നേതാക്കള്‍ മാറിനിന്ന് പൊതുസമ്മതരെ നിര്‍ത്തണമെന്ന് കേന്ദ്രനേതൃത്വം; പ്രമുഖരെ തേടി കെ.സുരേന്ദ്രന്‍

നേതാക്കള്‍ മാറിനിന്ന് പൊതുസമ്മതരെ നിര്‍ത്തണമെന്ന് കേന്ദ്രനേതൃത്വം; പ്രമുഖരെ തേടി കെ.സുരേന്ദ്രന്‍
Published on

നിയമസഭ തെരഞ്ഞെടുപ്പില്‍ നേതാക്കള്‍ മാറി നിന്ന് പൊതുസമ്മതരെ നിര്‍ത്തണമെന്ന് ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശം. ഇ.ശ്രീധരനെ പോലുള്ളവരെ കണ്ടെത്തി മത്സരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇതോടെ വിജയ് യാത്രക്കിടെ പ്രമുഖരെ കൂടി കണ്ട്് ചര്‍ച്ച നടത്തി പരിപാടിയില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമത്തിലാണ് കെ.സുരേന്ദ്രനുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍.

വിജയ് യാത്രയ്ക്കിടെ ഓരോ ജില്ലയിലെയും പ്രമുഖരെയും പൊതുസമ്മതരെയും വേദിയിലെത്തിച്ച് ബി.ജെ.പിക്ക് പിന്തുണ ലഭിക്കുന്നുവെന്ന പ്രതീതി സൃഷ്ടിക്കാനായിരുന്നു കേന്ദ്രത്തിന്റെ പദ്ധതി. മുന്‍ ഡി.ജി.പി ജേക്കബ് തോമസും ഇ.ശ്രീധരനും പാര്‍ട്ടിയിലെത്തിയ മാതൃക പിന്തുടരാനായിരുന്നു നിര്‍ദേശവും. ഓരോ ജില്ലയിലെയും പ്രമുഖരെ നേരത്തെ തന്നെ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഉള്‍പ്പെടെ പോയി കണ്ടിരുന്നു.

കോഴിക്കോട് ജില്ലയിലെ പരിപാടിയില്‍ കായികതാരം പി.ടി ഉഷ, സി.പി.എം നേതാവും മുന്‍ മേയറുമായ തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരെയായിരുന്നു ബി.ജെ.പി ലക്ഷ്യമിട്ടത്. വിശ്വാസികള്‍ക്ക് സി.പി.എമ്മില്‍ പ്രശ്‌നമില്ലെന്നും ബി.ജെ.പിയുമായി യോജിച്ച് പോകാനാവില്ലെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. തോട്ടത്തില്‍ രവീന്ദ്രനെ പാര്‍ട്ടിയിലേക്ക് എത്തിക്കാനായാല്‍ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ മത്സരിപ്പിക്കാനായിരുന്നു ബി.ജെ.പിയുടെ പദ്ധതി.

സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് മത്സരിക്കാനായിരുന്നു പദ്ധതിയിട്ടത്. പൊതുസമ്മതരെ മത്സരിപ്പിച്ച് കൂടുതല്‍ സീറ്റ് നേടാനുള്ള കേന്ദ്ര നിര്‍ദേശം വന്നതോടെ ഏതെല്ലാം നേതാക്കള്‍ക്ക് സീറ്റ് ലഭിക്കുമെന്ന കാര്യത്തില്‍ ഉറപ്പില്ലാതായിട്ടുണ്ട്. ഔദ്യോഗിക നേതൃത്വത്തിന് താല്‍പര്യമില്ലാത്തവരെ മത്സരിപ്പിക്കാതിരിക്കാനും നീക്കം നടക്കുന്നുണ്ട്. ഗ്രൂപ്പ് യുദ്ധവും കാലുവാരലുമാണ് സംസ്ഥാനത്ത് ബി.ജെ.പി തെരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാത്തതിന് കാരണമായി കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. പൊതുസമ്മതരെ നിര്‍ത്തിയാല്‍ ഇതിന് പരിഹാരമാകുമെന്നാണ് നേതൃത്വം കണക്കുകൂട്ടുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. ചുരുങ്ങിയത് അഞ്ച് സീറ്റെങ്കിലും ലഭിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം.

Related Stories

No stories found.
logo
The Cue
www.thecue.in