‘സിപിഎം ഭരിക്കുന്ന പഞ്ചായത്തും ക്വാറിയുടമയും കുടിവെള്ളം മുട്ടിക്കുന്നു’; മുഖ്യമന്ത്രിയുടെ ഓഫീസും തിരിച്ചയച്ചെന്ന് ദളിത് കുടുംബങ്ങള്‍

‘സിപിഎം ഭരിക്കുന്ന പഞ്ചായത്തും ക്വാറിയുടമയും കുടിവെള്ളം മുട്ടിക്കുന്നു’; മുഖ്യമന്ത്രിയുടെ ഓഫീസും തിരിച്ചയച്ചെന്ന് ദളിത് കുടുംബങ്ങള്‍

Published on

സിപിഎം നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതി കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകര്‍ത്തുവെന്ന പരാതിയുമായെത്തിയവരെ മുഖ്യമന്ത്രിയുടെ ഓഫീസ് തിരിച്ചയെച്ചെന്ന് ആരോപണം. തിരുവനന്തപുരം കിളിമാനൂര്‍ തോപ്പില്‍ ദളിത് കോളനിയിലുള്ളവരാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെയും പട്ടികജാതി കമ്മീഷനെയും കാണാന്‍ സെക്രട്ടറിയേറ്റിലെത്തിയത്. സിപിഎം പിന്തുണയോടെ തങ്ങളുടെ കോളനിക്കകത്ത് പന്ത്രണ്ട് വര്‍ഷമായി ക്വാറി പ്രവര്‍ത്തിക്കുകയാണ്. സമരം ചെയ്യുന്നവരുടെ കുടിവെള്ളം മുട്ടിച്ച് പകപോക്കുകയാണ് സിപിഎം. പാര്‍ട്ടി നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിയും തങ്ങളെ കാലങ്ങളായി ദ്രോഹിക്കുകയാണ്. പ്രതിഷേധിക്കില്ലെന്ന് ഉറപ്പ് കൊടുത്തവര്‍ക്ക് മാത്രം വെള്ളം നല്‍കി. പിന്നാലെ കുടിവെള്ളപൈപ്പുകള്‍ തകര്‍ത്തു. ഇതിനേക്കുറിച്ച് പരാതിപ്പെടാന്‍ സെക്രട്ടറിയേറ്റിലെത്തിയപ്പോഴാണ് അവഗണന ഏറ്റുവാങ്ങേണ്ടി വന്നതെന്ന് കോളനിവാസികള്‍ പറയുന്നു.

മുഖ്യമന്ത്രിയെ കാണാന്‍ ഞങ്ങള്‍ പാസെടുത്തപ്പോള്‍ തന്നെ ജീവനക്കാര്‍ പറഞ്ഞു മുഖ്യമന്ത്രിയെ കാണാന്‍ പറ്റില്ലെന്ന്. കടം വാങ്ങിയാണ് ഞങ്ങള്‍ പോയത്. വെറുപ്പോടെയാണ് അവര്‍ സംസാരിച്ചത്. കോളനിയില്‍ നിന്ന് പോകുന്നവരായത് കൊണ്ട് സാധുക്കളാണെന്ന് അവര്‍ക്ക് കണ്ടാല്‍ തന്നെ അറിയുമായിരിക്കും. പരാതി പരിഹാര സെല്ലില്‍ കൊടുത്താല്‍ മതിയെന്ന് പറഞ്ഞ് മടക്കിയയച്ചു. പട്ടികജാതി കമ്മീഷനും ഇക്കാര്യത്തില്‍ താല്‍പര്യമില്ല. മറുഭാഗത്ത് സിപിഎം ആയത് കൊണ്ടാണ് ആരും ഇടപെടാത്തത്. കോളനിക്കാരെല്ലാം സിപിഎമ്മുകാരായിരുന്നു. ഈ ക്വാറി കാരണം മിക്കവരും അവരില്‍ നിന്നകന്നു.

സേതു, സമരസമിതി നേതാവ് 

കോളനിക്കുള്ളിലാണ് ക്വാറിയും ക്രഷറും പ്രവര്‍ത്തിക്കുന്നത്. പ്രദേശത്ത് കുടിവെള്ള ക്ഷാമം രൂക്ഷമായതോടെയാണ് ക്വാറി വിരുദ്ധ ജനകീയ മുന്നണി രൂപീകരിച്ച് കോളനി നിവാസികള്‍ സമരം തുടങ്ങിയത്. പട്ടികജാതി ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതി സ്ഥാപിച്ചിട്ടും വീടുകളില്‍ വെള്ളമെത്തിയിരുന്നില്ല. കുടിവെള്ളം ആവശ്യപ്പെട്ട് സേതു 780 ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം ചെയ്തു. എന്നിട്ടും ഫലമുണ്ടായില്ല. പിന്നീട് കോളനിയില്‍ തിരിച്ചെത്തി സമരം ശക്തമാക്കി.

സ്വയംപര്യാപ്ത ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2013-14 വര്‍ഷത്തില്‍ കുടിവെള്ള പദ്ധതി കൊണ്ടുവന്നു. എന്നാല്‍ പദ്ധതി പൂര്‍ത്തിയാക്കിയില്ല. 150 കുടുംബങ്ങള്‍ ഒപ്പിട്ട പരാതി കേരള പട്ടികജാതി കമ്മീഷന് നല്‍കി. 2019 ഏപ്രില്‍ 3ന് ജില്ലാ പട്ടികജാതി വികസന ഓഫീസറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പദ്ധതി പൂര്‍ത്തീകരിച്ച് കുടിവെള്ളമെത്തിക്കുമെന്ന് ഉറപ്പ് നല്‍കി.

മൂന്ന് കുഴല്‍കിണറുകളാണ് കോളനിയില്‍ ഉള്ളത്. ഇവയിലും ജലദൗര്‍ലഭ്യമുണ്ട്. വാട്ടര്‍ അതോറിറ്റിയോട് വെള്ളം നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. മെയ് മാസം അവസാനത്തോടെ കുടിവെള്ള പദ്ധതിയുടെ പൈപ്പിടല്‍ ജോലി ഉള്‍പ്പെടെ പൂര്‍ത്തിയാക്കുമെന്ന് നിര്‍മ്മിതി കേന്ദ്രം എഞ്ചിനീയറും യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു.

പൈപ്പിട്ട് വെള്ളം നല്‍കാന്‍ തുടങ്ങി. എന്നാല്‍ ക്വാറിക്കെതിരെ സമരം ശക്തമാക്കിയപ്പോള്‍ ക്വാറിയുടമ ഇടപെട്ട് കുടിവെള്ളം മുടക്കിയെന്നും സിപിഎം നേതൃത്വം നല്‍കുന്ന പഞ്ചായത്ത് ഭരണസമിതി ഇതിന് ഒത്താശ ചെയ്യുകയാണെന്നും സമരസമിതി ആരോപിക്കുന്നു. പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിനായി പഞ്ചായത്ത് അധികൃതര്‍ വിളിച്ച യോഗത്തില്‍ പ്രതിഷേധമുയര്‍ന്നപ്പോള്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പുകള്‍ പൊട്ടിക്കുമെന്ന് വൈസ്പ്രസിഡന്റെ ഭീഷണിപ്പെടുത്തിയിരുന്നു. പിറ്റേ ദിവസം രാവിലെ പൈപ്പുകള്‍ തകര്‍ന്നു കിടക്കുന്നതാണ് കണ്ടതെന്ന് മുഖ്യമന്ത്രിക്കും പട്ടികജാതി വികസനവകുപ്പ് മന്ത്രിക്കും കമ്മീഷനും നല്‍കിയ പരാതിയില്‍ കോളനി നിവാസികള്‍ വ്യക്തമാക്കുന്നുണ്ട്.

ക്വാറിക്കെതിരെ സമരം നടത്തുന്നവരെ പാര്‍ട്ടി നേതൃത്വം ഭീഷണിപ്പെടുത്തുകയാണെന്നും ആരോപണമുണ്ട്. കോളനി നിവാസികളെ ഭിന്നിപ്പിച്ച് നിര്‍ത്തി സമരം ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നതായും ഇവര്‍ ചൂണ്ടിക്കാട്ടി. ക്വാറി കോളനിക്കുള്ളില്‍ തന്നെയായതിനാല്‍ പാറ പൊട്ടിക്കുമ്പോള്‍ വീടുകള്‍ക്ക് മുകളില്‍ വീഴുന്നത് പതിവാണ്. ജീവന്‍ പണയപ്പെടുത്തിയാണ് കഴിയുന്നതെന്ന് കോളനിയില്‍ താമസിക്കുന്ന സീന പറയുന്നു.

കുടിവെള്ള പദ്ധതിയുടെ താക്കോല്‍ പഞ്ചായത്ത് അധികൃതര്‍ നല്‍കാത്തതിനാല്‍ വെള്ളം പമ്പ് ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു. ഒരു കുടം വെള്ളത്തിനായി ഏഴും എട്ടും കിണറുകള്‍ക്ക് മുന്നില്‍ പോയി മടങ്ങിയിട്ടും വാട്ടര്‍ടാങ്കിന്റെ താക്കോല്‍ നല്‍കിയില്ല. പ്രതിഷേധിക്കില്ലെന്ന് ഉറപ്പ് കൊടുത്തവര്‍ക്ക് മാത്രം വെള്ളം നല്‍കി. അധികൃതര്‍ക്ക് പരാതി നല്‍കാന്‍ തുടങ്ങിയപ്പോള്‍ കീ നല്‍കിയത്. തൊട്ട് പിന്നാലെ പൈപ്പും തകര്‍ക്കുകയാണുണ്ടായതെന്നും കോളനി നിവാസികള്‍ കൂട്ടിച്ചേര്‍ത്തു.

കോളനിയിലെ കുടിവെള്ള പൈപ്പ് തകര്‍ത്തുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ രാജലക്ഷ്മിയമ്മാള്‍ പ്രതികരിച്ചു. മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതിന് മുമ്പ് പഞ്ചായത്ത് അധികൃതരെ അറിയിക്കാമായിരുന്നു. കോളനിയില്‍ കുടിവെള്ള പ്രശ്‌നമില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം
logo
The Cue
www.thecue.in