ഞങ്ങള്‍ ജനിച്ച് വളര്‍ന്ന സ്ഥലം ഉപേക്ഷിച്ച് ഞങ്ങള്‍ എവിടെ പോകും. ഞങ്ങളുടെ പൂര്‍വികര്‍ ഇവിടെയായിരുന്നു കഴിഞ്ഞത്, ഞങ്ങളുടെ ഭാവി തലമുറയും ഇവിടെ തന്നെയാണ് കഴിയേണ്ടത്.
'ഞങ്ങള്‍ ആരാണ് പുറംപോക്കാണോ? പാരമ്പര്യമായി ഇവിടുത്തെ സംസ്‌കാരവുമായി ഇഴ ചേര്‍ന്ന് ജീവിക്കുന്നവരാണ്. ഞങ്ങള്‍ ഇവിടെ നിന്ന് എങ്ങോട്ടും പോകില്ല.'
ചെല്ലാനം തീരദേശത്തെ കടലിനോട് അമ്പത് മീറ്റര്‍ സമീപത്തുള്ള പ്രദേശവാസികള്‍ മാറിത്താമസിക്കാതെ മറ്റ് വഴിയില്ലെന്ന മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ ആവശ്യത്തോട് നാട്ടുകാരിലൊരാളുടെ പ്രതികരണം ഇങ്ങനെയാണ്.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കടല്‍ക്ഷോഭത്തില്‍ നിന്ന് പ്രദേശവാസികളെ രക്ഷിക്കാന്‍ ഇതല്ലാതെ മാര്‍ഗമില്ലെന്നായിരുന്നു മന്ത്രിയുടെ വാദം. എന്തുവില കൊടുക്കേണ്ടി വന്നാലും ചെല്ലാനത്ത് നിന്ന് ഒരാള്‍ പോലും ഒഴിഞ്ഞ് പോകില്ലെന്ന് ഇവര്‍ പറയുന്നു. മഹാമാരിക്കിടെ കടല്‍ക്ഷോഭവും കൂടി ദുരിതമായെത്തിയപ്പോഴും, സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂലമായി യാതൊരു നടപടിയുമുണ്ടായില്ല. കുടിയൊഴിപ്പിക്കലും പുനരധിവാസവുമല്ല വേണ്ടത് തീരസുരക്ഷയാണെന്നും പ്രദേശവാസികള്‍.
'കടല്‍ കയറി എന്ത് ചെയ്യണമെന്നറിയാതെ നിന്ന ഞങ്ങളോട്, 50 മീറ്റര്‍ മാറി താമസിക്കണമെന്നാണ് മന്ത്രി പറയുന്നത്. കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ ഈ 50 മീറ്റര്‍ കൂടി കടലെടുക്കും, അപ്പോള്‍ ബാക്കിയുള്ളവരോട് കൂടി മാറാന്‍ പറയുമോ?', ചെല്ലാനം ജനകീയവേദി ജനറല്‍ കണ്‍വീനര്‍ ജോസഫ് അറക്കല്‍ ചോദിക്കുന്നു.
'മത്സ്യ തൊഴിലാളികള്‍ക്ക് 2500 രൂപ വീതം അക്കൗണ്ടില്‍ ഇട്ടു നല്‍കിയെന്ന് മന്ത്രി മേഴ്‌സിക്കുട്ടി അമ്മ പറയുന്നത് കേട്ടു, ഇവിടെ ഒരു മത്സ്യത്തൊഴിലാളികള്‍ക്കും കിട്ടിയിട്ടില്ല. ഞങ്ങളോട് മാറാന്‍ പറഞ്ഞ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ തന്നെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജിയോ ട്യൂബ് എന്ന പരിഹാരവുമായി എത്തിയത്. എന്നിട്ട് എന്തായി? ഈ ബോര്‍ഡറിന്റെ സെക്യൂരിറ്റി ഞങ്ങളുടെ കയ്യിലാണ്. ഓരോ വര്‍ഷവും എത്ര മീറ്ററാണ് കടല്‍ കയറി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത് തടയാന്‍ സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
ഈ അധികാരികളൊക്കെ കരുതും പോലെ ഞങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ വിവരവും വിദ്യാഭ്യാസവുമൊന്നും ഇല്ലാത്തവരല്ല, നല്ല ജീവിത നിലവാരത്തോടെയാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഒരായുസിന്റെ വരുമാനം ഉപയോഗിച്ച് ഉണ്ടാക്കിയ വീടുകളാണ്, ഇതെല്ലാം ഉപേക്ഷിച്ച് ഞങ്ങള്‍ പോകണമെന്നാണോ? പത്ത് ലക്ഷം രൂപ കിട്ടിയാല്‍ എല്ലാത്തിനും പകരമാകുമോ?
ഞങ്ങള്‍ക്ക് അവകാശപ്പെട്ട സ്ഥലത്താണ് ഞങ്ങള്‍ വീട് വെച്ചിരിക്കുന്നത്. ഇവിടെ ജീവിക്കുന്നതിന് ഇതുവരെ തടസമൊന്നുമില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങളോട് ഞങ്ങളുടെ വീട്ടില്‍ നിന്ന് മാറാന്‍ പറയുകയാണ്. ഇവിടുത്തെ ജനങ്ങളെ പുകച്ച് പുറത്ത് ചാടിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമമാണ് ഇത്. ഞങ്ങളെ ഒഴിപ്പിച്ച് വന്‍കിട ലോബികള്‍ക്ക് സ്ഥലം തീറെഴുതി നല്‍കണം, ടൂറിസ്റ്റ് മാഫിയകളെ സഹായിക്കണം ഇതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്', ജോസഫ് അറക്കല്‍ ദ ക്യുവിനോട് പറഞ്ഞു.
കുടിയൊഴിപ്പിക്കലും പുനരധിവാസവുമല്ല വേണ്ടത് തീരസുരക്ഷയാണ് തങ്ങളുടെ ആവശ്യമെന്നും നാട്ടുകാര്‍ പറയുന്നു. പുനര്‍ഗേഹം പദ്ധതിക്കായി ചെലവിടുന്ന കോടികള്‍ തീരം സംരക്ഷിക്കാന്‍ ഉപയോഗിക്കാത്തത് എന്ത് കൊണ്ടാണെന്നും മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നുണ്ട്.
ജീവന്‍ പോയാലും ഒഴിയില്ല
ഒരു തീപ്പെട്ടി വാങ്ങണമെങ്കിലും അതിന് നികുതി നല്‍കിയ തന്നെയാണ് ഞങ്ങളും ജീവിക്കുന്നത്. സ്വത്തിനും ജീവനും സംരംക്ഷണം ലഭിക്കേണ്ടത് ഓരോ പൗരന്റെയും മൗലികാവകാശമാണ്. അതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ഞങ്ങളെ കുടിയൊഴിപ്പിക്കുമെന്ന് പറയുന്നത്.
ചെല്ലാനത്ത് നിന്ന് ഒരാളെ പോലും ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കില്ല. ഇവിടുത്തെ ഓരോ മത്സ്യത്തൊഴിലാളികളുടെയും ജീവന്‍ വെടിയേണ്ടി വന്നാലും സര്‍ക്കാരിന് ഞങ്ങളെ ഒഴിപ്പിക്കാന്‍ സാധിക്കില്ല. ഒഴിപ്പിക്കാന്‍ വന്നാല്‍ ഞങ്ങളുടെ ശവശരീരങ്ങളില്‍ ചവിട്ടിയേ അവര്‍ക്ക് പോകാനാകൂ.
ഞങ്ങള്‍ ജനിച്ച് വളര്‍ന്ന സ്ഥലം ഉപേക്ഷിച്ച് ഞങ്ങള്‍ എവിടെ പോകും. ഞങ്ങളുടെ പൂര്‍വികര്‍ ഇവിടെയായിരുന്നു കഴിഞ്ഞത്, ഞങ്ങളുടെ ഭാവി തലമുറയും ഇവിടെ തന്നെയാണ് കഴിയേണ്ടത്.
പുലിമുട്ടോടു കൂടിയ കടല്‍ ഭിത്തി നിര്‍മ്മിച്ചാല്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കും. കുറഞ്ഞ ചെലവില്‍ ഇത് നിര്‍മ്മിക്കാന്‍ കഴിയുന്ന പ്ലാനുകള്‍ ഞങ്ങളുടെ പക്കലുണ്ട്. മുന്‍കാലങ്ങളില്‍ പുലിമുട്ട് സ്ഥാപിച്ചിരുന്നതിന്റെ അവശിഷ്ടങ്ങള്‍ മണ്ണിനടിയിലുണ്ട്. അവിടങ്ങളില്‍ തന്നെ പുലിമുട്ട് സ്ഥാപിക്കാനായാല്‍ ചെലവ് കുറവായിരിക്കും. തീരമേഖലയില്‍ അനുഭവജ്ഞാനമുള്ളവരോട് ചോദിക്കാതെയും അന്വേഷിക്കാതെയുമാണ് സര്‍ക്കാര്‍ തീരമേഖല സംരക്ഷിക്കാനെന്ന പേരില്‍ തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ചെല്ലാനം സ്വദേശികള്‍ പറയുന്നു.
പഞ്ചായത്തിന്റെ പ്രതികരണം
ജനങ്ങളുടെ സംരക്ഷണത്തിനാണ് പഞ്ചായത്ത് മുന്‍തൂക്കം നല്‍കുന്നതെന്ന് പ്രസിഡന്റ് മേഴ്‌സി ജോസി ദ ക്യു'വിനോട് പ്രതികരിച്ചു. ഇവിടം വിട്ടുപോയാല്‍ ഈ ജനങ്ങള്‍ക്ക് ജീവിക്കാന്‍ സാധിക്കില്ല. ചെല്ലാനത്ത് ജനിച്ച് വളര്‍ന്നവരാണ് അവര്‍, ഭൂരിഭാഗം പേരും മത്സ്യത്തൊഴിലാളികളാണ്. അവരുടെ നാട്ടില്‍ ജീവിക്കുക എന്നത് അവരുടെ അവകാശമാണ്. പുലിമുട്ടും കടല്‍ ഭിത്തിയും സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും പഞ്ചായത്ത് നിരവധി തവണ അപേക്ഷകള്‍ നല്‍കിയിരുന്നുവെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.