'ഞങ്ങളെ ആരും തിരിഞ്ഞുനോക്കുന്നില്ല', ചെല്ലാനം കൊവിഡിനും കടല്‍ക്ഷോഭത്തിനും നടുവിലാണ്

'ഞങ്ങളെ ആരും തിരിഞ്ഞുനോക്കുന്നില്ല',
ചെല്ലാനം കൊവിഡിനും കടല്‍ക്ഷോഭത്തിനും നടുവിലാണ്
Published on
Summary

കൊവിഡ് സമ്പര്‍ക്കവ്യാപനം ഗുരുതര സാഹചര്യം സൃഷ്ടിച്ച ചെല്ലാനത്ത് രൂക്ഷമായ കടലാക്രമണവും, കൊടുംദുരിതത്തില്‍ സഹായത്തിന് കേഴുകയാണ് ചെല്ലാനം നിവാസികള്‍.

എറണാകുളം ജില്ലയില്‍ കൊവിഡ് സമ്പര്‍ക്കവ്യാപനം ഗുരുതര സാഹചര്യമുണ്ടാക്കിയ ചെല്ലാനം കടലാക്രമണത്തിന്റെ ദുരിതം കൂടി നേരിടുകയാണ്. കടല്‍ഭിത്തിയും പുലിമുട്ടും നിര്‍മ്മിച്ച് കടലാക്രമണത്തില്‍ നിന്ന് പ്രദേശവാസികളെ സംരക്ഷിക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തോടുള്ള അനാസ്ഥ കൂടിയാണ് ദുരിതവ്യാപ്തി വര്‍ധിപ്പിച്ചത്. ഞായറാഴ്ച രാവിലെ ആരംഭിച്ച കടലാക്രമണത്തില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. പ്രദേശത്തെ ഭൂരിഭാഗം വീടുകളിലും വെള്ളം കയറി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെയാണ് പ്രദേശവാസികളെ കൂടുതല്‍ ദുരിതത്തിലാക്കി കടല്‍ ക്ഷോഭവുമുണ്ടായത്. വീട്ടില്‍ ഇരിക്കാനോ പരസ്പരം സഹായിക്കാനോ സാധിക്കാത്ത സാഹചര്യത്തില്‍ തങ്ങളെ ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും ചെല്ലാനം നിവാസികള്‍ പറയുന്നു.

കടല്‍ ഇനിയും കയറും, ഞങ്ങള്‍ എന്ത് ചെയ്യും?

'ഇത് ഒരു തുടക്കമാണ്, തിങ്കളാഴ്ച മുതല്‍ നന്നായിട്ട് വെള്ളം കയറും. കര്‍ക്കിടക വാവിനാണ് കൂടുതലും കടല്‍ കയറുന്നത്, അതിന്റെ കൂടെ കാറ്റോ മഴയോ ഉണ്ടാവുകയാണെങ്കില്‍ സ്ഥിതി ഗുരുതരമാകും. സാധാരണ വെള്ളം കയറാത്ത സ്ഥലങ്ങളിലാണ് ഞായറാഴ്ച വെള്ളം കയറിയത്, ഇത് രൂക്ഷമാകാന്‍ സാധ്യതയുണ്ട്. വാവ് കഴിഞ്ഞ് അഷ്ടമി വരെ വെള്ളം കയറും, കടലില്‍ ജലനിരപ്പ് കൂടുതലായിരിക്കും', ചെല്ലാനം സ്വദേശി വിടി സെബാസ്റ്റിയന്‍ ദ ക്യുവിനോട് പറഞ്ഞു.

കടല്‍ കയറ്റത്തിന് അടിയന്തര പരിഹാരമാണ് വേണ്ടത്. കണക്കുകള്‍ അനുസരിച്ച്, ഏത് ദിവസമാകും കടല്‍ കയറുക എന്ന കാര്യം മാസങ്ങള്‍ക്ക് മുമ്പ് തന്നെ അധികൃതരെ അറിയിക്കുന്നതാണ്. ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതാണ്, എന്നിട്ടും യാതൊരു ഫലവുമുണ്ടായില്ലെന്നും സെബാസ്റ്റ്യന്‍

എംഎല്‍എയോ എംപിയോ പഞ്ചായത്ത് അധികൃതരോ ആരും ഇടപെടുന്നില്ല. ആകെ വരുന്നത് കണ്ണമാലി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ്

അധികാരികളെ വിളിച്ചിട്ടും പ്രയോജനമില്ല

തങ്ങളുടെ പ്രശ്നമറിയിക്കാന്‍ അധികാരികളെ വിളിച്ചിട്ടും പ്രയോജനമില്ലാത്ത അവസ്ഥയാണെന്ന് ചെല്ലാനം ജനകീയ വേദി ജനറല്‍ കണ്‍വീനര്‍ ജോസഫ് അറക്കല്‍ ദ ക്യുവിനോട്. വാര്‍ഡ് മെമ്പറ് പോലും തിരിഞ്ഞ് നോക്കിയിട്ടില്ല. എംഎല്‍എയോ എംപിയോ പഞ്ചായത്ത് അധികൃതരോ ആരും ഇടപെടുന്നില്ല. ആകെ വരുന്നത് കണ്ണമാലി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ്, അവരാല്‍ കഴിയുന്ന രീതിയില്‍ ഞങ്ങളെ സഹായിക്കും. എന്തെങ്കിലും സഹായം ചെയ്യാനായി മുന്‍പന്തിയില്‍ അവരായിരിക്കും ഉണ്ടാകുക. കൊവിഡ് വ്യാപനവും ലോക്ക് ഡൗണും കാരണം ഇപ്പോള്‍ അവര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്.

വേളാങ്കണ്ണി ചാപ്പല്‍ മുതല്‍ തെക്കോട്ട് ചെല്ലാനം പള്ളിവരെയുള്ള പകുതിയിലധികം വീടുകളില്‍ വെള്ളം കയറി. ഒരു വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലെ സാധനങ്ങള്‍ മണ്ണ് മൂടിയ നിലയിലാണ്. ഗ്യാസ് സിലിണ്ടറും, അടുപ്പുമൊക്കെ അടുത്ത വീട്ടുകാര്‍ക്ക് കിട്ടിയിട്ട് അവര്‍ എടുത്ത് വെച്ചിട്ടുണ്ട്. ഒരാഴ്ചയിലധികം കടലാക്രമണം തുടരുമെന്നാണ് പറയുന്നത്. അങ്ങനെ വന്നാല്‍ ബലക്ഷയമുള്ള വീടുകള്‍ കൂടി തകരും. ഞായറാഴ്ച രാവിലെ മുതലാണ് രൂക്ഷമായ കടലാക്രമണം ആരംഭിച്ചത്. വെള്ളം കുറഞ്ഞിട്ടില്ല, കയറ്റം കൂടുന്നതല്ലാതെ കുറഞ്ഞിട്ടില്ല.

ഓരോ വീടുകളില്‍ നിന്നും സാധനങ്ങള്‍ മാറ്റാനുമെല്ലാമായി കൂട്ടം കൂടാതെ നിവര്‍ത്തിയില്ല ഇവിടെ. പരസ്പരം സഹായിച്ചില്ലെങ്കില്‍ പിന്നെ ഈ അവസ്ഥയില്‍ എന്ത് ചെയ്യും.

എങ്ങനെ വീടിനകത്ത് കഴിയും?

കൊവിഡ് നിയന്ത്രണങ്ങളുണ്ട്, പക്ഷെ ആര്‍ക്കും വീടിനുള്ളില്‍ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. ആരെയെങ്കിലും സഹായിക്കാനും, ഓരോ വീടുകളില്‍ നിന്നും സാധനങ്ങള്‍ മാറ്റാനുമെല്ലാമായി കൂട്ടം കൂടാതെ നിവര്‍ത്തിയില്ല ഇവിടെ. പരസ്പരം സഹായിച്ചില്ലെങ്കില്‍ പിന്നെ ഈ അവസ്ഥയില്‍ എന്ത് ചെയ്യും.

യുദ്ധകാലാടിസ്ഥാനത്തില്‍ കടല്‍ഭിത്തിയും, പുലിമുട്ടും നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇന്നുവരെ നടപടിയുണ്ടായില്ല. ജിയോ ട്യൂബ് ഉപയോഗിച്ചുള്ള കടല്‍ഭിത്തി പരീക്ഷണാടിസ്ഥാനത്തില്‍ ചെല്ലാനത്ത് നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, ഫണ്ടും അനുവദിച്ചു. മൂന്ന് വര്‍ഷം കഴിഞ്ഞു, മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ് ഉദ്ഘാടനം ചെയ്തത്, ഇതുവരെ പൂര്‍ത്തിയാക്കിയിട്ടില്ല. എല്ലാം പ്രഹസനമാണ്. ദീര്‍ഘകാല വീഷണമുള്ള പദ്ധതി സര്‍ക്കാര്‍ ചെല്ലാനത്ത് നടപ്പിലാക്കുന്നില്ല. ജോസഫ് അറക്കല്‍ പറയുന്നു

പുലിമുട്ടുകളാണ് ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം. പുലിമുട്ടുകള്‍ സ്ഥാപിച്ചാല്‍ കടലിന്റെ പവര്‍ കുറഞ്ഞുവരും. ജിയോ ബാഗുകള്‍ വെച്ച് തടയുക എന്നത് പ്രോയോഗികമല്ലെന്ന് പ്രദേശവാസികള്‍ക്ക് പോലും അറിയാം',

ജോസഫ് അറക്കല്‍, ചെല്ലാനം ജനകീയ വേദി ജനറല്‍ കണ്‍വീനര്‍

സംസ്ഥാന സര്‍ക്കാര്‍ മാത്രമല്ല, കേന്ദ്ര സര്‍ക്കാരും ഈ വിഷയത്തില്‍ ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. 'നമ്മുടെ ഒരിഞ്ച് ഭൂമി കയ്യേറാന്‍ ചൈനക്കാര്‍ വന്നപ്പോള്‍ നമ്മള്‍ എത്ര ജാഗ്രതയാണ് പുലര്‍ത്തിയത്. ഓരോ വര്‍ഷവും കരയുടെ ഇരുപത് ശതമാനം വെച്ച് കടലെടുക്കുകയാണ്. ഇങ്ങനെ സംഭവിക്കാതെ നോക്കേണ്ടത് കേന്ദ്രസര്‍ക്കാരിന്റെ കൂടി ഉത്തരവാദിത്തമല്ലേ. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളും വിഷയത്തില്‍ ഇടപെട്ട് പരിഹാരമുണ്ടാക്കണം.

ഈ പ്രദേശത്തുള്ളവരുടേത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. എന്നിട്ടും അധികൃതര്‍ കണ്ണടക്കുന്നതില്‍ ഒരു ന്യായീകരണവുമില്ല. അടിയന്തര പ്രധാന്യത്തോട് കൂടി കരിങ്കല്ലോട് കൂടിയ കടല്‍ഭിത്തിയും പുലിമുട്ടുമാണ് ഞങ്ങളുടെ ആവശ്യം. തെരഞ്ഞെടുപ്പുകള്‍ വരാനുണ്ട്, ജനങ്ങള്‍ ജനപ്രതിനിധികളെ മനസിലാക്കുന്ന സമയമാണ് ഇതെന്ന് കൂടി മനസിലാക്കണം', ജോസഫ് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in