അട്ടപ്പാടിയില്‍ ദളിത് സ്ത്രീയുടെ മൃതദേഹത്തോട് അയിത്തം; പൊതുശ്മശാനത്തില്‍ അടക്കാന്‍ അനുവദിച്ചില്ല

അട്ടപ്പാടിയില്‍ ദളിത് സ്ത്രീയുടെ മൃതദേഹത്തോട് അയിത്തം; പൊതുശ്മശാനത്തില്‍ അടക്കാന്‍ അനുവദിച്ചില്ല
Published on

അട്ടപ്പാടിയില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെ മൃതദേഹം പൊതുശ്മശാനത്തില്‍ മറവ് ചെയ്യാന്‍ അനുവദിച്ചില്ലെന്ന് പരാതി. പുതൂര്‍ പഞ്ചായത്തിലെ ഉമ്മത്താമ്പടിയില്‍ ചക്ലിയ വിഭാഗത്തില്‍പ്പെട്ട ശാന്തയുടെ മൃതശരീരത്തോടാണ് അയിത്തം കല്‍പ്പിച്ചത്. മേല്‍ജാതിക്കാരെന്ന് അവകാശപ്പെടുന്ന കൗണ്ടര്‍, ഗൗണ്ടര്‍ വിഭാഗക്കാരാണ് മൃതദേഹം അടക്കാന്‍ അനുവദിക്കാതിരുന്നത്.ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം പുറത്ത് പറയാനോ പരാതി നല്‍കാനോ ബന്ധുക്കള്‍ തയ്യാറായിട്ടില്ല. കടുത്ത ജാതി വിവേചനം നിലനില്‍ക്കുന്ന മേഖലയിലെ ഭൂവുടമകള്‍ കൂടിയായ കൗണ്ടര്‍, ഗൗണ്ടര്‍ വിഭാഗക്കാരെ ഭയന്നാണ് പരാതി നല്‍കാത്തതെന്ന് പൊതുപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

വനത്തോട് ചേര്‍ന്നുള്ള കോളനിയിലാണ് ശാന്തയുടെ കുടുംബം താമസിക്കുന്നത്. ചക്ലിയ വിഭാഗക്കാര്‍ക്ക് വേണ്ടി പ്രത്യേക ശ്മശാനമില്ലാത്തതിനാല്‍ പൊതുശ്മശാനത്തില്‍ മറവ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.15 ലക്ഷം രൂപ മുടക്കി വാങ്ങിയ ഭൂമിയിലാണ് പൊതുശ്മശാനം. ഇവിടെ മൃതദേഹം അടക്കാന്‍ കൗണ്ടര്‍, ഗൗഡര്‍ വിഭാഗക്കാര്‍ അനുവദിച്ചില്ല.ശ്മശാനഭൂമി പണം കൊടുത്ത് വാങ്ങിയതാണെന്നായിരുന്നു ഇവരുടെ വാദം. രണ്ട് വര്‍ഷം മുമ്പ് ചക്ലിയ വിഭാഗത്തില്‍പ്പെട്ട ആളുടെ മൃതദേഹം ഇവിടെ മറവ് ചെയ്തിരുന്നു.കൗണ്ടര്‍, ഗൗഡര്‍ വിഭാഗക്കാര്‍ ശാന്തയുടെ ബന്ധുക്കളെ ശാരീരികമായി ഉപദ്രവിക്കാന്‍ വന്നതോടെ മൃതദേഹവുമായി മടങ്ങുകയായിരുന്നു. കോളനിക്ക് പിറകിലുള്ള പുറംമ്പോക്ക് ഭൂമിയില്‍ മൃതദേഹം മറവു ചെയ്തു.

തമിഴ്‌നാട്ടില്‍ നിന്നും കുടിയേറിയ കൗണ്ടര്‍, ഗൗഡര്‍ വിഭാഗക്കാരാണ് ഈ മേഖലയില്‍ ഭൂരിപക്ഷമെന്ന് അധ്യാപനും പൊതുപ്രവര്‍ത്തകനുമായ ബാലന്‍ കറുപ്പന്‍ പറഞ്ഞു. അവര്‍ പറയുന്നത് മാത്രമാണ് ഈ പ്രദേശത്ത് നടക്കുക. ചക്ലിയ വിഭാഗക്കാര്‍ വലിയ ജാതി വിവേചനം അനുഭവിക്കുന്ന പ്രദേശമാണിത്. ചായ കൊടുക്കുന്നത് പ്രത്യേകം ഗ്ലാസിലായിരുന്നു. പൊതു കിണറില്‍ നിന്ന് വെള്ളമെടുക്കാനും അനുവദിച്ചിരുന്നില്ല. പ്രതിഷേധം ഉയരുമ്പോള്‍ മാത്രം താല്‍ക്കാലിക പരിഹാരം ഉണ്ടാകുമെന്ന് ബാലന്‍ കറുപ്പന്‍ പറഞ്ഞു.

ഓരോ ജാതിക്കും പ്രത്യേക ശ്മശാനങ്ങളുണ്ടെന്ന് ജില്ലാ പഞ്ചായത്തംഗം എം രാജന്‍ ദ ക്യുവിനോട് പറഞ്ഞു.ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക ശ്മശാനമില്ല. മുമ്പ് ഈ വിഭാഗത്തില്‍പ്പെട്ട ഒരാളുടെ മൃതദേഹം മറവ് ചെയ്യാന്‍ അനുവദിച്ചിരുന്നു. രണ്ടാമതും കൊണ്ടുവന്നപ്പോളാണ് പ്രശ്‌നമുണ്ടായത്.ചക്ലിയ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി ശ്മശാനത്തിനായി ഭൂമി കണ്ടെത്താന്‍ പഞ്ചായത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാരിന് അപേക്ഷയും നല്‍കിയതായി എം രാജന്‍ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in