അഴീക്കോട് മണ്ഡലത്തില്‍ എം.വി നികേഷ് കൂമാറിനെ സി.പി.എം വീണ്ടും രംഗത്തിറക്കിയേക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലും എം.വി നികേഷ് കുമാറായിരുന്നു ഇവിടെ ഇടത് സ്ഥാനാര്‍ത്ഥി. മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജിയോട് 2,287 വോട്ടിന് പരാജയപ്പെട്ടിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ എം.വി നികേഷ് കുമാര്‍ സജീവമായിരുന്നു.
അനധികൃത സ്വത്ത് സമ്പാദക്കേസിലുള്‍പ്പെട്ട കെ.എം ഷാജി ഇത്തവണ അഴീക്കോട് നിന്നും മത്സരിക്കാനുണ്ടാകില്ലെന്ന് വ്യക്തമായിട്ടുണ്ട്. ഷാജിക്കെതിരായ നിയമപോരാട്ടത്തിന് തെരഞ്ഞെടുപ്പ് കേസിലൂടെ തുടക്കം കുറിച്ചത് എം.വി നികേഷ് കുമാറായിരുന്നു. എം.വി നികേഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കെ.എം ഷാജിയെ കോടതി അയോഗ്യനാക്കിയിരുന്നു. നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കാമെങ്കിലും വോട്ടിംഗ് അവകാശമില്ല. പ്ലസ് ടു അനുവദിച്ചതില്‍ കോഴ വാങ്ങിയ കേസിലും കെ.എം ഷാജിക്കെതിരെ അന്വേഷണം നടക്കുകയാണ്. ഉറച്ച കോട്ടയായിരുന്ന അഴീക്കോട് തിരിച്ചു പിടിക്കാന്‍ ഇത്തവണ കഴിയുമെന്ന പ്രതീക്ഷയിലാണ് സി.പി.എം.
അഴീക്കോട് മണ്ഡലം 2011ലാണ് കെ.എം ഷാജിയിലൂടെ യു.ഡി.എഫ് പിടിച്ചെടുത്തത്. മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന എം. പ്രകാശനെ പരാജയപ്പെടുത്തിയായിരുന്നു കെ.എം ഷാജിയുടെ വിജയം. മന്ത്രി ഇ.പി ജയരാജന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന എം. പ്രകാശന്‍ സ്ഥാനമൊഴിഞ്ഞത് അഴീക്കോട് മണ്ഡലത്തില്‍ മത്സരിക്കുന്നതിന് വേണ്ടിയാണെന്ന പ്രചരണം ഉണ്ടായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല ഏറ്റെടുക്കുന്നതിനായാണ് എം. പ്രകാശനെ മാറ്റിയെതെന്നാണ് സൂചന. ഇ.പി ജയരാജന്‍ ഇത്തവണ മത്സരിക്കുന്നില്ലെങ്കില്‍ ജില്ലയില്‍ നിന്നും നമ്പ്യാര്‍ പ്രാതിനിധ്യം വേറെ ഉണ്ടാകില്ലെന്നതും എം.വി നികേഷ് കുമാറിന്റെ സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. യുവ നേതാക്കളുടെ പേരുകളും ഇതിനൊപ്പം സി.പി.എം പരിഗണിക്കുന്നുണ്ട്.
അഴീക്കോട് മണ്ഡലത്തില്‍ കെ.എം ഷാജി നിര്‍ദേശിക്കുന്ന പേര് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിന്റെ പേരാണ്. മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറി അബ്ദുള്‍ കരീം ചേലേരിയെയും പരിഗണിക്കുന്നുണ്ട്. അല്ലെങ്കില്‍ സംസ്ഥാന നേതാക്കളാരെയെങ്കിലുമായിരിക്കും ലീഗ് മത്സരിപ്പിക്കുക.