മുഖ്യമന്ത്രി പിണറായി വിജയന്റെ കേരള പര്യടനത്തില്‍ സമസ്ത നേതാവ് പങ്കെടുത്ത് സര്‍ക്കാരിനെ പിന്തുണച്ച് സംസാരിച്ചതും തുടര്‍ന്നുള്ള വിവാദങ്ങളുമായിരുന്നു മുസ്ലിംലീഗിനെ ചര്‍ച്ചയ്ക്ക് മുന്‍കയ്യെടുക്കാന്‍ പ്രേരിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മലപ്പുറത്തെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും ആലിക്കുട്ടി മുസ്ലിയാരെ തടഞ്ഞത് മുസ്ലിംലീഗിനെതിരെ സമസ്തയില്‍ കടുത്ത എതിര്‍പ്പുയര്‍ത്തിയിരുന്നു.വെല്‍ഫയര്‍ പാര്‍ട്ടിയുമായി കൂട്ടുകൂടിയത് നേരത്തെ തന്നെ സമസ്തയ്ക്ക് അതൃപ്തിയുണ്ടാക്കിയിരുന്നു. ഇടതനുകൂല നിലപാടിലേക്ക് സമസ്തയിലെ ഒരുവിഭാഗം മാറുന്നതിന് തടയിടാനും നേതൃത്വത്തെ അനുനയിപ്പിക്കാനുമായിരുന്നു മുസ്ലിംലീഗിന്റെ ശ്രമം.
മുഖ്യമന്ത്രി പിണറായി സമസ്ത നേതൃത്വത്തെ നേരിട്ട് വിളിച്ച് അഭിപ്രായങ്ങള്‍ തേടുന്നുണ്ട്. ലീഗിനൊപ്പം നിന്നിരുന്ന ആലിക്കുട്ടി മുസ്ലിയാരും നിലപാട് മാറ്റുന്നതിന് ഇത് കാരണമായിട്ടുണ്ടെന്നാണ് ലീഗ് സംശയിക്കുന്നത്. കാന്തപുരം എ.പി വിഭാഗം ഇടത് അനുകൂല നിലപാട് സ്വീകരിക്കാറുണ്ടെങ്കിലും ഇ.കെ വിഭാഗം ഇടഞ്ഞ് നില്‍ക്കുന്നത് സി.പി.എമ്മിന് തലവേദനയായിരുന്നു. ഇ.കെ വിഭാഗത്തിന്റെ കൂടി പിന്തുണ ലഭിക്കുന്നതിനാണ് സി.പി.എമ്മിന്റെ നീക്കം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും സ്വീകരിച്ച നിലപാട് ഇ.കെ വിഭാഗത്തെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.
കെ.ടി.ജലീലാണ് സമസ്തയെ ഇടതുപക്ഷത്തോട് അടുപ്പിക്കാന്‍ ശ്രമിക്കുന്നതെന്നാണ് മുസ്ലിംലീഗിന്റെ വാദം. പൗരത്വ ഭേദഗതി സമരത്തില്‍ പങ്കെടുക്കുന്നതിനെ എതിര്‍ക്കാന്‍ മുസ്ലിം ലീഗ് ശ്രമിച്ചിരുന്നില്ല. ലീഗ്- പി.കെ കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തുള്ള ഉമര്‍ ഫൈസി മുക്കത്തിനെ കൊണ്ട് മുഖ്യമന്ത്രിയുടെ പരിപാടിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ അനുകൂലമായി സംസാരിപ്പിച്ചതും കെ.ടി ജലീല്‍ ഇടപെട്ടാണെന്നാണ് ലീഗിന്റെ ആരോപണം.
രാഷ്ട്രീയ വിഷയങ്ങളിലുള്‍പ്പെടെ സമസ്ത എല്ലാകാലത്തും ആശ്രയിച്ചിരുന്നത് മുസ്ലിംലീഗിനെയും പി.കെ.കുഞ്ഞാലിക്കുട്ടിയെയുമായിരുന്നു. സമസ്ത ഉന്നയിക്കുന്ന വിഷയങ്ങളില്‍ മുസ്ലിംലീഗ് വേണ്ടത്ര ഗൗരവം കൊടുക്കാതായതോടെയാണ് ന്യൂനപക്ഷ വകുപ്പ് മന്ത്രി കൂടിയായ കെ.ടി.ജലീലിനെ സമീപിച്ചതെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം വിമര്‍ശനം ഉന്നയിക്കുന്നത്. ന്യൂനപക്ഷ അനുകൂല നിലപാടിലേക്ക് സി.പി.എം മാറിയതും സമസ്തയുടെ എതിര്‍പ്പ് കുറച്ചു. പള്ളിത്തര്‍ക്കത്തില്‍ ഉള്‍പ്പെടെ ലീഗ് നേതാക്കളെ ആശ്രയിക്കാതെ സര്‍ക്കാരിന്റെ മുന്നിലേക്ക് സമസ്്ത എത്തിച്ച് പരിഹരിക്കുന്നതും നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു.
ലീഗിന്റെ ബി ടീമല്ലെന്ന് വാദം സമസ്തയില്‍ നേരത്തെ തന്നെ ശക്തമാണ്. ഹമീദ് ഫൈസി അമ്പലക്കടവ്, ഉമര്‍ ഫൈസി മുക്കം, സത്താര്‍ പന്തല്ലൂര്‍, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ എന്നിവരുടെ നേതൃത്വത്തിലാണ് സമസ്തയിലെ ലീഗ് വിരുദ്ധപക്ഷം നിലനില്‍ക്കുന്നത്. ലീഗില്‍ നിന്നും വിട്ടുനില്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രഭാതം പത്രം ആരംഭിച്ചതും.
സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍ ഉള്‍പ്പെടെയുള്ളവരും വിരുദ്ധ നിലപാട് സ്വീകരിച്ചതാണ് ലീഗിനെ അങ്കലാപ്പിലാക്കിയത്. സമസ്തയിലെ വിഭാഗീയത പിളര്‍പ്പിലേക്കാണ് പോകുന്നതെന്ന ആശങ്ക നേതാക്കള്‍ക്കുണ്ട്. പ്രശ്‌നങ്ങളുണ്ടായാലും ഹൈദരലി ശിഹാബ് തങ്ങള്‍ എടുക്കുന്ന നിലപാടിനൊപ്പമായിരിക്കും സമസ്തയിലെ ഭൂരിപക്ഷവും നില്‍ക്കുകയെന്നാണ് ലീഗിന്റെ ഇപ്പോഴത്തെയും പ്രതീക്ഷ. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ലീഗ് നേതൃത്വത്തിന്റെ ശ്രമം. സമസ്തയെ പിണക്കിയാല്‍ തിരിച്ചടിയേല്‍ക്കുമെന്ന ആശങ്ക ഒരുവിഭാഗത്തിനുണ്ട്. ലീഗുമായി രാഷ്ട്രീയമായി യോജിച്ച് നില്‍ക്കേണ്ട എന്ന് നിലപാടുള്ള വിഭാഗത്തിനെ അനുനയിപ്പിക്കാന്‍ കഴിയുമോയെന്നതായിരിക്കും ഇനി നിര്‍ണായകം. അതുകൊണ്ട് തന്നെ നേതാക്കളുടെ കൂടിക്കാഴ്ചയിലൂടെ മാത്രം പരിഹരിക്കാന്‍ കഴിയുമോ മുസ്ലിംലീഗും സമസ്തയും തമ്മിലുള്ള പ്രശ്‌നങ്ങളെന്ന് കാത്തിരുന്ന് കാണേണ്ടിവരും.