പിണറായിക്കെതിരെ ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ, 'കേരളത്തിലെ കുട്ടികള്‍ക്കും അമ്മമാര്‍ക്കും വേണ്ടി'

പിണറായിക്കെതിരെ ധര്‍മ്മടത്ത് സ്ഥാനാര്‍ത്ഥിയായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ, 'കേരളത്തിലെ കുട്ടികള്‍ക്കും അമ്മമാര്‍ക്കും വേണ്ടി'
THE CUE
Published on

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിക്കുമെന്ന് കൊല്ലപ്പെട്ട വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. ധര്‍മ്മടത്തെ അമ്മമാരെ കൊണ്ട് മുഖ്യമന്ത്രി കത്ത് നല്‍കിയിരുന്നു. ധര്‍മ്മടം മണ്ഡലത്തിലെ അമ്മമാരാണ് അവിടെ നിന്ന് മുഖ്യമന്ത്രിക്കെതിരെ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. വാളയാര്‍ സമരസമിതിയെ പ്രതിനിധീകരിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുകയെന്നും കുട്ടികളുടെ അമ്മ.

വാളയാര്‍ കുട്ടികള്‍ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടുള്ള വാളയാര്‍ നീതിയാത്രയുടെ സമാപനത്തോടൊപ്പമാണ് മുഖ്യമന്ത്രിക്കെതിരെ മല്‍സരിക്കുമെന്ന് കുട്ടികളുടെ അമ്മ പ്രഖ്യാപിച്ചത്. കേരളത്തിലെ മുഴുവന്‍ കുട്ടികളുടെ നീതിക്ക് വേണ്ടിയാണ് ധര്‍മ്മടത്തെ മത്സരമെന്ന് സമരസമിതി ചെയര്‍മാന്‍ സി.ആര്‍ നീലകണ്ഠന്‍. സര്‍ക്കാര്‍ സംരക്ഷിക്കുന്ന സോജന്‍ എന്ന പൊലീസുദ്യോഗസ്ഥനെതിരെ നടപടി വേണമെന്നും വാളയാര്‍ കുട്ടികളുടെ അമ്മ.

വാളയാറില്‍ സഹോദരിമാര്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം അട്ടിമറിച്ച പൊലീസ് ഓഫിസര്‍മാര്‍ക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞ മാസം കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്തിരുന്നു.

പൊലീസ് തന്റെ ഫോണ്‍ ചോര്‍ത്തുന്നുവെന്ന്, വാളയാറില്‍ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാവുകയും മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്ത പെണ്‍കുഞ്ഞുങ്ങളുടെ അമ്മ ദ ക്യുവിനോട്. വാളയാര്‍ അട്ടപ്പള്ളത്തുനിന്നും എറണാകുളത്തെത്തിയപ്പോള്‍ പൊലീസ് താനുള്ളയിടത്തെത്തി ഭീഷണിപ്പെടുത്തി. തന്റെ ഉദ്ദേശം നടക്കില്ലെന്ന് പറഞ്ഞായിരുന്നു ഭീഷണി. എന്ത് ഉദ്ദേശമെന്ന് ചോദിച്ചപ്പോള്‍ അതുതന്നെ അവര്‍ ആവര്‍ത്തിച്ചു. കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി നേരില്‍ വാക്കുനല്‍കിയതാണ്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സോജന് പ്രമോഷനാണ് നല്‍കിയതെന്നും അവര്‍ ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in