ജന്‍ഔഷധി സ്റ്റോര്‍ അടച്ചുപൂട്ടല്‍ തിരിച്ചടിയാകുക സാധാരണക്കാര്‍ക്ക്;കേന്ദ്രം മരുന്ന് തരാത്തതിനാലാണ് വ്യവസ്ഥ ലംഘിച്ചതെന്ന് കടയുടമകള്‍
ഒന്നാം മോഡി സര്‍ക്കാര്‍ ഏറെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച പദ്ധതിയാണ് ജന്‍ ഔഷധി. സാധാരണ ഉപയോഗത്തിലുള്ള നൂറുകണക്കിന് മരുന്നുകള്‍ ഉള്‍പ്പെടെ നാനൂറിലധികം ജനറിക് മരുന്നുകള്‍ ജന്‍ ഔഷധി വഴി വിതരണം ചെയ്യുകയായിരുന്നു പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. ഒട്ടുമിക്ക ജീവന്‍ രക്ഷാ മരുന്നുകളും അമ്പത് ശതമാനത്തിലധികം വിലക്കുറവില്‍ ലഭിക്കുന്ന വില്‍പനാകേന്ദ്രങ്ങള്‍ അര്‍ബുദ ബാധിതര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ പ്രതീക്ഷയും ആശ്വാസവും നല്‍കിയിരുന്നു. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് തുടക്കം മുതലേ പരാതികള്‍ ഉയര്‍ന്നു. അവശ്യ മരുന്നുകള്‍ പോലും സമയത്തിന് ലഭിക്കുന്നില്ലെന്ന് സാധാരണക്കാരില്‍ നിന്ന് വിമര്‍ശനങ്ങളുണ്ടായി.
456 സ്‌റ്റോറുകളാണ് സംസ്ഥാനത്ത് പദ്ധതിയുമായി സഹകരിച്ചിരുന്നത്. വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന 'പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി കേന്ദ്ര' സ്റ്റോറുകളില്‍ ചിലത് അടച്ചുപൂട്ടുകയാണെന്ന വാര്‍ത്ത ഈയിടെ പുറത്തുവരികയുണ്ടായി. 44 കടകളുടെ ലൈസന്‍സ് റദ്ദാക്കാനാണ് നോഡല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വ്യവസ്ഥകള്‍ ലംഘിച്ചെന്നും ജനറിക് മരുന്നുകള്‍ക്കൊപ്പം ബ്രാന്‍ഡഡ് മരുന്നുകള്‍ വിറ്റെന്നും ആരോപിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ബ്രാന്‍ഡഡ് മരുന്നുകള്‍ വില്‍പന നടത്തിയ കാര്യം അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന സ്റ്റോര്‍ ഉടമകളും സമ്മതിക്കുന്നുണ്ട്. ഏറ്റവും ആവശ്യമുള്ള മരുന്നുകള്‍ പോലും ലഭിക്കാതായതോടെ വ്യവസ്ഥ ലംഘിക്കാന്‍ നിര്‍ബന്ധിതരായെന്നാണ് മെഡിക്കല്‍ ഷോപ്പുടമകള്‍ ചൂണ്ടിക്കാണിക്കുന്നത്.
ജന്‍ ഔഷധി സ്റ്റോറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളില്‍ ചിലര്‍ വന്‍തുക കോഴ വാങ്ങിയതായി ആരോപണങ്ങളുണ്ടായിരുന്നു.
പട്ടിക നല്‍കി മാസങ്ങള്‍ക്ക് ശേഷമാണ് മരുന്ന് ലഭിക്കുന്നതെന്ന് പേര് വെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്ത ഒരു കടയുടമ 'ദ ക്യൂ'വിനോട് പ്രതികരിച്ചു. കൊച്ചിയിലെത്തിച്ചാണ് മരുന്ന് സംസ്ഥാനത്തെ മറ്റ് ജില്ലകളിലേക്ക് അയച്ചിരുന്നത്. ഇതിലും കാലതാമസം നേരിട്ടതോടെയാണ് ബ്രാന്‍ഡഡ് മെഡിസിന്‍ തന്നെ വില്‍ക്കാനുള്ള തീരുമാനത്തിലെത്താന്‍ നിര്‍ബന്ധിതരായതെന്ന് കടയുടമ പറയുന്നു.
ഡിമാന്‍ഡിന് അനുസരിച്ച് വിതരണമുണ്ടാകാറില്ല. രോഗികളെത്തുമ്പോള്‍ തിരിച്ചയക്കേണ്ടി വരികയാണ്. പലപ്പോഴും രോഗികളുടെ ഫോണ്‍ നമ്പര്‍ വാങ്ങി മരുന്ന് എത്തുമ്പോള്‍ വിളിച്ചറിയിക്കുകയായിരുന്നു. രോഗികള്‍ക്ക് വലിയ ബുദ്ധിമുട്ടായതോടെയാണ് ബ്രാന്‍ഡഡ് മരുന്നുകളും സൂക്ഷിക്കാന്‍ തുടങ്ങിയത്.
സ്റ്റോര്‍ ഉടമ
ജന ഔഷധിയുടെ ബോര്‍ഡ് വച്ച് മറ്റ് ബ്രാന്‍ഡുകളിലുള്ള മരുന്നുകള്‍ വില്‍ക്കുന്നത് അനുവദിക്കാനാവില്ലെന്ന കര്‍ശന നിലപാടിലാണ് പദ്ധതിയ്ക്ക് മേല്‍നോട്ടം വഹിക്കുന്ന അധികൃതര്‍. കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കിയ കടയുടമകള്‍ക്ക് മാത്രം ഒരു അവസരം കൂടി നല്‍കുമെന്നാണ് മുന്നറിയിപ്പ്. എറണാകുളം ജില്ലയിലാണ് ഇത്തരത്തില്‍ മരുന്ന് വില്‍ക്കുന്ന കൂടുതല്‍ സ്റ്റോറുകള്‍ കണ്ടെത്തിയതെന്ന് കേരളത്തിലെ നോഡല്‍ ഓഫീസറായ നിഷാന്ത് നായര്‍ ദ ക്യൂവിനോട് പറഞ്ഞു.
എറണാകുളത്തെ 12 ഷോപ്പുകള്‍ അടച്ചു പൂട്ടും. കോട്ടയം ജില്ലയിലാണ് കുറവ്. പദ്ധതിയുടെ സിഇഒ സച്ചിന്‍ സിങ് ഐആര്‍എസ് കരാര്‍ ലംഘിച്ച കടകളുടെ പട്ടിക ആവശ്യപ്പെടുകയായിരുന്നു. അടച്ചു പൂട്ടാനുള്ള മെഡിക്കല്‍ ഷോപ്പുകളുടെ പട്ടിക തയ്യാറാക്കി ദില്ലിയിലേക്ക് അയച്ചിട്ടുണ്ട്.
നിഷാന്ത് നായര്‍
പദ്ധതിയുടെ ഭാഗമാകുന്ന സമയത്ത് മെഡിക്കല്‍ ഷോപ്പ് ഉടമകളുമായി കരാറുണ്ടാക്കിയിരുന്നു. ജന ഔഷധിയുടെ മരുന്നുകള്‍ മാത്രമേ വില്‍പ്പന നടത്താന്‍ പാടുള്ളുവെന്നാണ് ഇതിലെ പ്രധാന വ്യവസ്ഥ. ബേബി ഫുഡ് പോലുള്ളവയ്ക്ക് നിയന്ത്രണമില്ല. പരിശോധന നടത്തിയപ്പോളാണ് വിവിധ ബ്രാന്‍ഡുകളിലുള്ള മരുന്നുകള്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍പ്പന നടത്തുന്നതായി കണ്ടെത്തിയത്. ജന ഔഷധിയിലൂടെ നിശ്ചയിച്ചതിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് മരുന്നുകള്‍ ഈ കടകള്‍ വില്‍ക്കുന്നതെന്നും നിഷാന്ത് നായര്‍ ആരോപിച്ചു. ജന ഔഷധി മെഡിക്കല്‍ ഷോപ്പുകളില്‍ സൗജന്യമായി സോഫ്റ്റവെയര്‍ ചെയ്ത് നല്‍കിയിരുന്നു. വാങ്ങുന്നതും വില്‍പ്പന നടത്തുന്നതും ഇതിലൂടെ നിരീക്ഷണം നടത്താന്‍ നോഡല്‍ ഓഫീസര്‍ക്ക് കഴിയും. പല മെഡിക്കല്‍ ഷോപ്പുകളും ഇതിന് തയ്യാറായിരുന്നില്ലെന്നും നിഷാന്ത് നായര്‍ കൂട്ടിച്ചേര്‍ത്തു.
വാഗ്ദാനം ചെയ്ത വിലക്കുറവില്‍ ആവശ്യമുള്ള സമയത്ത് തന്നെ ജീവന്‍രക്ഷാമരുന്നുകള്‍ എത്തിച്ച് നല്‍കേണ്ടതിന് പകരം സ്‌റ്റോറുകള്‍ അടച്ചുപൂട്ടുന്നത് പരിഹാരമായേക്കില്ല. പദ്ധതിയെ ആശ്രയിച്ചിരിക്കുന്ന സാധാരണക്കാര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി ഏറ്റവും വലിയ തിരിച്ചടിയാകുക.