വിഷുവും അവധി സീസണും നഷ്ടമാകുമ്പോള്‍ മലയാള സിനിമ നേരിടുന്നത്, നഷ്ടം 500 കോടിക്ക് മുകളില്‍
മലയാള സിനിമയുടെ ഏറ്റവും വലിയ വരുമാന സീസണ്‍ ആണ് മാര്‍ച്ച് പകുതി മുതല്‍ മേയ് അവസാനിക്കുന്നത് വരെ. ഈസ്റ്റര്‍, വിഷു, പെരുന്നാള്‍ ഉല്‍സവ സീസണുകളിലെ ഫെസ്റ്റിവല്‍ റിലീസ് കളക്ഷന്‍, രണ്ട് മാസത്തോളമുള്ള സ്‌കൂള്‍ അവധിക്കാലം പരിഗണിച്ചുള്ള കുടുംബ പ്രേക്ഷകരുടെ തിരക്ക് എന്നിവ കാലങ്ങളായി ചലച്ചിത്ര വ്യവസായത്തിന് പുതുജീവന്‍ പകരാറുള്ള മാസങ്ങള്‍ ആണ്. എന്നാല്‍ മാര്‍ച്ച് പകുതി മുതല്‍ ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും വിതരണവും പ്രദര്‍ശനവും നിലച്ചതോടെ മലയാള സിനിമ ഇതുവരെ നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. നിര്‍മ്മാണവും വിതരണവും റിലീസും മുടങ്ങിയത് പരിഗണിക്കുമ്പോള്‍ 500 കോടിക്ക് മുകളിലാണ് മലയാള സിനിമ കണക്കാക്കുന്ന നഷ്ടം.
കൊവിഡ് രോഗവ്യാപനം സമ്പൂര്‍ണ നിയന്ത്രണത്തിലാകുന്ന സാഹചര്യമുണ്ടാകാതെ ചലച്ചിത്ര നിര്‍മ്മാണമോ വിതരണമോ തുടങ്ങാനാകില്ല. പാതിയില്‍ നിര്‍ത്തിവച്ചിരിക്കുന്ന സിനിമകളും, പൂര്‍ത്തിയായ സിനിമകളും ഇനി ചിത്രീകരിക്കേണ്ട സിനിമകളും, റിലീസ് നിശ്ചയിച്ച വിഷു-ഈസ്റ്റര്‍ സിനിമകളും എന്ന് തിയറ്ററുകളിലെത്തിക്കാനാകും എന്ന ചോദ്യത്തിന് നിര്‍മ്മാതാക്കളും, വിതരണക്കാരും തിയറ്ററുടമകളും ഉത്തരമില്ലാതെ നില്‍ക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ കൊവിഡ് നിയന്ത്രണ വിധേയമാകാതെ സിനിമാരംഗം പഴയ അവസ്ഥയിലേക്ക് തിരികെയെത്തില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധിയും മുതിര്‍ന്ന നിര്‍മ്മാതാവുമായ ജി.സുരേഷ് കുമാര്‍ ദ ക്യുവിനോട് പറഞ്ഞു.
വിഷു സീസണിലെ നഷ്ടം 300 കോടിക്ക് മുകളില്‍
മലയാള സിനിമാ വ്യവസായത്തിന് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന സമയമാണ് ഇത്. വേനലവധി, വിഷു, പെരുന്നാള്‍ സീസണുകളിലായി മാത്രം 300 കോടിയിലേറെ രൂപയുടെ വരുമാനം ഉണ്ടാകേണ്ടതാണ്. ഈ സ്ഥാനത്താണ് പ്രദര്‍ശനം തീര്‍ത്തും മുടങ്ങിക്കിടക്കുന്നതെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍ ദ ക്യുവിനോട് പറഞ്ഞു. കേരളത്തില്‍ കൊവിഡ് ഭീതി അകന്നാലും തിയേറ്ററുകള്‍ തുറക്കാനാവില്ല. അതിന് അന്താരാഷ്ട്ര തലത്തില്‍ തന്നെ രോഗം നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.
ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ രണ്ടാഴ്ചയെങ്കിലും കടന്നാല്‍ മാത്രമേ ഇപ്പോഴത്തെ സാഹചര്യത്തില്‍ തിയേറ്ററുകള്‍ തുറക്കാനാകുമോ എന്ന് ചിന്തിക്കാന്‍ പോലുമാകൂ എന്നാണ് സുരേഷ് കുമാറിന്റെ അഭിപ്രായം. 'വലിയ പ്രതിസന്ധിയിലാണ് നമ്മള്‍ ഇപ്പോഴുള്ളത്. സിനിമകള്‍ എപ്പോള്‍ റിലീസ് ചെയ്യാനാകുമെന്ന് പരസ്പരം ചോദിക്കുന്നുണ്ട്. കൊവിഡ് കാലം തീര്‍ന്നാല്‍ മാത്രമേ ചര്‍ച്ചയിലേക്ക് പോകും കടക്കാനാവൂ,' സുരേഷ് കുമാര്‍ പറഞ്ഞു.
100 കോടിയുടെ മരക്കാര്‍, ബിഗ് ബജറ്റുകള്‍ക്കും അപ്രതീക്ഷിത ഇന്റര്‍വെല്‍
മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍-അറബിക്കടലിന്റെ സിംഹം. 100 കോടി ബജറ്റിലാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളും ചൈനീസ് തിയറ്ററുകള്‍ക്കായി ചൈനീസ് പതിപ്പുമായാണ് റിലീസിന് ആലോചിച്ചിരുന്നത്. ഒരേ സമയത്തോ, തൊട്ടടുത്ത ആഴ്ചകളിലോ ആയി വേള്‍ഡ് വൈഡ് റിലീസ് ചെയ്താല്‍ മാത്രമേ മരക്കാര്‍ പോലൊരു ബിഗ് ബജറ്റ് മലയാള ചിത്രത്തിന് കൃത്യമായ ബിസിനസ് നടത്താനാകൂ. കേരളത്തില്‍ മാത്രം കൊവിഡ് ഭീതി ഒഴിഞ്ഞാലും മരക്കാര്‍ ഉടനെ തിയറ്ററുകളിലെത്തിക്കുക എളുപ്പമല്ല. മലയാള സിനിമയെ സംബന്ധിച്ച് കേരളത്തിന് പുറത്തുള്ള റിലീസും, ഇന്ത്യക്ക് പുറത്തുള്ള രാജ്യത്തെ റിലീസും, ഗള്‍ഫ് കളക്ഷനുമെല്ലാം ഈ ഘട്ടത്തില്‍ വളരെ നിര്‍ണായകമാണ്. ഇന്ത്യയിലെ കൊവിഡ് ആശങ്ക ഒഴിഞ്ഞാലും മരക്കാര്‍ പോലൊരു സിനിമയുടെ റിലീസിന് കൂടുതല്‍ മാസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് ചലച്ചിത്ര മേഖലയില്‍ നിന്ന് അറിയുന്നത്. 29 കോടി മുതല്‍മുടക്കിയ ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ ചിത്രം മാലിക് ഏപ്രില്‍ റിലീസായി നിശ്ചയിച്ചിരുന്നതാണ്. ആന്റോ ജോസഫ് നിര്‍മ്മിച്ച ഈ സിനിമയും അവധിക്കാലത്ത് വേള്‍ഡ് വൈഡ് റിലീസാണ് പ്ലാന്‍ ചെയ്തിരുന്നത്. മമ്മൂട്ടി ചിത്രം വണ്‍, ആഷിക് അബു നിര്‍മ്മിച്ച് സക്കരിയ സംവിധാനം ചെയ്ത ഹലാല്‍ ലവ് സ്റ്റോറി, ടൊവിനോ തോമസ് നായകനായ കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് ഇങ്ങിനെ ലോക്ക് ഡൗണിലായ മലയാള സിനിമയിലെ കോടികളുടെ പട്ടിക നീണ്ടതാണ്.
കേരളത്തില്‍ മാത്രം റിലീസ് ചെയ്താല്‍ പോര, നിയന്ത്രണങ്ങളോടെ തിയറ്ററുകള്‍ തുറന്നാല്‍ തിരിച്ചടി
നിയന്ത്രണങ്ങളോടെ തിയേറ്ററുകള്‍ തുറക്കുന്നത് വ്യവസായ മേഖലയ്ക്ക് കാര്യമായ നേട്ടമുണ്ടാകില്ലെന്നാണ് നിര്‍മ്മാതാവ് ജി.സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടുന്നത്. തിയേറ്ററുകള്‍ ഭൂരിഭാഗവും എയര്‍ കണ്ടീഷന്‍ ഉള്ളവയാണ്. സിനിമ കാണാന്‍ വരുന്ന ഒരാള്‍ക്ക് രോഗമുണ്ടെങ്കില്‍ അത് പടരാനുള്ള സാധ്യതയും കൂടുതലാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ രോഗത്തിന്റെ കൊവിഡ് ഭീതി പൂര്‍ണ്ണമായും അകന്നാല്‍ മാത്രമേ പ്രദര്‍ശനം തുടരുന്ന കാര്യം ചിന്തിക്കാനാവൂ. നിയന്ത്രണങ്ങളോട് തിയറ്ററുകള്‍ തുറക്കുന്നത് ആളുകളുടെ വരവ് കുറയാനും കാരണമാകും. 2020 ആദ്യ രണ്ട് മാസങ്ങളില്‍ തിയറ്ററുകളില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ മലയാള സിനിമക്ക് സാധിച്ചിരുന്നു. മിഥുന്‍ മാനുവല്‍ തോമസിന്റെ കുഞ്ചാക്കോ ബോബന്‍ ചിത്രം അഞ്ചാം പാതിര, മമ്മൂട്ടി നായകനായ ഷൈലോക്ക്, പൃഥ്വിരാജും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായ അയ്യപ്പനും കോശിയും, സുരേഷ് ഗോപിയും ശോഭനയും ദുല്‍ഖറും കേന്ദ്രകഥാപാത്രങ്ങളായ വരനെ ആവശ്യമുണ്ട് എന്നീ സിനിമകള്‍ മികച്ച വിജയമായിരുന്നു. വാരാന്ത്യത്തിന് പുറമേ മറ്റ് ദിവസങ്ങളിലും എല്ലാ പ്രദര്‍ശനവും ഹൗസ് ഫുള്‍ ഷോകള്‍ ആകാനുള്ള സാധ്യതയാണ് അവധിക്കാലമാകുമ്പോള്‍ ഉള്ളത്. അവധിക്കാലം നഷ്ടമാകുന്നതോടെ കളക്ഷനിലും ഗണ്യമായ കുറവുണ്ടാകും.
ഓണം-ക്രിസ്മസ് റിലീസുകളെയും ബാധിക്കും
മാര്‍ച്ച് മുതലുള്ള ലോക്ക് ഡൗണ്‍ വിഷു-ഈസ്റ്റര്‍-പെരുന്നാള്‍ റിലീസുകളെ മാത്രമല്ല ഓണം-ക്രിസ്മസ് റിലീസുകളെയും ബാധിക്കും. മമ്മൂട്ടിയുടെ പ്രീസ്റ്റ് പെരുന്നാള്‍ റിലീസായി ആലോചിച്ചിരുന്നതാണ്. മോഹന്‍ലാലിന്റെ റാം ഓണം റിലീസ് ആയിരുന്നു. മമ്മൂട്ടി ചിത്രം ബിലാല്‍ ക്രിസ്മസ് റിലീസാകുമെന്നായിരുന്നു സൂചന. മമ്മൂട്ടി നായകനായ സത്യന്‍ അന്തിക്കാട് ചിത്രം ഓണച്ചിത്രമായി തിയറ്ററുകളില്‍ ചാര്‍ട്ട് ചെയ്തിരുന്നതാണ്. ചിത്രീകരണം പൂര്‍ത്തിയാക്കാന്‍, സാധിക്കാത്തതും ചിത്രീകരണത്തിലേക്ക് കടക്കാന്‍ കഴിയാത്തതും നിലവിലെ റിലീസുകള്‍ പുനര്‍നിശ്ചയിക്കേണ്ടി വരുന്നതും ഓണം ക്രിസ്മസ് റിലീസുകളെയും ബാധിക്കുമെന്നാണ് അറിയുന്നത്.
അടിതെറ്റി തിയറ്ററുകള്‍, ഇരട്ട പ്രഹരം
പത്തോളം സിനിമകള്‍ക്ക് അഡ്വാന്‍സ് കൊടുത്ത് കാത്തിരിക്കുകയായിരുന്നു തിയേറ്ററുടമകള്‍. എന്നാല്‍ കൊവിഡ് കാലം ഇവര്‍ക്ക് ഇരട്ട പ്രഹരമാണ് നല്‍കിയിരിക്കുന്നത്. ഓരോ മാസവും നിശ്ചിത വൈദ്യുതി ചിലവടക്കം ലക്ഷങ്ങളുടെ ചിലവാണ് തിയേറ്ററുടമകള്‍ക്കുള്ളത്. മുനിസിപ്പല്‍ നികുതി അടയ്ക്കാന്‍ സമയം നീട്ടി കിട്ടിയിട്ടുണ്ട്. എന്നാല്‍ തിയേറ്ററുകള്‍ നവീകരിച്ചവരും മള്‍ട്ടിപ്ലക്‌സുകള്‍ നിര്‍മ്മിച്ചവരുമുണ്ട്. ബാങ്കുകളില്‍ നിന്നും കെഎഫ്സിയില്‍ നിന്നും ലോണെടുത്താണ് ഇത് ചെയ്തിരിക്കുന്നത്. മൊറട്ടോറിയം പ്രഖ്യാപിച്ചത് ഒരു ആശ്വാസമാണ്. എന്നാല്‍ ആ ലോണ്‍ തിരിച്ചടക്കണമെങ്കിലും കടം വാങ്ങേണ്ടി വരും. തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കണമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ട്. മുഴുവന്‍ കൊടുത്തില്ലെങ്കിലും പകുതി ശമ്പളമെങ്കിലും കൊടുക്കേണ്ടതുണ്ട്. ശരാശരി മൂന്ന് ലക്ഷം രൂപ അടച്ചിട്ട തിയേറ്ററുകളുടെ കാര്യത്തിലും ചിലവുണ്ട് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും തിയറ്ററുടമയുമായ ലിബര്‍ട്ടി ബഷീര്‍ ദ ക്യുവിനോട് പറഞ്ഞു.
'എന്റെ തിയേറ്ററുകള്‍ക്ക് 1.90 ലക്ഷം രൂപ ഫിക്‌സഡ് വൈദ്യുതി ചാര്‍ജ്ജാണ്. അത് എല്ലാ മാസവും അടക്കണം. ഇക്കാര്യത്തില്‍ ഇളവ് നല്‍കുമോയെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങി എല്ലാ ഭാഷാ സിനിമകളും റിലീസ് മുടങ്ങിക്കിടക്കുന്നുണ്ട്. ചെറിയ സിനിമകള്‍ക്ക് രണ്ടര ലക്ഷം മുതലും വലിയ സിനിമകള്‍ക്ക് ആറ് ലക്ഷത്തിലധികവുമാണ് വിതരണക്കാര്‍ അഡ്വാന്‍സ് വാങ്ങുന്നത്. ഇതൊക്കെ ഇനി എന്ന് പ്രദര്‍ശിപ്പിക്കാനാകുമെന്ന് അറിയില്ല,' - കൊവിഡ് എത്തിച്ചിരിക്കുന്ന പ്രതിസന്ധി ലിബര്‍ട്ടി ബഷീര്‍ വിശദീകരിച്ചു. 'കേരളത്തിലെ വരുമാനം മാത്രം നോക്കി മലയാളത്തിലെ വലിയ സിനിമകള്‍ക്ക് റിലീസ് ചെയ്യാനാവില്ല. യുഎഇയില്‍ അടക്കം പ്രദര്‍ശിപ്പിച്ചാലേ ഗുണമുണ്ടാകൂ. അമേരിക്കയിലും ലണ്ടനിലും പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വലിയ നഷ്ടമുണ്ടാകില്ല. എന്നാല്‍ ഗള്‍ഫിലെ സ്ഥിതി ഇതല്ല. തമിഴ്, തെലുങ്ക് സിനിമകളുടെ സ്ഥിതിയും ഇതാണ്. തമിഴ് സിനിമകള്‍ക്ക് കൂടുതല്‍ വരുമാനം കിട്ടുന്നത് മലേഷ്യ, സിങ്കപ്പൂര്‍, ഇംഗ്ലണ്ട് തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നാണ്. ഇവ റിലീസ് ചെയ്യണമെങ്കിലും ആ പ്രദേശം മുഴുവന്‍ രോഗത്തിന്റെ വെല്ലുവിളി പൂര്‍ണ്ണമായും മാറണം. ഇതൊക്കെ എപ്പോള്‍ ക്ലിയറാകുമെന്ന് പറയാനാവില്ല. ലോക്ക് ഡൗണ്‍ തീര്‍ന്ന് ഏപ്രില്‍ 14 ന് തിയേറ്റര്‍ തുറക്കാനാവുമെന്നായിരുന്നു ലിബര്‍ട്ടി ബഷീര്‍ ആദ്യം കരുതിയത്. പിന്നീടത് ബക്രീദിന് തുറക്കാനാവും എന്നായി. ഓണത്തിനെങ്കിലും തിയേറ്ററുകള്‍ തുറക്കാന്‍ കഴിയുമോ എന്നാണ് അദ്ദേഹം ഇപ്പോള്‍ ചിന്തിക്കുന്നത്.
ആള് കയറാന്‍ ഒരു വമ്പന്‍ റിലീസ് വേണ്ടി വരും
കൊവിഡ് ആശങ്കയൊഴിഞ്ഞാലും തിയറ്ററുകളില്‍ ഉള്‍പ്പെടെ ആളുകള്‍ സജീവമാകുന്നതിന് കൂടുതല്‍ സമയമെടുക്കും. കൊവിഡ് കഴിഞ്ഞ് ഒരു ബിഗ് ബജറ്റ് ചിത്രം പ്രദര്‍ശനത്തിന് എത്തേണ്ടതുണ്ട്. എന്നാല്‍ മാത്രമേ ആളുകള്‍ തിയേറ്ററിലെത്തൂ. അടുത്ത സിനിമയ്ക്ക് ആള്‍ക്കാര്‍ വരണമെങ്കില്‍ ഇതാവശ്യമാണ്,' - ലിബര്‍ട്ടി ബഷീര്‍. പറയുന്നു. ആളുകള്‍ വരാത്തൊരു സാഹചര്യത്തില്‍ തിയേറ്ററുകള്‍ തുറന്നുവെച്ചിട്ട് എന്ത് കാര്യം.
മോഹന്‍ലാല്‍ ചിത്രം മരയ്ക്കാര്‍, മമ്മൂട്ടി ചിത്രം വണ്‍, ഫഹദ് ഫാസില്‍ നായകനായ മാലിക്, കുഞ്ചാക്കോ ബോബന്റെ മോഹന്‍കുമാര്‍ ഫാന്‍സ്, ടൊവിനോ തോമസിന്റെ കിലോമീറ്റേര്‍സ് ആന്റ് കിലോമീറ്റേര്‍സ്, ഹലാല്‍ ലൗ സ്റ്റോറി, ബോളിവുഡില്‍ നിന്ന് സൂര്യവന്‍ഷി, 1983 എന്ന ഹിന്ദി ചിത്രവും തമിഴില്‍ നിന്ന് മാസ്റ്റര്‍, ബക്രീദിന് റിലീസ് നിശ്ചയിച്ചിരുന്ന പ്രീസ്റ്റ്, കുറുപ്പ്, രാജീവ് രവിയുടെ തുറമുഖം, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, അജഗജാന്തരം, ആരവം, പട, കുഞ്ഞെല്‍ദോ, വെയില്‍, കുര്‍ബാനി, കാവല്‍ തുടങ്ങിയ ചിത്രങ്ങളും റിലീസ് ഷെഡ്യൂള്‍ പ്രതിസന്ധിയിലാക്കിയ സിനിമകളാണ്.
തുടര്‍ചിത്രീകരണത്തിലും പ്രൊജക്ടുകളിലും
കേരളത്തിലും കേരളത്തിന് പുറത്തും ചിത്രീകരിക്കുന്ന സിനിമകളുടെ കാര്യത്തിലും എളുപ്പം ആശങ്ക ഒഴിയുന്നില്ല. മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ഇനി ചിത്രീകരിക്കേണ്ടത് വിദേശ രാജ്യങ്ങളിലാണ്. മമ്മൂട്ടി നായകനായ വൈശാഖ് ചിത്രം ന്യൂയോര്‍ക്ക് പൂര്‍ണമായും ന്യൂയോര്‍ക്കില്‍ ചിത്രീകരണം ആലോചിച്ചിരിക്കുന്ന സിനിമയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി ഷഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ശ്യാം പുഷ്‌കരന്റെ രചനയിലുള്ള തങ്കം പ്രധാന ഭാഗങ്ങള്‍ ചിത്രീകരിക്കേണ്ടത് തമിഴ്‌നാട്ടിലും ഉത്തരേന്ത്യയിലുമാണ്. മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസ് ഗോവയ്ക്ക് പുറമേ ചിത്രീകരിക്കേണ്ടത് വിദേശത്താണ്. ഇങ്ങനെ നിരവധി സിനിമകള്‍ കേരളത്തിന് പുറത്ത് ചിത്രീകരണം ആലോചിച്ചവയാണ്. റിലീസിംഗ് പുനര്‍നിശ്ചയിക്കുന്നതിനൊപ്പം ഈ വര്‍ഷം തുടങ്ങാനിരിക്കുന്ന പല പ്രൊജക്ടുകളുടെ കാര്യത്തിലും മാറ്റങ്ങളും പുനരാലോചനകളും കഥയില്‍ ഭേദഗദതിയും ഉള്‍പ്പെടെ ആലോചിക്കേണ്ടി വരും.