'ഇതേ കേസുമായി പോകുന്നത് പുരുഷന്‍മാരാണെങ്കില്‍ ഞങ്ങള്‍ നേരിട്ട പോലൊരു ആക്ഷേപം ഉണ്ടാവില്ലായിരുന്നു. എടീ, പോടീ വിളികളാലാണ് ഞങ്ങളോട് സംസാരിച്ച് തുടങ്ങുന്നത്. അധിക്ഷേപം മാത്രമല്ല പരിഹാസവും താഴേത്തട്ടിലുള്ളവരെന്ന പുച്ഛവും സംസാരത്തിലും ഇടപെടലുകളിലുമുണ്ടായിരുന്നു'
സിഡിഎസ് പ്രസിഡന്റ് സരസ്വതിയുടെ വാക്കുകളിലൂടെ പുറത്തുവരുന്നത് ആരോഗ്യസംവിധാനത്തെയും പൊതുസമൂഹത്തെയും കണ്ണിചേര്‍ക്കുന്ന തങ്ങളെ പോലുള്ള നിരവധി സ്ത്രീകള്‍ ദിവസേന നേരിടുന്ന ദുരനുഭവങ്ങളിലൊന്നാണ്.
മലപ്പുറത്ത് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരുന്ന വിഷയത്തില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ അമ്മയോടൊപ്പം മകളുടെ ഭര്‍തൃവീട്ടില്‍ എത്തിയ മലപ്പുറം ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌കിലെ സര്‍വ്വീസ് പ്രൊവൈഡര്‍ പ്രമീളയ്ക്കും, വാഴയൂര്‍ ഗ്രാമപഞ്ചായത്തിലെ സിഡിഎസ് പ്രസിഡന്റ് സരസ്വതിയ്ക്കും നേരിടേണ്ടി വന്നത് കടുത്ത അവഹേളനമാണ്. മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ പെണ്‍കുട്ടിയുടെ അമ്മ ഭര്‍തൃവീട്ടില്‍ പോയപ്പോള്‍ റോഡില്‍ വണ്ടിയില്‍ നില്‍ക്കുന്ന പ്രമീളയോടും സരസ്വതിയോടുമാണ് അപമര്യാദയായി പെരുമാറിയത്.
പെണ്‍കുട്ടിയുടെ ഭര്‍തൃവീട്ടുകാര്‍ ഇവര്‍ക്കെതിരെ മോഷണക്കുറ്റമടക്കം ആരോപിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. ജോലിക്കിടെ നേരിട്ട അപമാനത്തെക്കുറിച്ച് എസ്.പിക്ക് നല്‍കിയ പരാതി കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി രണ്ടാഴ്ചയായിട്ടും അന്വേഷണമോ നടപടിയോ ഉണ്ടായില്ല. ഒടുവില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രശ്നം ചര്‍ച്ചയായപ്പോള്‍ മൊഴിയെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതരായി.
ഇതൊരു ജെന്‍ഡര്‍ പ്രശ്‌നമാണ്
വിവാഹം കഴിപ്പിച്ചയച്ച മകള്‍ക്ക് ഭര്‍തൃവീട്ടില്‍ ഫോണ്‍ പോലും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യമില്ലെന്നും സ്വന്തം വീട്ടിലേക്ക് വരാന്‍ അനുവദിക്കുന്നില്ലെന്നുമുള്ള പരാതിയുമായാണ് പെണ്‍കുട്ടിയുടെ അമ്മ ഞങ്ങളെ സമീപിച്ചത്. ഞങ്ങളുടെ പഞ്ചായത്ത് ജെന്‍ഡര്‍ റിസോര്‍ഴ്സ് സെന്റര്‍ ഉള്ള പഞ്ചായത്താണ്. ദേശീയ തലത്തില്‍ തന്നെ വിജിലന്റ് പ്രവര്‍ത്തനത്തിന് അംഗീകാരം കിട്ടിയ പഞ്ചായത്ത് കൂടിയാണ്. സ്വഭാവികമായിട്ടും ആളുകള്‍ പ്രശ്നങ്ങള്‍ ഉള്ളപ്പോള്‍ ഞങ്ങളെ സമീപിക്കാറുമുണ്ട്. ജിആര്‍സി മുഖാന്തരം പരിഹരിക്കുകയോ സ്നേഹിതയിലേക്ക് വിടുകയോ ചെയ്യുകയാണ് പതിവ്.
ഈ വിഷയത്തിലും ഞങ്ങള്‍ ഇടപെട്ടിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ ഭര്‍തൃവീട്ടുകാര്‍ തങ്ങളെ അസഭ്യവര്‍ഷം നടത്തുകയും അശ്ലീല ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത്. സ്‌നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌കിലെ സര്‍വ്വീസ് പ്രൊവൈഡര്‍ പ്രമീളയും എനിക്കൊപ്പം അപമാനിതയായിരുന്നു. ഞങ്ങളിരുവരും മോഷണം നടത്തിയെന്ന ആരോപണം പോലും വീട്ടുകാര്‍ ഉന്നയിച്ചു, സരസ്വതി ദ ക്യുവിനോട് പറഞ്ഞു.
ജൂലായ് പന്ത്രണ്ടിന് നല്‍കിയ പരാതി പതിമൂന്നാം തീയ്യതി എസ്പി കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഫോര്‍വേര്‍ഡ് ചെയ്തിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും മൊഴിയെടുക്കാന്‍ പൊലീസ് വിളിച്ചിരുന്നില്ല. പൊലീസും ഇതിന് കൂട്ടുനില്‍ക്കുന്ന സമീപനമാണുണ്ടായതെന്ന് സരസ്വതി പറഞ്ഞു. എഡിഎസ് മുഖാന്തരമാണ് കേസുകൊടുത്തത്. പരാതികളുമായി പോകുമ്പോള്‍ പൊലീസുകാരില്‍ നിന്നു പോലും വിവേചനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സരസ്വതി പറയുന്നു.
സി.ഡി.എസ് പ്രവര്‍ത്തകര്‍ക്ക് മാത്രമല്ല ആരോഗ്യസംവിധാനത്തെയും പൊതുജനങ്ങളെയും ബന്ധിപ്പിക്കുന്ന ആശാവര്‍ക്കാര്‍മാര്‍ക്കും സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലിറങ്ങി അടിസ്ഥാന വര്‍ഗത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും തദ്ദേശ സ്ഥാപനങ്ങളുടെ നടത്തിപ്പിലുള്‍പ്പെടെ സുഗമമായ രീതിയില്‍ നടപ്പിലാക്കുകയും ചെയ്യുന്നതില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ടീച്ചര്‍മാര്‍ വിവേചനം നേരിട്ട ഇതിലുമേറെ അനുഭവങ്ങള്‍ പറയാനുണ്ട്. ഭൂരിഭാഗവും സ്ത്രീകള്‍ ഉള്‍പ്പെട്ട ഇത്തരം മേഖലകളില്‍ സാമൂഹിക അവഗണന, ലിംഗ വിവേചനം, കുറഞ്ഞ വേതനം, ഭാരിച്ച ഉത്തരവാദിത്വം, മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം, തുടങ്ങി അനേകം വെല്ലുവിളികളാണ് നേരിടേണ്ടി വരുന്നത്.
എന്ത് തരം ബഹുമാനവും എന്ത് തരം അപമാനവുമാണ് നിത്യ ജീവിതത്തില്‍ ഒരു വീട്ടിലെ അമ്മ സഹിക്കുന്നത് അതിന് സമാനമായ ഒരു പൊതുജീവിതമാണ് ഈ സ്ത്രീകളുടേതെന്ന് ജെ ദേവിക പറയുന്നു. കെയര്‍ വര്‍ക്കിന്റെ ഒരു വലിയ പ്രശ്‌നമാണ് ഈ മേഖലകളിലുള്ള സ്ത്രീകള്‍ നേരിടുന്നത്.
തങ്ങള്‍ ചെയ്യുന്ന ജോലിക്ക് അര്‍ഹതപ്പെട്ട ബഹുമാനം ഇവര്‍ക്ക് ഒരിക്കലും ലഭിക്കുന്നില്ല. കുടുംബശ്രീയില്‍ ആണെങ്കില്‍ മോശമായിട്ട് ഇടപെട്ടാല്‍ ജാഗ്രതാ സമിതിയില്‍ പരാതി കൊടുക്കാം. സാമൂഹിക ഉത്തരവാദിത്തവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ സ്ത്രീകള്‍ക്ക് കൊടുക്കുമ്പോള്‍ അവരെ സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ടെന്ന് ജെ ദേവിക പറഞ്ഞു. ജാഗ്രത സമിതികളെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണ്.
കുടുംബശ്രീക്കാരോട് മോശമായി പെരുമാറിയാല്‍ ജാഗ്രതസമിതി നടപടിയെടുക്കുമെന്നൊരു സാഹചര്യം വന്നാല്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. സ്റ്റേറ്റിന്റെ പവര്‍ കൈവശം വെക്കുന്നവര്‍ എന്നുള്ള രീതിയിലാണ് പൊലീസുകാരൊക്കെ ചെല്ലുമ്പോള്‍ ആളുകള്‍ അംഗീകരിക്കുന്നത്. ഇവരെ സ്റ്റേറ്റ് പവര്‍ കൈവശം വെക്കുന്നവര്‍ എന്ന രീതിയില്‍ ആരും അംഗീകരിക്കില്ല, അവര്‍ കൂട്ടിച്ചേര്‍ത്തു.