പിണറായി വിജയചരിത്രം, അടിതെറ്റിയ ആരോപണങ്ങളും പ്രതിപക്ഷവും

പിണറായി വിജയചരിത്രം, അടിതെറ്റിയ ആരോപണങ്ങളും പ്രതിപക്ഷവും
Published on

കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രം മാറ്റിയെഴുതി പിണറായി വിജയന്‍. മുന്നണി സംവിധാനത്തിനപ്പുറം പിണറായി വിജയനെന്ന നേതാവിന്റെ വലിയ വിജയമാണ് നിയമസഭ തെരഞ്ഞെടുപ്പിലുണ്ടായത്. പ്രതിസന്ധികള്‍ക്കും ആരോപണങ്ങള്‍ക്കും നടുവിലും നടത്തിയ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറിയപ്പോള്‍ ചരിത്ര വിജയം പിണറായി വിജയന്റെ പേരില്‍ എഴുതി ചേര്‍ക്കപ്പെട്ടു. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തെയും എല്‍.ജെ.ഡിയെയും രാഷ്ട്രീയ വിരോധം മറന്ന് മുന്നണിയിലെത്തിച്ച തന്ത്രവും വിജയം കണ്ടുവെന്ന് വേണം വിലയിരുത്താന്‍. ബി.ജെ.പിയുടെ അകൗണ്ട് പൂട്ടിക്കുമെന്ന ആത്മവിശ്വാസത്തോടെയുള്ള വെല്ലുവിളിയും അക്ഷരാര്‍ത്ഥത്തില്‍ നടപ്പിലാക്കി.

ഓഖി, രണ്ട് പ്രളയം, നിപ, കൊവിഡ് മഹാമാരികള്‍ക്കും ദുരിതങ്ങള്‍ക്കും മുന്നില്‍ പതറാതെ നിന്ന് ജനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു പിണറായി വിജയന്‍

തുടര്‍ഭരണം എന്നത് സ്വപ്‌നമാക്കി മുന്നോട്ട് നീങ്ങുമ്പോള്‍ രണ്ട് തവണ മത്സരിച്ചവര്‍ മാറി നില്‍ക്കണമെന്ന നിബന്ധന എതിരാളികളെ പോലും അമ്പരിപ്പിച്ചു. എന്നാല്‍ ആ പരീക്ഷണവും ജനങ്ങള്‍ ഏറ്റെടുത്തു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലുണ്ടാകില്ലെന്ന് കരുതിയവരെയും മത്സരരംഗത്ത് ഇറക്കി. പാര്‍ട്ടി പ്രവര്‍ത്തികരില്‍ നിന്ന് പോലും ഉയര്‍ന്ന പരസ്യമായ എതിര്‍പ്പുകളെ തന്ത്രപൂര്‍വ്വം മെരുക്കി. യുവനിരയെ ജനങ്ങള്‍ക്ക് മുന്നില്‍ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടു.

ഓഖി, രണ്ട് പ്രളയം, നിപ, കൊവിഡ് മഹാമാരികള്‍ക്കും ദുരിതങ്ങള്‍ക്കും മുന്നില്‍ പതറാതെ നിന്ന് ജനങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു പിണറായി വിജയന്‍.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വളഞ്ഞിട്ട് പിടിക്കാന്‍ ശ്രമിച്ചിട്ടും കുലുങ്ങാതെ നിന്നു പിണറായി വിജയന്‍.തന്റെ ഓഫീസ് പോലും ആരോപണങ്ങളുടെ ശരശയ്യയില്‍ നിന്നപ്പോഴും ആത്മവിശ്വാസം കൈവിട്ടില്ല.

ജനക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ ഭരണവിരുദ്ധ വികാരമില്ലാതിരുന്നപ്പോള്‍ ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടി ഇടതു സര്‍ക്കാരിന് വലിയ ആഘാതമായി. രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യമായിരുന്നു ഇടതിനെ ഒരു സീറ്റിലേക്ക് ഒതുക്കിയതെന്ന് ആശ്വസിക്കുമ്പോഴും പാലക്കാടും ആലത്തൂരും ആറ്റിങ്ങലും കൈവിട്ടത് വിശദീകരിക്കാനാവാത്ത തോല്‍വിയായിരുന്നു.

പ്രീപോളിലും പോസ്റ്റ് പോള്‍ സര്‍വേകളിലും ഇടത് വിജയം പ്രവചിച്ചപ്പോഴും അമിതാഹ്ലാദമില്ലാതെ പിണറായി നിന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെയും സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങളുടെയും ബലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിട്ട യു.ഡി.എഫിന് അടിതെറ്റി. പെന്‍ഷനും കൊവിഡ് കാലത്തെ കിറ്റും ഇടതിന് വോട്ടായി. ഈ ആത്മവിശ്വാസത്തിലാണ് ഇടതുമുന്നണി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇ.എം.സി.സി, ഇരട്ട വോട്ട് അടക്കം നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തി പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. എന്നാല്‍ പിണറായി വിജയന്‍ 14 ജില്ലകളിലും പര്യടനം നടത്തി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിച്ചു. പിണറായി വിജയന്റെ പൊതുയോഗങ്ങളില്‍ ജനം ആര്‍ത്തിരമ്പി. കണ്ണേ കരളേയെന്നും സഖാവേയെന്നും പ്രായഭേദമില്ലാതെ അഭിവാദ്യം ചെയ്തു. പ്രീപോളിലും പോസ്റ്റ് പോള്‍ സര്‍വേകളിലും ഇടത് വിജയം പ്രവചിച്ചപ്പോഴും അമിതാഹ്ലാദമില്ലാതെ പിണറായി നിന്നു.

തെക്ക് മുതല്‍ വടക്ക് വരെ 11 ജില്ലകളില്‍ പിണറായി തരംഗം ആഞ്ഞടിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ പിണറായിയുടെ രണ്ടാം വരവ് വൈകില്ല. നാളെയോ മറ്റന്നാളോ പിണറായി വിജയനും ആരോഗ്യമന്ത്രിയും സി.പി.ഐയിലെ ഒരു മന്ത്രിയും സത്യപ്രതിജ്ഞ ചെയ്‌തേക്കും.

Related Stories

No stories found.
logo
The Cue
www.thecue.in