തിരുവനന്തപുരം സംസ്‌കൃത കോളേജിൽ എസ്.എഫ്.ഐ യൂണിയൻ സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി. സംസ്‌കൃതം ഏതെങ്കിലും ഒരു മതത്തിന്റെയോ ജാതിയുടേതോ അല്ല എന്ന് എല്ലാവർക്കും മനസ്സിലാക്കികൊടുക്കാനാണ് ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ തീരുമാനിച്ചതെന്ന് അധ്യാപകരും വിദ്യാർത്ഥികളും പറയുന്നു. ദേശീയതലത്തിൽ ബ്രാഹ്മണിക്കലായ ഒരു പ്രോപഗണ്ടയുടെ ഭാഗമായി സംസ്‌കൃതം ഉപയോഗിക്കപ്പെടുന്നുവെന്ന വിമർശനങ്ങളും, ഉപയോഗിക്കുന്ന ഭാഷപോലും ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പാകുമെന്ന വിലയിരുത്തലുകളിലേക്കും ഭാഷയുമായി ബന്ധപ്പെട്ട ചർച്ചകൾ കടക്കുന്ന കാലത്താണ് കേരളത്തിൽ ഒരു കോളേജ് യൂണിയൻ സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചൊല്ലുന്നത്.
ഗവർണർക്കെതിരെ ബാനർ വച്ചതിന് നിലവാരമില്ലാത്ത കോളേജായി മുദ്രകുത്തിയ ഗവർണർക്കും മുഖ്യധാരാ മാധ്യമങ്ങൾക്കുമുള്ള രാഷ്ട്രീയ മറുപടികൂടിയാണിത്. കോളേജ് യൂണിയൻ ചെയർമാൻ സിദ്ധാർഥ് ദ ക്യുവിനോട് പറഞ്ഞു.
സ്ഥിരമായി മലയാളത്തിലാണല്ലോ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഞങ്ങൾ സംസ്‌കൃതം കോളേജിലെ വിദ്യാർത്ഥികളാണ്. അതുകൊണ്ടു തന്നെ ഈ തവണ സംസ്കൃതത്തിലാക്കാം എന്ന് കരുതി. സംഘടനയുടെ പൂർണ്ണ പിന്തുണയോടെയാണ് ഞങ്ങൾ ഈ തീരുമാനം നടപ്പിലാക്കിയത്.
സിദ്ധാർഥ് , ചെയർമാൻ- കോളേജ് യൂണിയൻ
സംസ്‌കൃതം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തിക്കുക എന്നതാണ് സംസ്‌കൃതം വിദ്യാർത്ഥികൾ എന്ന നിലയിൽ ഞങ്ങളുടെ ലക്ഷ്യം. അതിനുവേണ്ടി പല കാര്യങ്ങളും ചെയ്യാറുണ്ടെങ്കിലും അതൊന്നും പൊതു മധ്യത്തിലേക്ക് എത്തിക്കാൻ ഞങ്ങൾ ശ്രമിച്ചിരുന്നില്ല. എന്നാൽ ഈ സത്യപ്രതിജ്ഞ മുതൽ ഞങ്ങൾ അത് ആരംഭിക്കുകയാണ്. സംസ്‌കൃതം ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷത എല്ലാവരിലേക്കും എത്തിക്കേണ്ടതുണ്ട്. ഇടക്കാലത്ത് സംഭവിച്ച പോലെ ഏതെങ്കിലും മതത്തിന്റെയോ, ജാതിയുടെയോ മാത്രമാക്കി ഒതുക്കാതെ, എല്ലാവരുടേതുമാക്കി മാറ്റേണ്ടതുണ്ട്. മാറ്റി നിർത്തപ്പെടുന്നവരിലേക്ക് ഭാഷ എത്തിച്ചേരണമെന്നുള്ള കുട്ടികളുടെ നിലപാടിന്റെ ഭാഗമാണ് ഈ സത്യപ്രതിജ്ഞ എന്ന് അദ്ധ്യാപിക ഗായത്രി ദ ക്യു വിനോട് പറഞ്ഞു.
അഖിലേന്ത്യ തലത്തിൽ സംസ്‌കൃതം ഒരു സവർണ്ണ അജണ്ടയുടെ ഭാഗമാണ് എന്ന് പറയുന്ന സമയത്തും സംസ്‌കൃതം സത്യപ്രതിജ്ഞയ്ക്ക് വേണ്ടി തെരഞ്ഞെടുക്കുന്നതിൽ ഒരു പ്രശ്നവും തോന്നിയിട്ടില്ല, കാരണം അത് അങ്ങനെയല്ല എന്ന് തെളിയിക്കൽ കൂടിയാണിത്. അങ്ങനെ വർഗീയതയുടെ ഭാഗമായി ഈ ഭാഷയെ വിട്ടുകൊടുക്കരുത് എന്നാണ് ഈ ഭാഷയെ സ്നേഹിക്കുന്ന ആളുകൾ എന്ന നിലയിൽ പറയാനുള്ളത്. ഒരു കാലത്ത് പ്രത്യേക ജാതി വിഭാഗത്തിന്റേത് മാത്രമാക്കി സംസ്കൃതത്തെ മാറ്റാൻ ശ്രമിച്ചപ്പോഴും അതിനെ സ്നേഹിച്ച നാരായണ ഗുരുവിനെ പോലെ ഒരുപാട് പേരുണ്ടായിരുന്നു. വർണ്ണ വർഗ്ഗ ഭേദങ്ങൾക്കപ്പുറം നിൽക്കുന്ന ഒരുപാട് പേർ സംസ്കൃതത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നു. ശ്രീ അയ്യൻകാളിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുകള്ള ഒരു ക്യാമ്പസ് എന്ന നിലയിൽ, ഇവിടെ ഇന്ന് സംസ്‌കൃതത്തിൽ തന്നെ സത്യപ്രതിജ്ഞ ചെയ്തതാണ് കാലത്തിനുള്ള ഏറ്റവും നല്ല മറുപടി എന്ന് തന്നെയാണ് ഞങ്ങൾ വിചാരിക്കുന്നത്. അദ്ധ്യാപിക ഗായത്രി പറഞ്ഞു.
സാധാരണക്കാരുടേതായി നിന്നാൽ മാത്രമേ ഇനി ഈ ഭാഷയ്ക്ക് നിലനിൽപ്പുള്ളൂ. ബ്രാഹ്മണരുടേതു മാത്രമായ ഒരു ഭാഷയായി അതിന് എത്ര കാലത്തോളം നിലനിൽക്കാൻ സാധിക്കും. ഒരു ഭാഷയെന്ന പദവിപോലും നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായത് ഈ ജാതീയമായ വേർതിരിവുകാരണമാണ്. അതിൽ നിന്ന് മാറിയാൽ മാത്രമേ ഒരു ഭാഷ എന്ന നിലയ്ക്ക് അതിനു നിലനിൽപ്പുണ്ടാവുകയുള്ളൂ. അത് മതനിരപേക്ഷതയിലൂന്നിയ ഒരു പൊളിറ്റിക്കൽ സ്റ്റെമെന്റ്റ് തന്നെയാണ്.
ഗായത്രി, അദ്ധ്യാപിക.
ഈ വിദ്യാർത്ഥികളും അധ്യാപകരും പറയുന്നത് കഴമ്പുള്ള കാര്യമൊന്നുമല്ലെന്നും, സംസ്‌കൃതം ഇന്ത്യയെ സംബന്ധിച്ചിടത്തോളം മരണപ്പെട്ട ഭാഷയാണ്. അത് ദൈനംദിന വ്യവഹാരങ്ങൾക്ക് ആളുകൾ ഉപയോഗിക്കുന്ന ഒരു ഭാഷയല്ല. ദളിത് ചിന്തകനും സാമൂഹിക പ്രവർത്തകനുമായ സണ്ണി കപിക്കാട് ദ ക്യു വിനോട് പറഞ്ഞു. എത്രയോ പുരാതനമായ ഒരുപാട് പുസ്തകങ്ങൾ ഈ ഭാഷയിൽ എഴുതപ്പെട്ടിട്ടുണ്ട്. ലാറ്റിനോ ഗ്രീക്കോ പോലെയുള്ള മറ്റൊരു ഭാഷ. അതുപോലെ ആളുകൾക്ക് സംസ്‌കൃതം പഠിക്കാം, എന്നല്ലാതെ മറ്റൊരു പ്രാധാന്യവും ഇതിനില്ല. സംസ്‌കൃതത്തിൽ എഴുതപ്പെട്ട കൃതികളുടെ പാരമ്പര്യത്തിൽ നിന്നുകൊണ്ടാണ് ആർഷ ഭാരത സംസ്കാരം രൂപപ്പെടുത്തിയിട്ടുള്ളത്. അത് ഇന്ത്യ മുഴുവൻ ഏറ്റെടുക്കണം എന്ന് പറയുന്നതിനോളം വിഡ്ഢിത്തം മറ്റൊന്നില്ല. അത് ഏറ്റെടുക്കാൻ പറ്റില്ല എന്നാണ് ജനാധിപത്യ ഇന്ത്യ തീരുമാനിക്കേണ്ടത്. സണ്ണി കപിക്കാട് പറഞ്ഞു.
വ്യത്യസ്ത ഭാഷ വകഭേദങ്ങൾ സംസാരിക്കുന്നവർക്കിടയിൽ അവരെ ഒരുമിച്ച് നിർത്തുന്നതുപോലെ ഒരു കോമണ് ഡയലക്ട ആയി മാറാൻ സംസ്കൃതത്തിനു സാധിക്കും, അതിനുള്ള ശേഷി ആ ഭാഷയ്ക്കുണ്ട്. ഏതു ഭാഷയാണെങ്കിലും അത് മറ്റുള്ള ഭാഷകളിൽ നിന്ന് കടംകൊണ്ടല്ലേ വളരുന്നുള്ളൂ? മലയാളം തന്നെയെടുത്താൽ അത് ഏറ്റവും കൂടുതൽ കടം കൊണ്ടിട്ടുള്ളത് സംസ്‌കൃതത്തിൽ നിന്നാണ്. സംസ്‌കൃതം മാത്രമല്ല അറബിയും ഉർദുവും ഉൾപ്പെടെയുള്ള ഭാഷകൾ ഒരുപാട് അതിനെ സഹായിച്ചിട്ടുണ്ട്. എന്നാൽ അതെല്ലാം മാറ്റി നിർത്തികൊണ്ട്, സംസ്‌കൃതം കോളേജിനെ ഉന്നം വച്ച് കൊണ്ട് പലതരത്തിലുള്ള രാഷ്ട്രീയ ഗൂഢാലോചനകൾ നടക്കുന്നുണ്ട്. അതിനു ചില മുഖ്യധാരാ മാധ്യമങ്ങളും സഹായിക്കുന്നുണ്ട്. കോളേജ് പഠനപ്രവർത്തനങ്ങൾക്കല്ല പ്രാധാന്യം കൊടുക്കുന്നത് എന്നതുൾപ്പെടെയുള്ള ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. മുമ്പേ ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്‍തമായി സ്ഥാപനത്തിന്റെ നിലവാരം മെച്ചപ്പെടുത്താൻ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അദ്ധ്യാപിക ഗായത്രി പറയുന്നു.
സംസ്‌കൃതം പഠിക്കേണ്ടവർക്ക് പഠിക്കാം, അതിനെ ഇന്റെർപ്രെറ്റ് ചെയ്യാം. മാക്സ് മുള്ളർ അടക്കമുള്ളവർ പഠിച്ചിട്ടുണ്ടല്ലോ. എന്നാൽ ഇത് ഇന്ത്യക്കാർ മുഴുവൻ പഠിക്കാൻ വേണ്ടി ഒരു മോഡൽ ഉണ്ടാക്കുകയാണെന്ന് ഇടതു വിദ്യാർത്ഥി സംഘടനയുടെ ആളുകൾ പറയറ്റുന്നത് ഒട്ടും ശരിയല്ല. സണ്ണി കപിക്കാട് പറഞ്ഞു.
ഗുരുവടക്കമുള്ളവർ സംസ്‌കൃതത്തിനും വേണ്ടി നിലകൊണ്ടു എന്നുപറയുന്നതിൽ ഒരു കഥയുമില്ല. 1914 വൈപ്പിൻകരയിൽ വച്ച് അദ്ദേഹം നടത്തുന്ന ഒരു സംഭാഷണത്തിൽ ഗുരു വ്യക്തമായും പറയുന്നുണ്ട്, ഇനി കുട്ടികളെ സംസ്കൃതമല്ല പഠിപ്പിക്കേണ്ടത്, ഇംഗ്ലീഷ് ആണ് ഭാവിയുടെ ലാംഗ്വേജ്. ഇത് ഗുരു വ്യക്തമായി പറയുന്നുണ്ട്. ഗുരു സംസ്‌കൃതം പഠിച്ച ആളാണ്. സംസ്‌കൃതം പഠിക്കുന്നതിനല്ല നമ്മൾ എതിരാകുന്നത്. സംസ്‌കൃതം എല്ലാവരും പഠിക്കേണ്ടുന്ന ഒന്നാണെന്ന് ഇവർ പറയുന്നതിൽ ഒരു ഗ്ലോറിഫിക്കേഷൻ ഉണ്ട്. അത് ഹിന്ദുത്വത്തെ മഹത്വവത്കരിക്കുന്ന പണിയാണ്. എസ്.എഫ്.ഐ അതേ ചെയ്യൂ. അവർക്ക് വേറെ വഴിയൊന്നു മില്ല. അവര് ചെയ്യുന്ന ഓരോ കാര്യവും അതിവേഗം ഹിന്ദുത്വത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യമായി മാറിക്കൊണ്ടിരിക്കും.
സണ്ണി കപിക്കാട്
സംസ്‌കൃതം പഠിക്കുന്നതല്ല, സംസ്‌കൃതം എല്ലാവരും പഠിക്കേണ്ടുന്ന ഒന്നാണെന്ന് പറയുന്നിടത്ത് ബ്രാഹ്മണാധികാരത്തെ ഫലത്തിൽ ഉറപ്പിക്കുകയാണ് അവർ ചെയ്യുന്നത്. ഈ സംസ്‌കൃത കൃതികൾ ആരാധിക്കുന്നവരാണ് ഇന്ത്യയിലെ ഡീപ് സ്റ്റേറ്റ്. അവരാണ് മൂലധനം കയ്യാളുന്നവർ, അധികാരം കയ്യാളുന്നവർ. അതുകൊണ്ട് അത്തരമൊരു ആർഗ്യുമെന്റ് മുന്നോട്ടുവെക്കുന്നതിലൂടെ ഇവർക്ക് ഫലത്തിൽ ഹിന്ദുത്വത്തെ, അഥവാ ബ്രാഹ്മണിക്കൽ ആണധികാര ബോധത്തെ ചെറുക്കുന്നതിനുള്ള ആയുധങ്ങൾ നമുക്ക് നഷ്ടപ്പെടുകയാണിതിലൂടെ. സണ്ണി കപിക്കാട് പറയുന്നു.