വയനാട്ടിലെ ആദിവാസികള്‍ ഊരുകള്‍ കൊവിഡ് ഭീതിയില്‍. സംസ്ഥാനാതിര്‍ത്തിയിലെ ഊരുകള്‍ കര്‍ശന നിരീക്ഷണത്തിലാക്കി. തിരുനെല്ലി പഞ്ചായത്തില്‍ ആദിവാസികള്‍ ഉള്‍പ്പെടെ 13പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കുടകിലെ ഇഞ്ചിപ്പാടങ്ങളിലുള്‍പ്പെടെ ജോലിക്ക് പോയി തിരിച്ചെത്തിയവരില്‍ വൈറസ് ബാധ കണ്ടെത്തിയതാണ് രോഗികളുടെ എണ്ണം ഇനിയും കൂടുമെന്ന ആശങ്ക ഉണ്ടാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
40 ശതമാനത്തിലധികം ആദിവാസികളുള്ള പഞ്ചായത്താണ് തിരുനെല്ലി. 3586 ആദിവാസി കുടുംബങ്ങളിലായി 13000 പേരുണ്ട്. ഇവിടെ ഡോക്ടര്‍ക്കാണ് ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ചത്. കാട്ടിക്കുളത്തും കര്‍ണാടകയിലെ ബൈരക്കുപ്പയിലും ഇയാള്‍ ജോലി ചെയ്തിരുന്നു. ചികിത്സയിലുള്ള ഇയാളുടെ സമ്പര്‍ക്കത്തിലുള്ള ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. കുടകിലെ ഇഞ്ചിപ്പാടത്തില്‍ ജോലി ചെയ്തിരുന്ന 5 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ബാവലി വഴി കാല്‍നടയായി കുടകില്‍ നിന്ന് വന്ന നാല് ആദിവാസികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ പാസ്സെടുക്കാതെയാണ് സംസ്ഥാനത്തേക്ക് വന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. കാട്ടിക്കുളം ടൗണില്‍ ചുറ്റിക്കറങ്ങിയതിന് ശേഷമാണ് ഇവര്‍ ഊരിലെത്തിയത്. ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആ ഊരിലെ മുഴുവന്‍ ആളുകളെയും ക്വാറന്റീനിലേക്ക് മാറ്റിയെന്ന് പഞ്ചായത്ത് പ്രസിഡന്റ് മായാദേവി ദ ക്യുവിനോട് പറഞ്ഞു.
കുടകില്‍ നിന്നും ആളുകള്‍ ഇപ്പോഴും എത്തുന്നുണ്ട്. രണ്ട് ചെക്ക് പോസ്റ്റുകളാണ് ഇവിടെയുള്ളത്. തോല്‍പ്പട്ടി ചെക്ക് പോസ്റ്റില്‍ കര്‍ണാടക കുട്ടയില്‍ മണ്ണിട്ട് യാത്ര തടസ്സപ്പെടുത്തിയിട്ടുണ്ട്. അവിടെ വനത്തിലൂടെയാണ് ആളുകള്‍ കേരളത്തിലേക്ക് എത്തുന്നത്. ഇങ്ങനെ വന്ന 300 പേരെ പഞ്ചായത്ത് ക്വാറന്റീനിലാക്കിയിട്ടുണ്ട്. ഇവര്‍ക്കായി കമ്യൂണിറ്റി കിച്ചണും പ്രവര്‍ത്തിക്കുന്നുണ്ട്.
മായാദേവി
218 ഊരുകളാണ് തിരുനെല്ലി പഞ്ചായത്തിലുള്ളത്. ഭൂരിഭാഗം ആദിവാസികളുള്‍പ്പെടെ കുടകിലെ ഇഞ്ചിപ്പാടങ്ങളിലേക്കും കവുങ്ങ് തോട്ടങ്ങളിലേക്കും ജോലിക്ക് പോകുന്നത്. കൂലി കൂടുതല്‍ ലഭിക്കുമെന്നതാണ് അതിര്‍ത്തി കടന്നുള്ള ജോലിക്ക് പോകുന്നതിന് കാരണം. കരാര്‍ വ്യവസ്ഥയിലാണ് ജോലി. 500 രൂപ വരെ കിട്ടും. തൊഴിലുറപ്പ് പദ്ധതിക്ക് പോലും ആളെ കിട്ടിയിരുന്നില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ഇപ്പോള്‍ കുടകില്‍ ജോലി ഇല്ലാതായതോടെ ആളുകള്‍ മടങ്ങിയെത്തുകയാണ്. വനത്തില്‍ പൊലീസ് പട്രോളിംഗും ശക്തമാക്കിയിരുന്നു. കര്‍ണാടകയില്‍ ജോലി കുറഞ്ഞതോടെ ആദിവാസികളായ തൊഴിലാളികളെ ജോലിക്കായി കൊണ്ടുപോയ കരാറുകാര്‍ അതിര്‍ത്തിയില്‍ കൊണ്ടുവിട്ട് പോകുകയാണെന്നാണ് ആരോപണം.
കര്‍ണാടകയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കോവിഡ് കേസുകള്‍ കൂടി വരുന്നുണ്ട്. കൂടുതല്‍ പേര്‍ ഇനിയുള്ള ദിവസങ്ങളില്‍ തിരുനെല്ലി ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലേക്ക് എത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്. മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് കൊവിഡ് രോഗികളെ ചികിത്സിക്കുന്നത്. രോഗികളുടെ എണ്ണം കൂടാനുള്ള സാഹചര്യം മുന്നില്‍ കണ്ട് പഞ്ചായത്തിലെ കല്യാണമണ്ഡപങ്ങള്‍ കൊവിഡ് ചികിത്സ കേന്ദ്രങ്ങളാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നുണ്ട്. കട്ടിലും കിടക്കകളും എത്തിച്ചിട്ടുണ്ട്.
കൊവിഡ് ഇപ്പോള്‍ നിയന്ത്രണവിധേയമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ജെറിന്‍ എസ് ജെറോഡ് അറിയിച്ചു. വാര്‍ഡ് തല ജാഗ്രത സമിതികള്‍ കര്‍ശന നിരീക്ഷണം നടത്തുന്നുണ്ട്. പുറമേ നിന്നെത്തുന്നവരെ ക്വാറന്റീനിലാക്കുന്നുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കി.
പുല്‍പ്പള്ളി പഞ്ചായത്തിലെ കുടകില്‍ നിന്നും കബനി നദി കടന്ന് വന്നെത്തിയവര്‍ നിരീക്ഷണത്തിലായിരുന്നു. ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. കോളനികളില്‍ വളണ്ടിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്.