തുടരുന്ന ദളിത് വിരുദ്ധത; ഇടപെടാതെ സർക്കാർ, കെ.ആർ നാരായണന്റെ പേരിലുള്ള സ്ഥാപനം ജാതിവെറിയുടെ കേന്ദ്രമാകുമ്പോൾ

തുടരുന്ന ദളിത് വിരുദ്ധത; ഇടപെടാതെ സർക്കാർ, കെ.ആർ നാരായണന്റെ പേരിലുള്ള സ്ഥാപനം ജാതിവെറിയുടെ കേന്ദ്രമാകുമ്പോൾ
Published on

വിദ്യാർത്ഥികളോടും ജീവനക്കാരോടുമുള്ള ജാതി വിവേചനത്തിൽ പ്രതിഷേധിച്ച് കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിൽ വിദ്യാർത്ഥികൾ അനിശ്ചിത കാല സമരത്തിലേക്ക്. ദളിത് വിഭാഗങ്ങൾക്കെതിരെ ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായ വിവേചനമാണ് ഡയറക്ടർ ശങ്കർ മോഹന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്ന് സ്റ്റുഡന്റ് കൗൺസിൽ.

TASHMIN MAJUMDER

ക്ലീനിംഗ് സ്റ്റാഫുകളെ കൊണ്ട് ഡയറക്ടർ വീട്ടുജോലി ചെയ്യിപ്പിക്കുന്നതായി നേരത്തെ ചില ജീവനക്കാർ ദ ക്യു'വിനോട് പറഞ്ഞിരുന്നു. ക്ലീനിംഗ് സ്റ്റാഫുകളോടുള്ള മനുഷ്യത്വ വിരുദ്ധ സമീപനവും വിദ്യാർത്ഥികൾ സമരത്തിനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നു. ദളിത് വിഭാഗത്തിൽ നിന്ന് രാജ്യത്തെ പരമോന്നത പദവിയിലെത്തിയ കെ.ആർ നാരായണന്റെ പേരിലുള്ള സ്ഥാപനത്തിൽ ക്രൂരമായ ദളിത് വിരുദ്ധതയാണ് ഡയറക്ടർ ശങ്കർ മോഹൻ നടപ്പാക്കുന്നതെന്ന് വിദ്യാർത്ഥി കൂട്ടായ്മ. സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പ്രധാന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടാണ് കോട്ടയത്തുള്ള കെ.ആർ നാരായണൻ വിഷ്വൽ സയൻസ് ആൻഡ് ആർട്സ്.

ശങ്കർ മോഹൻ ഡയറക്ടറായി നിയമിതനായത് മുതൽ ക്യാമ്പസിൽ ജാതീയമായ പല പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ടെന്ന് വിദ്യാർഥികൾ പറയുന്നു. ഇ ​ഗ്രാന്റ്സുമായി ബന്ധപ്പെട്ടും അറ്റന്റൻസുമായി ബന്ധപ്പെട്ടുമുണ്ടായ പ്രശ്നങ്ങളെ തുടർ‌ന്ന് പല വിദ്യാർഥികൾക്കും പഠനം ഉപേക്ഷിക്കേണ്ട അവസ്ഥ വരെ ഉണ്ടായി. ഇതുമായ ബന്ധപ്പെട്ട കേസുകൾ ഇപ്പോഴും ഹൈക്കോടതിയിൽ ഉണ്ട്.

ലോക്ഡൗൺ സമയത്ത് അറ്റന്റൻസ് കുറവാണെന്ന് പറഞ്ഞ് നാല് വിദ്യാർഥികളെ പുറത്താക്കിയിരുന്നു. പിന്നീട് വിദ്യാർഥികൾ സമരം ചെയ്തതിന്റെ ഭാ​ഗമായിട്ടാണ് അവരെ തിരിച്ചെടുത്തത്. ഇ ​ഗ്രാന്റ്സ് വൈകിയതിന്റെ ഭാ​ഗമായി ക്യാന്റീൻ ഫീസ് കൃത്യമായി കൊടുക്കാൻ കഴിയാതെ ഒരു വിദ്യാർഥിക്ക് ടി.സി വാങ്ങി പോകേണ്ടി വന്നിട്ടുണ്ട്. കാലാ കാലങ്ങളായി കാന്റീൻ ഫീസ് കുറക്കണെമന്ന് ആവശ്യപ്പെട്ടിട്ടും ഡയറക്ടർ‌ അത് മുഖവിലക്കെടുത്തിട്ടില്ല എന്നും വിദ്യാർഥികൾ ദ ക്യു'വിനോട് പറഞ്ഞു.

TASHMIN MAJUMDER

2022 ബാച്ചിന്റെ അഡ്മിഷൻ നടക്കുന്ന സമയത്ത് സംവരണം അട്ടിമറിച്ച്, എഡിറ്റിം​ഗ് വിഭാ​ഗത്തിൽ ആകെയുള്ള പത്ത് സീറ്റിൽ നാലെണ്ണം ഒഴിഞ്ഞുകിടന്നിട്ടും, സീറ്റുകൾ ഒഴിച്ചിടാൻ പാടില്ലെന്ന ​ഗവൺമെന്റ് ഉത്തരവ് നിലനിൽക്കേ, ശരത് എന്ന ദളിത് വിദ്യാർഥിക്ക് സീറ്റ് നിഷേധിച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരനായ ദളിത് വിഭാ​ഗത്തിൽ പെട്ട വ്യക്തിക്കും ഡയറക്ടറുടെ ഭാ​ഗത്ത് നിന്ന് ജാതീയമായ വിവേചനങ്ങൾ നേരിടേണ്ടി വന്നെന്നും ഇതിനെതിരെ അദ്ദേഹം മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിരുന്നു എന്നും വിദ്യാർഥികൾ പറയുന്നു.

ഓരോ മാസവും വലിയ തുകയാണ് ഭക്ഷണത്തിനായി അടക്കേണ്ടത്. ഇ ​ഗ്രാന്റ്സ് കൃത്യമായി കിട്ടാതെ വന്നാൽ അത് അടക്കുക എന്നുപറയുന്നത് ഞങ്ങളെ കൊണ്ട് താങ്ങുന്നതല്ല. പലതവണ കാന്റീൻ ഫീസ് കുറക്കുന്ന കാര്യം ആവശ്യപ്പെട്ടെങ്കിലും ഡയറക്ടർ കാര്യമായി കണ്ടില്ല.

ഒരുതവണ പറഞ്ഞപ്പോൾ ഡയറക്ടർ പറഞ്ഞത് രണ്ട് സ്പോൺസർമാരെ ഏർപ്പാടാക്കിയിട്ടുണ്ട്. ഏറ്റവും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രണ്ട് വിദ്യാർഥികളുടെ ഭക്ഷണച്ചെലവ് അവർ ഏറ്റെടുക്കും എന്നായിരുന്നു. എന്നാൽ ഞങ്ങൾക്ക് വേണ്ടത് ആരുടെയെങ്കിലും ചാരിറ്റിയല്ലെന്നും, എല്ലാവർക്കും ​ഗുണം ലഭിക്കുന്ന രീതിയിൽ സബ്സിഡി നിരക്കിൽ ഭക്ഷണം ലഭ്യമാക്കുകയുമാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ മറുപടി അപ്പോൾ ​ഗവൺമെന്റ് നിങ്ങൾക്ക് തരുന്നത് ചാരിറ്റിയല്ലേ എന്നായിരുന്നു.

TASHMIN MAJUMDER

ഒ.ഇ.സി വിഭാ​ഗത്തിന് നിയമപരമായി ലഭിക്കേണ്ട ഫീസ് ഇളവുകൾ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിക്കാത്തതിന്റെ പേരിലുണ്ടായ സാമ്പത്തിക പ്രതിസന്ധികൾ കാരണം ഒരു വിദ്യാർഥിക്ക് പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ടി.സി വാങ്ങി പോകേണ്ടിവന്നു എന്നും വിദ്യാർഥികൾ ദ ക്യുവിനോട് പറഞ്ഞു.

ജനാധിപത്യ വിരുദ്ധമായ രീതിയിൽ, കെ.ആർ. നാരായണന്റെ പേരിലുള്ള സ്ഥാപനത്തിന്റെ അഭിമാനത്തിന് കളങ്കം വരുത്തുന്ന പ്രവർത്തനങ്ങൾ തുടരുന്നതിനാലാണ് ഡയറക്ടർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല സമരമെന്ന തീരുമാനത്തിലേക്ക് എത്തിയത്. ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കുന്ന നിയമലംഘനങ്ങളും ജാതീയ അധിക്ഷേപങ്ങളും ഉന്നത വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും വിദ്യാർഥികൾ ദ ക്യു'വിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in