ഉപതെരഞ്ഞെടുപ്പില്‍ കൈവിട്ട വട്ടിയൂര്‍ക്കാവ് തിരിച്ചു പിടിക്കണമെന്ന് തീരുമാനിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചു. മുതിര്‍ന്ന നേതാവ് വി.എം.സുധീരനെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ നേതൃത്വം ആലോചിക്കുന്നുണ്ട്. മത്സരിക്കാനില്ലെന്ന നിലപാടിലാണ് സുധീരന്‍. അരുവിക്കരയില്‍ നിന്നും കെ.എസ് ശബരിനാഥിനെ വട്ടിയൂര്‍ക്കാവിലേക്ക് മാറ്റാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
വി.എം സുധീരന്‍ മത്സരിക്കണമെന്നാണ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെടുന്നത്. വി.എം.സുധീരന്‍ മത്സരിച്ചാല്‍ സീറ്റ് പിടിച്ചെടുക്കാന്‍ കഴിയുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. പാര്‍ട്ടി പ്രവര്‍ത്തകരും വി.എം സുധീരന്‍ മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്.
വി.കെ.പ്രശാന്തിനെതിരെ യുവാക്കളെ നിര്‍ത്തി സീറ്റ് തിരിച്ചു പിടിക്കണമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നത്. പി.സി വിഷ്ണുനാഥിനോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറല്ല. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ പേരാണ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദേശിച്ചത്. അഭിജിത്ത് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിക്കാന്‍ സന്നദ്ധനായിട്ടുണ്ട്. ജ്യോതി വിജയകുമാറിന്റെ പേരും സജീവമാണ്.
കെ.മുരളീധരന്‍ വടകര മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് സി.പി.എം സീറ്റ് പിടിച്ചെടുത്തത്. 2016ല്‍ മൂന്നാം സ്ഥാനത്തേക്ക് തളളപ്പെട്ട സി.പി.എം ഉപതെരഞ്ഞെടുപ്പില്‍ മേയറായിരുന്ന വി.കെ പ്രശാന്തിനെ നിര്‍ത്തിയാണ് വിജയിച്ചത്. 2016ലും 2011ലും കെ.മുരളീധരനായിരുന്നു വിജയിച്ചത്. 2016ല്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇത്തവണ ജില്ലാ പ്രസിഡന്റ് വി.വി രാജേഷായിരിക്കും ബി.ജെ.പി സ്ഥാനാര്‍ത്ഥിയെന്നാണ് സൂചന.