചായത്ത് ഓഫീസ് കയറി ഇറങ്ങേണ്ടി വന്നു
'ഡിഗ്രിക്ക് ചേര്‍ന്നപ്പോള്‍ തന്നെ പഞ്ചായത്തിന്റെ എസ്‌സിഎസ്ടി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ലാപ്‌ടോപ്പിനായുള്ള അപേക്ഷ ഗ്രാമസഭ മുഖാന്തരം സമര്‍പ്പിച്ചിരുന്നു, അപ്പോള്‍ ഡിഗ്രി കുട്ടികള്‍ക്കല്ല പിജി വിദ്യാര്‍ത്ഥികള്‍ക്കാണ് ലാപ്‌ടോപ് നല്‍കുകയെന്നാണ് മറുപടി ലഭിച്ചത്. പിന്നീട് 2018ല്‍ ശ്രീശങ്കരാചാര്യ സര്‍വ്വകലാശാലയില്‍ സോഷ്യോളജി പിജിക്ക് ഒന്നാം വര്‍ഷം ചേരുന്ന സമയത്തും അപേക്ഷ നല്‍കി. ലിസ്റ്റില്‍ പേരുണ്ടെന്നും എന്നാല്‍ പ്രളയം ആയതുകൊണ്ട് ലാപ്‌ടോപ് ലഭിക്കാന്‍ വൈകുമെന്നും മറുപടി ലഭിച്ചു.
അതിന് ശേഷം സമീപിച്ചപ്പോള്‍, പിജി പഠിക്കുന്ന കുട്ടികള്‍ക്കല്ല, പ്രൊഫഷണല്‍ കോഴ്‌സ് ചെയ്യുന്നവര്‍ക്കാണ് ലാപ്‌ടോപ് ലഭിക്കുകയെന്നാണ് അവര്‍ പറഞ്ഞത്. തുടര്‍ന്ന് ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിയായ സഹോദരിയുടെ പേരില്‍ അപേക്ഷ നല്‍കി. ഞാനും അനിയത്തിയും പഠിക്കുന്നത് എറണാകുളത്തായതുകൊണ്ട്, അമ്മയായിരുന്നു ആവശ്യങ്ങള്‍ക്ക് പഞ്ചായത്തില്‍ പോയിരുന്നത്. അമ്മേനെ ഇട്ട് അവര്‍ കുറെ നടത്തിച്ചു.'
പഠനം മുടങ്ങുന്ന സാഹചര്യം
'ഓരോ ഒഴിവുകഴിവുകളായിരുന്നു പഞ്ചായത്ത് അധികൃതര്‍ ഓരോ തവണയും പറഞ്ഞു കൊണ്ടിരുന്നത്. ഡെസേര്‍ട്ടേഷന്‍ പൂര്‍ത്തിയാക്കാന്‍ വഴിയില്ലാതെ ഞാന്‍ വീണ്ടും പഞ്ചായത്ത് അധികൃതരെ സമീപ്പിച്ചു. ഇത്തവണ കെല്‍ട്രോണില്‍ നല്‍കിയിട്ടുണ്ടെന്നും കൊറോണ കാരണമാണ് വൈകുന്നത് എന്നുമാണ് കാരണമായി പറഞ്ഞത്. പിന്നീടും യാതൊരു നടപടിയുമായില്ല. ഞങ്ങളുടെ ഓണ്‍ലൈന്‍ പഠനവും മുടങ്ങി.
അവസാനം വേറൊരു മാര്‍ഗവുമില്ലാത്തത് കൊണ്ടാണ് ദിശ എന്ന സംഘടന മുഖാന്തരം ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. അഡ്വ. പികെ ശാന്തമ്മ സൗജന്യമായാണ് കേസ് വാദിച്ചത്. ഞങ്ങള്‍ക്ക് അനുകൂലമായി വിധിയും വന്നു. അഞ്ച് ആഴ്ചക്കുള്ളില്‍ ലാപ്‌ടോപ്പ് ലഭ്യമാക്കണം എന്ന വിധിയാണ് വന്നത്. കോടതി വിധിയുടെ ഒറിജിനല്‍ പകര്‍പ്പ് വ്യാഴാഴ്ചയാണ് കിട്ടിയത്. അതുമായി കോടതി നിര്‍ദേശ പ്രകാരം വെള്ളിയാഴ്ച അമ്മയും അനിയത്തിയും കൂടി പഞ്ചായത്തില്‍ പോയി.
പഞ്ചായത്ത് സെക്രട്ടറിയും വേറൊരു വാര്‍ഡ് മെമ്പറും അവിടുണ്ടായിരുന്നു, അവര്‍ അമ്മയെ എല്ലാവരുടെയും മുന്നില്‍ വെച്ച് അപമാനിക്കുകയായിരുന്നു. 'നിങ്ങള്‍ക്ക് ഹൈക്കോടതിയിലൊക്കെ കേസ് കൊടുക്കാന്‍ പൈസയുണ്ടെങ്കില്‍ പിന്നെ പൈസ കൊടുത്ത് ലാപ്‌ടോപ്പ് വാങ്ങിച്ചാല്‍ പോരെ, പഞ്ചായത്തിന്റെ കാലു പിടിക്കാന്‍ പിന്നെയും വരണോ' എന്നും നിരന്തരം പഞ്ചായത്ത് കയറിയിറങ്ങിയ ഞങ്ങളോട് നിങ്ങളൊക്കെ ഇവിടെ എപ്പോഴാണ് വന്നതെന്നുമടക്കം ചോദിച്ചു. ഹോക്കോടതി ഉത്തരവുണ്ടായിട്ടും ഇതായിരുന്നു അവരുടെ പെരുമാറ്റം. ഹൈക്കോടതി താന്‍ പറയുന്നതാണ് കേള്‍ക്കുക, തന്റെ ഭാഗത്താണ് ന്യായം, കെല്‍ട്രോണ്‍ എപ്പോള്‍ തരുന്നോ അപ്പോഴേ ലാപ്‌ടോപ്പ് ലഭിക്കുകയുള്ളൂ എന്നാണ് സെക്രട്ടറി കയര്‍ത്ത് പറഞ്ഞത്. പിന്നീട് ചിലര്‍ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ കുശലാന്വേഷണം നടത്തുക മാത്രമാണ് ചെയ്തതെന്നാണ് അവര്‍ നല്‍കിയ മറുപടി.'
എന്ത് ചെയ്യണമെന്നറിയാതെ കരഞ്ഞിട്ടുണ്ട്
'പഞ്ചായത്ത് കയറി ഇറങ്ങി കടുത്ത മാനസിക സംഘര്‍ഷമാണ് അനുഭവിക്കേണ്ടി വന്നത്. പഠനാവശ്യങ്ങള്‍ക്ക് സുഹൃത്തിന്റെ ലാപ്‌ടോപ്പാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. വര്‍ഷങ്ങളോളം പഴക്കമുള്ളതായിരുന്നു അത്. പിജി പ്രബന്ധം സമര്‍പ്പിക്കേണ്ട രണ്ട് ദിവസം മുമ്പ് ലാപ്‌ടോപ്പ് കേടായി. അച്ഛനും അമ്മക്കും ജോലിയില്ല, ലാപ്‌ടോപ്പ് എങ്ങനെ ശരിയാക്കും, എന്ത് ചെയ്യണമെന്നാലോചിച്ച് വല്ലാതെ വിഷമിച്ചു. വര്‍ക്ക് ചെയ്യാന്‍ കഴിയാതെ രാത്രികളില്‍ ഇരുന്ന് കരഞ്ഞിട്ടുണ്ട്.
ചോര്‍ന്നൊലിക്കുന്ന ഒരു വീട്ടില്‍ നിന്ന് പഠിച്ചാണ് ഞാന്‍ Sociologyല്‍ NET വാങ്ങിച്ചത്. അനിയത്തി ഭക്ഷണം പോലും കഴിക്കാതെ ആ പൈസ മാറ്റി വെച്ച് പുസ്തകങ്ങള്‍ വാങ്ങിച്ചിട്ടുണ്ട്. അങ്ങനെയുള്ള രണ്ട് ദളിത് വിദ്യാര്‍ത്ഥിനികളെയാണ് അവര്‍ വീണ്ടും വീണ്ടും അപമാനിക്കുന്നത്. ഞങ്ങളുടെ നിവര്‍ത്തികേടുകൊണ്ടാണ് കേസൊക്കെ കൊടുക്കേണ്ടി വന്നത്. ആരെയും വേദനിപ്പിക്കുന്ന രീതിയില്‍ പോലും സംസാരിച്ചിട്ടില്ല', അനഘ പറയുന്നു